ന്യൂഡല്‍ഹി: അച്ഛനുമായുള്ള വാക്കുതര്‍ക്കത്തിനിടെ അബദ്ധത്തില്‍ നെഞ്ചിൽ വെടിയേറ്റ 21-കാരൻ മരിച്ചു. ഡല്‍ഹി ഭജന്‍പുര സ്വദേശി സച്ചിന്‍ കുമാര്‍ (21) ആണ് മരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച രാത്രി വീട്ടിൽ വച്ചാണ് സംഭവം. രാത്രി വൈകി വീട്ടിലെത്തിയ യുവാവ് വീട്ടുകാരുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെടുകയായിരുന്നു. തുടർന്ന് തർക്കം രൂക്ഷമായതോടെ അച്ഛന്റെ ഡബിള്‍ ബാരല്‍ ഗണ്‍ കൈയിൽ എടുക്കുകയും ജീവനൊടുക്കുമെന്ന് ഇയാൾ ഭീഷണി മുഴക്കുകയും ചെയ്തു. എന്നാൽ അച്ഛൻ യുവാവിന്റെ കൈയിൽ നിന്നും തോക്ക് തിരിച്ച് വാങ്ങാൻ ശ്രമിച്ചു. തുടർന്നുള്ള പിടിവലിക്കിടയിലാണ് അബദ്ധത്തില്‍ സച്ചിന്റെ നെഞ്ചിൽ വെടിയേൽക്കുന്നത്. ഉടൻ തന്നെ ഇയാളെ ജിടിബി ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
സ്വകാര്യ സ്ഥാപനത്തിൽ സുരക്ഷാ ജീവനക്കാരനായ പിതാവിന്റെ ലൈസന്‍സുള്ള ഡബിള്‍ ബാരല്‍ ഗണ്ണില്‍ നിന്നാണ് സച്ചിന് വെടിയേറ്റത്. സംഭവത്തില്‍ തോക്ക് പിടിച്ചെടുത്തുവെന്നും കൂടുതല്‍ അന്വേഷണം നടത്തുകയാണെന്നും പോലീസ് അറിയിച്ചു.