ഓണക്കാലത്ത് പാതാളത്തില്‍ നിന്നും വരുന്ന മാവേലി `ആധാര്‍ കാര്‍ഡ്' നിര്‍ബന്ധമായും
കൈയ്യില്‍ കരുതിയിരിക്കണമെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു. കേരളത്തിലെ ഏതു
സര്‍ക്കാര്‍ സ്ഥാപനം സന്ദര്‍ശിക്കുവാനും ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാണെന്നും,
അല്ലാത്തപക്ഷം മാവേലി 'വഴിയാധാരം' ആകുമെന്നും അര്‍ത്ഥശങ്കയ്‌ക്കിടയില്ലാതെ ആഭ്യന്തര
മന്ത്രി തിരവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ പറഞ്ഞു.
*** *** ***
പൂവിന്റെ
ലഭ്യതക്കുറവുമൂലം ഇക്കൊല്ലം കേരള മക്കള്‍ വിവിധ കളറിലും വലിപ്പത്തിലുമുള്ള `രൂപാ
നോട്ടുകള്‍' കൊണ്ട് പൂക്കളമൊരുക്കണമെന്ന് കേന്ദ്ര ധനകാര്യമന്ത്രി ചിദംബരം
ചെട്ടിയാര്‍ അഭ്യര്‍ത്ഥിച്ചു. ഇതിലേക്കായി രൂപയുടെ മൂല്യം വീണ്ടും
താഴ്‌ത്തിത്തരാമെന്നും, കൂടുതല്‍ ഒറ്റ, രണ്ട്, അഞ്ച്, പത്ത്, അമ്പത്, നൂറ്,
അഞ്ഞൂറ്, ആയിരം എന്നീ നോട്ടുകള്‍ കേരളത്തില്‍ വിതരണം ചെയ്യുമെന്നും അദ്ദേഹം
അറിയിച്ചു.
*** *** ***
കോട്ടയം, ഇടുക്കി ജില്ലകളില്‍ ഇക്കൊല്ലം
`പുലികളി' നിരോധിച്ചുകൊണ്ട് ഹൈക്കോടതി ഉത്തരവിറക്കി. പുലിയെ ചീമുട്ട എറിയുവാനും,
പുലി തിരിച്ചുവെടിവെയ്‌ക്കാനുമുള്ള സാധ്യത ഉണ്ടെന്ന ഇന്റലിജന്റ്‌സ്
റിപ്പോര്‍ട്ടിനെ തുടര്‍ന്നാണിത്.
*** *** ***
ബിവറേജസ് കടകളുടെ
മുന്നിലെ `ക്യൂ' കുറയ്‌ക്കുന്നതിന്റെ ഭാഗമായി ഓണക്കാലത്ത് സര്‍ക്കാര്‍ വക
സ്‌കൂളുകളിലും ബിവറേജസിന്റെ 'ഔട്ട്‌ലെറ്റുകള്‍' തുറക്കുന്നതായിരിക്കുമെന്ന് കള്ളു
മന്ത്രി കെ. ബാബു അറിയിച്ചു.
*** *** ***
തമിഴ്‌നാട്ടില്‍
നൂറ്റാണ്ടുകളായി നടത്തിവരുന്ന `അടിമത്സരം' ഈ ഓണക്കാലത്ത് കേരളത്തിലെ തിരുവനന്തപുരം
ജില്ലയില്‍ ആദ്യമായി പരീക്ഷിക്കുന്നു. മുന്‍മന്ത്രി ഗണേഷ് കുമാര്‍
മുഖ്യാതിഥിയായിരിക്കും. പരോള് കിട്ടിയാല്‍ ബിജു രാധാകൃഷ്‌ണന്‍ ആദ്യമായി `അടി'
പൊട്ടിക്കുന്നതായിരിക്കും. സംഭവം തിരുവനന്തപുരം ജില്ലയില്‍ വിജയിച്ചാല്‍
അടുത്തവര്‍ഷം മുതല്‍ മറ്റ് ജില്ലകളിലേക്കും ഇത് വ്യാപിപ്പിക്കുന്നതായിരിക്കും.
*** *** ***
ഓണാഘോഷങ്ങളോടനുബന്ധിച്ച് ടൂറിസം വാരാഘോഷങ്ങളുടെ
ഭാഗമായി കേരളത്തിലെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ ശാലു മേനോന്റെ കുച്ചിപ്പുടി
ഉണ്ടായിരിക്കും. ഉദ്‌ഘാടനം ചങ്ങനാശേരിയില്‍ കേന്ദ്രമന്ത്രി കൊടിക്കുന്നില്‍ സുരേഷ്
നിര്‍വഹിക്കും.
*** *** ***
ഡി.വൈ.എഫ്.ഐക്കാരുടെ കരിങ്കൊടി പ്രകടനം
മൂലം പോലീസുകാര്‍ മുഴവന്‍ മുഖ്യമന്ത്രിക്ക് അകമ്പടി പോകുന്നതിനാല്‍ മാവേലിക്ക്
ഇക്കൊല്ലം പോലീസ് സംരക്ഷണം ഉണ്ടായിരിക്കുന്നതല്ല. സ്വരക്ഷയ്‌ക്കുവേണ്ടി വടിവാള്‍,
തോക്ക് എന്നിവ അദ്ദേഹത്തിനു കരുതാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ചീഫ്
വിപ്പുമായി ബന്ധപ്പെടണമെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു.
*** ***
***
മാവേലി മുഖ്യമന്ത്രിയെ സന്ദര്‍ശിക്കാനായി സെക്രട്ടേറിയേറ്റിലേക്ക്
വരികയാണെങ്കില്‍ `കന്റോണ്‍മെന്റ്' ഗേറ്റിലൂടെ പ്രവേശനം അനുവദിക്കുകയില്ലെന്ന്
ഡി.ജി.പി ഉത്തരവിറക്കി. പകരം സെക്രട്ടറിയേറ്റിലെ മറ്റ് മൂന്നു ഗേറ്റുകളും
തുറന്നിടുന്നതായിരിക്കും. കന്റോണ്‍മെന്റ് ഗേറ്റിലൂടെയുള്ള പ്രവേശനം സരിതയ്‌ക്കു
മാത്രമായി പരിമിതപ്പെടുത്തിയിരിക്കുകയാണെന്നും, അതുകൊണ്ട് മാവേലി ദയവായി
സഹകരിക്കണമെന്നും ഡി.ജി.പി അഭ്യര്‍ത്ഥിച്ചു.
*** ***
***
കേരളത്തില്‍ വര്‍ദ്ധിച്ചുവരുന്ന കൊളസ്‌ട്രോള്‍, ഷുഗര്‍ എന്നീ
മാരകാസുഖങ്ങള്‍ക്ക് കാരണം മൂന്നുനേരം ഭക്ഷണം കഴിക്കുന്നതുകൊണ്ടാണെന്നും അതുകൊണ്ട്
ഈ ഓണക്കാലത്ത് കേരളത്തിലേക്ക് അരി ഉള്‍പ്പടെയുള്ള പലവ്യജ്ഞനങ്ങള്‍
നല്‍കേണ്ടെന്ന് കേന്ദ്ര ഭക്ഷ്യമന്ത്രി തോമസ് മാഷ് നിര്‍ദേശം നല്‍കി. കേരളത്തിലെ
ജനങ്ങളുടെ ആരോഗ്യത്തില്‍ തനിക്ക് പ്രത്യേക താത്‌പര്യമുള്ളതുകൊണ്ടാണിതെന്നും
മന്ത്രി അറിയിച്ചു.
*** *** ***
ഇക്കൊല്ലം കേരളത്തിലെ ജയിലുകളിലും
ഓണാഘോഷങ്ങള്‍ കേമമാക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.ഇതിന്റെ പ്രവര്‍ത്തനങ്ങള്‍
ഏകോപിപ്പിക്കുന്നതിനായി `പ്രശസ്‌ത സംഘാടകരായ' സരിതയേയും, ബിജു രാധാകൃഷ്‌ണനേയും
ചുമതലപ്പെടുത്തി. ജാമ്യം കിട്ടിയതുകൊണ്ടാണ് ജോപ്പനെ ഇതില്‍ നിന്നും
ഒഴിവാക്കിയതെന്നും, അതുകൊണ്ട് ഇക്കാര്യത്തില്‍ ആശയക്കുഴപ്പമൊന്നും പാടില്ലെന്നും
ആഭ്യന്തര മന്ത്രി കോട്ടയത്ത് പറഞ്ഞു.
*** *** ***
സരിതക്കേസ്
അന്വേഷണത്തിന് സിറ്റിംഗ് ജഡ്‌ജിയെ കിട്ടുന്നില്ലെങ്കില്‍ പകരം മാവേലിയെ ആ
സ്ഥാനത്തേക്ക് പരിഗണിക്കണമെന്ന് പ്രതിപക്ഷ നേതാവ് അച്ചുമാമ്മന്‍
മുഖ്യമന്ത്രിയോട് അഭ്യര്‍ത്ഥിച്ചു. എന്നാല്‍ 'കള്ളവുമില്ല പതിരുമില്ല' എന്ന
മാവേലിയുടെ സിദ്ധാന്തം ഏകപക്ഷീയവും അദ്ദേഹത്തിന്റെ നിഷ്‌പക്ഷതയെത്തന്നെ ചോദ്യം
ചെയ്യുന്നതാണെന്നും, അതുകൊണ്ടു തന്നെ തനിക്കോ, ഹൈക്കമാന്‍ഡിനോ യാതൊരു കാരണവശാലും
ഇതിനോട് യോജിക്കാന്‍ സാധിക്കില്ലെന്നും, എല്ലാ ബഹുമാനത്തോടുംകൂടി
പ്രതിപക്ഷനേതാവിന്റെ ആവശ്യം നിരാകരിക്കുന്നതായും മുഖ്യമന്ത്രി അറിയിച്ചു.
*** *** ***
ഓണക്കാലം കഴിയുന്നതുവരെ കേരളത്തിലെ റോഡുകളിലെ കുഴികളും
`ഗര്‍ത്തങ്ങളും' അടയ്‌ക്കരുതെന്ന് റോഡ് മന്ത്രി ഇബ്രായിം കുഞ്ഞ് നിര്‍ദേശം
നല്‍കി. കേരളത്തിലെ തെക്കുമുതല്‍ വടക്കുവരേയുള്ള റോഡുകളിലെ ഏത്
`ഗര്‍ത്തത്തില്‍'ക്കൂടിയും മാവേലിക്കു സുഗമമായി കടന്നു വരുന്നതിനു
വേണ്ടിയാണിതെന്നും മന്ത്രിയുടെ ഓഫീസ് അറിയിച്ചു.
*** ***
***
അടിക്കുറിപ്പ്:
വിലക്കയറ്റം, സാമ്പത്തിക പ്രതിസന്ധി, രൂപയുടെ
വിലയിടിവ് തുടങ്ങി വിവിധ കാര്യങ്ങള്‍ പരിഗണിച്ച്, അടുത്തവര്‍ഷം മുതല്‍ മാവേലിയുടെ
`വരവ്' രണ്ടു വര്‍ഷത്തിലൊരിക്കലാക്കി ചുരുക്കണമെന്ന് മന്ത്രിസഭാ യോഗം
അഭ്യര്‍ത്ഥിച്ചു. ഇതുകാണിച്ച് പാതാളത്തിലേക്ക് കത്ത് അയയ്‌ക്കാന്‍ ചീഫ്
സെക്രട്ടറിയെ ചുമതലപ്പെടുത്തി!!!