Image

നിനവും നനവും (തോരാത്ത മഴ- കെ.എ. ബീന)

കെ.എ. ബീന Published on 18 June, 2013
 നിനവും നനവും (തോരാത്ത മഴ- കെ.എ. ബീന)
ഞാനെന്താണെഴുതേണ്ടത്,-
എങ്ങനെയാണ് എഴുതേണ്ടത്.....
കണ്ണീര് കൊണ്ടോ ചോര കൊണ്ടോ ഞാനവളെക്കുറിച്ചെഴുതേണ്ടത്?

ആദ്യം കാണുമ്പോള്‍ തൊട്ടിലില്‍ കിടന്ന് അവള്‍ വെപ്രാളപ്പെടുന്നത് കണ്ട് പേടിച്ച്, ഞാന്‍ നിലവിളിച്ചു. അന്നെനിക്ക് വയസ്സ് 4, അവള്‍ക്ക് 3 ഉം. ഓടിച്ചെന്ന് ഞാനമ്മയെ വിളിച്ചുകൊണ്ടു വന്നുവെന്നും തക്കസമയത്ത് ആശുപത്രിയിലെത്തിച്ചതിനാല്‍ ആ മെനഞ്ചെറ്റിസ് ബാധയില്‍ നിന്നും അവളെ രക്ഷിക്കാനായി എന്നും അമ്മ പിന്നീട് പറഞ്ഞു.

ഒടുവില്‍ കാണുമ്പോള്‍ അവള്‍ക്ക് പ്രായം 39. ഐ.സി.യൂണിറ്റില്‍ ശ്വാസം നിലനിര്‍ത്താനുള്ള യന്ത്രങ്ങളിലേക്ക് അവര്‍ അവളെ മാറ്റുകയായിരുന്നു. കുറച്ചു സമയത്തിനകം 'അമ്മാ' എന്നു വിളിച്ച് ഇല്ലാതായി. പുറത്ത് അമ്മയെ കെട്ടിപ്പിടിച്ച് ഞാന്‍ പറഞ്ഞു:

''അവള്‍ പൊയ്‌ക്കോട്ടെ, പ്രവര്‍ത്തിക്കാത്ത കിഡ്‌നികളും ശ്വാസകോശങ്ങളും ഹൃദയവുമായി ഈ ഭൂമിയില്‍ നരകിക്കുന്നതിനേക്കാള്‍ നല്ലത് അവള്‍ പോകുകയാണ്.''

അങ്ങനെ അവള്‍ പോയി. 2004 ല്‍ . ഈ വരികള്‍ എഴുതാനുള്ള ശേഷി എനിക്കുണ്ടാവുമെന്ന് ഇതെഴുതുന്ന നിമിഷംവരെ ഞാന്‍ കരുതിയിരുന്നില്ല. ഇപ്പോഴും എത്രത്തോളമെന്ന് എനിക്കറിയില്ല.

അവള്‍ എന്റെ അനിയത്തിയായിരുന്നു, ബിന്ദു എന്ന് ഞങ്ങള്‍ വിളിച്ചിരുന്ന ബിനിത. എന്നെക്കാള്‍ ഒരു വയസ്സ് മാത്രം ഇളപ്പമുള്ളവള്‍. ഒരുപോലെയുള്ള ഉടുപ്പുകള്‍ ഇടീച്ച് ഒരുപോലെ മുടികെട്ടി ഇരട്ടകളെപ്പോലെയാണ് ഞങ്ങളെ വളര്‍ത്തിയത്. അവള്‍ സുന്ദരിയായിരുന്നു, ശാന്തയും.
നാട്ടിലെ സര്‍ക്കാര്‍ പള്ളിക്കൂടത്തിലെ മലയാളം മീഡിയത്തില്‍ ഞാന്‍ പഠിച്ചു. അവള്‍ കോണ്‍വെന്റില്‍ ഇംഗ്ലീഷ് മീഡിയത്തിലും.

അവള്‍ക്ക് അമ്മയോട് വല്ലാത്ത അഭിനിവേശമായിരുന്നു, എന്നെ തൊടാന്‍ കൂടി സമ്മതിക്കാതെ അവളമ്മയെ സ്വന്തമാക്കിയിരുന്നു. ഒരുപാട് അംഗങ്ങളുള്ള ഒരു കാര്‍ഷിക കുടുംബത്തില്‍ വളര്‍ന്നതിനാല്‍ അമ്മയെ അവള്‍ക്കായി വിട്ടുകൊടുക്കാന്‍ എനിക്ക് മടിയൊന്നും ഉണ്ടായിരുന്നില്ല. അമ്മൂമ്മ, അപ്പൂപ്പന്മാര്‍, അമ്മാവന്മാര്‍, കുഞ്ഞമ്മമാര്‍, പണിക്കാര്‍, പശുക്കള്‍, കാളകള്‍, പോത്തുകള്‍, ആടുകള്‍, കോഴികള്‍, നൂറായിരം മരങ്ങള്‍, കൃഷിയിടങ്ങളിലെ പയര്‍ചെടികള്‍, വെള്ളരിക്കാവള്ളികള്‍ - അന്നൊന്നും ഒരു കുട്ടിക്കും ഒറ്റപ്പെടാനോ സങ്കടപ്പെടാനോ കഴിഞ്ഞിരുന്നില്ല.
വളര്‍ന്നപ്പോള്‍ അവളെന്റെ വിരല്‍ത്തുമ്പത്തെത്തി, മരിക്കുന്നതുവരെ വിടാതെ ഞാനവളെ കൊണ്ടു നടന്നു.

''ബാലവേദി''യെന്ന കുട്ടികളുടെ സംഘടനയില്‍ ചേര്‍ന്നപ്പോഴും അവള്‍ കൂടെയുണ്ടായിരുന്നു. പ്രസംഗിക്കാനും ലേഖനമെഴുതാനും, ഡാന്‍സ് കളിക്കാനും, കഥാപ്രസംഗം പറയാനുമൊക്കെ ഞാന്‍ നടന്നപ്പോള്‍ അവള്‍ നാടകം കളിച്ചും, വരച്ചും, ഫാന്‍സിഡ്രസ്സിന് ഒരുങ്ങിയും ഒപ്പമെത്തി. മത്സരവേദികള്‍ ഞങ്ങള്‍ക്ക് വേണ്ടി കാത്തുനിന്ന കാലം. ആ കാലത്ത് പുതിയ ബാലവേദി യൂണിറ്റുകള്‍ ഉണ്ടാക്കാനും, വാര്‍ഷിക പരിപാടികള്‍ക്ക് പണം പിരിക്കാനും ഞങ്ങള്‍ ഒഴിവു സമയങ്ങള്‍ ചെലവഴിച്ചു. വേനലവധിയുടെ പകലുകളില്‍ വീടുകള്‍തോറും നടന്ന് പൈസ പിരിച്ച് ബാലവേദി സമ്മേളനങ്ങള്‍ സംഘടിപ്പിച്ചു, രാത്രികളില്‍ റിഹേഴ്‌സലുകള്‍ നടത്തിയും വായിച്ചും എഴുതിയും സ്വയം വളര്‍ത്തിക്കൊണ്ടിരുന്നു.

അപൂര്‍വ്വമായ ഒരു ബാല്യത്തിന്റെ വഴികളിലൂടെയാണ് ഞങ്ങള്‍ കൈപിടിച്ച് നടന്നത്. ഇന്നത്തെ കുട്ടികള്‍ക്ക് ചിന്തിക്കാന്‍ കൂടി കഴിയാത്തത്.

മര്‍ച്ചന്റ് നേവിയിലായിരുന്ന അച്ഛനും വീട്ടമ്മയായ അമ്മയും വേണ്ടുവോളം സ്വാതന്ത്ര്യം തന്ന് വേണ്ടതിലേറെ സ്‌നേഹം തന്ന് വളര്‍ത്തി.

എനിക്ക് പത്തു വയസ്സായപ്പോള്‍ ഞങ്ങള്‍ക്ക് ഒരനുജത്തി കൂടി പിറന്നു . ലക്ഷ്മി. അവളെയുമെടുത്ത് മത്സരവേദികളും സംഘടനാ സമ്മേളനങ്ങളും കീഴടക്കി നടന്നു ഞങ്ങള്‍.

കോളേജിലെത്തിയപ്പോള്‍ മനസ്സില്‍ മൊട്ടിട്ട പ്രണയം ഞാനാദ്യം പറഞ്ഞത് അവളോടായിരുന്നു. ബൈജു എന്ന ബൈജു ചന്ദ്രനെ പ്രണയിക്കുന്ന വാര്‍ത്ത കേട്ട് അവള്‍ പേടിച്ചു. എത്ര സ്വാതന്ത്ര്യമുണ്ടെങ്കിലും യാഥാസ്ഥിതികത്വം നിലനില്‍ക്കുന്ന കുടുംബം അതെങ്ങനെ സ്വീകരിക്കുമെന്നോര്‍ത്തവള്‍ വിറച്ചു.

ഒടുവില്‍ ഞങ്ങളുടെ കല്യാണം നടന്നപ്പോള്‍ അവള്‍ ചിരിച്ചു.

ഒന്‍പതാം ക്ലാസ്സില്‍ പഠിക്കവേ ഒരുദിവസം നിലവിളക്കില്‍ നിന്ന് തൂകിയ എണ്ണയില്‍ തെന്നി അവള്‍ ഒന്ന് വീണു, കൈയൊടിഞ്ഞു. മെഡിക്കല്‍ കോളേജില്‍ കുറെനാള്‍ ഇന്‍ഫ്രാറെഡ് ലൈറ്റടിക്കാനും മറ്റുമായി അമ്മയും അവളും കയറിയിറങ്ങി. ഇതിനിടയിലെപ്പോഴോ തൊലിയില്‍ ചെറിയ തിണര്‍പ്പുകള്‍ - മരുന്നും ചികിത്സയുമായി കുറേ കാലം - അവള്‍ക്ക് പൂര്‍ണ്ണശ്രദ്ധ കൊടുക്കാനായി അമ്മ ലക്ഷ്മിയെയും എന്നെയും ഉഷക്കുഞ്ഞമ്മയെയും അമ്മൂമ്മമാരെയും ഏല്‍പ്പിച്ചു. കുടുംബം മുഴുവന്‍ അവളുടെ ചികിത്സയ്ക്കായി ജീവിതം മാറ്റിവച്ചു. ആയുര്‍വ്വേദ ചികിത്സയില്‍ അവളുടെ തൊലി വീണ്ടും സുന്ദരമായി. അവള്‍ ഹിന്ദി എം.എ പാസ്സായി. ബി.എഡും ജേര്‍ണ്ണലിസവും പഠിച്ചു. വീട്, വീട്ടു ജോലികള്‍, പാചകം, ഭക്ഷണം വിളമ്പി എല്ലാവരെയും ഊട്ടല്‍ - അവളുടെ താല്‍പ്പര്യം അങ്ങനെയൊക്കെയായിരുന്നു. കല്യാണാലോചന വന്നപ്പോള്‍ ചെറുക്കന്‍ വീട്ടുകാരോട് ഞാന്‍ പറഞ്ഞു:

''പണ്ട് അവള്‍ക്ക് ഒരു അലര്‍ജി വന്നിട്ടുണ്ട്.''

അവരതൊന്നും കാര്യമാക്കിയില്ല, നന്മ ഭൂമിയില്‍ നിലനില്‍ക്കുന്നുവെന്നോര്‍മ്മിപ്പിക്കുന്ന അപൂര്‍വ്വം മനുഷ്യരായിരുന്നു അവര്‍.

കല്യാണം നടന്നു. ഒരാഴ്ചയ്ക്കുള്ളില്‍ ഒരു ഫോണ്‍ - അവള്‍ക്ക് പനിയാണ്.
കുടുംബസുഹൃത്ത് കൂടിയായ ഡോക്ടറെ കാണിച്ചപ്പോള്‍ പറഞ്ഞു.

''ചില ടെസ്റ്റുകള്‍ വേണം. രക്തം ഒന്ന് കോയമ്പത്തൂര്‍ക്കയയ്ക്കണം.''
ഡോക്ടറുടെ സ്വരത്തിലെ അസ്വാഭാവികത എന്റെയുള്ളില്‍ വേവലാതിയുണര്‍ത്തി.

''പ്രാര്‍ത്ഥിക്കൂ'' - ഡോക്ടര്‍ അതുമാത്രം പറഞ്ഞു. പ്രാര്‍ത്ഥിക്കാന്‍ പോലും ശേഷിയില്ലാതെ റിസല്‍ട്ടിന് വേണ്ടി കാത്തിരുന്നു.

റിസല്‍ട്ട് വന്നപ്പോള്‍ ഡോക്ടര്‍ക്ക് പറയാനൊന്നുമില്ലായിരുന്നു.

''നമ്മള്‍ നിസ്സഹായരാവുന്ന ചില നിമിഷങ്ങളുണ്ട്. ദൈവത്തിന് പോലും സഹായിക്കാന്‍ കഴിയാത്ത സാഹചര്യങ്ങള്‍. എസ്എല്‍.ഇ എന്ന് വിളിക്കുന്ന സിസ്റ്റമിക് ലൂപസ് എരിത്രോമെറ്റഡിസ് എന്ന ആട്ടോ ഇമ്യൂണ്‍ രോഗമാണ് ബിന്ദുവിന്. ഇതിന് മരുന്നുകള്‍ ഇതുവരെ കണ്ടുപിടിക്കപ്പെട്ടിട്ടില്ല. സ്റ്റീറോയിഡ് നല്‍കുക മാത്രമാണ് വഴി.''

ആ നിമിഷം നഷ്ടപ്പെട്ടത് അതിമനോഹരമായ ഒരു പച്ചപ്പാണ്, ജീവിതത്തെക്കുറിച്ചുള്ള വിശ്വാസമാണ്. കല്യാണം കഴിഞ്ഞ് രണ്ടാഴ്ച കഴിഞ്ഞിട്ടേയുള്ളൂ. കടുത്ത പനി, ഛര്‍ദി, ശരീരം മുഴുവന്‍ വ്രണങ്ങള്‍ - അതിനിടയില്‍ സ്റ്റീറോയിഡ്‌സ് കഴിച്ചുള്ള അസ്വസ്ഥതകള്‍ - ബിന്ദു പുളയുകയായിരുന്നു.

രാപകലുകള്‍ ഉണ്ണാതെ, ഉറങ്ങാതെ അവളുടെ ഭര്‍ത്താവ് ഗിരീഷ് അവളെ പരിചരിച്ചു. അലോപ്പതി ചികിത്സകള്‍ താങ്ങാനാവാതെ ആയുര്‍വ്വേദത്തെ തേടി. സര്‍വ്വവും തകര്‍ന്നുവെന്നും അവള്‍ നഷ്ടമായി എന്നും കരുതിയൊരു മുഹൂര്‍ത്തത്തില്‍ ദൈവം ചിറ്റാറ്റിന്‍കര കൃഷ്ണപിള്ള വൈദ്യന്റെ രൂപത്തില്‍ കടന്നുവന്നു. കഷായങ്ങള്‍, പൊടികള്‍, ഗുളികകള്‍ - അവള്‍ കിടക്കവിട്ട് എണീറ്റു. ജീവിതത്തിലേക്ക് നടന്നുവന്നു. ഗര്‍ഭിണിയായി. ഉണ്ണിമായയെ പ്രസവിച്ചു. വീടുവച്ചു. യാത്രകള്‍ നടത്തി. വൈദ്യനും കഷായങ്ങളും ഇടയ്ക്കിടെ അവളെ തേടിയെത്തി.

ഡോക്ടര്‍ പറഞ്ഞ മൂന്ന് മാസക്കാലത്തെ ആയുസ്സ് മൂന്ന് വര്‍ഷങ്ങളും ഒന്‍പതു വര്‍ഷങ്ങളുമൊക്കെ കഴിഞ്ഞു. തൊലിപ്പുറമേയുള്ള അലര്‍ജിയാണ് രോഗം എന്നതിനപ്പുറം ഒരു വിവരവും സ്വന്തം അവസ്ഥയെക്കുറിച്ച് അവളറിയാതെ ഞങ്ങള്‍ ശ്രദ്ധിച്ചു. അവള്‍ക്ക് മാരകമായ രോഗമാണെന്നത് ഞാനും ബൈജുവും അമ്മാവനുമൊഴിച്ച് മറ്റാരും അറിയരുതെന്ന് എനിക്ക് നിര്‍ബ്ബന്ധമുണ്ടായിരുന്നു. അഗ്നിയില്‍ ഉരുകിത്തീര്‍ന്ന നാളുകള്‍, വര്‍ഷങ്ങള്‍.

ബൈജുവിന് ഗുവാഹത്തി (അസം)ക്ക് സ്ഥലംമാറ്റമായപ്പോള്‍ ഞാന്‍ പ്രഖ്യാപിച്ചു. ''ഞാനും പോകുന്നു.'' ട്രാന്‍സ്ഫര്‍ വാങ്ങുന്നതിനെക്കുറിച്ച് പറഞ്ഞപ്പോള്‍ അവള്‍ ഞെട്ടി.

''നീയെങ്ങും പോണ്ട, നീ ഇവിടെ വേണം.''

എന്തോ ഞാനത് കേട്ടില്ല. ഞാനെന്റെ മനസ്സ് തെളിച്ച വഴിയെ നടന്നു. അവള്‍ക്ക് കഷായങ്ങള്‍ മടുത്തുവെന്നും വൈദ്യന്റെ ചികിത്സ നിര്‍ത്തി അലോപ്പതി ഡോക്ടറെ കാണാന്‍ പോയി എന്നും അമ്മ വിളിച്ചു പറഞ്ഞു. പിന്നീട് കേട്ടതൊന്നും നല്ല വാര്‍ത്തകളായിരുന്നില്ല. ഇടയ്ക്കിടെ പനി വരുന്നു, കാലില്‍ നീര്, ബി.പി. കൂടുന്നു, ശ്വാസം മുട്ടല്‍ - രണ്ട് വര്‍ഷകാലാവധി പൂര്‍ത്തിയാകും മുമ്പ് സ്ഥലംമാറ്റം വാങ്ങി ഞാന്‍ ഓടിയെത്തി.

അവളെ ആശുപത്രിയിലാക്കുമ്പോള്‍ എന്നില്‍ പ്രതീക്ഷകളുടെ നാമ്പുകള്‍ അവസാനിച്ചിരുന്നു. കിഡ്‌നികള്‍ തൊണ്ണൂറു ശതമാനവും പ്രവര്‍ത്തനം നിര്‍ത്തിക്കഴിഞ്ഞുവെന്ന് ഡോക്ടര്‍ പറഞ്ഞപ്പോള്‍ ഞാന്‍ ദുബായിയിലെ അനിയത്തി ലക്ഷ്മിയെ ഫോണ്‍ ചെയ്തു.

''നീ വരിക, എത്രയും വേഗം.''

എന്റെ മകന്‍ അപ്പുവിന്റെ കൈ പിടിച്ച് അവളുടെ മകള്‍ ഉണ്ണിമായയുടെ കൈകളില്‍ നല്‍കി ബിന്ദു പറഞ്ഞു:

''ഞാന്‍ പോകും, നീ ഉണ്ണിയെ പൊന്നുപോലെ നോക്കണം.''

14 കാരന്‍ അപ്പു പൊട്ടിക്കരഞ്ഞു. 9 വയസ്സുകാരി ഉണ്ണിമായ ഒന്നും മനസ്സിലാകാതെ നോക്കി നിന്നു. ഇപ്പോള്‍ എനിക്ക് മുന്നില്‍ പേനയും വാക്കുകളും വഴിമുട്ടുന്നു. ഒരിക്കലും എഴുതരുതെന്ന് കരുതിയ കാര്യങ്ങള്‍ എന്റെ പേനയ്ക്ക് എഴുതേണ്ടിവരുന്നു. എങ്ങനെയാണ് ഞാനിനി എഴുതുക? എന്താണ് എഴുതുക? അവള്‍ക്ക് ശ്വാസംമുട്ടലാണെന്ന് പറഞ്ഞ് അമ്മയുടെ ഫോണ്‍ വന്നത് ജൂലൈ 9-ാം തീയതി രാവിലെ 5.30 നായിരുന്നു. അവള്‍ ജനിച്ചത് ജൂലൈ 9-നായിരുന്നു. എന്റെ മകന്‍ അപ്പു ജനിച്ചതും ആ ദിവസം തന്നെ. അവള്‍ക്ക് അപ്പു മകന്‍ തന്നെയായിരുന്നു. ജൂലൈ ഒന്‍പതുകള്‍ ആഘോഷത്തിമിര്‍പ്പിന്റെ ദിവസമായിരുന്നു അതുവരെ.

ആശുപത്രിയില്‍ ഓടിയെത്തുമ്പോള്‍ അമ്മ പറഞ്ഞു:

''അവള്‍ നിന്നെ കാണണമെന്ന് പറഞ്ഞു.''

ഐ.സി.യു.വിന്റെ വാതില്‍ തള്ളിത്തുറന്ന് ഞാന്‍ ചെന്നു. അവള്‍ ശ്വാസം കിട്ടാതെ വെപ്രാളപ്പെടുകയാണ്. (അവളെക്കുറിച്ചുള്ള എന്റെ ആദ്യത്തെ ഓര്‍മ്മയും ഇതുപോലെയൊരു ശ്വാസംമുട്ടലും വെപ്രാളവും തന്നെയായിരുന്നു.)

ഞാനോടിച്ചെല്ലുമ്പോള്‍ ഡോക്ടര്‍മാരും നഴ്‌സുമാരും എന്നോട് പുറത്തേക്ക് പോകാന്‍ ആവശ്യപ്പെട്ടു. അവര്‍ വെന്റിലേറ്റര്‍ ഘടിപ്പിക്കാന്‍ പോവുകയാണെന്നും ആരും നില്‍ക്കാന്‍ പാടില്ലെന്നും. ഞാന്‍ പുറത്തുവന്നു.

കസേരയില്‍ അമ്മ പൊട്ടിക്കരയുന്നു. പുറത്ത് അവളുടെ ഭര്‍ത്താവ് നിശ്ചലനായി. മഴ തകര്‍ത്തു പെയ്യുന്നു. ഞാന്‍ കുനിഞ്ഞിരുന്നു. ജീവിതം ഇത്രയേറെ കഠിനമായൊരു സത്യമാണെന്ന് അന്ന് വരെ ഞാന്‍ അറിഞ്ഞിരുന്നില്ല. ഞാന്‍ അമ്മയെ കെട്ടിപ്പിടിച്ചു. ആവോളം കരഞ്ഞോളാന്‍ പറഞ്ഞു. അവളെ തിരികെ വിളിക്കേണ്ടെന്നും, അവള്‍ സ്വസ്ഥമായി പൊയ്‌ക്കോട്ടെ എന്നും പറഞ്ഞപ്പോള്‍ എനിക്ക് നെഞ്ചുപൊട്ടി, ശരീരം വിറച്ചു. അമ്മയുടെ നെഞ്ചില്‍ വീണ് പൊട്ടിപ്പൊട്ടിക്കരയണമെന്ന് തോന്നി. പക്ഷെ, എന്റെ പാവം അമ്മയെ താങ്ങുകയാണ് ആ നിമിഷം ചെയ്യാനുള്ളതെന്ന് ഉറപ്പായിരുന്നു. ഞാന്‍ കരഞ്ഞില്ല. അമ്മയോട് ചേര്‍ന്ന് ഇരുന്ന് ഞാന്‍ ബിന്ദുവിനെ എന്റെ കൈപ്പത്തിക്കുള്ളില്‍ കിടക്കുന്ന ഒരു കൊച്ചു രൂപമായി സങ്കല്‍പ്പിച്ചു. വാത്സല്യത്തോടെ ഞാനവള്‍ക്ക് റേക്കി (ഹീലിംഗ് എനര്‍ജി) നല്‍കി ''അവള്‍ക്ക് നല്ലതെന്താണോ അത് സംഭവിക്കട്ടെ'' എന്ന് പ്രാര്‍ത്ഥിച്ചു കൊണ്ടേയിരുന്നു.

ഏതാണ്ട് അര മണിക്കൂര്‍ അവള്‍ അകത്ത് ''അമ്മേ അമ്മേ'' യെന്ന് വിളിച്ചു കരഞ്ഞു കൊണ്ടേയിരുന്നു. പിന്നീടാ വിളി നേര്‍ത്ത് നേര്‍ത്തില്ലാതായി. ഡോക്ടര്‍ ഉച്ചത്തില്‍ ''ബിന്ദൂ, ബിന്ദൂ'' എന്ന് വിളിക്കുന്നതും ഞാന്‍ കേട്ടു. പിന്നെ ഡോക്ടറുടെ വിളിയും നിലച്ചു. ഞാന്‍ ഞെട്ടി വിറച്ചു. പൊട്ടിത്തകര്‍ന്നു. എനിക്ക് മുന്നില്‍ ലോകം ശൂന്യമായി. ഡോക്ടര്‍ വന്ന് വിവരം പറഞ്ഞു. ഗിരീഷ് പൊട്ടിക്കരഞ്ഞു, അമ്മ കസേരയിലേയ്ക്ക് വീണു. ഞാന്‍ മുറ്റത്തിറങ്ങി ആകാശത്തേക്ക് നോക്കി. പണ്ട് ഞങ്ങള്‍ പറഞ്ഞിരുന്നു, ഞങ്ങളില്‍ ഒരാള്‍ മരിച്ചാല്‍ മറ്റേയാള്‍ ധ്രുവനക്ഷത്രം പോലെ ആകാശത്ത് കാണുമെന്ന് - അവള്‍ അവിടെ എത്തിയോ?
ബൈജു ആര്‍ക്കൊക്കെയോ ഫോണ്‍ ചെയ്യുകയായിരുന്നു. ഞാനെന്റെ വീട്ടിലേക്ക് വിളിച്ചു. അച്ഛനോട് പറഞ്ഞു:
''അവള്‍ പോയി.'' അച്ഛന്‍ എന്തു പറഞ്ഞുവെന്ന് ഞാന്‍ കേട്ടില്ല. അറ്റന്‍ഡര്‍ വന്ന് ആംബുലന്‍സിന് പണമടയ്ക്കാന്‍ പറഞ്ഞു. ഞാന്‍ പോയി പണമടച്ചു. അമ്മാവന്മാര്‍, ബന്ധുക്കള്‍, സുഹൃത്തുക്കള്‍, ആരൊക്കെയോ വന്നു. അവളെ ആംബുലന്‍സില്‍ കയറ്റുമ്പോള്‍ ഞാന്‍ ഞെട്ടി. പിഞ്ഞിക്കീറിയൊരു ബെഡ്ഷീറ്റിലാണ് അവളെ പൊതിഞ്ഞിരിക്കുന്നത്. അന്ന് വൈകിട്ട് നാലു മണിയ്ക്ക് അവള്‍ പോയി. തറവാട്ടുപറമ്പില്‍ അമ്മൂമ്മയ്ക്കും അപ്പൂപ്പന്മാര്‍ക്കുമൊപ്പം അവളും നിത്യനിദ്രയിലായി. എന്റെ മകന്‍ അപ്പു നിശ്ശബ്ദമായ നിലവിളിയോടെ കര്‍മ്മങ്ങള്‍ ചെയ്തു. ഞാനപ്പോഴും കരഞ്ഞില്ല.

നഷ്ടമായതിന്റെ വ്യാപ്തി കണ്ണീരിലൊതുങ്ങുന്നതായിരുന്നില്ല, ഞാന്‍ എരിയുകയായിരുന്നു. എന്നില്‍ നിന്നും വാര്‍ന്നുപോകുന്ന ജീവചൈതന്യത്തെ തിരിച്ചെടുക്കാന്‍ വഴികള്‍ കാണാതെ എനിക്ക് പ്രിയപ്പെട്ടവര്‍ ചുറ്റും നിരന്നു. അവള്‍ എന്നെ വിട്ടുപോയി എന്ന സത്യത്തിന് മുന്നില്‍ പകച്ച് രാവുകളില്‍ ഉറങ്ങാതെ ഉണ്ണാതെ ഞാന്‍ പുകഞ്ഞു. ഓരോ ഫോണ്‍ മണിയൊച്ചയും അവളുടേത്്, ഓരോ പദനിസ്വനവും അവളുടേത്.

ഇന്നും ഓരോ തെരുവിലും മുന്നിലെത്തുന്ന ഓരോ സ്ത്രീയിലും അവളുടെ രൂപം, അവളുടെ ഭാവം. അവളെന്ന് തോന്നലുണര്‍ത്തുന്ന മായിക കാഴ്ചകള്‍ ഇന്നും എന്നെ വിട്ടുപോകുന്നില്ല.
ദു:ഖത്തിന്റെ ഉപ്പുകടല്‍. ആ കടലിന് മുകള്‍പ്പരപ്പിലൂടെ തോണി തുഴയുമ്പോള്‍ കൂട്ടിനെത്തുന്ന ഓരോരുത്തരെയും സ്‌നേഹിക്കാനാവുന്നത്, സ്‌നേഹിച്ചവരുടെ നഷ്ടം അറിഞ്ഞതിനാലാണ്.

നോവിന്റെ ഈ പെരുമഴക്കാലം ഒരിക്കലും പെയ്‌തൊഴിയില്ല.
 നിനവും നനവും (തോരാത്ത മഴ- കെ.എ. ബീന)
 നിനവും നനവും (തോരാത്ത മഴ- കെ.എ. ബീന)

 നിനവും നനവും (തോരാത്ത മഴ- കെ.എ. ബീന)

 നിനവും നനവും (തോരാത്ത മഴ- കെ.എ. ബീന)

 നിനവും നനവും (തോരാത്ത മഴ- കെ.എ. ബീന)

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക