Image

ആല്‍മരങ്ങള്‍ തണല്‍ വിരിക്കുമ്പോള്‍ - ഷോളി കുമ്പിളുവേലി

ഷോളി കുമ്പിളുവേലി Published on 24 May, 2013
ആല്‍മരങ്ങള്‍ തണല്‍ വിരിക്കുമ്പോള്‍ - ഷോളി കുമ്പിളുവേലി
തന്റെ കേരള യാത്ര അനന്തപത്മനാഭന്റെ മണ്ണില്‍ കാലുകുത്തുമ്പോള്‍ കേരളത്തില്‍ ഭൂമികുലുക്കമുണ്ടാകുമെന്നും, കെ.പി.സി.സി. പ്രസിഡന്റും കോമള സുമുഗനുമായ ശ്രീമാന്‍ രമേശ് ചെന്നിത്തലയുടെ പ്രവചനം അക്ഷരം പടി ഫലിച്ചിരിക്കുന്നു. അഭ്യാസങ്ങള്‍ പലതും നാട്ടിലും മറുനാട്ടിലുമായി പഠിച്ചിട്ടുണ്ടെങ്കിലും ജ്യോതിഷവും അക്കൂട്ടത്തില്‍ ഉണ്ടായിരുന്നോ എന്നാണ് എന്റെ സംശയം, അതോ 'കരിനാക്കാ'ണോ.? എന്തായാലും നേതാവിന് 'എട്ടിന്റെ' പണി കിട്ടി. ചുണ്ടോടടുത്തു വന്ന ഉപമുഖ്യമന്തി സ്ഥാനമല്ലേ, കശ്മലന്മാര്‍ എല്ലാവരും ചേര്‍ന്ന് തട്ടിത്തെറുപ്പിച്ചത്? പക്ഷേ അങ്ങനെ എഴുതിത്തള്ളാനൊന്നും സമയമായില്ല! ഇനി എതു 'താല'ത്തില്‍ വച്ചും 'ഉപ'സ്ഥാനം തന്നാലും വേണ്ട! മറിച്ച് മുഖ്യമന്ത്രി കസേര മാത്രം മതി. എന്നിട്ടെ ഇനി വിശ്രമമുള്ളൂ. ഉറങ്ങികിടന്നവനെ വിളിച്ച് എണിപ്പിച്ചിട്ട് അത്താഴമില്ലെന്നും പറഞ്ഞതുപോലെയായിപ്പോയില്ലേയിത്! എന്തായാലും എന്റെ “അതിവേഗ-ബഹുദൂരമേ” ഇതു വേണ്ടായിരുന്നു. പാവമെന്ന് പറയിപ്പിച്ച ഞങ്ങളെക്കൊണ്ടുതന്നെ പാപി എന്നും പറയിപ്പിക്കണോ? സൂക്ഷിച്ചോ, നീളം അല്പം കുറവാണെങ്കിലും, സാക്ഷാല്‍ ലീഡറുടെ കളരിയില്‍ നിന്നുമാണ് രമേശ് അങ്കം വെട്ടിപ്പഠിച്ചു തുടങ്ങിയത്. ഒരു പൂഴിക്കടകന്‍ ഉടന്‍ പ്രതീക്ഷിക്കാം. പണ്ട്, കുഞ്ഞാപ്പയെ കൂട്ടുപിടിച്ച് 'ആദര്‍ശ്' ആന്റണിയെ നാടുകടത്തിയത്, പകരം ഒരു പണി 'അതിവേഗത്തില്‍' കിട്ടിക്കൂടായ്കയുമില്ല. പിന്നെ ബഹുദൂരം ഡല്‍ഹിയില്‍ അലയേണ്ടിവരും. അതിനായി കുറച്ചു ദിവസങ്ങള്‍ കൂടി കാത്തിരിക്കാം.

ഇതിന്റെയിടയില്‍, രമേശിനും മാത്രമല്ല, ഉപമുഖ്യനാകാന്‍, ഞങ്ങള്‍ക്കും വേണ്ടതിലേറെ.  യോഗ്യതകളുണ്ടെന്ന് വിളംബരം ചെയ്തു കൊണ്ട് ഐസ്‌ക്രീം ഫെയിം കുഞ്ഞാപ്പളയും പാല മാണിക്യവും മുന്നോട്ടു വന്നു. പുരക്ക് തീപിടിക്കുമ്പോഴല്ലേ വാഴവെട്ടാന്‍ പറ്റൂ. അല്ലെങ്കില്‍ തന്നെ, ഈ രാഷ്ട്രീയം എന്നതു തന്നെ സാധ്യതകളുടെ ഒരു കലയല്ലേ? കിട്ടിയാല്‍ 'ഊട്ടി' അല്ലെങ്കില്‍ 'ചട്ടി'!! പോയാല്‍ ഒരു വാക്ക്, കിട്ടിയാലോ? ലോട്ടറി!!

ഈ ആഴ്ച ഏറെ ഞെട്ടിച്ചത് “തല്ലുകൊള്ളി” ഗണേശനും, അപ്പന്‍ കൊട്ടാരക്കര തമ്പ്രാനുമാണ്. പെരുന്തച്ചന്‍ കോപ്ലക്‌സ് മൂത്ത് മകനെ മന്ത്രിക്കസേരയില്‍ നിന്നും ഇറക്കണമെന്നാവശ്യപ്പെട്ട് കത്തു നല്‍കാനായി, സെക്രട്ടറിയേറ്റിന്റെ നടയിലും, ക്ലിഫ് ഹൗസിന്റെ വരാന്തയിലും കേറിയിറങ്ങി നടന്ന, ബാലകൃഷ്ണ പിള്ളയിപ്പോള്‍ മകനെ തിരിച്ച് കസേരയില്‍ കയറ്റുന്നതിനുവേണ്ടി നടക്കുകയാണ്. ഈ തന്ത ക്ക് കിട്ടിയതൊന്നും പോരെ? അപ്പനെ മകന്‍ തല്ലുക! മകനെ നാട്ടുകാരന്‍ തല്ലുക!!! നാട്ടുകാരല്ല, മറിച്ച് സ്വന്തം ഭാര്യതന്നെയാണ് രണ്ടു പൊട്ടിച്ചതെന്ന്, മൂക്കും ഒലിപ്പിച്ച് മന്ത്രി തന്നെ ജനത്തോട് ഒരു ഉളുപ്പുമില്ലാതെ പറയുക!!! ഇവനെയൊക്കെ വീണ്ടും മന്ത്രിമാരായി നമ്മള്‍ തന്നെ സഹിക്കണോ? മന്ത്രിപ്പണി എന്നത് പോലീസ് റെയ്ഡ് പേടിക്കാതെ ചെറ്റപൊക്കാനുള്ള ഏര്‍പ്പാടാക്കി മാറ്റരുത്!

ഏതായാലും, ജനങ്ങള്‍ പ്രതീക്ഷയോട് അധികാരത്തിലേറ്റിയ ഒരു മുന്നണി, ഈ രണ്ടുവര്‍ഷത്തിനുള്ളില്‍ തന്നെ, അപമാനമായി മാറിക്കഴിഞ്ഞു.

അങ്ങ് ഡല്‍ഹിയിലിരിക്കണ ഹൈക്കമാന്റ് അമ്മേ, ലോക്കമാന്റ് പുത്രാ വേഗം ഇടപെടൂ, ഞങ്ങളെ രക്ഷിക്കൂ!!! എല്ലാവരും ചേര്‍ന്ന് പ്രാര്‍ത്ഥിച്ചോളൂ.
ആല്‍മരങ്ങള്‍ തണല്‍ വിരിക്കുമ്പോള്‍ - ഷോളി കുമ്പിളുവേലി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക