അച്ഛന്റെ കൈപിടിച്ച് ഒന്നാം ക്ലാസ്സില്‍
ചേരാനെത്തിയിരിക്കുകയാണ് അഞ്ചു വയസ്സുകാരി. സ്വാതന്ത്ര്യസമരസേനാനിയായ
അപ്പൂപ്പനും മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥനെങ്കിലും ഭാഷാപ്രേമിയായ അച്ഛനും
ഒരുമിച്ച് തീരുമാനിച്ചിരിക്കുന്നു കുട്ടി സര്‍ക്കാര്‍ പള്ളിക്കൂടത്തില്‍
മലയാളം മീഡിയത്തില്‍ പഠിച്ചാല്‍ മതിയെന്ന്.
ഒരു കൊച്ചു പള്ളിക്കൂടം. ഏഴാംതരം വരെ ക്ലാസ്സുകളുണ്ട്. വിശാലമായ
മുറ്റത്ത് നിന്ന് ഇടതുവശത്തുള്ള കെട്ടിടത്തിലേക്ക് അച്ഛന്‍ കുട്ടിയുടെ
കൈപിടിച്ച് നടന്നു. മുന്നിലൂടെയും പിന്നിലൂടെയും ലക്ഷ്യമില്ലാതെ ഓടുന്ന
കുട്ടികള്‍. ചിലര്‍ കുട്ടിയെയും അച്ഛനെയും തട്ടിമുട്ടി കടന്നുപോയി.
കുട്ടിക്ക് പേടി തോന്നി. ഒപ്പം കൗതുകവും. എന്നാലും മനസ്സില്‍ അഭിമാനം.
കുട്ടി അച്ഛനൊപ്പമാണ്. അച്ഛന്‍ കുട്ടിക്ക് വല്ലപ്പോഴും കിട്ടുന്ന
ആര്‍ഭാടമാണ്. വര്‍ഷത്തില്‍ 9 മാസവും കപ്പലില്‍ ജോലിയായി ലോകം ചുറ്റും.
മൂന്നു മാസമേ നാട്ടിലുള്ളൂ. അച്ഛനൊപ്പം പുറത്തു പോകുന്നത്
കുട്ടി്‌ക്കൊരുപാട് ഇഷ്ടമാണ്. സ്‌കൂളില്‍ ചേരാന്‍ മടിയില്ലാത്തതും
അച്ഛനൊപ്പമായതിനാലാണ്.
ക്ലാസ്സിന് മുന്നിലെത്തിയപ്പോള്‍ അച്ഛന്‍ ഒരു കുഞ്ഞു ബാഗ് കൈയില്‍ പിടിപ്പിച്ചു. നെറ്റിയില്‍ ഉമ്മവച്ചു പറഞ്ഞു:
''മോള് ക്ലാസ്സില്‍ പോയി കുട്ടികളുടെ കൂടെ ഇരുന്നോളൂ. അച്ഛന്‍ ഉച്ചയ്ക്ക് വരാം.''
അച്ഛന്‍ കുട്ടിക്കൊപ്പം സ്‌കൂളില്‍ ചേരുന്നില്ല എന്ന മഹാസത്യം വെളിവായ
നിമിഷത്തില്‍ സ്‌കൂള്‍ മുഴുവന്‍ കേള്‍ക്കുന്ന ശബ്ദത്തില്‍ കുട്ടി
നിലവിളിക്കാന്‍ തുടങ്ങി. ക്ലാസ്സിന് പുറത്ത് നിന്ന് കരയുന്ന കുട്ടിയെ
ക്ലാസിനുള്ളില്‍ നിന്ന് ചിലര്‍ വലിഞ്ഞു നോക്കി. അതുകൊണ്ട്
കര്‍ക്കശക്കാരിയായ, കറുത്ത ചില്ലുള്ള കണ്ണട വച്ച ടീച്ചര്‍ പുറത്തേക്ക്
വന്ന് കുട്ടിയെ വലിച്ചു പിടിച്ചു അകത്തേക്ക് കൊണ്ടു പോകാന്‍ നോക്കി.
കുട്ടി കുതറി.
ടീച്ചര്‍ അച്ഛനോടാജ്ഞാപിച്ചു:
''പോയിട്ട് ഉച്ചയ്ക്ക് വന്നാല്‍ മതി. ഞാന്‍ ഒതുക്കിക്കോളാം.''
ഒതുക്കുന്നത് ടീച്ചര്‍മാരുടെ കലയാണെന്ന് തിരിച്ചറിഞ്ഞത് അപ്പോള്‍ മുതലാവണം.
കുട്ടികള്‍ ഒതുക്കപ്പെടാനുള്ളവരാണ് എന്ന ബോധം സൂക്ഷിക്കുന്ന ഒരുപാട്
അധ്യാപകരെ പിന്നീട് കണ്ടെത്തിയിട്ടുണ്ട്. കുട്ടികളുടെ മനസ്സില്‍
പൊടിക്കുന്ന ഓരോ മുളയും നുള്ളിക്കളയാന്‍ വൈദഗ്ധ്യമുള്ളവര്‍.
ടീച്ചര്‍ വലിച്ചെടുത്ത് ക്ലാസ്സിനകത്തേക്ക് കൊണ്ടു വരുമ്പോഴും കുട്ടി
നിലവിളി നിര്‍ത്തിയില്ല. രണ്ടാം നിരയിലെ ബെഞ്ചിലിരുന്ന ഒരു കുട്ടി എണീറ്റ്
വന്ന് ടീച്ചറോട് പറഞ്ഞു.
''ഈ കുട്ടി എന്റടുത്ത് ഇരുന്നോട്ടെ.''
ടീച്ചര്‍ സമ്മതിച്ചു. ശല്യമൊഴിഞ്ഞു കിട്ടട്ടെ എന്ന് ഓര്‍ത്താകും.
കോലന്‍ മുടിയും ഉരുണ്ട മുഖവും കൊച്ചു കണ്ണുകളുമുള്ള ആ പെണ്‍കുട്ടി
മഞ്ഞനിറമുള്ള ഒരു ഫ്രോക്കാണിട്ടിരുന്നത്. നിറയെ ചുവന്ന പൂക്കളുള്ള ആ
ഫ്രോക്ക് കുട്ടിക്കിഷ്ടമായി, മഞ്ഞ ഉടുപ്പിട്ട കുട്ടി പറഞ്ഞു.
''വരൂ, നമുക്ക് കൂട്ടാവാം, എന്റടുത്ത് ഇരുന്നോളൂ.''
ബഞ്ചില്‍ ഒപ്പമിരുത്തി കുട്ടിയുടെ കണ്ണുനീര് തുടച്ചു കളഞ്ഞു മഞ്ഞയുടുപ്പുകാരി പറഞ്ഞു:
''ഞാന്‍ ലത, കരയണ്ട കേട്ടോ, നമുക്ക് സ്‌കൂളില്‍ ഒരുപാട് കളിക്കാം. കുട്ടീടെ പേരെന്താ?''
കണ്ണുനീര് തുടച്ച് ബീന എന്ന കുട്ടി ലതയുടെ സുഹൃത്തായി.
ചില സമ്മാനങ്ങള്‍ അങ്ങനെയാണ്. വിലപ്പെട്ടത്, പക്ഷെ തികച്ചും സ്വാഭാവികമായിട്ടാവും അവ വന്ന് ചേരുക.
ലത വന്നുചേര്‍ന്നിട്ട് ദശാബ്ദങ്ങള്‍ എത്ര കഴിഞ്ഞു. ഇന്നും അന്നത്തെ ആ
കുട്ടി തന്നെയായിരിക്കാന്‍ കഴിയുന്നു എന്നത് എന്നും എന്നെ
അത്ഭുതപ്പെടുത്തുന്ന കാര്യമാണ്. അതേ പ്രസരിപ്പ്, അതേ നിഷ്‌ക്കളങ്കത, അതേ
സ്‌നേഹം - ലത വരുന്നത് അകലെ നിന്നേ അറിയാം. ഉച്ചത്തിലുച്ചത്തില്‍ പറയും.
''ഞാനെത്തിയിട്ടുണ്ടേ.''
എന്തെല്ലാം ബഹളങ്ങള്‍.
ഒന്നാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ്. ക്ലാസ്സിലെ മിനിയുമായി ലത ഉടക്കി.
മിനിയെ ഇടിച്ചു പഞ്ചറാക്കാന്‍ ലതയ്‌ക്കൊപ്പം ഞാനും കൂടി. ഇടിയേറ്റ് കരഞ്ഞ്
തളര്‍ന്ന മിനി ക്ലാസ്സ് ടീച്ചറിന് മുന്നിലെത്തി. ടീച്ചര്‍ വഴക്കും
ഭീഷണിയും തന്ന് വിട്ടു. ''വീട്ടിലറിയിക്കും'' എന്ന് മുന്നറിയിപ്പും.
ആ മുന്നറിയിപ്പിന് മുന്നില്‍ കൂട്ടുകാരികള്‍ മര്യാദ പരിശീലിയ്ക്കാന്‍ തീരുമാനിച്ചു. മിനിയെ ഇനി ഉപദ്രവിക്കേണ്ടാ എന്നും ഉറപ്പിച്ചു.
സ്‌കൂളില്‍ നിന്ന് വീട്ടിലേക്കുള്ള വഴിയില്‍ ആദ്യമെത്തുന്നത് ലതയുടെ
വീട്ടിലാണ്. പിന്നീട് മിനിയുടെ വീട്. ഏറ്റവും ഒടുവിലാണ് എന്റെ വീട്.
അന്ന് സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് പോകുമ്പോള്‍ എന്നത്തെയും പോലെ മിനി
ഒപ്പം വന്നില്ല. അവള്‍ ഓടി മുന്നില്‍ പോയി.
ലതയുടെ വീട്ടിലേക്കുള്ള തിരിവ് കഴിഞ്ഞ് ഞാനൊറ്റയ്ക്ക് നടക്കുകയാണ്.
മിനിയുടെ വീടിനു മുന്നില്‍ അവളുടെ അമ്മ, അമ്മായി ഒക്കെ നില്‍ക്കുന്നു.
മിനി കൂടെ നില്‍ക്കുന്നു. വിജയഭാവത്തില്‍.
ഞാനടുത്തെത്തുന്തോറും അവളുടെ മുഖത്തെ ഭാവത്തിന് തീവ്രത കൂടി. ഒപ്പം അവളുടെ അമ്മ ഉച്ചത്തില്‍ എന്നെ തെറി പറയാനും തുടങ്ങി.
''നില്‍ക്കെടീ അവിടെ. എന്റെ കൊച്ചിനെ തൊട്ടുകളിക്കാന്‍ നീയാരാ, എവിടുത്തെയാ?''
അവരെന്റെ മുന്നില്‍ വന്ന് നിന്ന് അലറി ചോദിച്ചു. പേടിച്ച് കരഞ്ഞ് വിളിച്ച് ഞാനോടി, വീട്ടിലെത്തുന്നതു വരെ.
പിറ്റേന്ന് രാവിലെ സ്‌കൂളില്‍ പോയത് ഏഴാം ക്ലാസ്സില്‍ പഠിക്കുന്ന
കൊച്ചുമാമനൊപ്പമായിരുന്നു. മിനിയുടെ വീട്ടിന് മുന്നില്‍ ആരുമില്ല എന്ന്
കണ്ടപ്പോഴാണ് ശ്വാസം നേരെ വീണത്.
ക്ലാസ്സില്‍ ചെന്ന് ലതയോട് കാര്യങ്ങളുടെ ''ഗൗരവം'' പറഞ്ഞു. ലതയ്ക്കും പേടിയായി. വീടുകളിലറിഞ്ഞാല്‍ അടി ഉറപ്പ്.
ഞാന്‍ കട്ടായം പറഞ്ഞു:
''ഞാന്‍ ഇന്ന് വീട്ടില്‍ പോവില്ല. എനിക്ക് പേടിയാവുന്നു മിനിയുടെ വീടിന് മുന്നില്‍ കൂടി പോകാന്‍. ഞാന്‍ പോവില്ല.''
ക്ലാസ്സ് സമയം മുഴുവന്‍ പോംവഴികള്‍ ആലോചിച്ചു. ഒടുവില്‍ ലത പറഞ്ഞു:
''അവളുടെ വീട് കഴിയുംവരെ ഞാന്‍ കൊണ്ടു വിടാം.''
സ്വന്തം താല്‍പ്പര്യങ്ങളെക്കാള്‍ മറ്റുള്ളവരെ പരിഗണിക്കുന്ന ലതയുടെ സ്വഭാവം മറ്റ് അപൂര്‍വ്വം പേരിലേ കണ്ടിട്ടുള്ളൂ.
സ്‌കൂള്‍ പഠനം കഴിഞ്ഞ് എത്രയോ വര്‍ഷങ്ങള്‍ ആ വഴി പോകുമ്പോള്‍ മിനിയുടെ
വീട് കണ്ട് ഉള്‍ക്കിടിലം അനുഭവിച്ചിട്ടുണ്ട്. പിന്നീട് തിരുവനന്തപുരം
ദൂരദര്‍ശന്‍ ന്യൂസ് എഡിറ്ററായപ്പോള്‍ എന്നും ആ വഴിക്കായി ഓഫീസില്‍ പോക്ക്.
മിനിയുടെ വീടെത്തുമ്പോള്‍ ഉള്ളിലൊരു നനുത്ത ചിരി ഊറും. മിനിയുടെ
മതിലിനപ്പുറത്തെ വീട്ടില്‍ താമസിക്കുന്ന ആളെയോര്‍ത്ത്. ലതയാണ് ഇപ്പോഴവിടെ
താമസം!
ലത സ്‌നേഹത്തിന്റെ മറ്റൊരു വാക്കാണ്. ഏത് സാഹചര്യത്തെയും ആഘോഷമാക്കുന്ന നര്‍മ്മരസം ലതയെ ഏതു സദസ്സിലും പ്രിയങ്കരിയാക്കുന്നു.
നിലനില്‍ക്കുന്ന പരിഭവങ്ങളും പരാതികളും പിണക്കങ്ങളും ഇല്ലാതെ എപ്പോഴും
അടിച്ചു പൊളിച്ചൊരു ജീവിതം. എന്നും അതാണ് ലതയുടെ ജീവിതം. ഇപ്പോള്‍ കക്ഷി
ആത്മീയവഴിയിലാണ്. വേദങ്ങള്‍ പഠിക്കുക, പഠിപ്പിക്കുക, ഉപനിഷത്തുകളും
പഠിപ്പിക്കുമെന്ന് അവകാശപ്പെടുന്നുണ്ട്. എന്നാല്‍ അതിന്റെ ''ആഢംബരം''
ഒന്നും ലതയ്ക്കില്ല.
കാണുമ്പോള്‍ ചെറിയ കണ്ണുകള്‍ ഇറുക്കിയടച്ച് പല്ലുകള്‍ വെളിയില്‍ കാട്ടി ആനന്ദം നിറച്ച് ലത ചോദിക്കും.
''എഴുത്തുകാരി നമ്മളെയൊക്കെ ഓര്‍ക്കുന്നുണ്ടോ ആവോ?''
അത് കളിയാക്കലാണെന്നറിഞ്ഞ് മറുപടി കൊടുക്കും ഞാന്‍ -
''ലതാനന്ദ സ്വാമിനിയുടെ ദര്‍ശനം പുണ്യം, പുണ്യകരം''
ലത എന്റെ ആദ്യത്തെ കൂട്ടുകാരിയാണ്. സ്‌നേഹത്തിന്റെ, ആത്മാര്‍ത്ഥതയുടെ
പെരുമഴക്കാലമാണ്. ഇതെഴുതാനായി ഞാനോര്‍ത്തെടുക്കുകയായിരുന്നു,
ഞങ്ങളെന്നെങ്കിലും പിണങ്ങിയിട്ടുണ്ടോ? ഓര്‍മ്മയില്‍ അങ്ങനെയൊരു പിണക്കം
ഇല്ല. ലതയോടുള്ള ബന്ധത്തിന്റെ സുഖകരമായ ഓര്‍മ്മകളില്‍ സങ്കടങ്ങളുടെ
വറുതിക്കാലങ്ങളില്ലെന്നത് ആനന്ദം നിറഞ്ഞ തിരിച്ചറിവോടെ ഞാനറിയുന്നു.
Mother, Father and Beena
Grandfather and Beena
Mother
Beena, Bindu
Beena, Bindu
Bindu