കയറ്റുമതി ചെയ്യാനുള്ള എയർപോഡുകൾ ഇന്ത്യയിൽ ഉൽപ്പാദിപ്പിക്കാൻ ആപ്പിൾ കമ്പനി ഒരുങ്ങുന്നതായി റിപ്പോർട്ട്. ഹൈദരാബാദിലെ ഫോക്‌സ്‌കോൺ പ്ലാന്റിൽ ഏപ്രിൽ മുതൽ എയർപോഡുകളുടെ ഉത്പാദനം ആരംഭിക്കും. ഐഫോണുകൾക്ക് ശേഷം ആപ്പിൾ ഇന്ത്യയിൽ ഉൽപ്പാദനം ആരംഭിക്കുന്ന രണ്ടാമത്തെ ഉൽപ്പന്നമാണ് എയർപോഡുകൾ. എന്നാൽ കയറ്റുമതി ലക്ഷ്യമിട്ട് മാത്രമാണ് ഈ ഉൽപ്പാദനമെന്നാണ് കമ്പനി വൃത്തങ്ങൾ പിടിഐയോട് അറിയിച്ചിരിക്കുന്നത്.
ഇതിനായുള്ള പ്ലാൻ്റ് സ്ഥാപിക്കുന്നതിന് 3500 കോടി രൂപയുടെ (400 മില്യൺ യുഎസ് ഡോളർ) കരാർ 2023 ഓഗസ്റ്റിൽ ഫോക്‌സ്‌കോൺ അംഗീകരിച്ചിരുന്നു. ആഗോളതലത്തിൽ ട്രൂ വയർലെസ് ഡിവൈസ് വിഭാഗത്തിൽ വിപണി വിഹിതത്തിൽ മുന്നിലാണ് ആപ്പിൾ. 2024 ൽ കമ്പനിക്ക് 23.1 ശതമാനം വിപണി വിഹിതമുണ്ടായിരുന്നു. രണ്ടാമതുള്ള സാംസങ്ങിനേക്കാൾ (8.5%) ഏകദേശം മൂന്നിരട്ടി കൂടുതലാണ് ആപ്പിളിൻ്റെ വിപണി വിഹിതം.
യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ച താരിഫ് വർധനക്ക് ശേഷം നാല് വർഷത്തേക്ക് അമേരിക്കയിൽ 500 ബില്യൺ ഡോളർ നിക്ഷേപം ആപ്പിൾ കമ്പനി പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെ ഇന്ത്യയിൽ എയർപോഡ് ഉൽപ്പാദനം തുടങ്ങാനുള്ള തീരുമാനത്തിന് പ്രാധാന്യമുണ്ട്. ഏപ്രിൽ 2 മുതൽ ഇന്ത്യ ഉൾപ്പെടെ നിരവധി രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതിക്ക് അധിക തീരുവ ചുമത്താനാണ് ട്രംപ് ഭരണകൂടത്തിൻ്റെ തീരുമാനം. അതേസമയം എയർപോഡ് ഉൽപ്പാദനം സംബന്ധിച്ച ആപ്പിളിനും ഫോക്‌സ്‌കോണിനും അയച്ച ഇമെയിൽ അന്വേഷണത്തോട് ആരും പ്രതികരിച്ചിട്ടില്ല.
English summery:
The product that brought Apple to the top market share will now be manufactured in India; a new step forward despite Trump's tough decisions.