ഗണേഷ്‌കുമാറിന് പുത്തരിയല്ല, അടി വാങ്ങുന്നതും, കൊടുക്കുന്നുതും.
സിനിമയിലാണെങ്കിലും കാലു കുത്തിയ കാലം മുതലേ തല്ലുകൊള്ളി റോള്‍ മാത്രമാണ്
കിട്ടിയത്. തല്ലുകൊള്ളിത്തരം യഥേഷ്‌ടം കൈവശമുള്ള ആളാണെന്നും
പറഞ്ഞുകേട്ടിട്ടുണ്ട്!. അദ്ദേഹം ആരെയെങ്കിലും പ്രേമിക്കട്ടെ. ഏതെങ്കിലും
കാമുകിയുടെ ഭര്‍ത്താവിന്റെ തല്ലുകൊള്ളട്ടെ!
പക്ഷെ മൂന്നുകോടി ജനങ്ങള്‍
കൊടുക്കുന്ന നികുതിപ്പണം ഉപയോഗിച്ച് `ചെറ്റ' പൊക്കാന്‍ പോകുന്നത് ജനങ്ങളോടുള്ള
വഞ്ചനയല്ലേ? (കുടിലുകള്‍ എല്ലാം ഫ്‌ളാറ്റുകള്‍ക്ക് വഴിമാറിയതോടെ `ചെറ്റ' എന്ന
പ്രയോഗം ശരിയാണോയെന്നറിയില്ല). കൂടാതെ റേഷന്‍ വാങ്ങാന്‍ പണമില്ലാതെ ബുദ്ധിമുട്ടുന്ന
ജനങ്ങളുള്ള നാട്ടില്‍, ബംഗ്ലാവും സെക്യൂരിറ്റിയുമൊക്കെ കൊടുത്തിട്ടും, ഒരുത്തന്‍
വീട്ടില്‍ കയറി നമ്മുടെ മന്ത്രിയുടെ ചെവിക്കുറ്റിക്കിട്ടു പൊട്ടിച്ചുവെന്നു
പറഞ്ഞാല്‍, മൂന്നുകോടി ജനത്തിനും നാണക്കേടല്ലേ?
ഇതൊക്കെ പറഞ്ഞത്
ജയരാജന്മാരെങ്കില്‍, കള്ളമാണെന്നെങ്കിലും കരുതാമായിരുന്നു. മറിച്ച്,
ഗണേഷിനെപ്പോലെതന്നെ ജനങ്ങള്‍ തീറ്റിപ്പോറ്റുന്ന നമ്മുടെ മന്ത്രിസഭയുടെ ചീഫ്
വിപ്പുതന്നെയാണ് ഈ കഥകളെല്ലാം ജനത്തോട് പറഞ്ഞത്. അപ്പോള്‍ പിന്നെ
അവിശ്വസിക്കേണ്ട കാര്യമില്ലല്ലോ. അല്ലെങ്കില്‍ ആരെ വിശ്വസിക്കണമെന്ന് ഇവരെ പോറ്റി
വളര്‍ത്തുന്ന ശ്രീ ഉമ്മന്‍ചാണ്ടി തന്നെ പറയട്ടെ!
നിനച്ചിരിക്കാതെ ലോട്ടറി
അടിച്ചമാതിരി എം.എല്‍.എ ആയി. അച്ഛനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താന്‍ എ.കെ. ആന്റണി
തയാറാകാത്തതുകൊണ്ട് ആദ്യ ടേമില്‍ തന്നെ, `മോനേ മറ്റൊരു ലഡു കൂടി പൊട്ടി' എന്നു
പറഞ്ഞതുപോലെ മന്ത്രിയും ആയി. കുറ്റം പറയരുതല്ലോ- ചുരുങ്ങിയ കാലംകൊണ്ട് നല്ല
മന്ത്രിയെന്ന സല്‍പേര് സമ്പാദിച്ച്, സ്വന്തം അച്ഛന് അപവാദമായി.
പിണങ്ങിക്കഴിഞ്ഞിരുന്ന ഭാര്യയേയും മക്കളേയും കൂടെ കൂട്ടി നല്ലപിള്ള ചമഞ്ഞ്
ജീവിച്ചു.
2011-ല്‍ അച്ഛന്‍ `അഴിക്ക്' അകത്തായപ്പോള്‍ പ്രതിയോഗികളില്ലാതെ
വീണ്ടും മന്ത്രിയായി. ഒരു അച്ഛനും മകനും തമ്മിലുള്ള `സ്‌നേഹ പ്രകടനങ്ങള്‍' അവിടെ
തുടങ്ങുന്നു. (അച്ഛന്‍- മകന്‍ ബന്ധം എങ്ങനെയായിരിക്കണമെന്ന്, സ്‌കൂളില്‍ കുട്ടികളെ
പഠിപ്പിക്കുന്നതിന് ബാലകൃഷ്‌ണപിള്ള- ഗണേഷ് കഥകള്‍ അടുത്തവര്‍ഷത്തെ സിലബസില്‍
ഉള്‍പ്പെടുത്താന്‍ വിദ്യാഭ്യാസമന്ത്രി അബ്‌ദുറബ്ബ് തീരുമാനിച്ചിട്ടുണ്ട്!).
ലോകത്തുള്ള എല്ലാ അച്ഛന്മാരും മക്കള്‍ നല്ല രീതിയില്‍ വളര്‍ന്നുകാണാന്‍ മന്ത്രവും,
പൂജകളും നടത്തുമ്പോള്‍ കൊട്ടാരക്കരയില്‍ ഒരച്ഛന്‍ മകന്റെ വളര്‍ച്ച കണ്ട്
ചങ്കുപൊട്ടി ജീവിക്കുന്നു. മക്കള്‍ക്കുവേണ്ടി സ്വന്തം ജീവിതംതന്നെ മാറ്റിവെച്ച്
ശ്രീ കെ. കരുണാകരനെപ്പോലുള്ളവരുടെ `ഹൃദയവിശാലത' കേരളം ഇപ്പോഴാണ്
തിരിച്ചറിയുന്നത്. `കടുംവെട്ട്' പ്രായമാകുമ്പോള്‍, പൂഞ്ഞാറില്‍ `റീപ്ലാന്റ്'
ചെയ്യാന്‍ വേണ്ടി മകന്‍ ഷോണിനെ വളര്‍ത്തിക്കൊണ്ടുവരുന്ന പൂഞ്ഞാര്‍ പുലി സാക്ഷാല്‍
പി.സി. ജോര്‍ജ് ഉള്‍പ്പടെ പുത്രവാത്സല്യത്തിന് എത്ര മഹനീയ ഉദാഹരണങ്ങളാണ് കേരള
രാഷ്‌ട്രീയത്തിലുള്ളത്.
അടുത്തിടവരെ ഗണേഷും- ജോര്‍ജ് അച്ചായനും ചക്കരയും
അടയും പോലെയായിരുന്നു. പത്താനാപുരത്ത് മൈക്കി കെട്ടി രണ്ടുപേരും മത്സരിച്ച്
വി.എസ് അച്യുതാനന്ദനെ തെറിവിളിച്ചിട്ട് നാളേറെയായില്ല. പക്ഷെ അച്ചായനൊരു
പ്രശ്‌നമുണ്ട്, അച്ചായന്‍ പറയുന്നത് മാത്രമാണ് ശരി. എതിര് പറഞ്ഞാല്‍
അവനേംകൊണ്ടേ പോകൂ. നെല്ലായാമ്പതി പ്രശ്‌നത്തില്‍, അച്ചായന്‍ പറഞ്ഞിടത്ത് കാടിനു
`ജണ്ട'യിടാന്‍ ഗണേഷ് സമ്മതിക്കാത്തതു മുതല്‍, `നിന്നെ പൊക്കുമെന്ന്'
ആണയിട്ടതാണ്. ഏറ്റെടുക്കുന്ന `ക്വട്ടേഷന്‍' നടപ്പാക്കുന്ന കാര്യത്തില്‍ അച്ചായന്‍
കൊടി സുനിയുടെ ചേട്ടനാണ്. എന്തൊരു ആത്മാര്‍ത്ഥത!
നാളെ ഗണേഷ്
`ക്വട്ടേഷന്‍' കൊടുത്താല്‍ അച്ഛന്‍ ബാലകൃഷ്‌ണപിള്ളയേയും തെറി വിളിക്കും. വി.എസിന്റെ
ക്വട്ടേഷന്‍ വാങ്ങി മാണിസാറിനേയും, എ.കെ. ആന്റണിയേയും, ഉമ്മന്‍ചാണ്ടിയേയുമൊക്കെ
`പിച്ചാത്തിമുനയില്‍' നിര്‍ത്തിയത് മറന്നുപോയോ? ഔസേപ്പച്ചന്‍ പറഞ്ഞാല്‍
തൂങ്ങിച്ചാകാനും തയാറാണെന്നു പറഞ്ഞ് നാവ് വായിലിടുന്നതിനു മുമ്പ്, പി.ടി.
തോമസിന്റെ `ക്വട്ടേഷന്‍' വാങ്ങി പി.ജെ. ജോസഫിനെ `തൂക്കിക്കൊല്ലാന്‍' നാടുനീളെ
കുരുക്കുമായി നടന്നിട്ട് കാലം അധികമായില്ലല്ലോ? പക്ഷെ, ഇപ്പോഴത്തെ ക്വട്ടേഷന്‍
കൊടുത്തിരിക്കുന്നത് ആരാണെന്ന കാര്യത്തില്‍ ജനങ്ങള്‍ക്ക് അല്‍പം സംശയമുണ്ട്.
ബാലകൃഷ്‌ണപിള്ളയോ, അതോ ഉമ്മന്‍ചാണ്ടിയോ?
ആര് `ക്വട്ടേഷന്‍' കൊടുത്താലും
കേരളത്തിലെ ജനങ്ങളുടെ ചെലവില്‍ അതു വേണ്ട. കേരളത്തിന്റെ ചീഫ് വിപ്പ് പറഞ്ഞതാണ്
ശരിയെങ്കില്‍, ജനങ്ങളുടെ ചെലവില്‍ പെണ്ണുപിടിക്കുന്നവനേയും, പിന്നെ
തല്ലുകൊള്ളുന്നവനേയും മന്ത്രിയായിട്ടു വേണ്ട!! അതല്ല, കാടു
പതിച്ചുകൊടുക്കാത്തതിന്റെ പേരിലുള്ള അച്ചായന്റെ സ്ഥിരം വിഴുപ്പലക്കലാണെങ്കില്‍,
അങ്ങനെയൊരു വിഴുപ്പലക്കലാണിതെങ്കില്‍, അങ്ങനെ ഒരു വിപ്പിനെ ഇനിയും സഹിക്കാന്‍ കേരള
ജനത തയാറല്ല. ഇപ്രവാശ്യമെങ്കിലും ഉമ്മന്‍ചാണ്ടി ഉറച്ചനിലപാട് എടുക്കുമെന്ന്
കരുതാം. ഗണേഷിനെ മാറ്റുകയാണെങ്കില്‍ ഒരച്ഛന്‍ മാത്രം സന്തോഷിക്കും, മറിച്ച്
വിപ്പിനെ മാറ്റുകയാണെങ്കില്‍ ഒരു ജനത മുഴുവന്‍ ആഹ്ലാദിക്കും. ആരുടെ സന്തോഷം
വേണമെന്ന് മുഖ്യമന്ത്രി തന്നെ തീരുമാനിക്കട്ടെ!!!