Image

പ്രണയം പ്രത്യുത്പാദനം, പ്രതിവിപ്ലവം-4- അഡ്വ: രതീദേവി

അഡ്വ: രതീദേവി Published on 14 December, 2012
പ്രണയം പ്രത്യുത്പാദനം, പ്രതിവിപ്ലവം-4- അഡ്വ: രതീദേവി
വിമോചകനും വിപ്ലവകാരിക്കും ഒരേ മുഖം:-
വ്യക്തിപരമായ കുറിപ്പാണിത്. കമ്മ്യണിസ്റ്റ് പ്രസ്ഥാനത്തിലെ വിദ്യാര്‍ത്ഥി പ്രവര്‍ത്തനത്തില്‍ സജീവമായ കാലം. യാതൊരു ആകുലതയും അലട്ടലുമില്ലാതെ, ദൈവം എന്ന സങ്കല്പത്തില്‍ നിന്നും ഞാന്‍ സ്വാതന്ത്ര്യം പ്രഖ്യാപിച്ചു. വിപ്ലവവും പ്രണയവും ഇഴപിരിഞ്ഞു കിടക്കുന്ന എന്റെ കൗമാര മനസ്സിലേക്ക് ഒരു കാമുകന്‍ കടന്നുവന്നു. അവന്‍ ജീസസ് ആയിരുന്നു. ദിവ്യതയുടെ പരിപ്രേക്ഷ്യമുള്ള പ്രണയം.

പിന്നീട് ബൊളീവിയന്‍ പോരാട്ട ഭൂമിയിലൂടെ ചെഗുവെരയൊടൊപ്പം ബഹുദൂരം നടന്നു. തീക്ഷണമായ മധ്യാഹ്നചൂടില്‍ കള്ളിച്ചെടിയുടെ നിഴല്‍ഛായയില്‍ മെയ് ഉരുമ്മി ഇരുന്നു. അസ്ഥിയില്‍ , മജ്ജയില്‍ , പ്രജ്ജയില്‍ -കള്ളിച്ചെടിയുടെ ചുകന്നപൂക്കളില്‍ ചെഗുവെര-

ആത്മാവില്‍ നിന്നും ശരീരത്തിലേക്ക് ചെഗുവെര സംക്രമിച്ച ക്രിസ്തുമസ് രാവ്. വിമോചകന്റെ ദിവ്യ പ്രണയവും വിപ്ലവകാരിയുടെ തീഷ്ണപ്രണയവും അറിഞ്ഞതുകൊണ്ടാകാം. പിന്നീട് ഒരു പുരുഷനോടും ഇത്തരത്തില്‍ ഒരു മമതയുണ്ടായില്ല. അങ്ങനെയിരിക്കെ എന്റെ സുഹൃത്ത് സി. ഗോപിനാഥ് ഒരു ദിവസം എന്നെ വിളിച്ചു പറഞ്ഞു. കൂട്ടുകാരി, ഇന്ന് പത്രത്തില്‍ ഒരു വാര്‍ത്തയുണ്ട്. 1997-ല്‍ നിന്റെ കാമുകനെ -പിടിച്ചു കശാപ്പ് ചെയ്ത പടം. കൈപത്തിയില്ല. അവരത് വെട്ടിമാറ്റിയിരുന്നു. എന്റെ തേങ്ങലിനിടയില്‍ അദ്ദേഹം. ഇങ്ങനെ നിര്‍ത്തി: ചെഗുവെരയെ ശുശ്രൂഷിച്ച നേഴ്‌സ് പറഞ്ഞു “മരണത്തിന്റെ അവസാനനിമിഷം ചെഗുവരയുടെ മുഖം ജീസസ്സിന്റെ മുഖമാണോയെന്നു തോന്നിച്ചുവെന്ന്” വിമോചകനും വിപ്ലവകാരിക്കും ഒരേ മുഖം!!

പ്രത്യുല്‍പ്പാദനത്തിലേക്ക് നയിയ്ക്കാത്ത എല്ലാ ലൈംഗിക പ്രവൃത്തികളും പ്രകൃതി വിരുദ്ധവും പാപവുമായി കണക്കാക്കുന്ന പ്രവണതയ്ക്ക് വത്തിക്കാന്റെ സ്വാധീനമുള്ളതായി കാണാം.

ലൈംഗികത തന്നെ പാപമായി കണക്കാക്കുന്ന വിക്‌ടോറിയന്‍ സദാചാര സങ്കല്പം കാത്തോലിക്കാ മതത്തിന്റെ അനുമതിയോടു കൂടിയാണെന്നും നിലനിന്നത്. പ്രത്യുല്‍പ്പാദനവുമായി ബന്ധമില്ലാത്ത ലൈംഗികതയുടെ നിലനില്‍പ്പ് മതങ്ങളുടെയും ഭരണകൂടത്തിന്റെയും പ്രത്യയശാസ്ത്രങ്ങള്‍ക്ക് ഒരിക്കലും പൊറുക്കാന്‍ കഴിയുന്നതല്ല. വിക്‌ടോറിയന്‍ കാലഘട്ടത്തിലെ ഈ ലൈംഗിക കടിച്ചമര്‍ത്തല്‍ സമൂഹത്തില്‍ കൂടുതല്‍ ആന്തരിക പ്രശ്‌നങ്ങള്‍ സൃഷ്ടിച്ച സാഹചര്യത്തിലാണ് ഫ്രോയ്ഡിന്റെ സിദ്ധാന്തങ്ങള്‍ രംഗപ്രവേശനം ചെയ്യുന്നതും. അതിന്റെ പിന്‍ബലത്തോടെ പാശ്ചാത്യര്‍ ലൈംഗിക സ്വാതന്ത്ര്യം അനുഭവിക്കുകയും ചെയ്യുന്ന ഈ കാലഘട്ടത്തില്‍പോലും മതങ്ങള്‍ എല്ലാം തന്നെ ഇതിന് എതിരാണ്. പുരാതന ഗ്രീക്ക്-ഇന്ത്യന്‍ സംസ്‌ക്കാരം മാത്രമാണ് ലൈംഗിക സ്വാതന്ത്ര്യത്തിന്റെ പറുദീസ ആയി അ
റിയപ്പെട്ടിരുന്നത്. പക്ഷെ ഇന്നു ഇന്ത്യ കപടസദാചാരികളുടെ രാജ്യമായി മാറിയിരിക്കുന്നു.
സ്ത്രീകള്‍ ഒരു ലൈംഗിക വര്‍ഗ്ഗമെന്ന നിലക്ക് മര്‍ദ്ദിതരാണെങ്കില്‍ അവരില്‍ വച്ച് ഏറ്റവും മര്‍ദ്ദിതരായ വിഭാഗമാണ് സ്വവര്‍ഗപ്രേമികള്‍ എന്നു സുപ്രസിദ്ധ ജെന്‍ഡര്‍ സിദ്ധാന്തക-ഹെസ്റ്റര്‍ ഐസന്‍സ്റ്റീന്‍ പറയുന്നു.

പോളിമോര്‍ഫിസം
പ്രോഗ്രാം ഒന്ന്
ഇന്‍ക്ലൂഡ്‌സ് <ഐഒസ്ട്രീം.എഛ്>
സോഴ്സ്സ്ഫയല്‍ : മാത്യൂവിന്‍പ്രകാരമുള്ള സുവിശേഷം//സി.ഇ.29 സിയോന്‍ മാളിക, ജെറുസെലേം//

സിഇന്‍ >>
നിശ്ശബ്ദത
നിലത്തു വീഴുന്ന
സൂചിയാണ്
അതില്‍
നിന്റെ ശബ്ദം
ചിരികൊണ്ട-
ലങ്കരിക്കപ്പെട്ട
ഇടിമുഴക്കം.

പന്ത്രണ്ട്
പുരുഷന്മാരുടെ
പന്തിയില്‍
അപ്പത്തിനും
വീഞ്ഞിനുമൊപ്പം
തൊടുത്തുവച്ച
ചുംബനമാണ് നീ.

ഇരുപത്തിനാലു
പൊടിപുരുണ്ട പാദങ്ങള്‍
ശുചീകരണത്തിന്റെ
ധാവനരതി…

ഓര്‍മ്മയില്‍
മാര്‍ത്ത-മറിയമാരുടെ
കനല്‍ക്കടിയേല്‍ക്കാത്ത
നിന്റെ ചുംബനപ്പൊരിയാല്‍
ഉദ്ധരിക്കപ്പെട്ട ലാസര്‍

ഗദ്‌സമനയില്‍
ഒരു തുള്ളി
ചുവന്ന വിയര്‍പ്പില്‍
ദീര്‍ഘചുംബനത്തിന്റെ
ഒറ്റ്.
കോഴി കൂകി
വെളുപ്പിച്ച
പകലിന്
കുരിശിന്റെ
നിറം..

പ്രോഗ്രാം രണ്ട്
ഇന്‍ക്ലൂഡ്‌സ്<ഐഒസ്ട്രീം.എഛ്>
സോഴ്സ്സ്ഫയല്‍#ഃ ദ് ഗെ മിലിറ്റെന്‍സ്
(ഹിസ്റ്ററി ഓഫ് ഗെ മൂവ്‌മെന്റ് #ഃ ഡോണ്‍ റ്റീല്‍)
//സി.ഇ. 1969 ജൂണ്‍ 28-29, സ്റ്റോണ്‍വോള്‍ മാത്രം,*
ഗ്രീന്‍വിച്ച് വില്ലേജ്, ന്യൂയോര്‍ക്ക്//

സിഇന്‍ >>
ശ്വാസം
ചെറുചൂടുള്ള
സംഗീതമാണ്
കോശങ്ങളില്‍
ഓക്‌സിജന്‍ കത്തുന്നു.

ഒരു കവിള്‍ സംഗീതം
രണ്ടുവരി മദ്യം
പിളര്‍ച്ചുണ്ടിന്റെ
വിസ്സ്…

അരക്കെട്ടില്‍
സ്നേഹം കത്തുന്നു
ഞരമ്പുകളാര്‍ത്തു പിടയും
'മസില്‍ ' നിറയെ
പ്രണയം.
പെട്ടെന്ന്
അധികാരത്തിന്റെ
ചുഴലി…
ചെവിക്കല്ലിനു-
പിന്നില്‍
വെടിയുണ്ടയുടെ
ചുംബനം
രക്തമൊലിക്കുന്ന
സംഗീതം.

കൂകിവെളുപ്പിക്കാന്‍
കോഴിയില്ലാത്ത
പകലിലേക്ക്
സ്റ്റോണ്‍വോള്‍
പിളരുന്നു.
“കല്ലിന്‍മ്മേല്‍
കല്ലുശേഷിക്കാതെ”
സ്റ്റോണ്‍വോള്‍ …

സീ ഔട്ട്<<
മാത്യൂ ഷെപ്പേഡ്**
വീണു ചത്ത
ഒരു കോപ്പ വീഞ്ഞ്,
“മിറക്കിള്‍ ബര്‍ഗ്ഗര്‍
വിത്ത് നോ മയിനേസ്,
'ഒസ്ത' ഒണ്‍ ദ് സൈഡ്”

*സ്റ്റോണ്‍വോള്‍ ഇന്‍ : ഗ്രീന്‍വിച്ച് വില്ലേജില്‍ ക്രിസ്റ്റഫര്‍ തെരുവിലെ സ്വവര്‍ഗ്ഗാനുരാഗികളുടെ പ്രശസ്തമായ ബാര്‍. 1969 ജൂണ്‍ 27ന് രാത്രി പോലീസും യാഥാസ്ഥിത ഗുണ്ടകളും ചേര്‍ന്ന് ഈ ബാര്‍ ആക്രമിച്ചു. തുടര്‍ന്നുണ്ടായ കലാപം അമേരിക്കയില്‍ 'ഗെ' വിമോചന പ്രസ്ഥാനത്തിനു നാന്ദി കുറിച്ചു. **മാത്യൂ ഷെപ്പേഡ്:1998-ല്‍ യാഥാസ്ഥിതികരാല്‍ ചിത്രവധം ചെയ്യപ്പെട്ട ഒരു ഗെ യുവാവ്.
പ്രണയം പ്രത്യുത്പാദനം, പ്രതിവിപ്ലവം-4- അഡ്വ: രതീദേവി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക