കേരള രാഷ്‌ട്രീയ ചരിത്രത്തില്‍ മാത്രമല്ല, ഒരു പക്ഷേ കൊള്ളയും, കൊലപാതകവുമൊക്കെ
സ്ഥിരസംഭവമാക്കിയ ഉത്തരേന്ത്യന്‍ രാഷ്‌ട്രീയത്തില്‍പോലും ഇതുവരെ കണ്ടില്ലാത്ത
രാഷ്‌ട്രീയ അധഃപതനമാണ്. കേരളത്തില്‍ നടന്നുകൊണ്ടിരിക്കുന്നത്. മന്ത്രിസഭയെ
താങ്ങിനിര്‍ത്തുന്ന എഴുപത്തിമൂന്ന് എം.എല്‍.എമാര്‍ക്കും തക്കസമയത്ത്
മുഖ്യമന്ത്രിക്കനുകൂലമായി വോട്ടുചെയ്യാന്‍ നിര്‍ദ്ദേശം കൊടുക്കുന്ന, മന്ത്രിക്ക്
തുല്യപദവിയുള്ള, സര്‍ക്കാര്‍ ചീഫ് വിപ്പിനെ കോണ്‍ഗ്രസുകാരും, യൂത്തു
കോണ്‍ഗ്രസുകാരും നടുറോഡില്‍ കരിങ്കൊടി കാണിക്കുകയും, കയ്യെറിയുകയും ചെയ്യുന്നത്
രാഷ്‌ട്രീയ ധാര്‍മ്മികതക്ക് ചേരുന്നതല്ല, മാത്രമല്ല ചീഫ് വിപ്പിനെ ചീമുട്ട
ഏറിയുന്നത് മുഖ്യമന്ത്രിയുടേയും, ആഭ്യന്തര മന്ത്രിയുടേയും മൗനാനുവാദത്തോടു
കൂടിയാണെന്നുള്ളതാണ് രസകരമായ കാര്യം.
പി.സി. ജോര്‍ജിനെ കല്ലെറിയേണ്ട
കാര്യമെന്താണ്? `രാജാവ് നഗനനാണെന്നു പറഞ്ഞാല്‍' കല്ലെറിഞ്ഞു കൊല്ലും എന്നതാണോ
സാംസ്‌കാരിക കേരളത്തിലെ നിയമം?
കോണ്‍ഗ്രസ് `എ'ക്കാരനായ പുതിയ യൂത്ത്
കോണ്‍ഗ്രസ് പ്രസിഡന്റിന് ഉമ്മന്‍ ചാണ്ടിയോടുള്ള `രാജഭക്തി' പ്രകടിപ്പിക്കുന്നതിനു
വേണ്ടി കാട്ടിക്കൂട്ടിയ നാടകമാണ് കഴിഞ്ഞ ദിവസം തൊടുപുഴയില്‍ കണ്ടത് അതിന് സ്ഥലം
എം.പി.യുടെ ഒത്താശയും.
ഒരു വര്‍ഷം മുമ്പ് ഇടതുപക്ഷത്ത് നിന്നും ഒരു
എം.എല്‍.എയെ അടര്‍ത്തിമാറ്റി മാമ്മോദീസ മുക്കി കോണ്‍ഗ്രസുക്കാരനാക്കിയപ്പോള്‍,
ജോര്‍ജ്ജിന്റെ `അധാര്‍മ്മികതയെ' ഒരു കോണ്‍ഗ്രസുകാരനും ചോദ്യം ചെയ്‌തു കണ്ടില്ല. പാം
ഓയില്‍ കേസില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ വിധി പറഞ്ഞ മജിസ്‌ട്രേറ്റിനെ `രാപകല്‍' തെറി
പറഞ്ഞ്, അയാളെ രാജിവെപ്പിച്ചപ്പോഴും ഒരു യൂത്തുകാരനും പന്തം കൊളുത്തി പ്രകടനം
നടത്തിയില്ല. നെല്ലിയാംപതി വിഷയത്തില്‍ `ഐ' ഗ്രൂപ്പുക്കാരായ എം.എല്‍.എമ്മാരുമായി
പി.സി. ജോര്‍ജ്ജ് കൊമ്പുകോര്‍ത്തപ്പോള്‍ സഹായത്തിന് ഒന്നു തിരിഞ്ഞു
നോക്കാത്തവരാണ് ഇപ്പോള്‍ ചീമുട്ട എറിയുന്നത്. ഉമ്മന്‍ചാണ്ടിയുടെ
നിലനില്‍പ്പിനുവേണ്ടി, ജോര്‍ജു കാണിച്ചിട്ടുള്ള എല്ലാ `ക്വൊട്ടേഷന്‍' പണികള്‍ക്കും
പൂര്‍ണ്ണ പിന്തുണ നല്‍കിയവരാണ് ഇന്ന് ജോര്‍ജിനെ കരിങ്കൊടി കാണിക്കുന്നത്.
ഉമ്മന്‍ ചാണ്ടിയെക്കാള്‍ ജനങ്ങള്‍ക്ക് ഇന്ന് വിശ്വാസം പി.സി.
ജോര്‍ജിനെയാണ്. ഒരു കാലത്ത് ചീഫ് വിഴുപ്പ് എന്നു വിളിച്ചവര്‍പ്പോലും
ജോര്‍ജ്ജിനെ ഇന്നു ബഹുമാനത്തോടുകൂടി കാണുന്നു. കാരണം ജോര്‍ജ് പറഞ്ഞകാര്യങ്ങള്‍
ഓരോന്നായി സത്യമായി ഭവിക്കുന്നു. മന്ത്രി ഗണേഷിനെ കണ്ടവന്‍ വീട്ടില്‍ കയറി
തല്ലിയത് ജോര്‍ജിന്റെ കുഴപ്പമാണോ? ഉമ്മന്‍ ചാണ്ടിയുടെ ഇടത്തും വലത്തും
നടക്കുന്നവര്‍ സരിതയുമായി അവിഹിത ഇടപാടുകള്‍ നടത്തിയതിന് പി.സി. ജോര്‍ജിനെ
പഴിച്ചിട്ടെന്തു കാര്യം? കാലുവിന്റെ വീട്ടില്‍ പാലുകാച്ചാന്‍ പോയി പുലിവാലു
പിടിച്ചതിനു ജോര്‍ജാണോ ഉത്തരവാദി?
ഉമ്മന്‍ചാണ്ടിയുടെ കൂടെ നില്‍ക്കുന്നവര്‍
കാണിക്കുന്ന `തല്ലുകൊള്ളിത്തരങ്ങള്‍' ജോര്‍ജ് യഥാസമയം ഉമ്മന്‍ ചാണ്ടിയെ
അറിയിച്ചിരുന്നു. ഒരു ചെറുവിരല്‍പോലും അനക്കാതിരുന്നതു കൊണ്ടല്ലേ, യു.ഡി.എഫിനെ
മുഴുവന്‍ പിടിച്ചു കുലുക്കുന്ന രീതിയില്‍ സരിതാ പ്രശ്‌നം വളര്‍ന്നത്? ഏറ്റവും
അവസാനം മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്‌ടാവും രാജി വച്ചിരിക്കുന്നു. അതും 108
ആംബുലന്‍സ് അഴിമതിയില്‍ പിടിച്ചു നില്‍ക്കാന്‍ പറ്റാത്ത അവസ്ഥയിലായപ്പോള്‍
മാത്രം!
ഉമ്മന്‍ചാണ്ടി ചെയ്യേണ്ടത് ഒരു കാര്യം മാത്രം! ഞങ്ങള്‍ കൊണ്ടു
നടക്കുന്നത് കള്ളന്മാരേയും, കൈക്കൂലിക്കാരേയും, സ്‌ത്രീലമ്പടന്‍ന്മാരേയും ആണെന്ന്
ജനത്തിനോട് തുറന്നു പറയണം. അതല്ല, ഞങ്ങള്‍ `രൂപക്കൂട്ടില്‍' കയറിയിരിക്കേണ്ട
`പുണ്യവാള'ന്മാരാണെന്ന് പാവം ജനത്തിനോട് വീമ്പിളക്കയും, പിന്നാമ്പുറത്തുകൂടി
എല്ലാവിധ അഴിമതിയും. സ്വജന പക്ഷപാതവും നടത്തുകയും, അത് കണ്ടവരില്‍ ആരെങ്കിലും
വിളിച്ചു പറഞ്ഞാല്‍ അവരെ കല്ലെറിഞ്ഞു താഴെയിടാന്‍ ശ്രമിക്കുന്നതൊക്കെ രാഷ്‌ട്രീയ
അല്‌പത്തരമാണ്. കൂടെ നിര്‍ത്താന്‍ കൊള്ളില്ലെങ്കില്‍ രാജിവെച്ച് പോകാന്‍ പറയണം.
പക്ഷേ അങ്ങനെ പറയണമെങ്കില്‍ നട്ടെല്ലെന്നു പറയുന്ന സാധനം വേണം. അല്ലാതെ ചീമുട്ട
എറിഞ്ഞിട്ടൊന്നും ഒരു കാര്യവുമില്ല. ജോര്‍ജൊട്ടു പേടിക്കാനും പോകുന്നില്ല. കളി
പൂഞ്ഞാര്‍ പുലിയോടൊ?
അടിക്കുറിപ്പ്...
സരിത ആദ്യം നല്‍കിയത് 21
പേജുള്ള പരാതിയാണെന്ന് ജയില്‍ സൂപ്രണ്ട് ഔദ്യോഗികമായി സ്ഥീകരിച്ചു. അപ്പോള്‍ 21
പേജ് എങ്ങനെ മൂന്നര പേജായി ചുരുങ്ങി. ഉമ്മന്‍ ചാണ്ടിയുടെ തലയില്‍ മറ്റൊരു
പൊന്‍തൂവല്‍ കൂടി. ജോര്‍ജ് ഓംലെറ്റ് തിന്നുമടുക്കും!!