Image

പ്രണയം, പ്രത്യുത്പാദനം, പ്രതിവിപ്ലവം-8- അഡ്വ: രതീദേവി(ജയന്‍ കെ.സി.യുടെ കവിതകളെപറ്റിയുള്ള പഠനം)

അഡ്വ: രതീദേവി Published on 11 January, 2013
 പ്രണയം, പ്രത്യുത്പാദനം, പ്രതിവിപ്ലവം-8- അഡ്വ: രതീദേവി(ജയന്‍ കെ.സി.യുടെ കവിതകളെപറ്റിയുള്ള പഠനം)
രാമനോടുള്ള ഭക്തി വച്ചിട്ട് രാമായണം വായിച്ചാല്‍ രാമന്‍ ഒരു വ്യക്തിത്വമില്ലാത്ത ആള്‍ ആണെന്നു തോന്നും എന്ന മാത്രമല്ല ഒരു സംശയരോഗി. ഭാര്യയുടെ ചാരിത്ര്യത്തിനു മേല്‍ സദാ സംശയാലു വായ ഭര്‍ത്താവ്. ഭാര്യയെ മാത്രമല്ല സ്വന്തം അമ്മയെയും ഒരു വേള രാമന്‍ സംശമായിരുന്നു. രാമായണത്തിലെ ഉത്തരകാണ്ഡം: ഗയാ തീരത്ഥത്തില്‍ രാമന്‍ പിതൃകര്‍മ്മം നടത്തുന്നു. ബന്ധുമിത്രാധികള്‍ കൂടാതെ മഹര്‍ഷികളുള്‍പ്പെടെ അനവധിയാളുകള്‍ ഉണ്ട്. കര്‍മ്മങ്ങള്‍ എല്ലാം കഴിഞ്ഞ് ആമ പിണ്ഡം(അന്നം കൊണ്ടുള്ള ഒരുള കയ്യിലെടുത്തു ഭക്തിപൂര്‍വ്വം പിതാവിനെ ധ്യാനിച്ചുകൊണ്ട് മേല്‌പോട്ട് ഉദ്വസിച്ചു. അതു സ്വീകരിക്കുവാന്‍ ദശരഥന്റെ പിതൃരൂപം അവിടെ പ്രത്യക്ഷപ്പെട്ടില്ല. മറ്റു ചില ആള്‍ക്കാര്‍ അവിടെ പിതൃബലി അര്‍പ്പിക്കുന്നുണ്ട്. അവരുടെ പിതൃക്കള്‍ നേരിട്ടുവന്ന് ആമപിണ്ഡങ്ങള്‍ സ്വീകരിക്കുന്നുമുണ്ട്. രാമന് ആകെ നിരാശയും സങ്കടവും മാനഹാനിയും തോന്നി. അവിടെ പിതൃബലി അര്‍പ്പിക്കാന്‍ വന്ന മറ്റു ചില രാജാക്കന്‍മാരിതറിഞ്ഞു രാമനെ പുച്ഛഭാവത്തില്‍ വീക്ഷിച്ചു. ഈ മക്കളൊന്നും ദശരഥന്റെ മക്കളല്ലായിരിക്കുമോ? എന്നവര്‍ പിറുപിറുത്തു. രാമന്റെ മുഖത്ത് കോപത്തിന്റെ അരുണിമ നിറം പൂണ്ടു. നേത്രങ്ങള്‍ തീക്ഷ്ണങ്ങളായി. ഇതുകണ്ടു വിറകൊണ്ടു നിന്നിരുന്ന കൗസല്യയുടെ നേര്‍ക്ക് ഉഗ്രമായി നോക്കി, രാമന്‍ ചോദിച്ചു:
“അമ്മേ സത്യം പറയണം. ഞാന്‍ ആരുടെ പുത്രനാണ്. ദശരഥമഹാരാജാവാണോ എന്റെ അച്ഛന്‍?വേഗം പറയൂ”

ഭയന്നു വിറച്ചു ഗദ്ഗദത്തോടെ ആ അമ്മ പറഞ്ഞു "മുപ്പത്തുമുക്കോടി ദേവകളും അഷ്ടദിക്ക് പാലകന്മാരും സാക്ഷിയായി ഞാന്‍ പറയുന്നു…മകനേ! നീ ദശരഥ മഹാരാജാവിന്റെ പുത്രന്‍ തന്നെയാണ്. ലോകത്തില്‍ അദ്ദേഹത്തെയല്ലാതെ മറ്റൊരു പുരുഷനെയും ഞാന്‍ സ്പര്‍ശിച്ചിട്ടില്ല. മനസ്സില്‍ ചിന്തിച്ചിട്ടുമില്ല."
രാമന്റെ വിചാരണയില്‍ നിന്നും കരുത്താര്‍ജ്ജിച്ച് ഭരതന്‍ ആ അമ്മയുടെ കൈകള്‍ പിടിച്ച് ബലമായി അങ്ങോട്ടുമിങ്ങോട്ടും വലിച്ചുകൊണ്ട് ഗര്‍ജ്ജിച്ചു.

"ദുഷ്‌ടേ, പണ്ടു മുതലേ ഭര്‍ത്തൃദ്രോഹം ചെയ്ത് അറപ്പു തീര്‍ന്നകുലടയായ മാതാവേ! പറയൂ ഞാനാരുടെ തനയന്‍! ജാരസന്തതിയാണോ? അസത്യം പറഞ്ഞാല്‍ ഈ നിമിഷം എന്റെ കണ്ഠം ഞാന്‍ വെട്ടിയരിഞ്ഞു ദൂരെ തെറിപ്പിക്കും( കര്‍ക്കടക മാസത്തില്‍ അമ്മയോടൊപ്പമിരുന്നു ഈ ഭാഗം വായിക്കുമ്പോള്‍ പലപ്പോഴും ഞാന്‍ വിതുമ്പി കരഞ്ഞിട്ടുണ്ട്. നിരപരാധിയായ ഒരമ്മയെ ആള്‍ക്കൂട്ടത്തിനു മുമ്പില്‍ ചാരിത്ര വിചാരണ നടത്തുന്ന ബലവാന്‍മാരായ ആ മക്കള്‍!)" എന്റെ മക്കളുട മുന്നില്‍ ഞാന്‍ എങ്ങനെ മഹാപാപിയായെന്നന്വേഷിച്ച് നിലവിളിക്കുന്ന അമ്മ കൗസല്യ.

രാമായണത്തില്‍ പലയിടത്തും രാമന്‍ ത്രികാല ജ്ഞാനിയാണെന്നു വീമ്പിളക്കുമ്പോള്‍ എന്തുകൊണ്ട് ആമപിണ്ഡം വയ്ക്കുമ്പോള്‍ അച്ഛന്റെ പിതൃരൂപം എത്താതിരുന്നതിന്റെ കാരണം അറിയാതിരുന്നത്. പകരം കത്തുന്ന നിലവിളക്ക് പോല്‍ വിശുദ്ധയായ അമ്മയെ ആള്‍ക്കൂട്ടത്തിനു മുമ്പില്‍ വച്ച് മൂന്ന് ആണ്‍മക്കള്‍ ശരീരത്തെയും മനസ്സിനെയും മുറിവേല്‍പ്പിച്ചു.

ഇതു തന്നെയാണ് രാമന്‍ സീതയോട് ചെയ്തതും. സീതാദേവിയുടെ അസാന്നിധ്യത്തില്‍ ആരംഭിച്ച അശ്വമേധയാഗം ദേവിയുടെ സാന്നിദ്ധ്യത്തില്‍ സമംഗളം പൂര്‍ത്തിയാക്കപ്പെട്ടു. യജ്ഞാവസാനത്തിലുള്ള അവഭൃഥസ്‌നാന കര്‍മ്മം മാത്രം നടന്നിട്ടില്ല. ജനങ്ങള്‍ പിരിയുന്നതിനുമുമ്പ് സീതയുടെ പരിശുദ്ധിയെ സംബന്ധിച്ച് ഒരു പരീക്ഷണം കൂടി നടത്തി. എല്ലാവരെയും ബോദ്ധ്യപ്പെടുത്തിയാല്‍ കൊള്ളാമെന്ന് രാമന് ഒരാഗ്രഹമുണ്ടായി.

"മേദിനീനാഥന്‍ മൈഥിലിയോട് മന്ദമായി സ്‌നേഹമസൃണ സ്വരത്തില്‍ പ്രവദിച്ചു.
"പ്രിയേ,! ആത്മേശ്വരീ, നീ അന്യഥാ വിചാരിക്കരുത്. നീ പരിശുദ്ധയും പതിവ്രതയുമാണെന്ന് എനിക്കറിയാം. പക്ഷെ, നമ്മുടെ ജനങ്ങള്‍ അത് പൂര്‍ണ്ണമായും വിശ്വസിച്ചിട്ടില്ലയെന്നു ഞാന്‍ സംശയിക്കുന്നു. കാരണം നിന്റെ അഗ്നിപ്രവേശം അയോദ്ധ്യാവാസികളാരും കണ്ടില്ലല്ലോ! അതുകൊണ്ട് ഈ മഹാജനങ്ങളുടെ മുമ്പില്‍ നീ വീണ്ടുംച ഒരു തവണ കൂടി അഗ്നിപ്രവേശം ചെയ്ത് നിന്റെ പരിശുദ്ധിയെ തെളിയിക്കണം. അതുമൂലം എനിക്ക് എനിക്കും നിനക്കും കീര്‍ത്തിയും ശ്രേയസ്സും വര്‍ദ്ധിക്കും. ഇതുകേട്ട് ഹൃദയവേദനയോടെ സീത അശ്രൂക്കള്‍ വാര്‍ത്തകൊണ്ട് കാന്തന്റെ പ്രശാന്ത ബന്ധുര വദനത്തിലേക്ക് ദീനഭാവത്തില്‍ നോക്കി.
എന്നും സംശയഗ്രസ്തനായി വര്‍ത്തിക്കു ഭര്‍ത്താവിന്റെ കൂടെ ജീവിക്കുന്നതിനേക്കാള്‍ ഭേദം മരിക്കുന്നതാണ്. എനിക്ക് യാതൊരു കളങ്കവുമില്ലെന്ന് അദ്ദേഹത്തിനറിയാം. എന്നിട്ടും ജനങ്ങള്‍ക്ക് വേണ്ടി ധര്‍മ്മ പത്‌നിയെ അഗ്നിയില്‍ ചാടിക്കാന്‍ അദ്ദേഹം ഒരുങ്ങുന്നു. സംശയത്തിന്റെ പേരില്‍ എന്നുമെന്നും പരീക്ഷണത്തിന് വിധേയയാക്കുന്നു. ഇതിലുഭേദം മരണമാണുചിതം. ഈ വിധം ചിന്തിച്ച് നൈരാശ്യത്തോടെ ഭൂമിദേവിയായ അമ്മയെ വിളിച്ചുകരഞ്ഞു പാതാളത്തിലേക്ക് ചാടിയെന്നുമാണ് "രാമായണത്തിലെ ഉത്തരകാണ്ഡത്തിലെ വര്‍ണ്ണന. www.താമര.കോം. എന്ന കവിത വായിക്കുമ്പോള്‍ രാമായണത്തിലെ പ്രശസ്ത ഭാഗങ്ങളാണ് ഓര്‍മ്മയില്‍ തെളിയുന്നത്.

എന്നു മാത്രമല്ല ചാരിത്രസംശയത്തിന്റെ പേരില്‍ ഭാര്യയെ പീഡിപ്പിക്കുന്ന ഇന്ത്യന്‍ പുരുഷന്റെ ആദിരൂപം രാമനാണ്. ആയതിനാല്‍ ഇന്ത്യയിലെ ആദ്യസ്ത്രീപീഡന വിചാരണ രാമനില്‍ നിന്നും തുടങ്ങണം.
ബാബറി മസ്ജിദ് തര്‍ക്കപ്പെട്ടപ്പോള്‍ മുസ്ലീങ്ങളും ഹിന്ദുക്കളും സഹോദരരെ പോലെ ജീവിക്കുന്ന എന്റെ നാട്ടിലും അതിന്റെ കാര്‍മേഘം പടര്‍ന്നു. ഡിഗ്രിക്കു പഠിക്കുന്ന ഞാന്‍ പരേതനായ തോപ്പില്‍ഭാസിയുടെ അനുജന്‍ തോപ്പില്‍ കൃഷ്ണപിള്ള (നിങ്ങള്‍ എന്നെ കമ്മ്യൂണിസ്റ്റാക്കി എന്ന നാടകത്തിലെ നായകവേഷം ചെയ്യുന്നതും സ്ഥിരം ഇദ്ദേഹമായിരുന്നു)അദ്ദേഹത്തിന്റെ മകള്‍ ദീപയും കൂടി ഒരു മതസൗഹാര്‍ദ്ദജാഥ, തെരുവുനാടകവും സംഗീതവും ഒക്കെ അകമ്പടിയായുളള പെണ്‍കുട്ടികളുടെ ജാഥ ആലപ്പുഴ ജില്ലയിലെ മാവേലിക്കരയില്‍ പര്യടനം, മുഖ്യപ്രാസംഗികയായ ഞാന്‍ കറ്റാനത്തു പ്രസംഗിച്ചു. "ഓരോ ഹിന്ദുവിന്റെ വീട്ടില്‍ നിന്നും ഓരോ ഇഷ്ടിക പൂജിച്ച് രാമജന്മഭൂമിയില്‍ രാമനു ക്ഷേത്രം പണിയാന്‍ ദാനംചെയ്യണമെന്നു സംഘവരിവാറിന്റെ പ്രസ്താവനയെക്കുറിച്ചു ഞാനിങ്ങനെ ഉപസംഹരിച്ചു." അമ്മയും സഹോദരിയുമായി യാത്ര ചെയ്യുമ്പോള്‍ അവര്‍ക്ക് മൂത്രശങ്ക തോന്നിയാല്‍ അതിനുള്ള സൗകര്യം നമ്മുടെ ഗ്രാമത്തിലില്ല. ഈ ഇഷ്ടികകൊണ്ട് സ്വന്തം നാട്ടില്‍ മൂത്രപുര കെട്ടിയാല്‍ കിട്ടുന്ന മോക്ഷം രാമക്ഷേത്രത്തെക്കാള്‍ മഹത്തരമാണെന്ന് പ്രസംഗിച്ചു നിര്‍ത്തുന്നതിനുമുമ്പ് തന്നെ എന്റെ നെറ്റിയില്‍ ഒരു കല്ലു വന്നുവീണു. രാമനെക്കുറിച്ചെഴുതിയപ്പോള്‍ ഈ സംഭവം ഓര്‍ത്തുപോയി.
(തുടരും...)
 പ്രണയം, പ്രത്യുത്പാദനം, പ്രതിവിപ്ലവം-8- അഡ്വ: രതീദേവി(ജയന്‍ കെ.സി.യുടെ കവിതകളെപറ്റിയുള്ള പഠനം)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക