Image

പ്രണയം പ്രത്യുത്പാദനം, പ്രതിവിപ്ലവം -2- അഡ്വ: രതീദേവി (ജയന്‍ കെ.സി.യുടെ കവിതകളെപറ്റിയുള്ള പഠനം)

അഡ്വ: രതീദേവി ചിക്കാഗോ Published on 30 November, 2012
പ്രണയം പ്രത്യുത്പാദനം, പ്രതിവിപ്ലവം -2- അഡ്വ: രതീദേവി (ജയന്‍  കെ.സി.യുടെ  കവിതകളെപറ്റിയുള്ള പഠനം)
ന്യൂയോര്‍ക്കിലെ ബ്രൂക്ലിന്‍ മ്യൂസിയം ഓഫ് ആര്‍ട്ടില്‍ 2001 ഫെബ്രുവരിയില്‍ ആരംഭിച്ച "Commited to the images, Contemporary black Photographers"-എന്ന ഫോട്ടോ പ്രദര്‍ശന പരമ്പരയില്‍ നൂറിലധികം കലാകാരന്മാരുടെ ആയിരത്തോളം രചനകള്‍ പ്രദര്‍ശിപ്പിച്ചു. വളരെ ശക്തമായ ദൃശ്യങ്ങളിലൂടെ ആഫ്രിക്കനമേരിക്കന്‍ ജീവിതത്തിന്റെ ദുരന്ത ഭീകരകളാവിഷ്‌കരിക്കുന്ന ഈ പ്രദര്‍ശനം ലോകത്താകമാനമുള്ള കലാസ്‌നേഹികളുടെ ശ്രദ്ധയാകര്‍ഷിച്ചു. പ്രശസ്ത ഫോട്ടോഗ്രാഫറായ റെനിയുടെ യൊ മാമാസ് ലാസ്റ്റ് സപ്പര്‍ എന്ന രചന പ്രദര്‍ശനത്തില്‍ നിന്ന് പിന്‍വലിക്കണമെന്നും അങ്ങനെ ചെയ്തില്ലെങ്കില്‍ ബ്രൂക്ലിന്‍ മ്യൂസിയത്തിന് ന്യൂയോര്‍ക്ക് സിറ്റി നല്‍കുന്ന വാര്‍ഷിക സബ്‌സിഡിയായ 7.2 മില്യണ്‍ ഡോളര്‍ മരവിപ്പിക്കുമെന്ന് അന്നത്തെ ന്യൂയോര്‍ക്ക് മേയര്‍ റൂഡി ജൂലിയാനി ഭീഷണിപ്പെടുത്തി. അഞ്ചു പാനലുകളുള്ള ഈ ഫോട്ടോഗ്രാഫിന് പതിനഞ്ചടി നീളമുണ്ട്. ഇതില്‍ അത്താഴവിരുന്നില്‍ ശിഷ്യന്മാരോടൊപ്പം പ്രത്യക്ഷപ്പെടുന്ന ക്രിസ്തു വസ്ത്രരഹിതയായ ഒരു കറുത്ത യുവതിയാണ്. റെനീ തന്റെ സെല്‍ഫ് പോര്‍ട്രെയിറ്റാണ് അതിനുപയോഗിച്ചിരിക്കുന്നത്. പന്തിയിലിരിക്കുന്ന പതിനൊന്ന് ശിഷ്യന്മാര്‍ കറുത്തവരും. ഒരാള്‍(യൂദാസ്) വെള്ളക്കാരനുമാണ്.

1994 ല്‍ രചിക്കപ്പെട്ട ഈ ഫോട്ടോഗ്രാഫ് നിരവധി മ്യൂസിയങ്ങള്‍ പ്രദര്‍ശിപ്പിക്കുകയും ഒരു യഥാസൃഷ്ടിയെന്ന നിലയില്‍ ഉന്നത നിലവാരം പുലര്‍ത്തുന്നതെന്ന് പല നിരൂപകരും പ്രശംസിച്ചിട്ടുള്ളതുമാണ്. വളരെ ശാക്തമായ ഇമേജുകള്‍ കൊണ്ട് അമേരിക്കയിലെ പാര്‍ശ്വവത്കൃതരുടെ ജീവിതം ആവിഷ്‌ക്കുന്ന റെനീ ഇന്നു അമേരിക്കയിലും യൂറോപ്പിലും അറിയപ്പെടുന്ന ഫാഷന്‍ ഫോട്ടോഗ്രാഫര്‍ കൂടിയാണ്. യാഥാസ്ഥിതിക കാത്തോലിക്ക സാഹചര്യങ്ങളില്‍ വളര്‍ന്ന റെനീ, സിറാക്കൂമ്പ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദവും മന്‍ഹാട്ടണിലെ സ്‌ക്കൂള്‍ ഓഫ് വിഷ്വല്‍ ആര്‍ട്ടില്‍ മാസ്റ്റര്‍ ബിരുദവും കുറച്ചുകാലം ഇറ്റലിയില്‍ ആര്‍ട്ടില്‍ ഉപരിപഠനവും നടത്തിയിട്ടുണ്ട്. 'യൊ മാമാസ് ലാസ്റ്റ് സപ്പറിലൂടെ' ആവിഷ്‌ക്കരിക്കുന്നത്- ക്രിസ്ത്യാനിറ്റിയും കൊളൊണിയല്‍ അടിമത്വവും പുരുഷമേധാവിത്വവുമേല്‍പ്പിച്ച- ബൗദ്ധിക ക്ഷതങ്ങളാല്‍ ഭാഷയും ദൈവവും അട്ടിമറിക്കപ്പെട്ട കറുത്ത സ്ത്രീയുടെ സ്വത്വ നഷ്ടത്തെ റെനീ കോക്‌സ് തന്റെ കലാസൃഷ്ടിയിലൂടെ വീണ്ടെടുക്കാന്‍ ശ്രമിക്കുന്നു. റെനീ ചോദിക്കുന്നു. "എന്തുകൊണ്ട് ക്രിസ്തുവിന് സ്ത്രീയായികൂടാ? ദൈവത്തിന്റെ ഛായയുള്ള മനുഷ്യരെ സൃഷ്ടിച്ചുവെന്നു ബൈബിള്‍ പഠിപ്പിക്കുന്നു. ഞങ്ങള്‍ സ്ത്രീകള്‍ ജീവദാതാക്കളാണ് എന്റെ ദൈവം എന്റെ ഛായയുള്ളതുതന്നെ" ക്രിസ്തുവിനെ നഗ്നയായി ചിത്രീകരിക്കുക വഴി ക്രിസ്തുമതത്തിന്റെ കപട സദാചാരത്തിനും പുരുഷകേന്ദ്രീകൃത വ്യവസ്ഥയ്ക്കുമെതിരെ റെനി ആഞ്ഞടിക്കുകയാണ്. റൂഡി ജൂലിയാനിയുടെ ശാസനങ്ങളെ ധിക്കരിച്ചുകൊണ്ട് മ്യൂസിയത്തിന്റെ ഡയറക്ടര്‍ ആര്‍നോള്‍ഡ് ലീമാന്‍ പ്രദര്‍ശനപരിപാടിയുമായി മുന്നോട്ട് പോയി.

റെനീ കോക്‌സിനെപോലെ അറിയപ്പെടുന്ന ഒരു കലാകാരിയുടെ സൃഷ്ടികള്‍ക്കെതിരെ സിറ്റി മേയര്‍ സ്വീകരിച്ച ഫാസിസ്റ്റ് നടപടികള്‍ അന്തര്‍ദേശീയ കലാസ്‌നേഹികളുടെയിടയില്‍ പരക്കെ അമര്‍ഷത്തിനിടയാക്കി. ഇങ്ങനെ പോയാല്‍ ഒരു 'കലാനഗരമെന്ന' ന്യൂയോര്‍ക്കിന്റെ പ്രധാന്യം നഷ്ടപ്പെടുമെന്നു കലാകാരന്‍മാര്‍ കരുതുന്നു. ഇതിനൊന്നും വകവെയ്ക്കാതെ ന്യൂയോര്‍ക്ക് മ്യൂസിയങ്ങളില്‍ പ്രദര്‍ശിപ്പിക്കുന്ന സൃഷ്ടികള്‍ മോണിട്ടര്‍ ചെയ്യുവാനും സെന്‍സര്‍ ചെയ്യുവാനും ഒരു ഡീസന്റ്‌സി കമ്മിറ്റി ഉണ്ടാകുവാനുള്ള മേയരുടെ ശ്രദ്ധ കോടതി ഇടപെടല്‍ മൂലം വിഫലമായി. ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിനും ഭരണകൂട കയ്യേറ്റങ്ങള്‍ക്കുമെതിരെ പ്രതീകാത്മമായി റെനിയുടെ ചിത്രം വളര്‍ന്നിരിക്കുന്നു. ക്രൈസ്തവ മതമൗലികവാദത്തെയും വര്‍ണ്ണവെറിയന്‍മാരെയും ക്ഷോഭിപ്പിച്ചുകൊണ്ട്. റെനിയുടെ ചിത്രം ലോകമെമ്പാടും ചര്‍ച്ചചെയ്യപ്പെടുന്നു.

(തുടരും...)
പ്രണയം പ്രത്യുത്പാദനം, പ്രതിവിപ്ലവം -2- അഡ്വ: രതീദേവി (ജയന്‍  കെ.സി.യുടെ  കവിതകളെപറ്റിയുള്ള പഠനം)പ്രണയം പ്രത്യുത്പാദനം, പ്രതിവിപ്ലവം -2- അഡ്വ: രതീദേവി (ജയന്‍  കെ.സി.യുടെ  കവിതകളെപറ്റിയുള്ള പഠനം)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക