MediaAppUSA

അക്ഷരച്ചങ്ങാത്തം- കെ.എ. ബീന

കെ.എ. ബീന Published on 04 November, 2013
അക്ഷരച്ചങ്ങാത്തം- കെ.എ. ബീന
ഉറക്കത്തിലേക്ക് വീഴുമ്പോഴാണ് ആ ഫോണ്‍കാള്‍. ആകാശവാണി വാര്‍ത്താ മുറിയില്‍ ജോലിയെടുക്കുന്ന കാലത്തായതിനാല്‍ ഏതു രാത്രിയിലും ഫോണ്‍ വരുന്നതും, ഞെട്ടിയുണരുന്നതും, പണിയെടുക്കുന്നതുമൊക്കെ ശീലമായിക്കഴിഞ്ഞിരുന്നു. അപകടങ്ങള്‍, പ്രധാന വ്യക്തികളുടെ മരണങ്ങള്‍, ഇനിയും ചിലപ്പോള്‍ പൈപ്പ് പൊട്ടി വെള്ളം നിലച്ചത്... വാര്‍ത്തകള്‍ പലതാകാം.  പ്രാദേശിക വാര്‍ത്തകളില്‍ ഉള്‍പ്പെടുത്തണം എന്നത് നിര്‍ബ്ബന്ധം. പരിചയിച്ചു പോയ നിസ്സംഗതയോടെയാണ് ഫോണ്‍ എടുത്തത്.
''കെ.എ. ബീനയല്ലെ?''
അപ്പുറത്ത് ഒരു സ്ത്രീ ശബ്ദമാണ്.
''അതെ, ഏത് വാര്‍ത്ത കൊടുക്കാനാണ്''
''വാര്‍ത്ത കൊടുക്കാനല്ല. ഞാന്‍ സി.എസ്. സുജാത''-
നിസ്സംഗത പെട്ടെന്ന് ഊര്‍ജസ്വലതയായി. ഒരുപാട് ഇഷ്ടം തോന്നിയിട്ടുള്ള രാഷ്ട്രീയ നേതാവ്. മാവേലിക്കരയില്‍ വച്ച് 'വായന' നടത്തിയ സാഹിത്യ സമ്മേളനം ഉദ്ഘാടനം ചെയ്യാന്‍ വന്നപ്പോള്‍ നേരില്‍ കണ്ടിട്ടുണ്ട്. ഈ പാതിരയ്ക്ക് എന്തിനാണ് വിളിക്കുന്നതെന്ന് ഞാന്‍ അമ്പരക്കുമ്പോള്‍ സുജാത പറഞ്ഞു.
''ഞാനിപ്പോഴാണ് 'ബീന കണ്ട റഷ്യ' വായിച്ചു തീര്‍ന്നത്. ഒരുപാട് ഇഷ്ടമായി. ചൈതന്യമുള്ള എഴുത്ത്. എന്തുകൊണ്ട് പിന്നീട് അത്‌പോലെ എഴുതിയില്ല എന്ന് സംശയം തോന്നി. അതും ചോദിച്ചേക്കാം എന്ന് തോന്നി വിളിച്ചതാണ്''.
അന്ന് ആ ഫോണ്‍ സംഭാഷണം ഏതാണ്ട് ഒന്നര മണിക്കൂറോളം നീണ്ടു. നല്ല ഒരു വായനക്കാരിയാണ് സി.എസ് സുജാത എന്ന് എന്റെ മനസ്സില്‍ കുറിച്ചിടാന്‍ ആ ഫോണ്‍കാള്‍ എന്നെ പ്രേരിപ്പിച്ചു. രണ്ട് ദിവസം കഴിഞ്ഞ് വീണ്ടും പാതിരയോടടുത്ത് വിളി വന്നു. ഇത്തവണ ഞാനെഴുതിയ ''ബ്രഹ്മപുത്രയിലെ വീട്'' വായിച്ച് സന്തോഷം പറയാനാണ് വിളിക്കുന്നത്. അപൂര്‍വ്വവും സുന്ദരവുമായ ഒരു ചങ്ങാത്തത്തിന്റെ തുടക്കമായിരുന്നു അത്.
രാഷ്ട്രീയത്തിനതീതമായി ചിന്തിക്കുന്ന, ജീവിതത്തെ ശുഭോദര്‍ക്കമായി സമീപിക്കുന്ന, ഓരോ കൂടിക്കാഴ്ചയും, ഓരോ ഫോണ്‍കാളും ഉത്സവമാക്കുന്ന കൂട്ടുകാരി - സുജാതയെക്കുറിച്ച് എന്തൊക്കെയാണ് എഴുതേണ്ടത് . തീരെ ചെറിയ പ്രായത്തില്‍ തന്നെ കേരള രാഷ്ട്രീയത്തില്‍ വ്യക്തിമുദ്ര പതിപ്പിച്ച അപൂര്‍വ്വം സ്ത്രീകളിലൊരാള്‍. വള്ളികുന്നമെന്ന കമ്യൂണിസ്റ്റ് ഈറ്റില്ലത്തില്‍ ചേന്നങ്കര തെക്കതില്‍ രാമചന്ദ്രന്‍ നായരുടെ(ചന്ദ്രന്‍പിള്ള)യുടെയും സുമതിപ്പിള്ളയുടെയും മകളായി ജനിച്ച പെണ്‍കുട്ടി കണ്ടതും മിണ്ടിയതുമൊക്കെ വലിയ വലിയ ആളുകളോടായിരുന്നു. തോപ്പില്‍ ഭാസി, കാമ്പിശ്ശേരി കരുണാകരന്‍, ചേലേക്കാടേത്ത്  കുഞ്ഞിരാമന്‍, കേശവന്‍ പോറ്റി, പുതുശ്ശേരി രാമചന്ദ്രന്‍, പുതുപ്പള്ളി രാഘവന്‍ അന്നത്തെ മഹാരഥന്മാര്‍ -പിന്നെ കഷ്ടപ്പെടുന്നവര്‍ക്ക് വേണ്ടി ജീവിതം സമര്‍പ്പിച്ച  സാധാരണമനുഷ്യര്‍.. സുജാത വായനയുടെയും, രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെയും വഴിയിലേക്ക് സ്വാഭാവികമായി എത്തിച്ചേര്‍ന്നു. ആദര്‍ശാടിസ്ഥിത രാഷ്ട്രീയത്തിന്റെ പാരമ്പര്യത്തില്‍ നിന്നു വന്നതിനാല്‍ ആ വഴിയല്ലാതെ മറ്റൊന്നും സ്വീകരിക്കുന്നതിനെകുറിച്ച് ചിന്തിക്കാനും കഴിഞ്ഞില്ല. കായംകുളം എം എസ്.എം കോളേജില്‍ നിന്ന് ഡിഗ്രി പാസായി ..തിരുവനന്തപുരം ലാ അക്കാദമി യില്‍ നിന്ന് എല്‍.എല്‍.ബി പാസായിക്കഴിയുമ്പോഴേക്കും കേരളത്തിന്റെ രാഷ്ട്രീയ മണ്ഡലത്തില്‍ വളര്‍ന്നു വരുന്ന ഒരു നേതാവായി സുജാത മാറി  കഴിഞ്ഞിരുന്നു.  1987 ല്‍ കേരളാ യൂണിവേഴ്‌സിറ്റിയിലെ ആദ്യ വനിതാ സിണ്ടിക്കേറ്റംഗമായി.
1991 ല്‍ ആലപ്പുഴയിലെ ജില്ലാ കൗണ്‍സില്‍ അംഗമായ സുജാതയെ കേരളം ശരിക്കും ശ്രദ്ധിച്ച് തുടങ്ങിയത് ആലപ്പുഴ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായതോടെയാണ്. മികച്ച പ്രവര്‍ത്തനം കാഴ്ച വച്ച സുജാതയെ തേടി നിരവധി അംഗീകാരങ്ങളും എത്തി.   മികച്ച പഞ്ചായത്തിനുള്ള സംസ്ഥാന ഗവണ്‍മെന്റിന്റെ പുരസ്‌കാരം, കേന്ദ്ര ഗവണ്‍മെന്റിന്റെ  ജെ ആര്‍ ഡി റ്റാറ്റ അവാര്‍ഡ് ,മികച്ച സാമൂഹിക പ്രവര്‍ത്തകയ്ക്കുള്ള രഹനപുരസ്‌കാരം  ഇവ അവയില്‍ ചിലത് മാത്രം. 2004 ല്‍ മാവേലിക്കരയില്‍ നിന്ന് പാര്‍ലമെന്റ് അംഗമായ സുജാതയെ  മികച്ച യുവ പാര്‍ലമെന്റേറിയനായി  ഔട്ട്‌ലുക്ക് മാസികയും ഇന്ത്യാ ടുഡേയും തെരഞ്ഞെടുത്തിട്ടുണ്ട്. സി.പി.ഐ(എം) സംസ്ഥാന കമ്മിറ്റിയംഗമാണ് ഇപ്പോള്‍.അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍  കേന്ദ്ര കമ്മിറ്റി അംഗവുമാണ്.
പാര്‍ട്ടി പ്രവര്‍ത്തനത്തിനിടയില്‍ പരിചയപ്പെട്ട ബേബിയെയാണ് സുജാത വിവാഹം കഴിച്ചത്. കേരള ലീഗല്‍ സര്‍വീസസ് അതോറിറ്റി  താലൂക്ക് സെക്രട്ടറിയാണ് ബേബി..മകള്‍ കാര്‍ത്തിക ..
ഇതിനുമപ്പുറത്ത് ഞാനറിയുന്ന സുജാത - ആ സുജാത കൗമാരപ്രായത്തില്‍ ഒരുപാട് പേര്‍ക്ക് സ്വാഭാവികമായ വായനാ ഭ്രാന്തിന്റെ ലോകം ഇന്നും സ്വന്തമായ സഹൃദയയാണ് ....കൂട്ടുകൂടാനും, അലഞ്ഞു തിരിഞ്ഞു നടക്കാനും ചിരിക്കാനും ചിന്തിക്കാനുമൊക്കെ കഴിവ് ബാക്കിയുള്ള കൂട്ടുകാരിയാണ്. സ്‌നേഹത്തിന്റെ ആഴങ്ങള്‍ സ്വന്തമായുള്ള, മനുഷ്യത്വത്തിന്റെ മഹാസമുദ്രങ്ങള്‍ നഷ്ടമാകാത്ത മനസ്സുള്ള അപൂര്‍വ്വ വ്യക്തിത്വമുള്ള സത്രീയാണ്.
തിരുവനന്തപുരം നഗരത്തിലെ തെരുവുകളില്‍ അലഞ്ഞ് തിരിഞ്ഞ് നടക്കാന്‍ വേണ്ടി തിരക്കിനിടയില്‍ സമയമുണ്ടാക്കി സുജാത ഓടിയെത്തും. പണ്ട് അലഞ്ഞ് നടന്ന വഴികളിലൂടെ നടന്ന്  ഞങ്ങള്‍ കൗമാരം തിരിച്ചെടുക്കും.  നഗരത്തില്‍ സുജാത എത്തുമ്പോള്‍ എനിക്ക് ഉത്സവഘോഷം..സുഗതകുമാരി ടീച്ചറെ  കാണാന്‍, മ്യൂസിയത്തിലെ ഓറഞ്ച് നിറമുള്ള പൂക്കള്‍ നിറഞ്ഞ മരം  നിറയെ പൂവിട്ടു  നില്‍ക്കുന്നത് കാണാന്‍...
യാത്രകള്‍ എത്രയാണ് തീരുമാനിച്ചിരിക്കുന്നത്...അഹമ്മദാബാദിലേക്ക് ,ചിദംബരത്തേക്ക്,കാശ്മീരിലേക്ക്..
രാവേറെ ചെല്ലുവോളം ഫോണിലൂടെയും അല്ലാതെയും കവിതകള്‍ ചൊല്ലിയിരിക്കാന്‍, പുതുതായി വായിച്ച പുസ്തകങ്ങള്‍, കഥകള്‍, കവിതകള്‍ ഒക്കെ പങ്കുവയ്ക്കാന്‍ - പാതിരാത്രി സുജാത വിളിക്കുമ്പോള്‍ ''മനുഷ്യനെ കിടത്തി ഉറക്കില്ല'' എന്ന് ചീത്ത പറയുമെങ്കിലും ആനന്ദത്തിന്റെ വാക്കുകള്‍ പങ്കുവയ്ക്കാന്‍ ഞാന്‍ കാത്തിരിക്കാറാണ് പതിവ്.
ഒ.എന്‍.വി. കുറുപ്പ്, ചങ്ങമ്പുഴ, വയലാര്‍,സുഗതകുമാരി, കടമ്മനിട്ട, അയ്യപ്പ പണിക്കര്‍, കുരിപ്പുഴ ശ്രീകുമാര്‍ - പ്രിയ കവികളുടെ വരികളൊക്കെ കാണാപ്പാഠമാണ് സുജാതയ്ക്ക്.
''കത്തും വറളിപോല്‍  ചുട്ടുപഴുത്തൊരാ  കുഗ്രാമഭൂവിന്‍ കുളിരാണ്''. എന്നൊക്കെ പാടി പഞ്ചാബിലെ ഗോതമ്പ് പാടങ്ങള്‍ക്കരികിലൂടെ നിമിഷങ്ങള്‍ പങ്കുവയ്ക്കുമ്പോള്‍ സുജാത കോളേജ് വിദ്യാര്‍ത്ഥിനിയായി മാറും.
 ''ഭൂതക്കണ്ണാടി'' എന്ന എന്‌റെ അനുഭവക്കുറിപ്പുകള്‍ക്ക്  അവതാരിക എഴുതിയത് സുജാതയായിരുന്നു.  . നീറുന്ന സാമൂഹിക യാഥാര്‍ത്ഥ്യങ്ങളെ കുറിച്ച് എഴുതിയ ലേഖനങ്ങളെ കുറിച്ചുള്ള പുസ്തകത്തിന് സുജാത അല്ലാതെ ആരാണ് അവതാരിക എഴുതുക എന്നതായിരുന്നു എന്റെ ചിന്ത.
ഈയിടെ ഒരു നട്ടുച്ചയ്ക്ക് സുജാതയുടെ ഫോണ്‍.
''വിജയലക്ഷ്മിയുടെ ''വിരാമം'' എന്ന കവിത ഇത്തവണത്തെ 'കേരള സര്‍വ്വീസില്‍' ഉണ്ട്. ഒന്നാന്തരം കവിത.  അവരുടെ നമ്പര്‍ ഒന്ന് തരൂ.. എനിക്ക് വിളിച്ചു പറയണമെന്ന് തോന്നുന്നു''.
അടുത്ത നിമിഷം വിജയലക്ഷ്മിയെ വിളിച്ച് അനുമോദിക്കാനും, രാത്രി ആ കവിത ഫോണിലൂടെ എനിക്ക് ചൊല്ലിത്തരാനും ഒരുമിച്ച് ആസ്വദിക്കാനുമൊക്കെ സുജാത കാട്ടുന്ന ആര്‍ജ്ജവം സന്തോഷത്തോടൊപ്പം ആശ്വാസവും ഏകാറുണ്ട് - ഇങ്ങനെയും രാഷ്ട്രീയക്കാര്‍ ഉണ്ട് എന്ന ആശ്വാസം.   വായനയ്‌ക്കൊപ്പം പ്രിയംകരമാണ് സൗഹൃദങ്ങളും. രാഷ്ട്രീയ വ്യത്യാസങ്ങള്‍ ഒന്നും സൗഹൃദക്കാര്യത്തില്‍ സുജാതയ്ക്ക് പ്രശ്‌നമില്ല. ഏതു പ്രായക്കാരോടും ദേശക്കാരോടും കൂട്ടുകൂടാനുള്ള മനസ്സ് - അപൂര്‍വ്വമാണത്.സൗഹൃദങ്ങള്‍ ഇല്ലെങ്കില്‍ ജീവിതം വരണ്ടതായിപ്പോകുമെന്ന് സുജാത പറയാറുണ്ട്.
എം. പി ആയിരുന്നപ്പോള്‍ ഇന്ത്യ മുഴുവന്‍ യാത്ര ചെയ്തിട്ടുണ്ട്.  ഒരുപാട് വിദേശ രാജ്യങ്ങളും കണ്ടു. എവിടെയും കൂട്ടുകാരെ കിട്ടാന്‍ സുജാതയ്ക്ക് വിഷമമില്ല.  എവിടെ പോയാലും പ്രസന്നമായ മുഖവും ചിരിയും വലിയ  പൊട്ടുമൊക്കെ കൂടി സുജാത പ്രിയംകരിയാകുന്നു.


dr. rajan perunna 2013-11-19 22:59:12
hrudayathil thodunna bhaasha. tks beena
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക