ചൊവ്വാദൌത്യത്തിന്റെ വിജയത്തിനായി ഇസ്രോ ചെയര്‍മാന്‍ ഒരു ക്ഷേത്രത്തില്‍ പ്രാര്‍ത്ഥന നടത്തിയെന്നറിഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകനായ ഒരു ശാസ്ത്രജ്ഞന്‍ പ്രതികരിച്ചത് ഇങ്ങനെയാണ്: ഞങ്ങള്‍ ചെയ്തു കഴിഞ്ഞിരിയ്ക്കുന്ന ജോലി മഹത്തരമായതു തന്നെ എന്നു ഞങ്ങള്‍ക്ക് ഉത്തമബോദ്ധ്യമുണ്ട്. അതുകൊണ്ട് അതിന്നിടയില്‍ ചെറിയൊരു ദൈവീക ഇടപെടല്‍ കൂടി ഉണ്ടാകുന്നെങ്കില്‍ അതിന്നെതിരെ നാമെന്തിനു പരാതിപ്പെടണം?
ദൈവീക ഇടപെടലിനെപ്പറ്റിയുള്ള ഈ മറുപടിയില്‍ നര്‍മ്മരസത്തിനാണു മുന്‍തൂക്കം. പക്ഷേ, അമേരിക്കന്‍ സീരിയലായ സ്റ്റാര്‍ ട്രെക്കിനു വിവിധ തലമുറകളിലുള്ള ലക്ഷക്കണക്കിന് ആരാധകര്‍ പ്രപഞ്ചത്തിന്റെ അന്തിമ അതിര്‍ത്തിയായി പരിഗണിക്കുന്ന ശൂന്യാകാശത്തിലേയ്ക്കായിരിയ്ക്കും മാനവരാശിയുടെ അടുത്ത ഗൌരവപൂര്‍വ്വമായ ആദ്ധ്യാത്മിക തീര്‍ത്ഥയാത്ര എന്നാണു കാണുന്നത്.
ഉദാഹരണമായി മാഴ്‌സ് വണ്‍ എന്ന പദ്ധതിയെത്തന്നെയെടുക്കാം. 2023നുള്ളില്‍ ചൊവ്വയില്‍ സ്ഥിരമായ ഒരു മനുഷ്യക്കോളനി സ്ഥാപിയ്ക്കാന്‍ ലക്ഷ്യമിടുന്ന, ലാഭരഹിതപദ്ധതിയാണത്. അതീവശ്രദ്ധയോടെ നാല് അപേക്ഷകരെ തെരഞ്ഞെടുക്കുകയും അവരെ ചൊവ്വയിലെ പ്രഥമനിവാസികളാക്കാന്‍ വേണ്ടി ഒരു ഏകദിശായാത്രയില്‍ വിക്ഷേപിയ്ക്കുകയുമാണു പദ്ധതിയുടെ ലക്ഷ്യങ്ങള്‍.
ചൊവ്വയിലെ കോളണി നിവാസികളാകാനുള്ള ഈ ദൌത്യം ആത്മഹത്യാപരമാണെന്ന് ഏറെക്കുറെ ഉറപ്പാണെങ്കിലും ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നായി രണ്ടു ലക്ഷത്തിലേറെ ആളുകള്‍ ചുവന്ന ഗ്രഹത്തിലെ പ്രഥമനിവാസികളാകാനായി സ്വമേധയാ മുന്നോട്ടു വന്നിട്ടുണ്ട്. ഭാരതത്തില്‍ നിന്നുള്ള എണ്ണായിരത്തോളം അപേക്ഷകര്‍ അക്കൂട്ടത്തിലെ ഏറ്റവും വലിയ നാലാമത്തെ ഗ്രൂപ്പാണ്.
ചൊവ്വയില്‍ മനുഷ്യവാസത്തിന്നനുയോജ്യമായ അന്തരീക്ഷമില്ല. കഷ്ടിച്ച് ഒരല്പം വായു അവിടവിടെ ഉണ്ടെന്നു വയ്ക്കുക. എങ്കില്‍ത്തന്നെയും അത് നമ്മുടെ ശ്വാസോച്ഛ്വാസത്തിന്നുതകുന്നതല്ല. ജലം ധ്രുവങ്ങളിലാണ് പ്രധാനമായുമുള്ളത്. ഒരു പക്ഷേ മണ്ണിനടിയിലുണ്ടെങ്കില്‍പ്പോലും അതു തണുത്തുറഞ്ഞായിരിയ്ക്കും കിടക്കുന്നത്. കുടിയ്ക്കാനതു ലഭ്യമല്ല. ആഹാരം? അത് ആശിയ്ക്ക പോലും വേണ്ട. അഭയത്തിന്നായി വീടുകളുമില്ല. ഇവയ്‌ക്കെല്ലാം പുറമെയാണു പൂജ്യം ഡിഗ്രിയില്‍ താഴെയുള്ള അതിശൈത്യവും മാരകമായ റേഡിയേഷനും.
ഉടന്‍ അല്ലെങ്കില്‍ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ത്തന്നെ മരണം സുനിശ്ചിതം. അതിന്നിടെ ഭൂമിയില്‍ നിന്ന് ഒരു സഹായവും പ്രതീക്ഷിയ്ക്കുകയും വേണ്ട. ചുരുക്കത്തില്‍ ഒന്നാന്തരമൊരു നരകം തന്നെയായിരിയ്ക്കും ചൊവ്വയിലെ പ്രഥമകോളണിവാസം !
എന്നിട്ടും ഭൂമിയിലെ തന്റെ മുഴുവന്‍ ജീവിതവും വേണ്ടെന്നു വച്ച് ചുവന്ന ഗ്രഹമെന്ന നരകത്തിലേയ്ക്കു കടന്നു മരണം വരിയ്ക്കാന്‍ രണ്ടുലക്ഷംപേര്‍ സ്വമേധയാ മുന്നോട്ടു വന്നതിന്റെ പ്രേരകമെന്തായിരിയ്ക്കാം?
അവരിലൊരാള്‍ പറഞ്ഞതിതാണ്: ഭൂമിയില്‍ വച്ചും എനിയ്ക്ക് എന്തും എപ്പോഴും സംഭവിയ്ക്കാം. കാറോടിച്ചുകൊണ്ടിരിയ്‌ക്കെ എനിയ്‌ക്കൊരപകടമുണ്ടായെന്നു വരാം, ഞാന്‍ മരണപ്പെട്ടെന്നും വരാം. പക്ഷേ മരിയ്ക്കുമ്പോള്‍ ജീവിതത്തിന്ന് എന്തെങ്കിലും അര്‍ത്ഥമുണ്ടാകണം എന്നു ഞാനാഗ്രഹിയ്ക്കുന്നു.
നവംബര്‍ ഏഴിലെ ഇക്കൊണോമിക് ടൈംസില്‍ കണ്ട ഒരു ചെറു ലേഖനത്തിന്റെ സ്വതന്ത്ര പരിഭാഷയാണ് മുകളില്‍ കൊടുത്തിരിയ്ക്കുന്നത്.