Image

കൊടിയുടെ നിറം മാറുന്ന തെരഞ്ഞെടുപ്പ് കാഴ്ചകള്‍ – ഷോളി കുമ്പിളുവേലി

ഷോളി കുമ്പിളുവേലി Published on 27 March, 2014
കൊടിയുടെ നിറം മാറുന്ന തെരഞ്ഞെടുപ്പ് കാഴ്ചകള്‍ – ഷോളി കുമ്പിളുവേലി
“ഓന്തിന്റെ നിറം മാറുന്നതുപോലെ” എന്ന ശൈലി പ്രയോഗം പലപ്പോഴും അവസരവാദികളെ ഉപമിക്കാനായിട്ടാണ് ഉപയോഗിക്കുന്നത്. ഇലക്ഷനായിക്കഴിഞ്ഞാല്‍ ഇടതു വലതു വ്യത്യാസമില്ലാതെ എല്ലാ ചേരികളിലൂം ഈ നിറം മാറ്റം കാണാവുന്നതാണ്.

ജീവിതത്തില്‍ ത്രിവര്‍ണ്ണ പതാക മാത്രം പിടിച്ചിട്ടുള്ള പത്തനംതിട്ടയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഫിലിപ്പോസ് തോമസ് നേരം ഒന്ന് ഇരുണ്ട് വെളുത്തപ്പോഴേക്കും തനി 'ചുവപ്പായി' മാറിയതാണ് ഈ തെരഞ്ഞെടുപ്പിലെ ആദ്യ നിറം മാറ്റം. മനുഷ്യനെ പൊട്ടനാക്കുന്ന കോണ്‍ഗ്രസ്‌കാരുടെ കൈകൂപ്പിയുള്ള 'തൊഴല്‍' ഉപേക്ഷിച്ച്, മുഷ്ടി ചുരുട്ടി എറിഞ്ഞ് 'ഇന്‍ക്വിലാബ്' വിളിക്കാന്‍ ശീലിക്കുകയാണ് ഇപ്പോള്‍ ഫിലിപ്പോസ് തോമസ്.

അതുപോലെ 'ഖദറിലെ' വെള്ളയും പച്ചയും നിറങ്ങള്‍ ഉപേക്ഷിച്ച് പൊന്നാനിയെ ചുവപ്പണിയിക്കാന്‍ ശ്രമിക്കുകയാണ്, അടുത്തയിടവരെ കോണ്‍ഗ്രസ് ആയിരുന്ന അബ്ദുള്‍ റഹ്മാന്‍.
നാളിതുവരെ സ്വാശ്രയ മെഡിക്കല്‍ കോളേജിന്റെ “ചക്ര”മുള്ള കൊടി മാത്രം പിടിച്ചിട്ടുള്ള തിരുവനന്തപുരത്തെ ഡോ.ബെന്നറ്റ് എബ്രഹാം, “ചക്രമില്ലാത്തവരുടെ” പാര്‍ട്ടിയായ കമ്മ്യൂണിസ്റ്റുകാരുടെ 'ചുവപ്പിലേക്ക'് മാറിയത് 'അരമന' പറഞ്ഞിട്ടാണോ, അതോ പന്ന്യന്‍ വിളിച്ചിട്ടാണോയെന്ന് ഇനിയും സ്വീകരിച്ചിട്ടല്ല.

സിനിമയിലെ “ഈസ്റ്റുമാന്‍ കളരില്‍” മുങ്ങികുളിച്ചു നിന്ന ഇന്നസെന്റ് ചേട്ടന്‍ ചാലക്കുടിയില്‍ ചുവപ്പ് കൊടി പിടിച്ചത് ഇലക്ഷനിലെ മറ്റൊരു കോമഡിയായി. പക്ഷേ പാര്‍ലമെന്റില്‍ കോമഡി അവതരിപ്പിക്കാനാകുമോയെന്ന് ചാലക്കുടിക്കാര്‍ ഏപ്രില്‍ പത്തിന് തീരുമാനിക്കും.

മോദിയോടൊപ്പം ഗുജറാത്തില്‍ കാവിക്കൊടിയുടെ കീഴിലും, പിന്നെ രാഷ്ട്രപതി ഭവനില്‍ ത്രിവര്‍ണ്ണ കൊടിയുടെ കീഴിലും വിശ്രമിച്ചിരുന്ന ക്രിസ്റ്റി ഫെര്‍ണാണ്ടസ് എന്ന ഐ.എ.എസ്. കാരന്‍ ഇരുന്ന ഇരുപ്പില്‍ 'കാവിയും', 'ത്രിവര്‍ണ്ണവും' ഉപേക്ഷിച്ച് എറണാകുളത്ത് 'ചുവപ്പായി' അവതരിച്ചു. ചുവപ്പ് ബന്ധമുള്ള ഏതോ വ്യവസായി വാങ്ങികൊടുത്തതാണ് ഈ കൊടി എന്നും പറയപ്പെടുന്നു.
പിണറായി വിജയനെക്കാളും കടുംചുവപ്പായിരുന്ന പ്രേമചന്ദ്രന്‍, ചുവപ്പിനോടുള്ള എല്ലാ പ്രേമവും ഉപേക്ഷിച്ച് കൊല്ലത്ത് “മാരിവില്ലിന്റെ”  നിറമായി മാറിയതാണ് ഈ തെരഞ്ഞെടുപ്പിലെ അത്ഭുത നിറം മാറ്റം.

ഇടുക്കിയിലാണ് ഏറ്റം രസം. “മണ്ണും ചാരി നിന്നവന്‍ പെണ്ണുകൊണ്ടുപോയി” എന്നു പറഞ്ഞപോലെയായി അവിടുത്തെ കാര്യങ്ങള്‍. കേരളത്തിലെ ഏറ്റം നല്ല എം.പി.യെന്ന് പലരും വിശേഷിപ്പിച്ച പി.ടി. തോമസിന് സ്വന്തം നാട്ടില്‍ 'കൊടിപിടിക്കാന്‍' പോലും പറ്റാത്ത അവസ്ഥയാണ്. കൊടി പിടിക്കണമെന്നു തോന്നുമ്പോള്‍ കാസര്‍കോട്ടിന് വണ്ടികയറണം. 'ഒന്നു ചീഞ്ഞാലേ മറ്റൊന്നിനു വളം' ആകൂ. പി.ടി.യുടെ ശിങ്കിടിയായ ഡീന്‍ കുര്യാക്കോസിനു ഏതായാലും അത് ലോട്ടറിയായി. പക്ഷേ ലോട്ടറി അടിച്ചോ എന്നറിയണമെങ്കില്‍ ഇനിയും കാത്തിരിക്കണം. കാരണം തലമുറകളായി ത്രിവര്‍ണ്ണക്കൊടി മാത്രം പിടിച്ച് ശീലിച്ച തറവാട്ടില്‍ നിന്നും ചുവപ്പിലേക്ക് കളറുമാറിയ ജോയിസ് ജോര്‍ജാണ് എതിരാളി. ചുവപ്പ് കൂടാതെ, വെള്ള, മഞ്ഞ, പച്ച തുടങ്ങി എല്ലാ കൊടികളും ഈ തെരഞ്ഞെടുപ്പില്‍ ജോയിസ് ജോര്‍ജ് പിടിക്കുന്നുണ്ട്.

കോട്ടയത്തെ ബി.ജെ.പി. സ്ഥാനാര്‍ത്ഥി, എന്റെ സുഹൃത്ത്, നോബിള്‍ മാത്യൂവാണ് ഏറ്റം ഒടുവില്‍ കൊടിയുടെ നിറം മാറിയ നേതാവ്. കേരളാ കോണ്‍ഗ്രസിന്റെ ചുവപ്പും വെള്ളയും ഉപേക്ഷിച്ച് കാവിയായത് കോട്ടയത്തെ ബി.ജെ.പിക്കാര്‍പ്പോലും ഞെട്ടലോടെയാണ് ഉള്‍ക്കൊണ്ടത്. ചിറക്കടവ് ക്ഷേത്രത്തിലെ ഭഗവാന്റെ ഓരോ ലീലാ വിലാസങ്ങള്‍!

നാളിതുവരെയുള്ള എല്ലാ തെരഞ്ഞെടുപ്പുകളിലും “കലാപക്കൊടി” മാത്രം പിടിച്ചിട്ടുള്ള അച്ചുതാനന്ദന്‍ സഖാവ്, വലിയ 'കരച്ചിലും പിഴിച്ചിലും മില്ലാതെ' 'രക്ത' പതാക ഉയര്‍ത്തി പിടിക്കുന്നതാണ് ഈ ഇലക്ഷനിലെ മറ്റൊരു നിറം മാറ്റകാഴ്ച.

ഇതൊക്കെ തെരഞ്ഞെടുപ്പിനു മുമ്പുള്ള നിറമാറ്റങ്ങളാണെങ്കില്‍, ഇലക്ഷന്‍ കഴിയുമ്പോഴറിയാം, ചിലരുടെയൊക്കെ തനി നിറം. അതിനായി സരിതയും ബിജുവും ഒക്കെ കാത്തിരിക്കുന്നു.
സ്വതന്ത്രര്‍ ഉള്‍പ്പെടെ എല്ലാ സ്ഥാനാര്‍ത്ഥിക്കും വോട്ടില്ലാത്ത ഈ പ്രാവസിയുടെ വിജയാശംസകള്‍!.


കൊടിയുടെ നിറം മാറുന്ന തെരഞ്ഞെടുപ്പ് കാഴ്ചകള്‍ – ഷോളി കുമ്പിളുവേലി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക