Image

വൈശാഖപൗര്‍ണ്ണമി ഭാഗം നാല്‌ (കഥ: സുനില്‍ എം.എസ്‌)

Published on 29 March, 2014
വൈശാഖപൗര്‍ണ്ണമി ഭാഗം നാല്‌ (കഥ: സുനില്‍ എം.എസ്‌)
ഒരു കുഴപ്പം. രണ്ടു ഗുളികകള്‍ പോലും ഒരുമിച്ചു വിഴുങ്ങുന്നതു ബുദ്ധിമുട്ടാണ്‌. അങ്ങനെയിരിയ്‌ക്കെ മുപ്പതു ഗുളികകള്‍ വിഴുങ്ങുന്നത്‌ തികച്ചും അസാദ്ധ്യമാണ്‌. ഓരോന്നായി വിഴുങ്ങുക മാത്രമാണ്‌ ഒരേയൊരു വഴിയുള്ളത്‌. അപ്പോള്‍ വേറൊരു കുഴപ്പമുണ്ടാകാനിടയുണ്ട്‌: ഏതാനും ഗുളികകള്‍ കഴിയ്‌ക്കുമ്പോഴേയ്‌ക്കും ഉറങ്ങിപ്പോയാലോ. അങ്ങനെ വന്നാല്‍, ചിലപ്പോള്‍ മരിയ്‌ക്കാതെ, ആശുപത്രിയിലായിരിയ്‌ക്കും എത്തിപ്പെടുക. ആത്മഹത്യാശ്രമം നടത്തിയെന്ന ചീത്തപ്പേരുണ്ടാകുമെന്നു മാത്രമല്ല, ജീവിതം വീണ്ടും വലിച്ചു നീട്ടുകയും ചെയ്യേണ്ടി വരും. രണ്ടും ഒരേപോലെ അസഹനീയം.

ഗുളികകളും ആവശ്യത്തിനു വെള്ളവും റെഡിയാക്കി വയ്‌ക്കാം. ആദ്യം ഒരു കവിള്‍ വെള്ളമെടുക്കുക, ഒരു ഗുളിക വായിലിടുക, ഇറക്കുക. അടുത്തതെടുക്കുക. അങ്ങനെ മുപ്പതു ഗുളികകളും കഴിയും വേഗം അകത്താക്കണം. ഒരു ഗുളിക പോലും ബാക്കി വരരുത്‌. മരിയ്‌ക്കാന്‍ എത്ര ഗുളിക വേണമെന്ന്‌ കൃത്യമായറിയാന്‍ പറ്റിയിരുന്നെങ്കില്‍ അത്രയും മാത്രം എങ്ങനെയെങ്കിലും കഴിച്ചുതീര്‍ക്കാമായിരുന്നു. ശരീരത്തിന്റെ ഭാരവും പുഷ്ടിയുമനുസരിച്ചായിരിയ്‌ക്കും, മരിയ്‌ക്കാനാവശ്യമായി വരുന്ന ഉറക്കഗുളികകളുടെ എണ്ണമെന്ന്‌ എവിടെയോ വായിച്ചിരുന്നു. കഴിയ്‌ക്കേണ്ട ഗുളികകളുടെ എണ്ണം കൃത്യമായി അറിയാന്‍ കഴിയാത്തതുകൊണ്ട്‌, മുഴുവനും കഴിച്ചേയ്‌ക്കാം. കുറവുണ്ടാകേണ്ട.

നിരവധി പ്രോജക്‌റ്റുകള്‍ ഏറ്റെടുത്ത്‌ വിജയത്തിലെത്തിച്ചിരിയ്‌ക്കുന്നു. താനേറ്റെടുത്തിരിയ്‌ക്കുന്ന പ്രോജക്‌റ്റുകള്‍ യഥാസമയം വിജയിച്ചിരിയ്‌ക്കും എന്നൊരു പൊതുധാരണ ഡെല്ലില്‍ പരന്നിട്ടുണ്ട്‌. അങ്ങനെയിരിയ്‌ക്കെ ഈ പ്രോജക്‌റ്റ്‌, അതും സ്വന്തം ജീവിതത്തിന്റേത്‌, പരാജയപ്പെടാന്‍ പാടില്ലേയില്ല. ഗുളിക കഴിയ്‌ക്കാനുള്ള ബുദ്ധിമുട്ടൊക്കെ ബാലിശമായ കാരണങ്ങളാണ്‌. വേണ്ടിവന്നാല്‍ മുപ്പതു ഗുളികകളും കൂടി ഇടിച്ചു പൊടിയാക്കി കലക്കിക്കുടിയ്‌ക്കണം. ജീവിതത്തിന്റെ ഗുഡ്‌ബൈ പ്രോജക്‌റ്റ്‌ വിജയിയ്‌ക്കുക തന്നെ വേണം. പിന്നീടൊരിയ്‌ക്കലും ഉണരരുത്‌. ശ്രമം ആവര്‍ത്തിയ്‌ക്കേണ്ടി വരരുത്‌.

അപ്പോഴാണ്‌ ആത്മഹത്യാക്കുറിപ്പെഴുതുന്ന കാര്യം മനസ്സിലുദിച്ചത്‌. ഒരു കുറിപ്പെഴുതി വയ്‌ക്കണം. അതെഴുതാന്‍ തുടങ്ങിയപ്പോഴാണ്‌ തന്റെ സ്വത്തുക്കളെന്തുചെയ്യണമെന്ന ചോദ്യവുമുയര്‍ന്നത്‌. ആത്മഹത്യയ്‌ക്കുള്ള കാരണം സാവിയാണെങ്കിലും, അതിനുള്ള ഉത്തരവാദിത്വം ഒരു കുറ്റമെന്ന നിലയ്‌ക്ക്‌ സാവിയുടെ മേല്‍ ചുമത്തപ്പെടാന്‍ ആഗ്രഹിയ്‌ക്കുന്നില്ല. അവള്‍ ജയിലില്‍പ്പോകാനൊന്നും പാടില്ല. അവളാണ്‌ തന്നെ മരണത്തിലേയ്‌ക്കു നയിച്ചിരിയ്‌ക്കുന്നതെങ്കിലും, തന്റെ എല്ലാ സ്വത്തുക്കളും അവള്‍ക്കല്ലാതെ മറ്റാര്‍ക്കാണു കൊടുക്കുക. അവള്‍ തന്റേതായിരുന്നപ്പോള്‍ തന്റെ സ്വത്തുക്കളെല്ലാം അവളുടേതുകൂടിയായി കണക്കാക്കപ്പെട്ടിരുന്നു. തന്റെ കാലശേഷം അവള്‍ക്കവ കിട്ടുകയും ചെയ്യുമായിരുന്നു. ഇപ്പോഴും അതങ്ങനെതന്നെ വേണം. സ്വത്തുക്കളെല്ലാം സാവിയ്‌ക്കു തന്നെ. അവള്‍ പശ്ചാത്തപിയ്‌ക്കട്ടെ, ലജ്ജിയ്‌ക്കട്ടെ.

രണ്ടു കുറിപ്പുകളെഴുതി, ഒപ്പിട്ടു. ജീവിച്ചുമതിയായതുകൊണ്ട്‌ താന്‍ ആത്മഹത്യ ചെയ്യുകയാണെന്നും, തന്റെ മരണത്തില്‍ ആര്‍ക്കും ഉത്തരവാദിത്വമില്ലെന്നും ഒരു കുറിപ്പില്‍ വ്യക്തമായി കാണിച്ചു. തന്റെ എല്ലാ വിധ സ്വത്തുക്കളും സാവിയ്‌ക്കുള്ളതാണെന്ന്‌ രണ്ടാമത്തെ കുറിപ്പില്‍ എഴുതി. അതില്‍ത്തന്നെ സാവിയുടെ മേല്‍വിലാസവും ഫോണ്‍നമ്പറുള്‍പ്പെടെയുള്ള വിവരങ്ങളും വ്യക്തമായി രേഖപ്പെടുത്തുകയും ചെയ്‌തു. സ്വത്ത്‌ ആര്‍ക്കുള്ളതാണെന്ന സംശയം ആര്‍ക്കുമുണ്ടാകരുത്‌. ഒന്നിനും അവ്യക്തത പാടില്ല. രണ്ടു കുറിപ്പുകളും ഒരു കവറിലാക്കി, ഒട്ടിച്ചു വച്ചു.

താന്‍ മരിച്ച ശേഷം, തന്റെ സ്വത്തു മുഴുവനും സാവിയെത്തേടി ചെല്ലുമ്പോള്‍ അവള്‍ക്കെന്തായിരിയ്‌ക്കും തോന്നുക? സന്താപമോ സന്തോഷമോ? എന്തായാലും അവളുടെ ജീവിതം സുഖസമ്പന്നമാകട്ടെ. ഉറക്കഗുളികകളുടെ കുപ്പി വീണ്ടും കൈയ്യിലെടുത്തു, നാലു ഗ്ലാസ്സു വെള്ളവുമെടുത്ത്‌ അടുത്തു വച്ചു. വെള്ളത്തിന്റെ ദൌര്‍ലഭ്യമുണ്ടാകരുത്‌. ഗുളികകള്‍ തൊണ്ടയില്‍ കുടുങ്ങാതിരിയ്‌ക്കണമെങ്കില്‍ വെള്ളം ധാരാളം കുടിയ്‌ക്കണം.

അപ്പോഴാണ്‌ വീണ്ടും ചില ചിന്തകള്‍ വന്നു കയറിയത്‌.

സാക്ഷ്യപ്പെടുത്താത്ത വില്‍പ്പത്രത്തിന്‌ കാലിഫോര്‍ണിയയില്‍ നിയമസാധുതയുണ്ടാകുകയില്ല. കാലിഫോര്‍ണിയയിലെന്നല്ല, മിയ്‌ക്ക രാജ്യങ്ങളിലും വില്‍പ്പത്രം ഒപ്പിടുന്നത്‌ സാക്ഷികളുടെ മുന്‍പില്‍ വച്ചായിരിയ്‌ക്കണം. ഇവിടെ, അമേരിക്കയില്‍, ആരാണ്‌ സാക്ഷികളായി തന്റെ വില്‍പ്പത്രത്തില്‍ ഒപ്പിടാന്‍ തയ്യാറാകുക? ഓഫീസിലെ സഹപ്രവര്‍ത്തകരാണ്‌ ഇവിടെ അടുപ്പമുള്ളവര്‍. സാക്ഷികളായി ഒപ്പിടാന്‍ അവര്‍ തയ്യാറാകുമായിരിയ്‌ക്കും. പക്ഷേ, അതോടെ വില്‍പ്പത്രത്തിന്റെ ഉള്ളടക്കം പരസ്യമാകും. വില്‍പ്പത്രം തയ്യാറാക്കുന്നതു തന്നെ എന്തോ ഒരു ഗൂഢോദ്ദേശം മനസ്സില്‍ വച്ചുകൊണ്ടാണ്‌ എന്ന സംശയത്തിനും അതിടയാക്കും. രഹസ്യങ്ങള്‍ പരസ്യമാകും. പ്ലാനുകളാകെ തകരും.

സാക്ഷ്യപ്പെടുത്തേണ്ടെന്നു വച്ചാല്‍, വില്‍പ്പത്രത്തിനു നിയമസാധുതയില്ലാതാകും. അതെഴുതാനുപയോഗിച്ച കടലാസ്സിന്റെ വില പോലും അതിനുണ്ടാവില്ല. അത്തരമൊരു കടലാസ്സ്‌ സാവിയ്‌ക്കെന്നല്ല ആര്‍ക്കും അയച്ചുകൊടുത്തിട്ടു കാര്യമില്ല. അങ്ങനെ ചെയ്‌താല്‍, അമ്മയുണ്ടായിരുന്നെങ്കില്‍ തീര്‍ച്ചയായും ശകാരം കേട്ടേനേ: ഒരു കാര്യം ചെയ്യുന്നുണ്ടെങ്കിലത്‌ നേരേ ചൊവ്വേ ചെയ്യണം. അല്ലെങ്കില്‍ ചെയ്യരുത്‌.

വേറൊരു ചിന്തയുമെത്തി.

തന്റെ സ്വത്തുക്കള്‍ സാവിയ്‌ക്കു കിട്ടുന്നെന്നിരിയ്‌ക്കട്ടെ. അതുകൊണ്ട്‌ അവളുടെ ജീവിതം കൂടുതല്‍ സന്തോഷകരമായിത്തീരുമോ? മള്‍ട്ടി ബില്യന്‍ രൂപ വിലവരുന്ന സ്വത്തുക്കളുടെ ഉടമയായിക്കഴിയുമ്പോള്‍ അവള്‍ ഇപ്പോഴത്തെ ഭര്‍ത്താവിനെ ഒരല്‍പ്പം പുച്ഛത്തോടെയായിരിയ്‌ക്കില്ലേ വീക്ഷിയ്‌ക്കാന്‍ തുടങ്ങുക. സാവിയുടെ സ്വഭാവത്തെ പിന്തിരിഞ്ഞു നോക്കിക്കാണുമ്പോള്‍ അതിനുള്ള സാദ്ധ്യത ചെറുതായെങ്കിലും കാണാന്‍ കഴിയുന്നുണ്ട്‌. ഈ ശങ്ക യാഥാര്‍ത്ഥ്യമായാല്‍, അവളുടെ ഇപ്പോഴത്തെ ദാമ്പത്യവും തകര്‍ന്നതു തന്നെ. ഇപ്പോഴത്തേതു മാത്രമല്ല, തുടര്‍ന്നുണ്ടായേയ്‌ക്കാവുന്ന ബന്ധങ്ങളെല്ലാം തകരാന്‍ സാദ്ധ്യതയുണ്ട്‌. ഫലത്തില്‍, സ്വത്തുകളുടെ ആധിക്യം മൂലം അവള്‍ക്കൊരു ശാശ്വതമായ ദാമ്പത്യജീവിതം നിഷേധിയ്‌ക്കപ്പെട്ടെന്നും വരാം.

മറ്റൊരു ചിന്തയും കടന്നു കൂടി. ഇവിടെ, അമേരിക്കയില്‍ വച്ച്‌, ആത്മഹത്യ ചെയ്യുന്നതു ഭംഗിയല്ല. ഇവിടെയുള്ള ഇന്ത്യക്കാര്‍ക്ക്‌ അതൊരു പേരുദോഷമാകും. ഇവിടെത്തന്നെ തുടരുന്ന സാവിയ്‌ക്കും അതു ദോഷമായിത്തീര്‍ന്നേയ്‌ക്കാം. സംശയത്തിന്റെ കരിനിഴല്‍ അവളുടെ മേല്‍ പതിച്ചെന്നും വരാം. സാവിയില്‍ നിന്ന്‌ എത്ര അകന്നാല്‍ത്തന്നെയും അവള്‍ക്കൊരു ദോഷവും വന്നു ചേരാന്‍ പാടില്ല.

മാത്രമല്ല, കേരളത്തില്‍ ചെറിയമ്മയും മറ്റു ബന്ധക്കളുമുള്ള നിലയ്‌ക്ക്‌ അവര്‍ക്ക്‌ മൃതദേഹത്തെ (തന്റെ മൃതദേഹത്തെപ്പറ്റിയാണീ പറയുന്നതൊക്കെ!) ഇവിടുന്ന്‌ കേരളത്തിലേയ്‌ക്കു വരുത്തേണ്ടി വരും. അതവര്‍ക്ക്‌ ബുദ്ധിമുട്ടുകളുണ്ടാക്കും. അതൊഴിവാക്കാന്‍ അവര്‍ക്കു പറ്റുകയുമില്ല. അസ്വാഭാവികമരണമായതിനാല്‍ തന്റെ മൃതദേഹത്തെ പോസ്റ്റ്‌മോര്‍ട്ടം ചെയ്യേണ്ടി വരും. പോസ്റ്റ്‌മോര്‍ട്ടം ചെയ്‌ത തന്റെ മൃതദേഹത്തെ ആരെങ്കിലും ആദ്യം ഏറ്റുവാങ്ങി ഇവിടെയടുത്തുള്ള ഏതെങ്കിലുമൊരു ഫ്യൂനറല്‍ ഹോമില്‍ എത്തിയ്‌ക്കേണ്ടി വരും. അവിടെത്തന്നെ മോര്‍ച്ച്വറിയുണ്ടെങ്കില്‍ അവിടെ, അല്ലെങ്കില്‍ അടുത്തുള്ള ഏതെങ്കിലും മോര്‍ച്ച്വറിയിലേയ്‌ക്ക്‌. ഏതെങ്കിലും എയര്‍ലൈന്‍കാര്‍ മൃതദേഹം ഇന്ത്യയിലേയ്‌ക്കു മാത്രമല്ല, കേരളം വരെ എത്തിച്ചു കൊടുക്കാന്‍ തയ്യാറാകുന്നതു വരെ താന്‍ ഏതാണ്ടൊരനാഥപ്രേതം കണക്കെ മോര്‍ച്ച്വറിയില്‍ തുടരേണ്ടി വരും.

ഭാരിച്ച ചെലവുള്ള കാര്യങ്ങളാണിതെല്ലാം. തടസ്സങ്ങള്‍ പലതുമുണ്ട്‌. പലരും കനിയുകയും വേണം.

സാധാരണ മരണമായിരുന്നെങ്കില്‍ ഈ ചെലവുകളൊക്കെ ചെയ്യാനും കാര്യങ്ങള്‍ ഏറ്റെടുത്തു നിര്‍വ്വഹിയ്‌ക്കാനും പലരും മുന്നോട്ടു വന്നേനേ. പക്ഷേ, ആത്മഹത്യയാണെങ്കില്‍ ഇതിനൊക്കെ ആരെങ്കിലും മുന്നോട്ടു വരുമോ എന്നു കണ്ടറിയുക തന്നെ വേണം.

മൃതദേഹത്തെ അമേരിക്കയില്‍ നിന്നു വരുത്താനും അതു വരുന്നതുവരെ അതിന്നായി ക്ഷമയോടെ കാത്തിരിയ്‌ക്കാനും അതെത്തിക്കഴിയുമ്പോള്‍ അതിനെ വേണ്ടുംവണ്ണം ദഹിപ്പിയ്‌ക്കാനുമെല്ലാം നാട്ടില്‍ ആരാണു തയ്യാറാകുക! ചെറിയമ്മയ്‌ക്കു മാത്രമാണ്‌ അല്‍പ്പമെങ്കിലും അടുപ്പമുള്ളത്‌. മറ്റുള്ള ബന്ധുക്കളില്‍ അധികം പേരൊന്നും തനിയ്‌ക്കു വേണ്ടി ബുദ്ധിമുട്ടുമെന്നു തോന്നുന്നില്ല. സാവിയെ പ്രണയിയ്‌ക്കുന്നതിനിടയില്‍ അവരെ ഓര്‍മ്മിയ്‌ക്കുക പോലും ചെയ്‌തിരുന്നില്ല. ചെറിയമ്മയ്‌ക്കാണെങ്കില്‍ വാര്‍ദ്ധക്യവുമായി. ഇക്കാര്യങ്ങളൊക്കെ കൈകാര്യം ചെയ്യേണ്ടി വന്നാല്‍ ചെറിയമ്മ ബുദ്ധിമുട്ടും. അല്ലെങ്കില്‍ത്തന്നെ ചെറിയമ്മ ബുദ്ധിമുട്ടിലാണ്‌. താന്‍ കാരണം ചെറിയമ്മയുടെ ബുദ്ധിമുട്ടുകള്‍ കൂടാനിടവരരുത്‌.

ആത്മഹത്യ ഇന്ത്യയില്‍ വച്ചുതന്നെയാണെങ്കില്‍ അതേത്തുടര്‍ന്നുള്ള ചെലവുകളും ബുദ്ധിമുട്ടുകളും വളരെക്കുറയും.

ചിന്തകള്‍ തീര്‍ന്നില്ല. മറ്റൊരു തീരുമാനം കൂടി ഒരു പുനര്‍വിചിന്തനത്തിനു വിധേയമാക്കി: സാവിയ്‌ക്ക്‌ തന്റെ സ്വത്തുക്കള്‍ കിട്ടാന്‍ എന്താണര്‍ഹത? തന്നെ വഞ്ചിച്ച വ്യക്തിയ്‌ക്ക്‌ സ്വത്തുക്കളെന്തിനു കൊടുക്കണം? തന്നോടു മാപ്പു ചോദിച്ചില്ല. ചോദിച്ചതു വിവാഹമോചനമാണ്‌. സാവിയ്‌ക്ക്‌ തന്റെ സ്വത്തുക്കള്‍ കിട്ടാന്‍ യാതൊരര്‍ഹതയുമില്ല. സാവിയില്‍ നിന്നകലണമെന്ന തോന്നല്‍ പെട്ടെന്നുടലെടുത്തു, തന്നെ അതിശയിപ്പിച്ചുകൊണ്ട്‌ പെട്ടെന്നു ശക്തി പ്രാപിയ്‌ക്കുകയും ചെയ്‌തു.

സ്വത്തുക്കള്‍ സാവിയ്‌ക്കു കൊടുക്കുന്നില്ലെങ്കില്‍ മറ്റാര്‍ക്കാണു കൊടുക്കുക. ചെറിയമ്മയ്‌ക്കോ? വാര്‍ദ്ധക്യത്തിലെത്തിക്കഴിഞ്ഞിരിയ്‌ക്കുന്ന ചെറിയമ്മയ്‌ക്കു കൊടുത്താല്‍ അതിനു വേണ്ടി ചെറിയമ്മയുടെ മക്കളും അവരുടെ മക്കളുമെല്ലാം തമ്മില്‍ത്തല്ലാന്‍ തുടങ്ങിയേയ്‌ക്കാം. അതോടെ അവരുടെ ജീവിതവും കുട്ടിച്ചോറാകും. ഇപ്പോഴവര്‍ക്ക്‌ സമ്പത്തു കാര്യമായില്ലെങ്കിലും, അവരെല്ലാം അല്‍പ്പം സമാധാനത്തിലെങ്കിലും ജീവിച്ചുപോരുന്നുണ്ട്‌. അതിനു ഭംഗം വരുത്താതിരിയ്‌ക്കുന്നതാണു നല്ലത്‌.

പെട്ടെന്നൊരു ചിന്ത ഓടിയെത്തി. ആരേയും വഞ്ചിയ്‌ക്കാത്ത, സത്യസന്ധയായ ഏതെങ്കിലുമൊരു സ്‌ത്രീയെ കണ്ടെത്തി സ്വത്തുമുഴുവനും അവള്‍ക്കു നല്‍കുക. എന്നിട്ടു മരിയ്‌ക്കുക. പറ്റുമെങ്കില്‍ അവളുടെ മടിയില്‍ക്കിടന്നു തന്നെ മരിയ്‌ക്കുക. പരപുരുഷനെ രഹസ്യമായി സ്വീകരിച്ച്‌ സാവി തന്നെ വഞ്ചിച്ചു. താന്‍ പരിശുദ്ധയായ സാവിത്രിയാണെന്ന്‌ തന്നെ പറഞ്ഞു വിശ്വസിപ്പിച്ചിരുന്ന സാവി സാവിത്രി സാവിത്രിയല്ലാതായിത്തീര്‍ന്നു. പരപുരുഷന്മാരെ രഹസ്യമായി സീകരിയ്‌ക്കുന്ന സാവിയേക്കാള്‍ സത്യമുള്ളവരാണ്‌ പരപുരുഷന്മാരെ പരസ്യമായി സ്വീകരിയ്‌ക്കുന്ന വനിതകള്‍. അവര്‍ തങ്ങള്‍ ചെയ്യുന്ന കാര്യം ഒളിച്ചു വയ്‌ക്കുന്നില്ല, സാവിത്രിമാരായി നടിയ്‌ക്കുന്നില്ല, ആരേയും വഞ്ചിയ്‌ക്കുന്നില്ല.

വഞ്ചിയ്‌ക്കുന്ന വനിതകളോടുള്ള പ്രതിഷേധസൂചകമായി വഞ്ചിയ്‌ക്കാത്ത ഒരു വനിതയ്‌ക്ക്‌ സ്വത്തുമുഴുവനും കൊടുക്കുകയും അവളുടെ മടിയില്‍ക്കിടന്നു മരിയ്‌ക്കുകയും ചെയ്യുക തന്നെ. അത്തരമൊരു വനിതയെ എവിടെയാണ്‌ കണ്ടെത്തണം. അത്തരക്കാര്‍ ഇന്ത്യയില്‍ എവിടെയാണുള്ളത്‌? മുംബൈയിലെ ചുവന്നതെരുവില്‍ അത്തരം വനിതകള്‍ ധാരാളമുണ്ടെന്നറിഞ്ഞിട്ടുണ്ട്‌. ചുവന്നതെരുവ്‌ മുംബൈയില്‍ എവിടെയാണെന്ന്‌ ഗൂഗിളില്‍ നിന്നു കണ്ടു പിടിച്ചു. കാമാഠിപുര. പുരുഷന്മാരെ പരസ്യമായി ക്ഷണിയ്‌ക്കുന്ന സ്‌ത്രീകളുടെ പടങ്ങള്‍.

മരണം കാമാഠിപുരയില്‍ തന്നെ. സത്യസന്ധയായ, വഞ്ചിയ്‌ക്കാത്ത ഒരു വനിതയെ ആദ്യം കണ്ടെത്തുക. അവളുടെ മടിയില്‍ തല ചായ്‌ച്ചുകിടന്നു മരിയ്‌ക്കുക. മരിയ്‌ക്കാന്‍ അവളുടെ സഹായം തേടണം. തന്നെ മരിയ്‌ക്കാന്‍ അവള്‍ സഹായിച്ചാല്‍, തന്റെ ആത്മഹത്യാശ്രമം അവള്‍ വിജയിപ്പിച്ചുതന്നാല്‍, തന്റെ സ്വത്തുമുഴുവനും അവള്‍ക്ക്‌. ആത്മഹത്യ ചെയ്യാന്‍ സഹായിച്ചതിന്‌ അര്‍ദ്ധശതകോടി രൂപ ഇനാം. ലോകത്ത്‌ ഇത്തരമൊരു സമ്മാനം ഇന്നേവരെ ആരും കൊടുത്തിട്ടുണ്ടാവില്ല. ചരിത്രം സൃഷ്ടിയ്‌ക്കാന്‍ പോകുന്നു. സാധാരണയായി സ്വത്തിനുവേണ്ടിയാണ്‌ ആളുകള്‍ കൊല്ലാറ്‌. ഇവിടെയാ!കട്ടെ കൊന്നു തരാന്‍ വേണ്ടി സ്വത്തു നല്‍കപ്പെടുന്നു.

അസോസിയേറ്റ്‌ വൈസ്‌ പ്രസിഡന്റാണു ബോസ്സ്‌. ലീവു ചോദിയ്‌ക്കുകയല്ല ചെയ്‌തത്‌. ഇന്ത്യയിലേയ്‌ക്കു പോകേണ്ട ഒരത്യാവശ്യം വന്നിരിയ്‌ക്കുന്നു എന്നേ പറഞ്ഞുള്ളു. ഇത്‌ അവസാനപ്പോക്കാണ്‌, ഇനിയൊരു തിരിച്ചുവരവില്ല എന്നു പറഞ്ഞില്ല. അദ്ദേഹം ചോദിച്ചുമില്ല. ലീവെടുക്കാറില്ലാത്ത വ്യക്തിയാണെന്ന്‌ മറ്റാരെക്കാളും നന്നായി അദ്ദേഹത്തിന്നറിയാം. എല്ലാ പ്രോജക്‌റ്റുകളും ഷെഡ്യൂളിനു മുന്‍പു തന്നെ പൂര്‍ത്തീകരിച്ചു കൊടുത്തിട്ടുള്ള, കാര്യനിര്‍വ്വഹണ ശേഷി സംശയാതീതമായി തെളിയിച്ചുകഴിഞ്ഞിരിയ്‌ക്കുന്ന സമര്‍ത്ഥനായ പ്രോജക്‌റ്റ്‌ മാനേജര്‍. ഉത്തരവാദിത്വബോധമുള്ള വ്യക്തി. രാജാവിനേക്കാള്‍ രാജഭക്തിയുള്ളയാള്‍. ഓ...ക്കേ...പോയ്‌വരൂ.

ദിവസങ്ങള്‍ക്കകം മുംബൈയിലെ ഹ്യാട്ട്‌ റീജന്‍സിയിലെത്തി. ബുക്കു ചെയ്‌തിരുന്ന റൂമിലെത്തിയ ഉടനെ റിസപ്‌ഷനിലേയ്‌ക്കു വിളിച്ചു. നൂറു രൂപയുടെ മുദ്രപ്പത്രം വേണം എന്നാവശ്യപ്പെട്ടു. മുദ്രപ്പത്രത്തിലെഴുതാനായി പേരും നാട്ടിലെ മേല്‍വിലാസവും പറഞ്ഞുകൊടുത്തു. വില്‍പ്പത്രം കടലാസ്സിലല്ല, മുദ്രപ്പത്രത്തില്‍ത്തന്നെയെഴുതി ബലപ്പെടുത്തിക്കളയാം. ചെയ്യുന്നത്‌ നേരേ ചൊവ്വേ തന്നെ ചെയ്‌തേയ്‌ക്കാം.

ഒന്നുറങ്ങി ഉറക്കച്ചടവു തീര്‍ത്തപ്പോഴേയ്‌ക്കും മുദ്രപ്പത്രമെത്തിയിരുന്നു. അതിലെഴുതാനുള്ള കാര്യങ്ങളെല്ലാം നേരത്തേ തന്നെ തയ്യാറാക്കി വച്ചിരുന്നു. അവ സ്വന്തം കൈപ്പടയില്‍ മുദ്രപ്പത്രത്തിലേയ്‌ക്കു പകര്‍ത്തി. വില്‍പ്പത്രത്തിന്റെ ഗുണഭോക്താവിന്റെ പേരും മേല്‍വിലാസവും രേഖപ്പെടുത്താനുള്ള സ്ഥലം മാത്രം പിന്നീടു പൂരിപ്പിയ്‌ക്കാനായി ഒഴിച്ചിട്ടു. മറ്റെല്ലാത്തരത്തിലും വില്‍പ്പത്രം പൂര്‍ത്തിയാക്കി. ഒപ്പിടും മുന്‍പ്‌ റിസപ്‌ഷനിലേയ്‌ക്കു വിളിച്ചു പറഞ്ഞു, പ്രധാനപ്പെട്ട ഒരു ഡോക്യുമെന്റ്‌ ഒപ്പിടാനുണ്ട്‌. രണ്ടു സാക്ഷികളുടെ മുന്‍പില്‍ വച്ചുവേണം അതൊപ്പിടാന്‍. സാക്ഷികളായി ഒപ്പിടാന്‍ രണ്ടു പേരെ മുറിയിലേയ്‌ക്കു പറഞ്ഞു വിടുക.

രണ്ടു റൂം സെര്‍വ്വീസുകാര്‍ ഉത്സാഹപൂര്‍വ്വം ഉടനെത്തി.

ഈ മുദ്രപ്പത്രത്തില്‍ എനിയ്‌ക്ക്‌ ഒപ്പിടാനുണ്ട്‌. നിങ്ങളുടെ മുന്‍പില്‍ വച്ച്‌ ഞാന്‍ ഒപ്പിടുന്നു. നിങ്ങളുടെ മുന്‍പില്‍ വച്ച്‌ ഞാന്‍ ഒപ്പിട്ടതിനുള്ള സാക്ഷികളായി നിങ്ങളും ഒപ്പിടണം. ഇംഗ്ലീഷില്‍ പേരും മേല്‍വിലാസവും എഴുതണം. ഓക്കേ? രണ്ടുപേര്‍ക്കും പേരും മേല്‍വിലാസവും തെറ്റുകൂടാതെ ഇംഗ്ലീഷില്‍ എഴുതാനറിയാം. രണ്ടുപേര്‍ക്കും പരിപൂര്‍ണ്ണസമ്മതം. എല്ലാവരും എല്ലായിടങ്ങളിലും വേണ്ടുംവണ്ണം ഒപ്പിട്ടു. ഈ ഡോക്യുമെന്റ്‌ എനിയ്‌ക്കു വളരെ പ്രധാനപ്പെട്ടതാണ്‌. നന്ദിസൂചകമായി ഇതാ രണ്ടു പേര്‍ക്കും ആയിരം രൂപ വീതം. റൂംസര്‍വ്വീസുകാര്‍ രൂപ കൈപ്പറ്റി സന്തോഷത്തോടെ പോയി. ഒപ്പിടാനിനിയുമുണ്ടെങ്കില്‍ വിളിച്ചോളൂ, സര്‍...എത്ര വേണമെങ്കിലും ഒപ്പിടാന്‍ തയ്യാര്‍ എന്ന സന്ദേശം അവരുടെ മുഖത്തു തെളിഞ്ഞു നിന്നിരുന്നു. അവര്‍ സാക്ഷ്യപ്പെടുത്തിയ വില്‍പ്പത്രം വഴി കൈമാറ്റം ചെയ്യാന്‍ പോകുന്ന സ്വത്ത്‌ എത്രയെന്ന്‌ അവര്‍ മനസ്സിലാക്കിയിട്ടില്ലെന്നുറപ്പ്‌.

വില്‍പ്പത്രത്തിലൊന്നു കണ്ണോടിച്ചു. സ്വത്തുക്കളുടെ ആകെ മൂല്യം അര്‍ദ്ധശതകോടിയുടെ സമീപത്ത്‌. അമേരിക്കയിലെ രണ്ടു ഫ്‌ലാറ്റുകള്‍, കാറ്‌, വീട്ടുപകരണങ്ങള്‍, ഡോളറിലുള്ള സേവിംഗ്‌സ്‌ അക്കൌണ്ടുകള്‍, ഇന്ത്യന്‍ റുപ്പിയിലുള്ള സേവിംഗ്‌സ്‌ അക്കൌണ്ടും സ്ഥിരനിക്ഷേപങ്ങളും.

ജോലിസംബന്ധമായി കിട്ടാനുള്ള തുകകള്‍. അമേരിക്കന്‍ കമ്പനികളുടേയും ഇന്ത്യന്‍ കമ്പനികളുടേയും ഓഹരികള്‍. ഒടുവില്‍, നാട്ടില്‍ അവശേഷിയ്‌ക്കുന്ന ചെറു വീടും അതിനോടു ചേര്‍ന്ന ചെറുപുരയിടവും. അമ്മ മരിച്ച ശേഷം അങ്ങോട്ടു കടന്നിട്ടേയില്ല...ഓര്‍മ്മയിലുള്ളതെല്ലാം ഉള്‍പ്പെടുത്തി, ഒന്നു പോലും വിട്ടുപോകാതെ, വില്‍പ്പത്രം കൂലങ്കഷമായിത്തന്നെ തയ്യാറായിരിയ്‌ക്കുന്നു. സ്വന്തം കൈപ്പടയില്‍, മുദ്രപ്പത്രത്തില്‍ എഴുതിയൊപ്പിട്ട്‌, വേണ്ടും വണ്ണം സാക്ഷ്യപ്പെടുത്തിയ വില്‍പ്പത്രം. ഇന്ത്യയില്‍ ഇതിനു നിയമസാധുതയുണ്ടായിരിയ്‌ക്കണം.

കാമാഠിപുരയിലെ ഏതോ ഒരു വനിത ഇന്നു രാത്രി മുതല്‍ അമേരിക്കയിലെ ഫ്‌ലാറ്റുകളും ഡോളര്‍ അക്കൌണ്ടുകളുമടങ്ങുന്ന വലിയൊരു സമ്പത്തിന്റെ ഉടമ. മുംബൈ നഗരത്തിലെ സത്യസന്ധയായ, വഞ്ചിയ്‌ക്കാത്ത ആ വനിത ആരെന്ന്‌ വൈകുന്നേരമറിയാം. സമ്പാദ്യം മുഴുവന്‍ അവളെ ഏല്‍പ്പിച്ച്‌, ഗുഡ്‌ബൈ! ഈ പാഠം സാവി പഠിയ്‌ക്കാനുള്ളതാണ്‌. ഇനിയവള്‍ വഞ്ചിയ്‌ക്കരുത്‌. അവള്‍ മാത്രമല്ല, ഒരു വനിതയും സ്‌നേഹിയ്‌ക്കുന്ന ഭര്‍ത്താവിനെ വഞ്ചിയ്‌ക്കരുത്‌.

സ്വത്തു മുഴുവനും ഏതൊരാള്‍ക്കാണോ കൊടുക്കാനുദ്ദേശിയ്‌ക്കുന്നത്‌, ആ വ്യക്തിയുടെ പേരും മേല്‍വിലാസവും പൂരിപ്പിയ്‌ക്കുക മാത്രമാണ്‌ വില്‍പ്പത്രത്തില്‍ ഇനി ആകെക്കൂടി ചെയ്യാനുള്ളത്‌. അതു കൂടി ചെയ്‌താല്‍ തന്റെ മരണശേഷം സ്വത്തുമുഴുവനും അവള്‍ക്ക്‌ ഉറപ്പായും ലഭിച്ചതു തന്നെ, ശങ്ക വേണ്ട. കാമാഠിപുരയിലെത്തിയ ശേഷം പറ്റിയൊരു വനിതയെ തേടി കണ്ടു പിടിയ്‌ക്കണം. അവളുടെ വിവരങ്ങള്‍ ശേഖരിച്ച്‌ വില്‍പ്പത്രം പൂരിപ്പിയ്‌ക്കണം. പൂര്‍ത്തിയായ വില്‍പ്പത്രം അവളെ ഏല്‍പ്പിയ്‌ക്കണം. അവളുടെ സഹായത്തോടെ ഉറക്കഗുളികകള്‍ മുഴുവനും വിഴുങ്ങണം. അത്രേയുള്ളു. തന്റെ കര്‍മ്മങ്ങള്‍ അതോടെ അവസാനിയ്‌ക്കുന്നു. ശേഷിയ്‌ക്കുന്ന കര്‍മ്മങ്ങള്‍ അവളുടേതാണ്‌. താന്‍ മരിച്ചാല്‍ കിട്ടാന്‍ പോകുന്ന സ്വത്ത്‌ എത്രയെന്നറിയുമ്പോള്‍ ആത്മഹത്യ ചെയ്യാന്‍ സഹായിയ്‌ക്കുക മാത്രമല്ല, തന്നെ കൊന്നു തരാന്‍ പോലും ചിലരെങ്കിലും തയ്യാറായേയ്‌ക്കും! ഇതിന്റെ നൂറിലൊരംശം മാത്രമുള്ള സ്വത്തുക്കള്‍ക്കായിപ്പോലും ആളുകള്‍ പരസ്‌പരം കൊല്ലുന്നു. അതുകൊണ്ട്‌ മരണം ഏതുവിധേനയും ഉറപ്പ്‌.

പുതിയ ഒരാത്മഹത്യക്കുറിപ്പു കൂടി തയ്യാറാക്കി. പഴയതു കീറിക്കളഞ്ഞു. തന്റെ ആത്മഹത്യയ്‌ക്ക്‌ ആരും ഉത്തരവാദിയല്ല. സ്വമനസ്സാലെ, സ്വന്തം ഇച്ഛയാലെ ചെയ്യുന്നതാണിത്‌. ഈ ജന്മത്തിലെ ജീവിതം മതിയായി. ഇനിയുള്ളതെല്ലാം അടുത്ത ജന്മത്തിലാകട്ടെ. ഒപ്പിട്ടു.

വൈകുന്നേരം അഞ്ചുമണിയ്‌ക്ക്‌ വില്‍പ്പത്രവും ആത്മഹത്യക്കുറിപ്പും ഭദ്രമായി ഒരു കവറിലിട്ടു മടക്കി പാന്റിന്റെ പോക്കറ്റില്‍ നിക്ഷേപിച്ചു. ആ പോക്കറ്റില്‍ത്തന്നെ ഉറക്കഗുളികകളുടെ കുപ്പിയും നിക്ഷേപിച്ചു. കൈയ്യിലുണ്ടായിരുന്ന ഇന്ത്യന്‍ രൂപയില്‍ മുക്കാലും കൈയ്യിലെടുത്തു. ഇന്നത്തെ ആവശ്യത്തിനുള്ളതും അതിലധികവും കൈയ്യിലുണ്ട്‌. ശേഷിയ്‌ക്കുന്നവ സത്യസന്ധയ്‌ക്കുള്ളതാണ്‌. ഒരു പേന ഷര്‍ട്ടിന്റെ പോക്കറ്റില്‍ കുത്തി. പേനയുടെ ആവശ്യം വരും. വില്‍പ്പത്രം പൂരിപ്പിയ്‌ക്കാനുണ്ട്‌.

ടാക്‌സി വരുത്തി. െ്രെഡവറോടു പറഞ്ഞു, കാമാഠിപുര. െ്രെഡവര്‍ സംശയത്തോടെ, സങ്കോചത്തോടെ മുഖത്തേയ്‌ക്കു നോക്കി. സ്ഥലപ്പേര്‌ വീണ്ടും ആവര്‍ത്തിച്ചു. സംശയിയ്‌ക്കേണ്ട, പോകേണ്ടത്‌ അങ്ങോട്ടുതന്നെ. കാമാഠിപുരയിലേയ്‌ക്ക്‌. മുംബൈനഗരത്തിലെ സായാഹ്നസമയത്തെ തിരക്കിലൂടെ െ്രെഡവര്‍ ഊളിയിട്ട്‌ കുറേയേറെ സമയം കഴിഞ്ഞപ്പോള്‍ കാമാഠിപുരയിലെത്തിച്ചു.

ഫോക്ക്‌ലന്റ്‌ റോഡ്‌. ഇതുതന്നെ സ്ഥലം. കാറില്‍ നിന്നിറങ്ങിയപ്പോള്‍ ഇരുട്ടായിക്കൊണ്ടിരിയ്‌ക്കുന്നു. എവിടെയാണു സത്യസന്ധയായ, വഞ്ചകിയല്ലാത്ത വനിത ഒളിച്ചിരിയ്‌ക്കുന്നത്‌? അവളെ എങ്ങനെ കണ്ടെത്തും? എങ്ങനേയും കണ്ടെത്തിയേ തീരൂ. സാവീ, നിന്റെ വഞ്ചനയ്‌ക്ക്‌ ഞാന്‍ പകരം ചോദിയ്‌ക്കാന്‍ പോകുന്നു-

കാറില്‍ നിന്നിറങ്ങി നടക്കാന്‍ തുടങ്ങിയ ഉടനെ കണ്ണില്‍പ്പെട്ടത്‌ ബാറുകളാണ്‌. മിന്നുന്ന കളര്‍ബള്‍ബുകള്‍ കൊണ്ട്‌ വര്‍ണ്ണശബളമായി അലങ്കരിച്ചിരിയ്‌ക്കുന്നു. ജീവിതത്തിലാകെക്കൂടി രണ്ടോ മൂന്നോ തവണ മാത്രമേ മദ്യം രുചിച്ചു നോക്കിയിട്ടുള്ളു. അപ്പോഴൊന്നും യാതൊരു രുചിയും തോന്നിയിട്ടില്ല. തന്നെയുമല്ല, സുബോധം കളഞ്ഞുകൊണ്ടുള്ള ആസ്വാദനത്തില്‍ വിശ്വസിച്ചിരുന്നുമില്ല. പതിറ്റാണ്ടുകളായി മദ്യം സ്‌പര്‍ശിച്ചിട്ട്‌. അമേരിക്കയിലായിരുന്നിട്ടു പോലും മദ്യം രുചിയ്‌ക്കുക പോലും ചെയ്‌തിട്ടില്ല. നിര്‍ബ്ബന്ധിയ്‌ക്കപ്പെട്ടപ്പോഴൊക്കെ കുട്ടികളെപ്പോലെ ഫ്രൂട്ട്‌ ജൂസില്‍ രക്ഷനേടിയിരുന്നു.

പക്ഷേ, ഇന്നത്തെ ദിവസം ചെയ്‌തുതീര്‍ക്കാനുള്ള അസാധാരണമായ കര്‍മ്മങ്ങള്‍ക്ക്‌ ഒട്ടേറെ ചങ്കുറപ്പും ഊര്‍ജ്ജവും ആവശ്യമുണ്ട്‌. ചങ്കുറപ്പും ഊര്‍ജ്ജവും സാവിയോടുള്ള രോഷത്തില്‍ നിന്നു തനിയേ ഉറവയെടുക്കുന്നുണ്ട്‌. എങ്കിലും ചങ്കുറപ്പും ഊര്‍ജ്ജവും ആവശ്യമുള്ളതിലുമേറെ ആയിപ്പോയെന്നുവച്ച്‌ ആപത്തൊന്നുമുണ്ടാകില്ലല്ലോ. അവ കുറഞ്ഞുപോയാലേ ആപത്തുള്ളു. മദ്യത്തിന്റെ ലഹരി മുപ്പതു ഉറക്കഗുളിക അകത്താക്കല്‍ അനായാസമാക്കും. ചെയ്യാനൊരുമ്പെട്ടിരിയ്‌ക്കുന്ന കാര്യങ്ങള്‍ വൃത്തിയായിത്തന്നെ ചെയ്യണം.

കൂടുതല്‍ ആലോചിയ്‌ക്കാന്‍ നിന്നില്ല, താരതമ്യേന വൃത്തിയുള്ളതെന്നു തോന്നിപ്പിച്ച ഒരു ബാറിനുള്ളിലേയ്‌ക്ക്‌ രണ്ടും കല്‍പ്പിച്ചു കയറി. ഇന്നത്തെപ്പോലൊരു ദിവസം ഇതുവരെയുണ്ടായിട്ടില്ല, ഇനിയൊട്ടുണ്ടാകുകയുമില്ല. ഇന്നു ഫുള്‍സ്‌റ്റോപ്പിടുന്നു. ജീവിതത്തിന്റെ തന്നെ ഫുള്‍സ്‌റ്റോപ്പ്‌. അതിലും വലിയ ഫുള്‍സ്‌റ്റോപ്പ്‌ വേറെയില്ല. മുപ്പതു ഗുളികകളാണ്‌ അകത്താക്കാനുള്ളത്‌. ലാവോ...കൊണ്ടുവാ...ക്യാക്യാഹെ...എന്താ ഉള്ളത്‌...ബ്രാന്റി...ഓ...ക്കെ? കൊണ്ടുവാ...ബീഫ്‌ െ്രെഫ...കൊണ്ടുവാ എല്ലാ െ്രെഫകളും...

അകത്താക്കിയതു ശകലം കൂടിപ്പോയോ എന്നൊരു സംശയം. കഴിച്ചത്‌ ഒരല്‍പ്പം ധൃതിയിലുമായിപ്പോയി. സ്വല്‍പ്പം കൂടി പതുക്കെ കഴിച്ചാല്‍ മതിയായിരുന്നു. ബ്രാന്റി എത്രത്തോളം അകത്താക്കുന്നോ ഗുളിക കഴിയ്‌ക്കല്‍ അത്രത്തോളം തന്നെ എളുപ്പമാകും എന്ന വിശ്വാസത്തിലാണ്‌ കൂടുതല്‍ അളവ്‌ അകത്താക്കിയത്‌. പക്ഷേ, ബാറില്‍ നിന്നു പുറത്തിറങ്ങിയപ്പോള്‍ മുംബൈ നഗരത്തിന്‌ ഒരാട്ടം ബാധിച്ചിരിയ്‌ക്കുന്നു!

ഇവിടെ എവിടെയാണ്‌ സത്യസന്ധകളായ സ്‌ത്രീകള്‍? ആടുന്ന റോഡ്‌, ആടിയാടി വരുന്ന വാഹനങ്ങള്‍, ആടിയാടി നടക്കുന്ന ആളുകള്‍...ആടിയാടി റോഡു മുറിച്ചുകടന്ന്‌ ഫുട്‌പാത്തിലേയ്‌ക്കു കയറി. മെല്ലെ, സൂക്ഷിച്ച്‌, ഓരോ ചുവടും വച്ചു നടന്നു. വീഴരുത്‌. റോഡും ഫുട്‌പാത്തുമൊക്കെ ആടാന്‍ തുടങ്ങിയിരിയ്‌ക്കുമ്പോള്‍ എങ്ങനെയാണു വീഴാതെ നടക്കുക! ചുറ്റും ആളുകളൊക്കെ ധൃതിയില്‍ നടന്നു പോകുന്നുമുണ്ട്‌! സൂക്ഷിയ്‌ക്കുക തന്നെ. ജനത്തിന്റെ ഒഴുക്കില്‍പ്പെട്ട്‌, അതിനോടൊപ്പം മെല്ലെ, ഉരുണ്ടുവീഴാനിട വരാതെ അങ്ങനെ നടന്നു. അതിനിടയിലും ഇടയ്‌ക്കിടെ പോക്കറ്റുകള്‍ തപ്പി, കുപ്പിയും കടലാസ്സുകളും ഭദ്രമെന്ന്‌ ഉറപ്പു വരുത്തി.

വഞ്ചനയുടെ വിഷം പുരണ്ടിട്ടില്ലാത്ത, സത്യസന്ധമായ, മരിയ്‌ക്കാന്‍ പറ്റിയ ഒരു മടിത്തട്ടന്വേഷിച്ച്‌ ആടുന്ന മുംബൈ നഗരത്തിലൂടെ വേച്ചുവേച്ചു നടക്കുമ്പോള്‍ എവിടെയോ വച്ച്‌ ഒരു ചോദ്യം കേട്ടു: `മദ്രാസി ചോക്കരി ഹെ. ചാഹിയേ ക്യാ?'

ഒപ്പം നടന്നുകൊണ്ട്‌ ചോദിയ്‌ക്കുകയാണൊരാള്‍. അയാളതു പല തവണ ചോദിച്ചു കാണണം. ശ്രമപ്പെട്ടു തല തിരിച്ച്‌ ദൃഷ്ടികള്‍ അയാളുടെ മുഖത്തൂന്നി അയാളുടെ ചോദ്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിയ്‌ക്കാന്‍ ശ്രമിച്ചു. അയാള്‍ ചോദിയ്‌ക്കുന്നതെന്തെന്നു മനസ്സിലായത്‌ അപ്പോഴാണ്‌. തേടിയ വള്ളി കാലില്‍ച്ചുറ്റി. വള്ളിയല്ല, പാമ്പ്‌. അല്ല, പിമ്പ്‌.

ആളെ കാണുമ്പോള്‍ത്തന്നെ എവിടുത്തുകാരനാണെന്ന്‌ മനസ്സിലാക്കിയെടുക്കാനുള്ള കഴിവ്‌ ആ പിമ്പിനുണ്ടായിരുന്നിരിയ്‌ക്കണം. കണ്ടപ്പോഴേ അവന്‍ ആളെ തിരിച്ചറിഞ്ഞു. മിടുക്കന്‍. പക്ഷേ, അവനു ചെറിയൊരു തെറ്റു പറ്റി. മലയാളി മദ്രാസിയല്ല, മദ്രാസി മലയാളിയുമല്ല. മദ്രാസിനപ്പുറത്തും ലോകമുണ്ട്‌: കേരളം. അവിടെ മലയാളികളുണ്ട്‌. അവന്റെ തെറ്റു തിരുത്തിക്കൊടുത്തു. `മദ്രാസി നഹീ...മലയാളി, മലയാളി...'

`മലയാലി ചോക്കരി ഹെ. അച്ഛി ലഡ്‌കി. ആപ്‌കോ സരൂര്‍ പസംദ്‌ ആയെഗാ.' മലയാളിപ്പെണ്‍കൊടി. ഉഗ്രന്‍. നിങ്ങള്‍ക്ക്‌ തീര്‍ച്ചയായും ഇഷ്ടമാകും. ഒരു സംശയവും വേണ്ട. പിമ്പ്‌ വഴിയില്‍ പിടിച്ചു നിര്‍ത്തി, ചൂണ്ടുവിരലും തള്ളവിരലും കൂട്ടിമുട്ടിച്ച്‌ ഒന്നാന്തരം എന്ന്‌ ആംഗ്യം കാണിച്ചു. കേട്ടതു മുഴുവനും പതുക്കെ മനസ്സിലാക്കിയെടുക്കുന്നതിനിടയില്‍ അയാള്‍ വീണ്ടും വര്‍ണ്ണന തുടര്‍ന്നു, `അഗര്‍ ഉസ്‌കോ ഏക്‌ ബാര്‍ ദേഖേ, തോ ആപ്‌ സിന്ദഗീ മേ കിസീ ഓര്‍ കെ പാസ്‌ നഹി ജായെഗാ.' അവളെ ഒരു തവണ കണ്ടാല്‍, പിന്നെ ജീവിതത്തില്‍ മറ്റൊരാളുടെയടുത്തു പോവില്ലത്രെ!

അതെ. അവളെത്തന്നെയാണു വേണ്ടത്‌. എവിടെയാണവള്‍? അയാളുടെ കൂടെ കുറച്ചേറെ നടന്നു. ക്ഷമയോടെ. ഇടയ്‌ക്ക്‌ പോക്കറ്റു തപ്പി ഉറപ്പു വരുത്തി. കുപ്പിയും കവറുമെല്ലാം ഭദ്രം. കുപ്പിയില്‍ തലോടി. നിന്റെ സമയം വരുന്നു, കുപ്പിയോടായി പറഞ്ഞു. സാവീ...നീ പാഠം പഠിയ്‌ക്കും.

അതിനിടെ വയറ്റില്‍ ഒരു പ്രകമ്പനം ഉടലെടുത്തു. മനംപുരട്ടല്‍ തുടങ്ങി.

ഫോക്ക്‌ലന്റ്‌ റോഡ്‌ ഫിഫ്‌ത്‌ ലെയിന്‍ എന്ന ബോര്‍ഡിന്നടുത്തുള്ള കമ്പിയഴികളിട്ട ഒന്നാം നിലയുള്ളൊരു ഇരുണ്ട കെട്ടിടം. അതിന്റെ പാതി തുറന്ന വാതിലിന്റെ മുന്നില്‍ കൂട്ടം കൂടി നിന്നിരുന്ന പെണ്‍കിടാങ്ങളെ തള്ളിമാറ്റിക്കൊണ്ട്‌ അകത്തേയ്‌ക്കു കടന്ന മദ്ധ്യവര്‍ത്തിയുടെ കാലടികള്‍ സൂക്ഷ്‌മതയോടെ പിന്തുടര്‍ന്നു. ഇടനാഴികളിലൂടെ വേച്ചുവേച്ചു നടന്ന്‌ ഒരു മുറിയിലെത്തി. `ബൈഠിയേ. വോ അഭി ആയഗി.'

മദ്ധ്യവര്‍ത്തി നീട്ടിയ കൈയ്യിലേയ്‌ക്ക്‌ സമൃദ്ധമായൊരു തുക വച്ചുകൊടുത്തു. അയാള്‍ താണു തൊഴുതുകൊണ്ടു പോയി. പോകുന്ന വഴിയില്‍ ആര്‍ക്കോ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതു കേട്ടു. മലയാലി, ജല്‍ദി എന്നൊക്കെ കേട്ടു.

അതിന്നിടയില്‍ മനംപുരട്ടല്‍ വഷളായിക്കഴിഞ്ഞിരുന്നു. ബാറില്‍ നിന്നു തിന്നാനും കുടിയ്‌ക്കാനും കിട്ടിയത്‌ എന്തൊക്കെ വിഷവസ്‌തുക്കളായിരുന്നാവോ! വയറ്റില്‍ നിന്നു വായിലേയ്‌ക്ക്‌ ഉരുണ്ടുകയറ്റമാരംഭിച്ചു. മുറിയിലേയ്‌ക്ക്‌ അരിച്ചു കയറിയിരുന്ന വെളിച്ചത്തില്‍ ഛര്‍ദ്ദിയ്‌ക്കാനായി ഒരു വാഷ്‌ബേസിന്‍ തിരഞ്ഞു. പക്ഷേ കണ്ടില്ല. ആടിക്കൊണ്ടു നിന്നു.

മിനിറ്റുകള്‍ കഴിഞ്ഞപ്പോള്‍ ആരോ അകത്തു കടന്നു ലൈറ്റിട്ടു. ആടിക്കൊണ്ടിരിയ്‌ക്കുന്ന മുറിയില്‍ പ്രകാശം പരന്നപ്പോള്‍ വാഷ്‌ബേസിനു വേണ്ടിയുള്ള തിരച്ചില്‍ നിര്‍ത്തി, മെല്ലെ തിരിഞ്ഞു നോക്കി.

ശുഭ്രവസ്‌ത്രം, ചുരുണ്ട മുടി, മെലിഞ്ഞ ശരീരം...പതുക്കെ അടുത്തു വന്നപ്പോള്‍ കണ്ടു മന്ദഹസിയ്‌ക്കുന്ന കണ്ണുകള്‍. മദ്യത്തിന്റെ ലഹരിയ്‌ക്കും മനംപിരട്ടിലിന്നുമിടയിലും ആ കണ്ണുകളിലെ തിളക്കം ശ്രദ്ധയില്‍പ്പെട്ടു. ഒരു നിമിഷനേരത്തേയ്‌ക്ക്‌ മുറിയുടെ ആട്ടം പോലും നിന്ന പോലെ...

ഇല്ല, ഇതൊന്നും വിശ്വസിയ്‌ക്കരുത്‌. ഒക്കെയൊരു പ്രദര്‍ശനമായിരിയ്‌ക്കാം. കസ്റ്റമര്‍ക്കുള്ള റെഡിമേയ്‌ഡ്‌ സ്‌മൈല്‍. അല്ലെങ്കില്‍ത്തന്നെ പെണ്ണെന്ന വര്‍ഗ്ഗത്തെ വിശ്വസിയ്‌ക്കാന്‍ പാടില്ല. വിശ്വസിച്ചുപോയാല്‍ ഒടുവില്‍ ആത്മഹത്യ ചെയ്യേണ്ടി വരും. അല്ലെങ്കില്‍ കൊല്ലണം. കൊല്ലാന്‍ എന്തായാലും പറ്റില്ല.

`അങ്കുശമില്ലാത്ത ചാപല്യമേ, മന്നിലംഗനയെന്നു വിളിയ്‌ക്കുന്നു നിന്നെ ഞാന്‍...' ചങ്ങമ്പുഴയുടെ മുന്നറിയിപ്പ്‌ ആ കണ്ണുകളില്‍ നോക്കി പിറുപിറുത്തത്‌ അല്‍പ്പം ഉറക്കെയായിപ്പോയിരുന്നു. ആ മുഖത്തൊരു ഭാവഭേദവുമുണ്ടായില്ല. ഉച്ചാരണത്തില്‍ പെട്ടെന്നു കയറിക്കൂടിയ വൈകല്യങ്ങള്‍ കൊണ്ടു മനസ്സിലാകാതെ പോയതുമാകാം. അല്ലെങ്കില്‍ മലയാളിയാണോ എന്നു തന്നെ ആര്‍ക്കറിയാം! മലയാളിയല്ലായിരിയ്‌ക്കാം. പിമ്പ്‌ പറ്റിച്ചതുമാകാം. അയാളെയൊക്കെ ആരെങ്കിലും വിശ്വസിയ്‌ക്കുമോ! ആ സംശയങ്ങള്‍ക്കിടയിലും ആ രൂപത്തെ നിര്‍ന്നിമേഷനായി നോക്കി നിന്നു. വിവരിയ്‌ക്കാന്‍ പറ്റാത്ത എന്തോ ഒന്ന്‌ ആ കണ്ണുകളിലുണ്ടായിരുന്നു. ശത്രുവിനെ നിരായുധീകരിയ്‌ക്കാന്‍ പോന്ന മന്ദഹാസം. '...സിന്ദഗീ മേ ഓര്‍ കഹിം നഹി ജായെഗാ...' മദ്ധ്യവര്‍ത്തിയുടെ വാക്കുകളോര്‍ത്തു.

ചങ്ങമ്പുഴ വീണ്ടുമുണര്‍ന്നു. കാമാഠിപുരയിലെ തെരുവിലെ അന്തേവാസിനിയുടെ കണ്ണിലെ തിളക്കം എങ്ങനെ സ്‌നേഹത്തിന്റേതാകാന്‍? ഇതും വഞ്ചന തന്നെയായിരിയ്‌ക്കാം. ഈ തിളക്കം എത്ര സമയത്തേയ്‌ക്ക്‌? ഇതിലും വലിയ സ്‌നേഹപ്രകടനങ്ങള്‍ കള്ളത്തരമായി പരിണമിച്ചിരിയ്‌ക്കുന്നു. പിന്നെയോ ഇത്‌...

ഉരുണ്ടു കയറ്റം പെട്ടെന്നു ശക്തി പ്രാപിച്ചു. വയറ്റിലൊരു സുനാമി തന്നെ രൂപം കൊണ്ടു. അതു സകല നിയന്ത്രണങ്ങളും തകര്‍ത്ത്‌, വലിയൊരലര്‍ച്ചയോടെ പുറത്തേയ്‌ക്ക്‌...ഒരൊറ്റത്തട്ട്‌!

ബാറില്‍ വച്ച്‌ അകത്താക്കിയിരുന്ന അവസാന അത്താഴവും വീഞ്ഞും കുടത്തില്‍ നിന്നു ചാടുന്നതുപോലെ, വായിലൂടെയും മൂക്കിലൂടെയും പുറത്തു ചാടി. ശുഭ്രവസ്‌ത്രധാരിണിയുടെ വെള്ളസാരി മലിനമാകാതിരിയ്‌ക്കാന്‍ വേണ്ടി മുട്ടുകളില്‍ കൈകളൂന്നി, കുനിഞ്ഞു നിന്ന്‌ താഴേയ്‌ക്കു ഛര്‍ദ്ദിയ്‌ക്കാന്‍ ആ ദുസ്സഹാവസ്ഥയ്‌ക്കിടയിലും പരമാവധി ശ്രമിച്ചെങ്കിലും നിലത്തുവീണു തെറിച്ച ഛര്‍ദ്ദില്‍ അല്‍പ്പമൊക്കെ സാരിയിലും നിറം പടര്‍ത്തിയതു കണ്ടു.

ഒരു കണക്കിനു നിവര്‍ന്നു നിന്ന്‌, ആ മുഖത്തുനോക്കി `സോറി' എന്നു പറയാനുള്ള സാവകാശം മാത്രമേ കിട്ടിയുള്ളു. അടുത്ത ഛര്‍ദ്ദിയ്‌ക്കുള്ള അലര്‍ച്ചയ്‌ക്കിടയില്‍ `സോറി' മുങ്ങിപ്പോയി. വയറാകെ നെഞ്ചിനുള്ളിലേയ്‌ക്കു കയറി വരുന്നതു പോലെ. അവശനായി കൂനിക്കൂടി നിന്നു വീണ്ടും നിലത്തേയ്‌ക്കു ഛര്‍ദ്ദിച്ചു. മൂക്കിലൂടെയും വായിലൂടെയും. തൊണ്ട മാത്രമല്ല, ശിരസ്സുവരെ പുകഞ്ഞു. കാതുകള്‍ കൊട്ടിയടഞ്ഞു.

കുനിഞ്ഞുനില്‍ക്കുന്ന തന്റെ പുറത്ത്‌ ഒരു മൃദുസ്‌പര്‍ശം ആ വിഷമാവസ്ഥയിലും തിരിച്ചറിഞ്ഞു. ശുഭ്രവസ്‌ത്രത്തിലേയ്‌ക്ക്‌ ചേര്‍ത്തു നിര്‍ത്തുന്നതറിഞ്ഞു. സാരിയില്‍ അടയാളങ്ങള്‍ വീണ്ടും പടരുന്നത്‌ വ്യക്തമായിക്കണ്ടു.

വയറ്റില്‍ നിന്ന്‌ വീണ്ടുമൊരു സുനാമി കൂടി ഉയര്‍ന്ന്‌ പുറത്തേയ്‌ക്കു ചാടി. അതുകൂടി കഴിഞ്ഞപ്പോള്‍ നിവര്‍ന്നു നില്‍ക്കാന്‍ കെല്‍പ്പില്ലാതെ തളര്‍ന്ന്‌, അവശനായി, ഒരു വശത്തേയ്‌ക്കു ചരിഞ്ഞു. പക്ഷേ വീഴും മുന്‍പെ, അവള്‍ താങ്ങി, സ്വന്തം ശരീരത്തോടു ചേര്‍ത്ത്‌, മെല്ലെ, നിലത്തിരുത്തി. കൂടെയിരുന്ന്‌, ഇടതുകൈകൊണ്ടു ചുറ്റിപ്പിടിച്ച്‌, ഒരു കുഞ്ഞിനെയെന്നപോലെ അവളുടെ മാറില്‍ ചേര്‍ത്തു. മുഖത്തെ മാലിന്യങ്ങള്‍ അവളുടെ മാറിലെ വെള്ള സാരിയില്‍ പടര്‍ന്നു. ശിരസ്സും പുറവും അവള്‍ തലോടി. അര്‍ദ്ധശതകോടീശ്വരന്‍ കണ്ണടച്ച്‌ അവളുടെ മാറത്തു തളര്‍ന്നുകിടക്കുമ്പോള്‍ കൊട്ടിയടഞ്ഞിരുന്ന കാതുകളിലൂടെ മൃദുസ്വരത്തിലുള്ള ഒരു സാന്ത്വനം ഇളംകാറ്റു പോലെ കടന്നു വന്നു:

`സാരല്യ.'

(തുടരും)
വൈശാഖപൗര്‍ണ്ണമി ഭാഗം നാല്‌ (കഥ: സുനില്‍ എം.എസ്‌)
വൈശാഖപൗര്‍ണ്ണമി ഭാഗം നാല്‌ (കഥ: സുനില്‍ എം.എസ്‌)

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക