1798 ലെ യുദ്ധകാല നിയമം അനുസരിച്ചു വെനസ്വേലൻ കുടിയേറ്റക്കാരെ നാട് കടത്താൻ ട്രംപ് ഭരണകൂടത്തിനു സുപ്രീം കോടതി തിങ്കളാഴ്ച്ച രാത്രി അനുമതി നൽകി. കീഴ്കോടതി താത്കാലികമായി അത് തടഞ്ഞിരുന്നു.
അപ്പീലിൽ ട്രംപ് ഭരണകൂടം വിജയം കണ്ടുവെങ്കിലും ഏലിയൻ എനിമീസ് ആക്ട് അനുസരിച്ചുള്ള നാടുകടത്തൽ അനുചിതമാണോ എന്ന ചോദ്യം കോടതി പരിഗണിച്ചില്ല.
ടെക്സസിലാണ് കുടിയേറ്റക്കാരെ തടവിൽ വച്ചിട്ടുള്ളതെന്ന കാര്യം പരിഗണിക്കുമ്പോൾ അവർ ടെക്സസ് കോടതിയെ ആണ് സമീപിക്കേണ്ടതെന്നു സുപ്രീം കോടതി പറഞ്ഞു. ഡിസി യിൽ അല്ല.
കുടിയേറ്റക്കാർ നിയമപരിശോധന അർഹിക്കുന്നു എന്ന കാര്യത്തിൽ കോടതിക്ക് ഏകാഭിപ്രായമാണെന്നു ജസ്റ്റിസ് ബ്രെറ്റ് എം. കവനാഗ് പറഞ്ഞു.
കുടിയേറ്റക്കാർ വെനസ്വേലൻ കുറ്റവാളി സംഘത്തിൽ പെട്ടവരാണ് എന്നു ആരോപിച്ചാണ് അവരെ യുദ്ധകാല നിയമം ഉപയോഗിച്ചു നാടുകടത്തിയത്. എൽ സാൽവദോറിലെ കൃപസിദ്ധ ജയിലിലാണ് അവരെ അടച്ചത്.
ഫെഡറൽ ജഡ്‌ജ് ജെയിംസ് ബോസ്‌ബർഗ് ആ നാടുകടത്തൽ തടയാൻ ഉത്തരവ് പുറപ്പെടുവിച്ചെങ്കിലും ഫലം ഉണ്ടായില്ല.
അക്കൂട്ടത്തിൽ ആളുമാറി കയറ്റി അയച്ച എൽ സാൽവദോർ സ്വദേശി കിൽമാർ അബ്രീഗോ ഗാർഷ്യയെ ഉടൻ തിരിച്ചു കൊണ്ടുവരണമെന്ന കീഴ്കോടതി ഉത്തരവു സുപ്രീം കോടതി താത്കാലികമായി തടഞ്ഞു. തിങ്കളാഴ്ച്ച അർധരാത്രിയോടെ ഗാർഷ്യയെ തിരിച്ചു യുഎസിൽ കൊണ്ടുവരണം എന്നായിരുന്നു കോടതി ഉത്തരവ്.
എന്നാൽ ആ ഉത്തരവ് റദ്ദാക്കണമെന്ന ഭരണകൂടത്തിന്റെ അപേക്ഷയിൽ അന്തിമ തീരുമാനം എടുക്കുന്നതു വരെ അത് നീട്ടി വയ്ക്കാമെന്നു ചീഫ് ജസ്റ്റിസ് ജോൺ റോബെർട്സ് പറഞ്ഞു.
ഗാർഷ്യയെ കൊണ്ടുപോയത് തെറ്റു പറ്റിയതാണെന്ന് ഭരണകൂടം കോടതിയിൽ സമ്മതിച്ചിരുന്നു.
അതേ സമയം, സാൽവദോർ അധികൃതരുടെ പിടിയിലുള്ള ഗാർഷ്യയെ കൊണ്ടുവരാൻ സമയമെടുക്കും എന്നാണ് ജസ്റ്റിസ് ഡിപ്പാർട്മെന്റ് പറയുന്നത്.
Supreme Court allows war time law for Venezuelans