ഗൗരിയെക്കുറിച്ചുള്ള ആദ്യ ഓര്‍മ്മ ചമ്മന്തിപ്പൊടിയുമായി ബന്ധപ്പെട്ടതാണ്.്.
കുടുംബത്തില്‍ ഒരു മരണം നടന്നിരിക്കുന്നു. ശവമെടുക്കാതെ ഭക്ഷണമില്ല,
രാവിലെ മുതല്‍ ഒന്നും കഴിക്കാതെ കുട്ടികള്‍ വിശന്നു വലഞ്ഞിരിക്കുന്നു.
എനിക്ക് നാലോ അഞ്ചോ വയസ്സ് പ്രായമാണന്ന്. ഗൗരിക്കും അതേ പ്രായം തന്നെ.
വിശക്കുന്ന കാര്യം പറഞ്ഞ് വഴക്കിട്ടപ്പോള്‍ ഞങ്ങളുടെ അമ്മമാര്‍
കൈമലര്‍ത്തി. അവരും നിസ്സഹായര്‍. മരിച്ച വീട്ടില്‍ അടുപ്പ് കത്തിക്കാന്‍
പറ്റില്ല, വായ്ക്കരി ഇട്ട് ശവം കൊണ്ടു പോയി ദഹിപ്പിച്ച് കുളിക്കാതെ വെള്ളം
പോലും കുടിക്കാന്‍ പാടില്ല.
ഗൗരിക്ക് ദേഷ്യം വന്നു, അവളെന്നോട് കൂടെ വരാന്‍ പറഞ്ഞു. വീടിന് പിന്നിലൂടെ
അടുക്കളയിലേക്കാണ് അവള്‍ കൊണ്ടു പോയത്. അടുക്കളവാതില്‍ അകത്തു നിന്ന്
ചാരി, അവള്‍ ടിന്നുകളും പാത്രങ്ങളും പരതാന്‍ തുടങ്ങി. വളരെ പണിപ്പെട്ട്
അടുക്കള ഷെല്‍ഫിന്റെ മുകളില്‍ നിന്ന് ചെറിയൊരു ടിന്‍ തപ്പിയെടുത്ത്
താഴേക്ക് ചാടി സന്തോഷത്തോടെ പറഞ്ഞു.
''നോക്ക്, ചമ്മന്തിപ്പൊടി. പാതിയേ ഉള്ളൂ. എന്നാലും നമുക്ക് തിന്നാം.''
അടുക്കളയുടെ നിലത്തിരുന്ന് ഞങ്ങളാ ചമ്മന്തിപ്പൊടി വാരിവാരി തിന്നു.
എന്തൊരു രുചിയായിരുന്നു. (പിന്നീടിതുവരെ അത്ര രുചിയോടെ ചമ്മന്തിപ്പൊടി
തിന്നിട്ടില്ല.) വെറും ചമ്മന്തിപ്പൊടി ആര്‍ത്തി പിടിച്ച് തിന്ന്
തൊണ്ടയില്‍ കുടുങ്ങി ഞാന്‍ ചുമയ്ക്കാന്‍ തുടങ്ങി. ഗൗരി ഓടിച്ചെന്ന് വെള്ളം
എടുത്തു കൊണ്ട് വന്ന് എന്നെ കുടിപ്പിച്ചു. തലയ്ക്ക് മുകളില്‍ തട്ടി ചുമ
മാറ്റി.
സമപ്രായക്കാരാണെങ്കിലും അവള്‍ക്കെപ്പോഴും മുതിര്‍ന്ന ഒരാളുടെ
മട്ടായിരുന്നു. എട്ടും പൊട്ടും തിരിയാത്ത ഒരു കുട്ടിയെപ്പോലെയാണ് അവള്‍
എന്നും എന്നെ കൊണ്ടു നടന്നിരുന്നത്. അന്നത്തെ ബാല്യത്തിന് ഇന്നത്തെപ്പോലെ
സമയക്കുറവ് ഉണ്ടായിരുന്നില്ല. ഷിഫ്റ്റനുസരിച്ച് പ്രവര്‍ത്തിച്ചിരുന്ന
സ്‌കൂളുകളും ടെലിവിഷനും കമ്പ്യൂട്ടറുകളുമൊന്നും ഇല്ലാത്ത വീടുകളും
കുട്ടികള്‍ക്ക് അപാഇഷ്ടം പോലെ സമയം നല്‍കിയിരുന്നു. സമയം പോലെ
വിശാലമായിരുന്നു സ്ഥലവും. അണുകുടുംബങ്ങള്‍ പരന്നു പെരുകും മുമ്പത്തെ
കേരളത്തിലെ കുട്ടികള്‍ ഓടിക്കളിക്കാനും ഒളിച്ചു കളിക്കാനുമൊക്കെ
ഇഷ്ടപ്പെട്ടിരുന്നു. (മറ്റൊന്നിനും അവസരം ഇല്ലാത്തതിനാലുമാവാം.)
സാഹസികയായിരുന്നു ഗൗരി. മരം കേറാന്‍, മല കേറാന്‍, നീര്‍ക്കോലികളെ
പേടിക്കാതെ തോട്ടില്‍ ഏറെനേരം മലര്‍ന്ന് കിടക്കാന്‍, ഒന്നിനും പേടി
ഇല്ലാത്തവള്‍.
എത്രയേറെ മരങ്ങളായിരുന്നു അവള്‍ക്കായി കായ്കള്‍ നിറച്ചു വച്ചിരുന്നത്.
ഞാവല്‍ മരത്തിന്റെ ചില്ലകള്‍ കുലുക്കി വിളഞ്ഞു പഴുത്ത ഞാവല്‍പ്പഴങ്ങള്‍
എത്രയാണവള്‍ തിന്നാന്‍ തന്നിട്ടുള്ളത്. കൈയും വായും ഉടുപ്പും വയലറ്റ്
നിറമാക്കി മടങ്ങിച്ചെല്ലുമ്പോള്‍ അവളുടെ അമ്മ കമ്പെടുത്ത് പടപടാന്ന്
തല്ലും.
''മരത്തില്‍ കയറരുതെന്ന് എത്രവട്ടം പറഞ്ഞാലും കേള്‍ക്കില്ല. ഇന്ന് നിന്നെ മര്യാദ പഠിപ്പിച്ചിട്ടു തന്നെ കാര്യം.''
എന്നിട്ട് ഗൗരിയെ മര്യാദക്കാരിയാക്കാന്‍ അവളുടെ അമ്മയ്ക്ക് കഴിഞ്ഞോ? പിറ്റേന്നും അവള്‍ ഞാവല്‍ മരക്കൊമ്പുകളില്‍ ചാടിച്ചാടി നടന്നു.
മരക്കൊമ്പുകളിലെ കിളിക്കൂടുകളെയും കിളിമുട്ടകളെയും
കിളിക്കുഞ്ഞുങ്ങളെയുമൊക്കെ ഞാന്‍ കണ്ടത് അവള്‍ വഴിയാണ്. പുട്ടും പഴവും,
ഇഡ്ഡലിത്തുണ്ടുകളുമൊക്കെ ഞങ്ങള്‍ കിളിക്കൂടുകളില്‍ കൊണ്ട് വച്ച് അവയെ
തീറ്റിക്കാന്‍ നോക്കിയിട്ടുണ്ട്. കിളികള്‍ ഞങ്ങള്‍ കൊടുക്കുന്ന സാധനങ്ങള്‍
കഴിക്കാതെ വീണ്ടും തീറ്റ ഉണ്ടാക്കാന്‍ പറന്നു നടക്കുകയാണെന്ന്
കണ്ടെത്തിയതും ഗൗരിയാണ്. ഒരു കുരുവി കുടുംബത്തോട് അവള്‍ പിണങ്ങുക കൂടി
ചെയ്തു.
പശുപ്രസവം ആദ്യമായി നേരില്‍ കണ്ടതും അവള്‍ മൂലമാണ്. പ്രസവം
എന്താണെന്നൊന്നും പിടികിട്ടാത്ത പ്രായത്തില്‍ ഒരു ദിവസം അവള്‍ ആ
മഹാവാര്‍ത്തയുമായെത്തി.
''കാളിപ്പശുവിന്റെ വയറ്റില്‍ നിന്ന് ഇന്നൊരു കുഞ്ഞു പശു പുറത്തു വരും.''
അറിവിന്റെ ചക്രവാളത്തിലേക്ക് ഒരു ഉല്‍ക്ക വന്നു വീഴുകയായിരുന്നു.
''വയറ്റില്‍ വേറെ പശുവോ? എന്നെ പറ്റിയ്ക്കണ്ട നീ.''
''സത്യമാണ്, അല്ലേല്‍ ഇന്നത് പെറുമ്പോള്‍ നോക്കിക്കോ. നമ്മളും അങ്ങനെയല്ലേ ഉണ്ടായത്? അമ്മേടെ വയറ്റീന്ന്.''
''അപ്പോള്‍ ആ ചെറിയ പശു എങ്ങനെയാ പുല്ലു തിന്നുന്നേ, വയ്‌ക്കോല്‍ തിന്നുന്നേ, വെള്ളം കുടിക്കുന്നേ?''
''അതൊക്കെ വലിയ പശു കഴിക്കണില്ലേ. അതിന്റെ വയറ്റിലല്ലേ ചെറിയ പശു കിടക്കണത്. അത് വയറ്റീന്ന് എടുത്ത് തിന്നുമായിരിക്കും.''
ആകെ അമ്പരന്ന് നിന്ന എന്നോടവള്‍ ഒരു രഹസ്യം പറഞ്ഞു:
''ഇന്ന് രാത്രി കാളിപ്പശു പ്രസവിക്കുമെന്ന് കറവക്കാരന്‍ ഗോപാലന്‍ അമ്മയോട്
പറയുന്നത് കേട്ടു. നമുക്ക് കാണണം. ആരും കാണാതെ പോകണം. ഞാന്‍ നിന്നെ
വിളിക്കാം. ഉറങ്ങിയ പോലെ കിടന്നാല്‍ മതി. രാത്രി എണീറ്റ് പോകാം.''
ആകാംക്ഷ കൊണ്ട് രാത്രി കഞ്ഞി പോലും കുടിക്കാനൊത്തില്ല, അവള്‍
വിളിക്കുമ്പോള്‍ ഉണരാന്‍ വേണ്ടി കണ്ണടയ്ക്കാതെ കിടന്നു. എന്നിട്ടും അവള്‍
കുലുക്കി വിളിച്ചപ്പോള്‍ ഞാന്‍ ഉറങ്ങുകയായിരുന്നു. രാത്രി എപ്പോഴോ
ആയിരുന്നു പ്രസവം. അവള്‍ ഉറങ്ങാതെ കിടന്ന് സമയമായപ്പോള്‍ എന്ന
വിളിച്ചുണര്‍ത്തിയതാണ്.
ഇരുട്ടത്ത് ശബ്ദമുണ്ടാക്കാതെ പമ്മി പതുങ്ങി ചെന്ന് തൊഴുത്തിലെ അര മതിലിന്
പിന്നില്‍ ഒളിച്ചിരുന്നു. അപ്പൂപ്പനും കറവക്കാരന്‍ ഗോപാലനും പണിക്കാരന്‍
മണിയനും കാളിപ്പശുവിന്റെ അടുത്തുണ്ട്. ഒരു റാന്തല്‍ വിളക്ക് കത്തിച്ച്
വച്ചിട്ടുണ്ട്. തൊഴുത്ത് വൃത്തിയാക്കി വൈക്കോലൊക്കെ
വിരിച്ചിട്ടിരിക്കുകയാണ്. കറവക്കാരന്‍ കാളിയുടെ വയറില്‍ തടവുന്നു.
അപ്പൂപ്പന്‍ കാളിയുടെ കൊമ്പില്‍ പിടിച്ചു നില്‍ക്കുന്നു. കാളിപ്പശു
വിറയ്ക്കാന്‍ തുടങ്ങി. ദൈവമേ, പിന്നെ കണ്ട കാഴ്ച. കാളിപ്പശുവിന്റെ
അമറല്‍, പുറത്തേക്ക് വരുന്ന പശുക്കുട്ടി - രക്തത്തില്‍ കുളിക്കുന്ന
തൊഴുത്ത്.
പേടി കൊണ്ട് എനിക്ക് കരച്ചില്‍ വന്നു. അതു കണ്ട് അവള്‍ക്ക് ദേഷ്യം വന്നു.
അവള്‍ എന്നെ നുള്ളി. കരയാതിരിക്കാന്‍ വാപൊത്തി പിടിച്ചു. പശുക്കുട്ടി
ഏതാണ്ട് പുറത്തു വന്നപ്പോഴേക്കും ഞാനോടി. അവള്‍ പിന്നാലെ വന്നു.
''ആരോടും പറയരുത്. നമ്മളെ അടിച്ച് ശരിയാക്കും.''
''ങും'' ഞാന്‍ സമ്മതിച്ചു.
പിറ്റേന്ന് കടുത്ത പനിയില്‍ വിറച്ചാണ് ഞാനുണര്‍ന്നത്. പശുപ്രസവം കാണാന്‍ പോയ കഥ ആരോടെങ്കിലും പറഞ്ഞോ എന്ന് ഓര്‍മ്മയില്ല..
ബാല്യത്തിന്റെ ചരിത്രപുസ്തകത്തില്‍ തെളിഞ്ഞും തെളിയാതെയും കിടക്കുന്ന
ഒരുപാട് അദ്ധ്യായങ്ങള്‍. പത്താം ക്ലാസ്സ് പരീക്ഷയെഴുതിക്കഴിഞ്ഞപ്പോള്‍
അച്ഛന്‍ വാഗ്ദാനം നിറവേറ്റി. ഞങ്ങളെ ബോംബെയില്‍ കൊണ്ടു പോയി. ഒരു
മാസത്തോളം അച്ഛന്റെ കൂട്ടുകാരന്‍ എന്‍.എസ്. നായര്‍ അങ്കിളിന്റെ വീട്ടില്‍
താമസം. ബോംബെ കണ്ടും കേട്ടും അറിഞ്ഞു കഴിഞ്ഞ് മടങ്ങുമ്പോള്‍ നാട്ടില്‍
നിന്ന് കിട്ടിയ കത്തില്‍ ബ്രേക്കിംഗ് ന്യൂസ്.
''ഗൗരി ഒളിച്ചോടി. സ്‌കൂട്ടറില്‍ വരുന്ന ഒരാളോടൊത്ത്. കണ്ടു പിടിക്കാന്‍ നാടുനീളേ ആളു നടക്കുന്നു.''
ട്രെയിനിലിരുന്ന് ഞാന്‍ കാഴ്ചകള്‍ ഒന്നും കണ്ടില്ല. തീ പിടിച്ച
ചിന്തകളില്‍ ആന്ധ്രയിലെ ചൂട് പോലും അറിയാതെ പോയി. അച്ഛനമ്മമാരെ,
വീട്ടുകാരെ, നാട്ടുകാരെ വിസ്മരിച്ച് ഒരാളോടൊപ്പം ഓടിപ്പോകാന്‍ ഗൗരിക്ക്
ധൈര്യം നല്‍കിയ വികാരത്തെക്കുറിച്ച് ചിന്തിച്ചിട്ടും ചിന്തിച്ചിട്ടും
എനിക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞില്ല. അടുത്തറിയുന്ന ഒരാള്‍ ഒളിച്ചോടുന്ന
അനുഭവം ആദ്യമായാണ്. ഞങ്ങള്‍ നാട്ടില്‍ തിരിച്ചെത്തിയിട്ടും ഗൗരി മടങ്ങി
വന്നില്ല. അവളുടെ കുടുംബം അപമാനകരവും അഭിശപ്തവുമായ ഒരു മൂകതയില്‍
വിറങ്ങലിച്ചു നിന്നു. ശബ്ദം താഴ്ത്തി ഇതേ വിഷയം മാത്രം എല്ലാവരും ചര്‍ച്ച
ചെയ്തു, ഉച്ചത്തില്‍ സംസാരിക്കുമ്പോള്‍ ഇങ്ങനൊരു സംഭവം നടന്നിട്ടേയില്ല
എന്നും ഭാവിച്ചു.
നാടുനീളേ ആളുകള്‍ പായുകയായിരുന്നു. അനേ്വഷണസംഘങ്ങള്‍ പരതി
നടക്കുകയായിരുന്നു. ഒടുവില്‍ മറ്റൊരു ജില്ലയിലെ ഒരു ചേരിയില്‍ അവളെ
കണ്ടെത്തി.
അവിടെ അവര്‍ ഭാര്യാഭര്‍ത്താക്കന്മാരായി ജീവിക്കുകയായിരുന്നു വെന്ന് അന്വേഷണ
സംഘം പിന്നീട് ഇറക്കിയ വാര്‍ത്താ ബുള്ളറ്റിനില്‍ വ്യക്തമാക്കി. ഗൗരിയുടെ
ഒളിവ് ജീവിതം അവിടെ തീര്‍ന്നു. അവള്‍ ബന്ധുക്കളോടൊത്ത് തിരിച്ചു പോന്നു.
അവളുടെ കൂട്ടുകാരനെ അടിച്ച് ശരിയാക്കി കേരളത്തിന്റെ അതിര്‍ത്തി കടത്തി
വിട്ടുവെന്നും അതല്ല അവന്‍ സ്വയമേവ പോയതാണെന്നും കഥകള്‍ കേട്ടു.
ഗൗരി വീട്ടു തടന്കലിലായി. അവളോട് മിണ്ടാനോ പഴയതു പോലെ കൂട്ടുകൂടാനോ ആരും
അവസരം തന്നില്ല. വല്ലപ്പോഴും കാണുമ്പോള്‍ അവള്‍ പഴയ ഗൗരിയാണെന്ന് എനിക്ക്
തോന്നിയതുമില്ല. ഓജസ്സ് വാര്‍ന്ന്, കുസൃതികള്‍ നഷ്ടപ്പെട്ട് നരച്ച
ജീവിതത്തിലൂടെ അവള്‍ കടന്നു പോവുകയാണെന്ന് അറിയുമ്പോഴും ഞാന്‍
വേദനിച്ചില്ല. അവള്‍ ചെയ്ത മഹാപരാധത്തെക്കുറിച്ച് വീട്ടുകാരും നാട്ടുകാരും
പറഞ്ഞതു കേട്ട് കേട്ട് വല്ലാത്ത ഒരു വിരോധം ഉള്ളില്‍ കടന്നു
കൂടിയിരിക്കണം. ജീവിത പുസ്തകത്തില്‍ നിന്ന് ആ പേര് വെട്ടിക്കളഞ്ഞു
പതിനെട്ട് തികഞ്ഞപ്പോള്‍ തന്നെ അവളെ കല്യാണം കഴിപ്പിച്ചു കൊടുത്തു. അവളുടെ
ഇരട്ടി പ്രായമുള്ള ഒരു കഷണ്ടിക്കാരന്‍ പലവ്യഞ്ജന കടക്കാരന്‍. കല്യാണദിവസം
കുടുംബം അനുഭവിച്ച സംഘര്‍ഷം ഇന്നും മറക്കാനാവുന്നില്ല. വരനോട്
കാര്യങ്ങള്‍ തുറന്ന് പറഞ്ഞിരുന്നതിനാല്‍ അയാള്‍ അറിയുമെന്ന
ഭയമില്ലായിരുന്നു. പേടി മുഴുവന്‍ അവളുടെ കാമുകന്‍ മടങ്ങിവന്ന് കല്യാണ
സമയത്ത് പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമോ എന്നായിരുന്നു. കുടുംബത്തിലെ
പെണ്‍കുട്ടികള്‍ക്ക് താക്കീത് ആയ ഒരു അനുഭവം തന്നെയായിരുന്നു അത്.
വികാരങ്ങളുടെ തള്ളിച്ചയില്‍ ധൂര്‍ത്തടിക്കാനുള്ളതല്ല ജീവിതം എന്ന്
മുതിര്‍ന്നവര്‍ ഓര്‍മ്മിപ്പിച്ചു കൊണ്ടേയിരുന്നു.
ഗൗരിയുടെ കല്യാണം പ്രശ്‌നരഹിതമായി നടന്നു. കാമുകന്‍ മടങ്ങി വന്നില്ല. ഭര്‍ത്താവുമൊത്ത് ദൂരെയുള്ള അയാളുടെ വീട്ടിലേക്ക് അവള്‍ പോയി.
കുടുംബത്തിലെ കല്യാണങ്ങള്‍ക്കോ മരണങ്ങള്‍ക്കോ ഒക്കെ മാത്രം കാണുന്ന ഒരാളായി
അവള്‍. അപ്പോഴൊക്കെ മുതിര്‍ന്ന ഒരു സ്ത്രീയെപ്പോലെ അവള്‍ പെരുമാറി.
ഞങ്ങളെക്കാള്‍ പ്രായമുള്ള സ്ത്രീകളോടൊത്ത് ഇരിക്കാനും പ്രാരാബ്ധങ്ങളും
ജീവിതവും പറയാനുമാണ് അവള്‍ താല്‍പ്പര്യം കാട്ടിയത്. കുറച്ച്
കാലത്തിനുള്ളില്‍ത്തന്നെ രണ്ട് മക്കള്‍ക്കൊപ്പമായി അവളുടെ വരവ്. പലപ്പോഴും
ഞാനവളുടെ ജീവിതത്തെക്കുറിച്ച് പലമട്ടില്‍ ചിന്തിച്ചു നോക്കിയിട്ടുണ്ട്.
അവളുടെ ഭര്‍ത്താവ് പഴയ ചരിത്രപുസ്തകങ്ങളെ എങ്ങനെയാവും വായിച്ചെടുക്കാറ്?
അവളുടെ ഓര്‍മ്മകളില്‍ നിന്ന് ഒക്കെ മാഞ്ഞു പോയിട്ടുണ്ടാവുമോ?
ദിനരാത്രങ്ങള്‍ അവളെ മോഹിപ്പിക്കുന്നോ, മടുപ്പിക്കുന്നോ?
അച്ഛന്‍ ഷെയറായി നല്‍കിയ സ്ഥലത്ത് വീട് വച്ച് അവള്‍ നാട്ടിലേക്ക്
മടങ്ങിയെത്തി എന്ന് ഞാനറിഞ്ഞത് അമ്മ പറഞ്ഞാണ്. അമ്മ ഒന്നുകൂടി പറഞ്ഞു:
''വേണ്ടായിരുന്നു''
കഥകളൊക്കെ പുനര്‍ജ്ജനിച്ച് അവളുടെ ജീവിതത്തിന് മേല്‍ ചുടലനൃത്തം ചവിട്ടുമെന്ന് അമ്മ ഭയപ്പെട്ടിരുന്നു.
വഴിയരികിലെ അവളുടെ ഓടിട്ട കൊച്ചുവീടിന് മുന്നില്‍ മരങ്ങളും ചെടികളും
നട്ടുപിടിപ്പിച്ച് പൂക്കള്‍ വിരിയിച്ച് ഗൗരിയും ഭര്‍ത്താവും നാട്ടുകാരുടെ
ചോദ്യങ്ങളെ ഉത്തരമില്ലാത്തവയാക്കി. സംതൃപ്ത ദാമ്പത്യത്തിന്റെ കാഴ്ചകളില്‍
പുരാണങ്ങള്‍ക്ക് പ്രസക്തി നഷ്ടപ്പെട്ടു.
പക്ഷേ, ഒരു ദിവസം ആ കൊച്ചു വീട്ടില്‍ നിന്ന് കുട്ടികളുടെ നിലവിളി കേട്ട്
നാട് ഞെട്ടി. അവള്‍ തൂങ്ങി നില്‍ക്കുകയായിരുന്നു, സാരിത്തുമ്പില്‍.
ഒരുപാട് കാലത്തേക്ക് കഥകളും ഓര്‍മ്മക്കുറിപ്പുകളും വിശകലനങ്ങളും കൊണ്ട്
ഓരോരുത്തരും അവളുടെ ജീവിതത്തെ അവരുടേതായ നിലയില്‍ സമീപിച്ചു
കൊണ്ടേയിരുന്നു.
അവളുടെ വീട് ഇന്നും തൂങ്ങി മരിച്ച വീടാണ്. അവളുടെ ഭര്‍ത്താവ് സ്വന്തം
നാട്ടിലേക്ക് മക്കളുമായി മടങ്ങി. മറ്റൊരു വിവാഹം അയാള്‍ക്കുണ്ടായില്ല.
മകളുടെ വിവാഹത്തിന് ഭാര്യവീട്ടുകാരെ ക്ഷണിക്കാന്‍ അയാള്‍ മറന്നില്ല.
വിവാഹവേദിയില്‍ ഗൗരിയുടെ മകള്‍ അമ്മയുടെ അതേ ഛായയോടെ പഴയ ഓര്‍മ്മകള്‍
ഉണര്‍ത്തി നിന്നു.
പട്ടാളക്കാരനായ അവളുടെ മകന്‍ കല്യാണചടങ്ങുകള്‍ നടക്കുന്നിടത്ത് അമ്മയുടെ ഫോട്ടോ കൊണ്ട് വന്ന് മാല ചാര്‍ത്തി.
ജീവിതം എത്രമാത്രം അമ്പരപ്പുകളാണ് സമ്മാനിക്കാറുള്ളത്. അവനവന്റെ ഇടങ്ങളിലെ
പ്രാരാബ്ധങ്ങള്‍ക്കിടയില്‍ ഓര്‍ക്കാന്‍ കൂടി കഴിയാത്ത ഒരുപാട് പേര്‍ ഓരോ
ജീവിതത്തിലും. എങ്കിലും ഇടയ്ക്കിടെ ഞാന്‍ ചോദിച്ചു പോകാറുണ്ട്.
ഗൗരിയുമായി ഒളിച്ചോടി അവളോടൊപ്പം മൂന്നാഴ്ചയോളം താമസിച്ച അവളുടെ കാമുകന്‍
എവിടെയായിരിക്കും? അവളെന്തിനാണ് എല്ലാം നേരെയായ ഒരു കാലത്ത് ആത്മഹത്യ
ചെയ്തത്? എല്ലാം അറിഞ്ഞ് കൊണ്ട് വിവാഹം കഴിക്കാന്‍ തയ്യാറായ അവളുടെ
ഭര്‍ത്താവ് അവള്‍ക്ക് നല്‍കിയ ജീവിതത്തില്‍ കണ്ണീരിന്റെ ഉപ്പ്
ഉണ്ടായിരുന്നിരിക്കുമോ?
Mother, Father and Beena
Grandfather and Beena
Amma
Beena and Bindu- childhood Photos
Beena and Bindu- childhood Photos
Bindu, Amma and Beena
Bindu