സന്തോഷവും ഫിന്‍ലന്‍ഡും സയാമീസ് ഇരട്ടകളാണ്. സന്തോഷം വിട്ട് ഫിന്‍ലന്‍ഡിനും ഫിന്‍ലന്‍ഡില്ലാതെ സന്തോഷത്തിനും നിലനില്‍പ്പില്ല. സന്തോഷമില്ലാതെ എന്ത് ഫിന്‍ലന്‍ഡ്... തുടര്‍ച്ചയായി എട്ടാം വര്‍ഷവും ഐക്യ രാഷ്ട്രസഭയുടെ വേള്‍ഡ് ഹാപ്പിനെസ് റിപ്പോര്‍ട്ടില്‍ ഫിന്‍ലന്‍ഡ് ഒന്നാതെത്തിയിരിക്കുന്നു. ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയിലെ വെല്‍ബീയിംഗ് റിസര്‍ച് സെന്റര്‍ പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് നോര്‍ഡിക് രാജ്യങ്ങളായ ഡെന്‍മാര്‍ക്ക്, ഐസ്‌ലന്‍ഡ്, സ്വീഡന്‍ ഇവയെ പിന്തള്ളി ഫിന്‍ലന്‍ഡ് സന്തോഷക്കൊടുമുടിയില്‍ സ്ഥിരവാസമുറപ്പിച്ചിരിക്കുന്നത്.
അതേസമയം, 143 രാജ്യങ്ങളുള്ള പട്ടികയില്‍ 2012-ല്‍ 11-ാം സ്ഥാനം വരെ എത്തിയ അമേരിക്ക 24-ാം സ്ഥാനത്തേക്കു മൂക്കുകുത്തി. 23-ാം റാങ്ക് നേടിയ ബ്രിട്ടനെക്കാളും പിന്നിലാണ് യു.എസ്. നമ്മുടെ ഇന്ത്യയുടെ സ്ഥാനം കേള്‍ക്കണോ...118 ആണ്. കഴിഞ്ഞ തവണത്തെ 126-നെക്കാള്‍ മെച്ചപ്പെട്ടതില്‍ ഇന്ത്യക്കാര്‍ക്കും സന്തോഷിക്കാം. 2022-ല്‍ നേടിയ 94-ാം സ്ഥാനമാണ് ഇന്ത്യയുടെ മികച്ച സ്‌കോര്‍. തയ്‌വാന്‍ ഏഷ്യന്‍ രാജ്യങ്ങളിലെ മികച്ച സന്തോഷ ഇടമായയി, 27-ാം റാങ്ക്.
സന്തോഷത്തിനുള്ള ആറ് ഘടകങ്ങളായ സാമൂഹിക പിന്തുണ, പ്രതിശീര്‍ഷ ജി.ഡി.പി, ആരോഗ്യ-ആയുര്‍ദൈര്‍ഘ്യം, സ്വാതന്ത്ര്യം, ദയ, അഴിമതിയെക്കുറിച്ചുള്ള ധാരണ എന്നിവയാണ് വേള്‍ഡ് ഹാപ്പിനെസ് റിപ്പോര്‍ട്ടില്‍ പരിഗണിക്കുന്നത്. കുറവുകള്‍ക്ക് പ്രാധാന്യം നല്‍കാതെ അവരവര്‍ക്കുള്ളതു കൊണ്ട് സന്തോഷത്തോടെ ജീവിക്കുന്നവരാണ് ഫിന്‍ലന്‍ഡ് ജനതയെന്നും പട്ടികയില്‍ ഒന്നാം സ്ഥാനം നേടാന്‍ സഹായിച്ചത് ഈ ഘടകമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പരിസ്ഥിതിയുമായി ഇണങ്ങിയുള്ള ജീവിതത്തിനാണ് ഫിന്നിഷ് ജനത മുന്‍തൂക്കം നല്‍കുന്നത്. പരസ്പരമുള്ള വിശ്വാസത്തിനും മനുഷ്യബന്ധത്തിനും ഇവര്‍ മൂല്യം കല്‍പ്പിക്കുന്നു.
പ്രകൃതിയുമായുള്ള ആത്മബന്ധമാണ് തങ്ങളുടെ സന്തോഷത്തിന്റെ രഹസ്യമെന്നാണ് ഫിന്‍ലന്‍ഡുകാര്‍ ഹൃയത്തില്‍ തൊട്ട് പറയാറുള്ളത്. നോര്‍ഡിക്ക് രാജ്യങ്ങളില്‍ ഉള്‍പ്പെടുന്ന വടക്കന്‍ യൂറോപ്യന്‍ രാജ്യമാണ് ഫിന്‍ലന്‍ഡ്. പടിഞ്ഞാറ് സ്വീഡനുമായും, കിഴക്ക് റഷ്യയുമായും, വടക്ക് നോര്‍വേയുമായും, തെക്ക് എസ്‌റ്റോണിയയുമായും അതിര്‍ത്തി പങ്കിടുന്നു. ഹെല്‍സിങ്കിയാണ് തലസ്ഥാനം. ലോകത്തിലെ ഏറ്റവും സത്യസന്ധന്മാരുടെ നഗരമായിട്ടാണ് ഹെല്‍സിങ്കി അറിയപ്പെടുന്നത്. ഏറ്റവും മികച്ച പിസ്സ കിട്ടുന്ന നഗരം എന്ന നിലയിലും ഹെല്‍സിങ്കി പ്രശസ്തമാണ്.
കേരളത്തിന്റെ ഏഴിലൊന്ന് ജനസംഖ്യയുള്ള അതിസുന്ദരമായ ഒരു ചെറിയ രാജ്യമാണിത്. ലോകത്തിലെ ഭൂരിഭാഗം ആളുകളും ഫിന്‍ലന്റിനെ അറിയുന്നത് 'നോക്കിയ' ഫോണിന്റെ ജന്മസ്ഥലമായിട്ടാണ്. ഏത് ഫോണ്‍ കണ്ടാലും 'മേഡ് ഇന്‍ ഫിന്‍ന്‍ഡ്' ആണോ എന്ന് ചോദിക്കുന്ന ഒരു കാലമുണ്ടായിരുന്നു. ഐ.ടി രംഗത്ത് വന്‍ കുതിച്ചുചാട്ടം നടത്തുന്ന ഫിന്‍ലന്റ്, കാന്‍ഡി ക്രഷ്, ആങ്ഗ്രി ബേര്‍ഡ്‌സ് പോലുള്ള പല ജനപ്രിയ ഗെയിമുകള്‍ നിര്‍മ്മിച്ചും പ്രസിദ്ധമാണ്. രാജ്യത്തിന്റെ എല്ലായിടത്തും ഫ്രീയായി വൈഫൈ ഉണ്ട്. ഇന്റര്‍നെറ്റ് പ്ലാനുകളും വളരെ ചെലവ് ചുരുങ്ങിയതാണ്. സ്‌പോര്‍ട്‌സിലും ഇവര്‍ കേമന്മാരാണ്. 1952-ലെ സമ്മര്‍ ഒളിംപിക്‌സ് ഹെല്‍സിങ്കിയിലായിരുന്നല്ലോ.
അതിമനോഹരവും വൃത്തിയുള്ള ഹെല്‍സിങ്കി തീര്‍ത്തും നിശ്ശബ്ദമാണ്. പുഴയും കടലുമൊക്കെ ശുദ്ധം. വണ്ടികളില്‍ ഹോണുകള്‍ ആരും തന്നെ ഇവിടെ ഉപയോഗിക്കാറില്ല. പൊതു ഗതാഗത സൗകര്യങ്ങളാണ് കൂടുതല്‍ പേരും ആശ്രയിക്കുന്നത്. ഇവിടെ പ്രധാന ഗതാഗത മാര്‍ഗങ്ങള്‍ ട്രാം, മെട്രോ, ബസ്, സൈക്കിള്‍, ട്രെയിന്‍, ക്രൂയിസ് കപ്പലുകള്‍, ബോട്ടുകള്‍ എന്നിവയാണ്. എസ്‌പോ, ടാംപ്രേ, വാന്റാ, ടൂര്‍ക്കൂ, ഔലൂ എന്നിവയാണ് ഫിന്‍ലല്‍ഡിലെ മറ്റു പ്രധാന നഗരങ്ങള്‍. പട്ടണങ്ങളിലുള്ള ജനത ഒരു പരിധി വരെ ഇംഗ്ലീഷ് സംസാരിക്കുന്നവരുമാണ്.
വിചിത്രമായ ചില മത്സരങ്ങള്‍ ഫിന്‍ലന്‍ഡുകാരുടെ പ്രത്യേതകയാണ്. മൊബൈല്‍ ഫോണ്‍ എറിയല്‍ മത്സരം, ഐസില്‍ കിടന്നുള്ള സ്വിമ്മിങ്, ഭാര്യയെ ചുമന്നുകൊണ്ടുള്ള ഓട്ടമത്സരം തുടങ്ങിയ രസകരമായ കളികളാണത്. വികസിതവും സമ്പന്ന രാജ്യവുമാണിന്ന് ഫിന്‍ലന്റ്. വ്യാവസായികമായി വന്‍ പുരോഗതി കൈവരിച്ചു. ജനങ്ങളുടെ പുരോഗതിയുടെ ഏതു അളവ് കോലെടുത്താലും, ഈ രാജ്യം ലോക രാജ്യങ്ങളുടെ പട്ടികയില്‍ ആദ്യ അഞ്ച് സ്ഥാനങ്ങളില്‍ ഒന്നായിരിക്കും. ലോകത്തിലെ അഴിമതി രഹിത രാജ്യങ്ങളില്‍ ഒന്നാം സ്ഥാനമാണ് 55 ലക്ഷം പേര്‍ മാത്രം ജീവിക്കുന്ന ഫിന്‍ലന്റിന്.
ശിശുമരണ നിരക്ക് ഏറ്റവും കുറവുള്ള ഫിന്‍ലന്റ് ഏറ്റവും നല്ല ജീവിത നിലവാരവും, ഏറ്റവും മികച്ച വിദ്യാഭ്യാസവും, ചികിത്സയും, പെന്‍ഷനും പൗരന്മാര്‍ക്ക് നല്‍കുന്ന രാജ്യമാണ്. മാത്രവുമല്ല തൊഴില്‍ ഇല്ലാത്തവര്‍ക്ക് സര്‍ക്കാര്‍ മാസംതോറും 587 ഡോളര്‍ കൊടുക്കുന്നുണ്ട്. രാജ്യം മുഴുവന്‍ വെള്ളനിറമുള്ള മനുഷ്യരാണ്. ഇവര്‍ സുന്ദരികളും സുന്ദരന്‍മാരുമാണ്. എന്നാല്‍ ഇതരവിഭാഗത്തില്‍പ്പെട്ടവരോട് ഇവര്‍ക്ക് ഒരുതരത്തിലുമുള്ള വര്‍ണവിവേചനമില്ലെന്നുള്ളതാണ് യാഥാര്‍ത്ഥ്യം.
തണുപ്പിന്റെ കാര്യത്തില്‍ സന്തോഷം കുറയും. കാരണം, തണുപ്പ് അസഹനീയമാണിവിടെ. സമ്മറില്‍ ഇരുട്ട് ഇല്ലാതെ 24 മണിക്കൂറും സൂര്യന്‍ ഉദിച്ച് തന്നെ നില്‍ക്കും. പക്ഷെ സമ്മര്‍ കഴിഞ്ഞ് വിന്റര്‍ എത്തുമ്പോള്‍, രണ്ടുമൂന്ന് മാസത്തേക്ക് സൂര്യന്‍ ഉദിക്കുന്ന പ്രശ്‌നമേയില്ല. ലോക സഞ്ചാരിയായ എസ്.കെ പൊറ്റെക്കാട് ഫിന്‍ലന്‍ഡിനെ 'പാതിരാ സൂര്യന്റെ നാട്' എന്ന് വിശേഷിപ്പിച്ചത് ഇതുകൊണ്ടാണ്. എല്ലായിടത്തും സ്ട്രീറ്റ് ലൈറ്റ് വേണം. എല്ലാ വീട്ടിലും ഹീറ്റിങ്ങ് നിര്‍ബന്ധമാണ്. ജനങ്ങളെ സന്തോഷിപ്പിക്കുവാന്‍ ഗവണ്മെന്റ് എല്ലാം ചെയ്യും. അങ്ങനെ ഈ കുഞ്ഞു രാജ്യം ലോകത്തിന് മാതൃകയാവുന്നു.
തടാകങ്ങളുടെ നാടാണ് ഫിന്‍ലന്റ്. ഏകദേശം രണ്ട് ലക്ഷത്തിനടുത്ത് ചെറു തടാകങ്ങള്‍ ഇവിടെയുണ്ട്. ടാപ്പ് വാട്ടര്‍ തന്നെയാണ് എല്ലാരും കുടിക്കുന്നത്. ഭൂമിയുടെ 70 ശതമാനവും കാടുകളാണ്, ഫിന്‍ലന്റ് മുഴുവനും സമതല ഭൂമിയാണ്. ലോകത്തെ മികച്ച കടലാസ് നിര്‍മ്മാണ ഫാക്ടറികള്‍ ഉള്ളത് ഇവിടെയാണ്. വിയര്‍ത്തു കുളിച്ചിട്ട് പിന്നെ തണുത്ത വെള്ളത്തില്‍ ഒരു കുളി പാസാക്കുന്ന 'സോന' എന്ന ഒരു കുളി ശീലം ഇവര്‍ക്കുണ്ട്. ഇഷ്ടമാണ് ഐസ് വെള്ളത്തിലുള്ള നീന്തലും പിന്‍ലന്‍ഡുകാരുടെ ഹരമാണ്. പച്ചപ്പരവതാനി വിരിച്ചടുപോലുള്ള മൊട്ടക്കുന്നുകളും പുല്‍ മൈതാനങ്ങളും എവിടെയും കാണാം.
ഫിന്‍ലന്റ് സാന്താക്ലോസ്സിന്റെ രാജ്യം എന്ന് കൂടി അറിയപ്പെടുന്നു. രാജ്യത്തെ വടക്കന്‍ പ്രദേശമായ ലാപ്‌ലാന്റിലാണ് ക്രിസ്മസ് അപ്പൂപ്പന്‍ ജീവിക്കുന്നതെന്നാണ് വിശ്വാസം. സാന്താക്ലോസ്സിന്റെ ഫിന്‍ലന്റിലെ വിലാസത്തിലേക്ക് ലോകരാജ്യങ്ങളില്‍ നിന്നായി ലക്ഷക്കണക്കിന് കുട്ടികളുടെ ആശംസ കാര്‍ഡുകളാണ് ഓരോ ക്രിസ്മസ് കാലത്തും ലഭിക്കാറുള്ളത്. ഫിന്‍ലന്റില്‍ കാണുന്ന മറ്റൊരു പ്രതിഭാസമാണ് നോര്‍ത്തേണ്‍ ലൈറ്റ്‌സ്. രാത്രി ആകാശത്ത് പച്ചയും ചുമപ്പും നിറം അലയടിക്കുന്ന അതി മനോഹര കാഴ്ചയാണിത്.
ലോകത്തെ ഏറ്റവും നല്ല വിദ്യാഭ്യാസവും, നല്ല സ്‌കൂളുകളും ഫിന്‍ലന്റിലാണ്. ഫിന്‍ലന്റുകാര്‍ ലോകത്ത് ആയുര്‍ദൈര്‍ഘ്യത്തിന്റെ കാര്യത്തില്‍ മുന്നില്‍ നില്‍ക്കുന്നു. ആളുകള്‍ മിക്കവരും സത്യം മാത്രമേ പറയൂ എന്നത് മറ്റൊരു കൗതുകമാണ്. തണുപ്പകറ്റാന്‍ പുരുഷന്‍മാരും സ്ത്രീകളും പ്രായവ്യത്യാസമില്ലാതെ മദ്യപിക്കുകയും പുകവലിക്കുകയും ചെയ്യുന്നു. ഭക്ഷണപ്രിയരാണിവര്‍. എന്നുവച്ച് വലിച്ചുവാരി തിന്നില്ല, ഹെല്‍ത്തി ഫുഡ് മാത്രമേ കഴിക്കൂ.
ഫിന്‍ലാന്റുകാര്‍ ലോകത്തിലെ ഒന്നാംതരം കാപ്പി പ്രിയരാണ്. അവര്‍ ഒരു ദിവസം ആറ് കപ്പ് കാപ്പിയെങ്കിലും കുടിക്കും. മല്‍സ്യ മാംസങ്ങളും, പച്ചക്കറിയും പഴങ്ങളും ഭക്ഷണ പദാര്‍ത്ഥങ്ങളും തുടങ്ങി എല്ലാം ഫ്രഷ് ആണ്. സാമൂഹിക സുരക്ഷയുഉള്ള രാജ്യം ആയത് കൊണ്ട് ടാക്‌സ് അടച്ചാല്‍ ജനങ്ങളുടെ എല്ലാ നല്ല കാര്യങ്ങള്‍ക്കും സര്‍ക്കാര്‍ പിന്തുണ ഉണ്ടാകും. ഫിന്‍ലന്‍ഡില്‍ ട്രാഫിക്ക് ഫൈന്‍ ഈടാക്കുന്നത് തെറ്റ് ചെയ്തവരുടെ വരുമാനവും ചെയ്ത തെറ്റിന്റെ കാഠിന്യവും നോക്കിയാണ്. അതുകൊണ്ട് തന്നെ റോഡ് നിയമങ്ങള്‍ ആരും തെറ്റിക്കാറില്ല.
ഫിന്‍ലന്റില്‍ നന്നായി ശമ്പളം കിട്ടുന്നതും ഏറ്റവും ബഹുമാനിക്കപ്പെടുന്നതും പ്രൈമറി സ്‌കൂള്‍ അധ്യാപകരാണ്. ബിരുദാനന്തര ബിരുദവും പി.എച്ച്.ഡിയും ഒക്കെ ഉള്ള നിരവധിപേരാണ് സ്‌കൂളില്‍ പഠിപ്പിക്കുന്നത്. അധ്യാപകരാണ് ഫിന്‍ലന്റിന്റെ വിജയ രഹസ്യം, ഫിന്‍ലന്റിലെ പുതിയ തലമുറ നല്ല അധ്യാപകരാവാനാണ് സ്വപ്നം കാണുന്നത്. മാനവശേഷി വികസനമാണ് ഫിന്‍ലന്റിന്റെ വികസന മന്ത്രം. അതിനു വേണ്ടി ആരോഗ്യത്തിലും വിദ്യാഭ്യാസത്തിലും വിപ്ലവകരമായ മാറ്റങ്ങള്‍ അവര്‍ പരീക്ഷിക്കുന്നു. ഇതിനൊക്കെ നേതൃത്വം നല്‍കുന്നതാകട്ടെ ചെറുപ്പക്കാരായ മന്ത്രിമാരാണ്.
ഫിന്‍ലന്‍ഡുകാര്‍ പൊതുവെ സമാധാനപ്രിയരാണ്. ഇങ്ങനെ അവിശ്വസനീയവും അസാധാരണവുമായ കൗതുകങ്ങളിലൂടെയും കാഴ്ചകളിലൂടെയും ലേക സഞ്ചാരികളെ ആകര്‍ഷിക്കുന്ന സന്തോഷത്തിന്റെ ലോക തലസ്ഥാനമാണ് ഫിന്‍ലന്‍ഡ്. ജവിതത്തില്‍ ഒരിക്കലെങ്കിലും ഈ രാജ്യത്തിന്റെ ഒരു സന്തോഷത്തുള്ളി നുകരണമെന്ന് ആഗ്രഹിക്കാത്തവരായി ആരുമുണ്ടാവില്ല.