Image

പ്രണയം, പ്രത്യുത്പാദനം, പ്രതിവിപ്ലവം-7- അഡ്വ: രതീദേവി (ജയന്‍ കെ.സി.യുടെ കവിതകളെപറ്റിയുള്ള പഠനം)

അഡ്വ: രതീദേവി Published on 05 January, 2013
പ്രണയം, പ്രത്യുത്പാദനം, പ്രതിവിപ്ലവം-7- അഡ്വ: രതീദേവി (ജയന്‍  കെ.സി.യുടെ  കവിതകളെപറ്റിയുള്ള പഠനം)
www.താമര.കോം. (poem by Jayan KC)

(ഒരു സൈബര്‍ തടവുപുള്ളിയുടെ ആത്മഭാഷണങ്ങള്‍ വെബ്മാസ്റ്റര്‍ ഒളിഞ്ഞു കേട്ടത്)

പളുങ്കുസ്തരങ്ങള്‍ പാകിയ
ഒറ്റച്ചുവരുള്ള മുറി
ഭീമന്‍ പ്രകാശഖണ്ഡങ്ങള്‍
ഉടഞ്ഞുവീണ്
വഴുവഴുക്കുന്ന
പ്രതലം
ഘോരവെളിച്ചത്തില്‍
കാഴ്ച്ച
മഞ്ഞളിക്കുന്നു.

വെട്ടിത്തിളങ്ങുന്ന
വെള്ളി വെളുപ്പിലേക്ക്
ഓര്‍മ്മ
ചുരുണ്ട് പോകുന്നു…

അമേദ്യച്ചുമടുമായ്
പ്രാഞ്ചിക്കിതച്ചോടന്ന
രത്‌നാകര ഭന്‍ഗിയുടെ
നാവില്‍ പുകഞ്ഞ
തെറിയായിരുന്നു ഞാന്‍.

കോസലത്തിന്റെ
കാട്ടുപാതകള്‍
മൃഗക്കൊഴുപ്പ്
മണക്കുന്ന
രത്‌നാകര ഇട
(ചിതലുകള്‍ക്ക് പഥ്യമായത്)…
ഒരു പിടിച്ചുപറിയുടെ
പഴകിത്തേഞ്ഞ 'സിനേറിയ'
“ആ മരം ഈ മരം
ആ മരമീമരം”
“സെയിം ഓള്‍ഡ് ഷിറ്റ്”,

ചായാണിപ്പഴുതില്‍
ഘനീഭവിച്ച രക്തത്തിന്
പണയപ്പെട്ടത്…
തേര്‍ച്ചക്രത്തിനിടയില്‍പ്പെട്ടു
ചതഞ്ഞ രാജവൃഷണം…

അന്തഃപുരത്തില്‍
അകത്തമ്മമാര്‍
ചൂണ്ടാണിവിരല്‍
ചുംബിക്കവേ
ഇരുട്ടിന്റെ
കുന്തമുനയില്‍
ഒരു സ്ഖലനം

പേറ്ററ മൂലയില്‍
രക്തം പുരണ്ട
വെള്ളപ്പട്ട് ചുരുണ്ട് കിടന്നു.
തെരുവില്‍
മഗധര്‍ക്കും സൂതര്‍ക്കും
സമ്മാനപ്പൊതികള്‍ ….

കോസലവനത്തിലെ
കുറുനരികളുടെ
വിശപ്പിലേക്ക് മറുപിള്ള
എറിഞ്ഞുകൊടുത്തിട്ട്
സൂതികര്‍മ്മണി
തല ചൊറിഞ്ഞു…

ഛെ…ഈ നശിച്ച പ്രകാശം
എന്റെ ഓര്‍മ്മകള്‍ പിളരുന്നു….
ബാലികയുടെ
പിന്‍കഴുത്തില്‍
ഒളിയമ്പിന്റെ സ്പര്‍ശനം…,
ശംബുകരക്തംകൊണ്ട്
നനഞ്ഞ വാള്‍ …

മൂക്കും മുലയും
മുറിഞ്ഞൊരു
പെണ്ണിന്റെ തേങ്ങല്‍ …

ശത്രുഗര്‍ഭം
പേറുന്ന ഭാര്യ…
അവളുടെ
കണ്ണീര്‍മഴയില്‍
ഒരു പ്രളയം..

വിയര്‍പ്പും
രേതസ്സും
മണക്കുന്ന
കടം വാങ്ങിയ
കാവി കൗപീനം
പിന്നെ ഏറെ
ഘോഷിക്കപ്പെട്ട
സരയൂവിലെ
ആത്മഹത്യ..

ഓ…വീണ്ടും പ്രകാശം
അത് എന്നില്‍ നിന്നെല്ലാം
ചുരണ്ടിയെടുക്കുന്നു…
ഒരു തുള്ളി ഇരുട്ട്
സ്വപ്നങ്ങളില്‍
പോലുമില്ലെന്നോ?
അമേദ്യവഹനാ
തസ്‌കരവീരാ..
ഹേ…രത്‌നാകരാ..
ഞാനെങ്ങനെയാണ്
നിന്റെ മൊഴികളില്‍നിന്ന്
മോഷ്ടിക്കപ്പെട്ടത്…?

ഈ ഘോര വെളിച്ചം
ആരാണ് എന്നില്‍
കോരിയൊഴിച്ചത്..?
പ്രകാശം…ഭീകരപ്രകാശം
വെട്ടിത്തിളങ്ങുന്ന
വെള്ളിമുനകളെന്നില്‍
തുളഞ്ഞിറങ്ങുന്നു.
രോമകൂപങ്ങളില്‍
നിന്നൊരായിരം
സ്ഫടികച്ചുരങ്ങള്‍
പുറപ്പെടുന്നു…

ജ്ഞാനസര്‍പ്പങ്ങളിഴയുമീ
സൈബര്‍വനത്തില്‍
എന്നെത്തളച്ചതാരാണ്…?
എന്റെ തടവറഭിത്തി
നിറയെ താമര…
എന്റെ പേരുവിളിച്ചലറുന്ന
ത്രിശൂലങ്ങള്‍…
രഥങ്ങള്‍….
കവചിത വാഹനങ്ങള്‍ …
അണുവായുധത്തലപ്പുകള്‍
ആഗ്നേയാസ്ത്രങ്ങള്‍ …
പറയൂ രത്‌നാകരാ…
നിന്റെ നാവില്‍
നിന്നെന്നെ
തട്ടിയെടുത്തതാരാണ്..?
ഓലക്കാതില്‍
രക്തം വിങ്ങുന്നതും
ചരിത്രത്തിലേക്ക്
സാക്ഷിത്തൂണുകളുയരുന്നതും
അതില്‍ താഴികക്കുടങ്ങള്‍
ഉണര്‍ന്നു തകരുന്നതും
എന്റെ കാഴ്ച്ചയിലും
ഓര്‍മ്മയിലും
താമരകളാര്‍ത്ത് വളരുന്നതും
ഞാനറിയുന്നു…

തടവറ വാതിലില്‍
ചീറിയണയുന്ന
'ജാവ' പെല്ലറ്റുകള്‍ക്കും
വൈറസ്സുകള്‍ക്കും
സൈബര്‍പ്പൂഴുക്കള്‍ക്കും
ഇടയിലൂടെ ഒരു സ്വപ്നക്കീറ്
എന്നിലേക്കൊലിച്ചു വരുന്നു…
സര്‍വ്വബ്രാഹ്മണ ഭ്രൂണ
രക്ഷാര്‍ത്ഥം ഞാനരിഞ്ഞിട്ട
ശംബുക ശിരസ്സതാ
വീണ്ടും കിളിര്‍ക്കുന്നു…

ഒന്നല്ല പത്തല്ല
എണ്ണിയാലൊടുങ്ങാത്ത
ശിരസ്സുകള്‍…ശിരസ്സുകള്‍
ഇരുളിന്റെ കുളിരായ
ശംബുക ശിരസ്സുകള്‍ …!!
(തുടരും..)
പ്രണയം, പ്രത്യുത്പാദനം, പ്രതിവിപ്ലവം-7- അഡ്വ: രതീദേവി (ജയന്‍  കെ.സി.യുടെ  കവിതകളെപറ്റിയുള്ള പഠനം)
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക