Image

മറ്റൊരു കുരിശിന്റെ വഴിയുടെ ഓര്‍മ്മയുമായി ഫാ.ചെല്ലാന്‍ തോമസ് അമേരിക്കയില്‍ - ഷോളി കുമ്പിളുവേലി

ഷോളി കുമ്പിളുവേലി Published on 17 April, 2014
മറ്റൊരു കുരിശിന്റെ  വഴിയുടെ ഓര്‍മ്മയുമായി ഫാ.ചെല്ലാന്‍ തോമസ് അമേരിക്കയില്‍ - ഷോളി കുമ്പിളുവേലി
ഫാ.ചെല്ലാന്‍ തോമസുമായി ഷോളി കുമ്പിളുവേലി നടത്തിയ അഭിമുഖം

2008 ഓഗസ്റ്റ് 24-#ാ#ം തിയ്യതി വൈകുന്നേരം. അവര്‍, നൂറുകണക്കിന് ആളുകള്‍ ആയുധങ്ങളുമേന്തി കൂട്ടത്തോട വരുന്നത് കണ്ട ഞങ്ങള്‍ ചിറതി ഓടി. എന്റെ കൂടെ തദ്ദേശികളായ വൈദികന്‍ ഫാ. കാസിയാനും, സിസ്റ്റര്‍ മീനയുമുണ്ട്. ഞങ്ങള്‍ അടുത്തുള്ള ഒരു കാട്ടില്‍ ഒളിച്ചു. ഞങ്ങളുടെ സ്ഥാപനങ്ങള്‍ അഗ്നിക്കിരയാകുന്നത് ഞെട്ടലോടെ കാട്ടിലിരുന്നു കണ്ടു. രാത്രി വൈകി, കാട്ടിലൂടെ നടന്ന് ഫാ. കാസിയാന്‍ ബന്ധു വാടയ്ക്കു താമസിക്കുന്ന ഒരു ചെറിയ വീട്ടില്‍ എത്തി. രാത്രി അവിടെ കഴിച്ചു കൂട്ടി. രാത്രി മുഴുവന്‍ അവര്‍ ഞങ്ങളെ തിരയുണ്ടായിരുന്നു. കൂട്ടത്തിലുള്ള പലരും രക്ഷപ്പെട്ടും. വേണമെങ്കില്‍ എനിക്കും രക്ഷപ്പെടാമായിരുന്നു. പക്ഷേ സിസ്റ്ററിനെ മാത്രമായി കൊലയാളികള്‍ക്ക് മുമ്പിലേക്ക് ഇട്ടുകൊടുത്തിട്ട് രക്ഷപ്പെടാന്‍ എനിക്കു മനസ്സുവന്നില്ല.
ഒറ്റ രാത്രികൊണ്ട് ഞങ്ങളുടെ ദേവാലയങ്ങളും, സ്‌ക്കൂളുകളും എല്ലാം അവര്‍ കത്തിച്ച് ചാമ്പലാക്കിയിരുന്നു. ഞങ്ങളെ കാണിച്ചു കൊടുക്കണമെന്നാവശ്യപ്പെട്ട്, ആദിവാസികളായ ക്രിസ്ത്യാനികളുടെ വീട്ടില്‍കയറി അവരെ മര്‍ദ്ദിക്കുകയും, അവരുടെ വീടുകള്‍ക്ക് തീ വയ്ക്കുകയും ചെയ്തു. പാവങ്ങളായ അവരും അക്രമം പേടിച്ച് വീടുകള്‍ ഉപേക്ഷിച്ച് കാട്ടില്‍ അഭയം തേടി.
പിറ്റേന്നു പകല്‍ പന്ത്രണ്ടു മണിയായിക്കാണും. വലിയൊരു ആരവം അടുത്തു വരുന്നതു കേള്‍ക്കാം. ഞങ്ങള്‍ പിടിക്കപ്പെട്ടു എന്നു മനസിലായി. ഞങ്ങള്‍ കണ്ണടച്ചു പ്രാര്‍ത്ഥിച്ചുകൊണ്ടേയിരുന്നു. പെട്ടെന്ന് വാതില്‍ വെട്ടിപ്പൊളിച്ച് അവര്‍ അകത്തുകയറി, എന്നെ വലിച്ച് പുറത്തിറക്കി. പിന്നെ ക്രൂരമായ മര്‍ദ്ദനം. കമ്പി വടിക്കടിയേറ്റ് എന്റെ തലപൊട്ടി. സിസ്റ്റര്‍ എങ്കിലും രക്ഷപ്പെടുമെന്നു ഞാന്‍ കരുതി. പക്ഷേ മുറിയില്‍ ഒളിച്ചിരുന്ന് സിസ്റ്ററും പിടിക്കപ്പെട്ടു. മര്‍ദ്ദനങ്ങള്‍ക്കൊടുവില്‍ ഞങ്ങളെ അടുത്തുള്ള “സോഷ്യല്‍ വര്‍ക്ക് സെന്ററില്‍” എത്തിച്ചു. അവിടെ എന്റെ മുന്നില്‍ വച്ച് ചിലര്‍ സിസ്റ്ററിനെ കടന്നു പിടിച്ചു. ഞാന് ബഹളം വച്ച് ആവുന്നത്ര പ്രതിരോധിക്കാന്‍ ശ്രമിച്ചു. അപ്പോള്‍ അവര്‍ എന്നെ വലിച്ചിഴച്ച് കെട്ടിടത്തിനു പുറത്തു കൊണ്ടു വന്നു. അപ്പോഴത്തെ എന്റെ നിസാഹായവസ്ഥയില്‍ ഞാന്‍ പൊട്ടിക്കരഞ്ഞു. പിന്നീട് അവര്‍ എന്നെ ബലമായി മുട്ടുകുത്തിച്ചു. പൊടുന്നനെ ഒരാള്‍ ഒരു ജാര്‍ മണ്ണെണ്ണ എടുത്തു എന്റെ തലയിലൂടെ ഒഴിച്ചു, എന്നിട്ട് പെട്ടെന്ന് തീപ്പെട്ടി എടുത്തു. മരിക്കുമെന്ന് ഉറപ്പായ നിമിഷങ്ങള്‍. തമ്പുരാന്റെ അടുത്തേക്കുള്ള യാത്രയ്ക്ക് ഞാന് മനസ്സുകൊണ്ട് തയ്യാറെടുത്തു. അപ്പോഴും മാലാഖപോലെ പരിശുദ്ധിയായ ആ പാവം കന്യാസ്ത്രീയുടെ സഹായത്തിനായുള്ള നിലവിളി ഓര്‍ത്തപ്പോള്‍ എനിക്കാന്‍ സഹിക്കാന്‍ കഴിഞ്ഞില്ല…. പറഞ്ഞുകൊണ്ടിരുന്നപ്പോള്‍ ഫാ.ചെല്ലാന്റെ സ്വരം ഇടറി. കണ്ണുകള്‍ നിറഞ്ഞു. കുറച്ചു നേരത്തേക്കു ഞങ്ങള്‍ സംസാരം നിര്‍ത്തി.
ഫാ.ചെല്ലാന്‍ തോമസിനെ ഓര്‍മ്മയില്ലേ? ഒറീസയിലെ കാണ്ഡമാലില്‍ വി.എച്ച്.പി. പ്രവര്‍ത്തകരുടെ മൃഗീയ മര്‍ദ്ദനങ്ങള്‍ക്കു വിധേയനായി, മരണത്തെ മുഖാമുഖം കണ്ട മലയാളി വൈദികന്‍! ഫാ.ചെല്ലാന്‍ എന്നറിയപ്പെടുന്ന ഫാ. തോമസ് ജോസഫ് ചെല്ലന്തറെയ ഞാന്‍ പരിയപ്പെടുന്നത്, ഫാ.ജോസ് കണ്ടത്തിക്കുടിയുടെ നേതൃത്വത്തില്‍ ബ്രോങ്ക്‌സ് ദേവാലയത്തില്‍ നടന്ന മലയാളി കത്തോലിക്കാ വൈദികരുടെ സംഗമത്തില്‍ വെച്ചാണ്.

മുണ്ടക്കയത്തിനടുത്തുള്ള തെക്കേമല ഇടവകയില്‍പ്പെട്ട ചെല്ലന്തറ ജോസഫ്-അന്നമ്മ ദമ്പതികളുടെ പതിനൊന്നു മക്കളില്‍ മൂന്നാമനായ തോമസ് 1970 ല്‍ ഒറീസയിലെ ഭുവനേശ്വര്‍ രൂപതയിലെ സെമിനാരിയില്‍ ചേരുമ്പോള്‍ വയസ് പതിനാറ് മാത്രം. ഭുവനേശ്വര്‍, റാഞ്ചി, പൂന എന്നിവിടങ്ങളിലെ സെമിനാരികളിലായിരുന്നു വൈദിക പഠനം.

“അപ്പന്റെ ഉപദേശം മകന്റ ജീവിതം മാറ്റിമറിച്ചു”
സെമിനാരിയിലെ പഠനത്തിനിടയില്‍ കൂടെയുണ്ടായിരുന്ന പലരും, സൗകര്യങ്ങള്‍ തീരെ കുറവായിരുന്ന ഒറീസയില്‍ നിന്നും, മറ്റ് പല സ്ഥലങ്ങളിലെ സെമിനാരികളിലേക്ക് മാറ്റം വാങ്ങിപ്പോയി. തോമസും ഭുവനേശ്വരില്‍ നിന്നു മാറുവാന്‍ തീരുമാനിച്ചു. അവധിക്കു നാട്ടില്‍ വന്നപ്പോള്‍ അവിടുത്തെ പ്രയാസങ്ങളെപ്പറ്റി സ്വന്തം പിതാവിനോട് പറഞ്ഞു. കൂട്ടത്തില്‍ സെമിനാരി മാറുന്ന കാര്യവും. “നീ ഇതൊന്നും അറിയാതെയാണോ അച്ചനാകാന്‍ പോയത്?”  അപ്പന്റെ മറുപടികേട്ട് മകന്‍ ശരിക്കും ഞെട്ടി. അച്ചന്മാരുടെ ജീവിതം സുഖസൗകര്യങ്ങള്‍ പരവതാനി വിരിച്ചതാണെന്നാണോ നീ ധരിച്ചുവച്ചിരിക്കുന്നത്?
തിരിച്ച് റാഞ്ചിയിലേക്ക് തീവണ്ടിയില്‍ ഇരിക്കുമ്പോള്‍ അപ്പന്റെ വാക്കുകളായിരുന്നു മനസു നിറയെ. അങ്ങനെ ഭുവനേശ്വര്‍ രൂപതയില്‍ തന്നെ വൈദിക പഠനം തുടരാന്‍ തീരുമാനിച്ചു. 1980 ല്‍ വൈദികപട്ടം സ്വീകരിച്ചു.

“ഭുവനേശ്വരില്‍ നിന്ന് കാണ്ഡമാലിലേക്ക്”

വൈദികനായ ശേഷം ഭുവനേശ്വര്‍ രൂപതയുടെ കീഴിലുള്ള വിവിധ ദേവാലയങ്ങളില്‍ വികാരിയായി സേവനം ചെയ്തു.  തുടര്‍ന്ന്, 2001 ല്‍ ഭുവനേശ്വരില്‍ നിന്ന് 250 കിലോമീറ്റര്‍ അകലെയുള്ള കാണ്ഡമാലിലേക്ക് അയക്കപ്പെട്ടു. കാണ്ഡമാള്‍ ജില്ല വനപ്രദേശമാണ്. ആദിവാസികളും, ഹരിജനങ്ങളുമാണഅ ബഹുഭൂരിപക്ഷവും. വിശ്വാസ സൗകര്യങ്ങള്‍ തീരെയില്ല. പട്ടിണിയും രോഗങ്ങളും മാത്രം കൈമുതലായുള്ളവര്‍!! ഏതാണ്ട് അമ്പതിനായിരത്തില്‍പ്പരം കത്തോലിക്കര്‍ കാണ്ഡമാലില്‍ മാത്രമായുണ്ട്. ഇരുപത്തഞ്ചില്‍പ്പരം ദേവാലയങ്ങള്‍, സ്‌ക്കൂളുകള്‍, ഹോസ്റ്റലുകള്‍, ആശുപത്രികള്‍, മഠങ്ങള്‍ അങ്ങനെ സഭയുടെ പ്രവര്‍ത്തനങ്ങള്‍ വളരെ സജീവമാണ് ഈ പ്രദേശത്ത്. ഇവിടെയുള്ള “പാസ്റ്ററല്‍ സെന്ററിന്റെ” ഡയറക്ടര്‍ ആയിട്ടാണ് എന്നെ നിയമിച്ചിരിക്കുന്നത്.

'ആക്രമണങ്ങള്‍ ഒരു തുടര്‍ക്കഥ'

ഈ പ്രദേശത്ത് വി.എച്ച്.പി. പ്രവര്‍ത്തകരുടെ ആക്രമണങ്ങള്‍ ഇടയ്ക്കിടെ ഉണ്ടാകാറുണ്ട്. ഏതാണ്ട് നൂറില്‍പ്പരം കത്തോലിക്കാ മതവിശ്വാസികള്‍ പലപ്പോഴായി ഈ പ്രദേശത്ത് കൊല്ലപ്പെട്ടിടടുണ്ട്. പക്ഷേ ആരും ഇതുവരെ ശിക്ഷിക്കപ്പെട്ടിട്ടില്ല! പുറംലോകം അറിഞ്ഞിട്ടുപോലുമില്ല. ആരും കേസുകൊടുക്കാറില്ല. കൊടുത്താല്‍ തന്നെ പിന്നീട് സാക്ഷി പറയാനൊന്നും പോകാരുമില്ല. അതുകൊണ്ട് കേസുകള്‍ ഒന്നും ജയിക്കാറുമില്ല. 2007 ക്രിസ്തുമസ് രാത്രിയില്‍, പള്ളികള്‍ക്കും, ക്രിസ്ത്യാനികളുടെ വീടുകള്‍ക്കും നേരെ രൂക്ഷമായ ആക്രമണങ്ങള്‍ ഉണ്ടായി. വീടുകള്‍ തീവയ്ക്കപ്പെട്ടു. പക്ഷേ അധികാരികളുടെ ഭാഗത്തുനിന്ന് യാതൊരു നടപടിയും ഉണ്ടായില്ല.

“2008 ലെ പ്രശ്‌നങ്ങള്‍ക്ക് കാരണം”

2008 ഓഗസ്റ്റ് 23 ന് വി.എച്ച്.പി.യുടെ ഒരു പ്രാദേശിക നേതാവ് നക്‌സെലേറ്റുകളാല്‍ കൊല്ലപ്പെട്ടു. ആ സംഭവം നടന്നത് അമ്പത് മൈല്‍ അകലെയാണ്. പക്ഷേ അയാളുടെ മരണം വി.എച്ച്.പി.ക്കാര്‍ ഞങ്ങളെ ഉപദ്രവിക്കാനുള്ള അവസരം ആകുകയായിരുന്നു.

"കൊലക്കളത്തിലേക്ക് ആഘോഷമായി"


സിംഹകുഴിയിലും തീച്ചൂളയിലും എറിയപ്പെട്ടാലും കര്‍ത്താവിന്റെ കരങ്ങള്‍ താങ്ങിക്കൊള്ളുമെന്നുള്ളത് അന്വര്‍ത്ഥമായി. എന്റെ തലയില്‍ മണ്ണെണ്ണ ഒഴിച്ചിട്ട് കത്തിക്കാന്‍ തീപ്പെട്ടി എടുത്തവനെ, വിലക്കിക്കൊണ്ട് മറ്റൊരുവന്‍ പറഞ്ഞു, ഇവിടിട്ടു കത്തിക്കേണ്ട, രണ്ടിനേയും മാര്‍ക്കറ്റില്‍ കൊണ്ടുപോയി എല്ലാവരുടേയും മുന്നിലിട്ട് തീ കൊളുത്താമെന്ന്. അങങനെ എന്നേയും സിസ്റ്ററിനേയും കൂട്ടി അവര്‍ ആഘോഷമായി ഒരു കിലോമീറ്റര്‍ അകലെയുള്ള മാര്‍ക്കറ്റിലേക്ക് നടന്നു. കൈയില്‍ വടികളും, ആയുധങ്ങളുമേന്തി, കൂവിയും, ബഹളംവച്ചും വി.എച്ച്.പിക്കാര്‍ ഞങ്ങളെ അനുഗമിച്ചു. ചോര ഒലിച്ച് എനിക്ക് ശരിക്കും കണ്ണ് കാണാനാവാത്ത അവസ്ഥ. സിസ്റ്ററാണെങ്കില്‍ തീരെ അവശതയില്‍, വസ്ത്രം പേരിനു മാത്രം. വഴിനീളെ ഞങ്ങള്‍ പ്രാര്‍ത്ഥിച്ചുകൊണ്ടേയിരുന്നു. കര്‍ത്താവിന്റെ കാല്‍വരിയാത്രയിലെ പീഢനങ്ങളോടും, സഹിച്ച കഷ്ടതകളോടും താരതമ്യപ്പെടുത്തുമ്പോള്‍ ഞങ്ങളുടേത് എത്ര നിസാരം! കുറച്ച് മുന്നോട്ടു പോയപ്പോള്‍ റോഡരികിലെ ആള്‍ക്കൂട്ടത്തിന്റെ ഇടയില്‍ രണ്ടു മൂന്നു പോലീസുകാര്‍ നില്‍ക്കുന്നതുകണ്ടു. തൊട്ടടുത്ത ഔട്ട്‌പോസ്റ്റിലെ പോലീസുകാരായതുകൊണ്ട് എനിക്കവരെ പരിചയം ഉണ്ടായിരുന്നു. ഞാന്‍ അവരുടെ അടുത്തുചെന്ന്, കൈകള്‍ കൂപ്പി രക്ഷിക്കണമെന്നു യാചിച്ചു. അവര്‍ ഒന്നും മിണ്ടിയില്ല. ദയനീയമായി ഞങ്ങളെ നോക്കുകമാത്രം ചെയ്തു. അവര്‍ക്കും വി.എച്ച്.പി.ക്കാരെ പേടിയാണ്. ഞാന്‍ പോലീസിനോട് സഹായം ചോദിച്ചത് ഇഷ്ടപ്പെടാത്ത ഒരു വി.എച്ച്.പി.ക്കാരന്‍ എന്റെ മുഖമടച്ച് ഒറ്റയടി. അപ്പോഴും പോലീസുകാര്‍ പ്രതികരിച്ചില്ല. ഒരു തരത്തില്‍ ഞങ്ങളെ മാര്‍ക്കറ്റില്‍ എത്തിച്ചു. അപ്പോള്‍ സമയം സന്ധ്യയായി. അവിടെ ഒരു സിമന്റ് ബഞ്ചില്‍ ഞങ്ങളെ ഇരുത്തി. അവിടെയുണ്ടായിരുന്ന ഒരു വീപ്പ ടാര്‍ മറിച്ചിട്ട് തീ കെടുത്തി. ആ തീയിലേക്ക് ഞങ്ങളും എറിയപ്പെടുമെന്ന് ഉറപ്പായി. അവിടേയും പോലീസുകാര്‍ ഉണ്ടായിരുന്നു. അവരോടും ആംഗ്യഭാഷയില്‍ ഞാന്‍ സഹായം അഭ്യര്‍ത്ഥിച്ചു. ഇതു കണ്ടുകൊണ്ട് ഒരുവന്‍ വന്ന് എന്റെ കഴുത്തില്‍ തൊഴിച്ചു. ബെഞ്ചില്‍നിന്ന് തെറിച്ച് ഞാന്‍ താഴെവീണു. അവരുടെ മര്‍ദ്ദനത്തില്‍ എന്റെ പത്തു പല്ലുകള്‍ പൊഴിഞ്ഞുപോയി.

“ദൈവം ഇടപ്പെട്ടു, ജീവന്‍ തിരിച്ചുകിട്ടി”

ഈ സമയം ഒരു ഒറീസ പ്രാദേശിക ചാനലില്‍ ഞങ്ങള്‍ കൊല്ലപ്പെട്ടതായി വാര്‍ത്ത വന്നു. എങ്ങനെ സംഭവിച്ചു എന്നറിയില്ല. സഹായിക്കാന്‍ കഴിയാത്തവിധം കര്‍ത്താവിന്റെ കരങ്ങള്‍ ചുരുങ്ങിയിട്ടില്ലെന്ന് മാത്രം വിശ്വസിക്കുക. അപ്പോഴേക്കും കൂടുതല്‍ പോലീസുകാരുംമെത്തി. അവര്‍ ചില കടിയാലോചനകള്‍ വി.എച്ച്.പി.ക്കാരുമായി നടത്തി. അങ്ങനെ ഞങ്ങളെ കൊല്ലാതെ തന്നെ പോലീസില്‍ ഏല്‍പ്പിക്കുവാന്‍ അവര്‍ നിര്‍ബന്ധിതരായി. തുടര്‍ന്ന് ഞങ്ങളെ പോലീസ് സ്റ്റേഷനില്‍ എത്തിച്ചു. അവിടേയും വി.എച്ച്.പി.ക്കാര്‍ വന്നു. പോലീസുകാര്‍ ഒരു ഡോക്ടറെ വിളിച്ച് മുറിവുകള്‍ തുന്നിക്കെട്ടി. അത്യാവശ്യം മരുന്നുകളും തന്നു. പക്ഷേ അതില്‍ തീരുന്നതായിരുന്നില്ല ഞങ്ങളുടെ പരിക്കുകള്‍. രാത്രി അവിടെ കഴിച്ചുകൂട്ടി. നേരം വെളുത്തു. അപ്പോഴേക്കും വിശപ്പും വേദനയും കൊണ്ട് ഞങ്ങള്‍ തളര്‍ന്നിരുന്നു. ഭക്ഷണം കഴിച്ചിട്ട് ഇരുപത്തിനാലു മണിക്കൂറിലും അധികമായി. പോലീസുകാരുടെ കൂട്ടത്തില്‍ ഒരു നല്ല മനുഷ്യനുണ്ടായിരുന്നു. അയാള്‍ ആരും കാണാതെ കുറച്ചു ബിസ്‌കറ്റ് കൊണ്ടുതന്നു. ഉച്ചയോടുകൂടി ഒറീസാ ഗവര്‍ണര്‍ സംഭവത്തില്‍ ഇടപ്പെട്ടു. പെട്ടെന്ന് അവിടെനിന്നും ഞങ്ങളെ ഭുവനേശ്വരിലേക്ക് അയച്ചു. പിന്നീട് എന്നെ മുംബൈയിലെ ആശുപത്രിയിലും, സിസ്റ്ററിനെ ഡല്‍ഹിയില്‍ ഒരു ആശുപത്രിയിലും അഡ്മിറ്റ് ചെയ്തു.

'കേസിന്റെ വഴിത്തിരിവ്'

ഭുവനേശ്വരിലേക്ക് തിരിക്കുന്നതിനു മുമ്പ് ഞാനും, സിസ്റ്ററും ഓരോ പരാതി എഴുതി പോലീസില്‍ കൊടുത്തു. ആദ്യം മടിച്ചെങ്കിലും, ഞങ്ങള്‍ പിന്‍മാറാന്‍ തയ്യാറാകാതെ വന്നപ്പോള്‍ പരാതി വാങ്ങി. പക്ഷേ നാളുകള്‍ കഴിഞ്ഞിട്ടും ഒരു നടപടിയും ഉണ്ടായില്ല. അങ്ങനെയിരിക്കെ, സിസ്റ്റര്‍ മീന, ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ്ജ് ആയതിനുശേഷം ഡല്‍ഹിയില്‍ ഒരു പത്രസമ്മേളനം നടത്തി ഉണ്ടായ സംഭവങ്ങള്‍ ലോകത്തോടു പറഞ്ഞു. വിദേശ മാധ്യങ്ങള്‍ ഉള്‍പ്പെടെ എല്ലാവരും അത് പ്രാധാന്യത്തോടെ റിപ്പോര്‍ട്ട് ചെയ്തു. ആ സമയത്ത് നമ്മുടെ പ്രധാനമന്ദ്രി ശ്രീ. മന്‍മോഹന്‍സിംഗ് ഫ്രാന്‍സ് സന്ദര്‍ശനത്തിലായിരുന്നു. ഫ്രാന്‍സ് പ്രധാനമന്ത്രി നിക്കോളാസ് സര്‍ക്കോസി നമ്മുടെ പ്രധാനമന്ത്രിയോട്  ഈ സംഭവത്തെപ്പറ്റി ആരാഞ്ഞു. അത് മന്‍മോഹന്‍സിംഗിന് നാണക്കേടായി. പെട്ടെന്ന് അദ്ദേഹം ഇടപെട്ടു. കൂടാതെ മനുഷ്യാവകാശ കമ്മീഷന്‍, സുപ്രീംകോടതി… അങ്ങനെ നിരവധി ഭാഗങ്ങളില്‍ നിന്നും ഇടപെടലുകള്‍ ഉണ്ടായി. അങ്ങനെ കേസ് ചാര്‍ജ് ചെയ്തു.

“കേസിന്റെ ഇപ്പോഴത്തെ അവസ്ഥ”
എന്റെ കേസ് ഇപ്പോഴും നടക്കുന്നുണ്ട്. സിസ്റ്ററിന്റെ കേസില്‍ മൂന്നുപേരെ അടുത്തയിടെ ശിക്ഷിച്ചു. ആറുപേരെ വെറുതെ വിട്ടു. കേസുമായി മുന്നോട്ടു പോയാല്‍ അവര്‍ക്ക് ശിക്ഷ കിട്ടുമെന്നുറപ്പാണ്.

“അമേരിക്കയിലെ ദൗത്യം”

ഈ സംഭവങ്ങള്‍ക്കു ശേഷം ഞാന്‍ ഇന്‍ഡ്യയില്‍ പല സ്ഥലങ്ങളിലായി സേവനം ചെയ്തു വരികയായിരുന്നു. സുരക്ഷാ കാരണങ്ങളാല്‍ കാണ്ഡമാലിലേക്ക് പോകരുതെന്നാണ് നിര്‍ദ്ദേശം. ഭുവനേശ്വര്‍ രൂപതാ ബിഷപ്പ് മാര്‍ ജോണ്‍ ബള്‍വാ മുന്‍കൈ എടുത്താണ് അമേരിക്കയിലേക്ക് അയച്ചത്. ഇവിടെ ന്യൂയോര്‍ക്കില്‍, ബ്രോങ്ക്‌സിലുള്ള ബ്ലസഡ് സാക്രമെന്റ് ദേവാലയത്തില്‍ വികാരിയായി സേവനം ചെയ്യുന്നു. ഇംഗ്ലീഷ് കമ്മ്യൂണിറ്റിയാണ്, നല്ല സ്‌നേഹമുള്ള ഇടവകക്കാര്‍. എന്നിരുന്നാലും കാണ്ഡമാലിലെ, സ്‌നേഹിക്കാന് മാത്രമറിയാവുന്ന, പാവപ്പെട്ട ആദിവാസികളെ ഞാന്‍ ഇപ്പോഴും മിസ് ചെയ്യുന്നു. ഒരിക്കല്‍കൂടി അവിടെ പോകണം. എല്ലാവരേയും കാണണം.

"ഞാന്‍ അവര്‍ക്ക് മാപ്പ് കൊടുക്കുന്നു"
എന്റെ കേസ് ജയിച്ചു. പാവപ്പെട്ട വിശ്വാസികള്‍ക്ക് വീടുകള്‍ സര്‍ക്കാര്‍ പണിതു നല്‍കി. ആരാധനാലയങ്ങളും, സ്‌ക്കൂളുകളും ഒക്കെ പുനഃസ്ഥാപിച്ചു. എന്റെ ഉദ്ദേശം അത്രയേ ഉണ്ടായിരുന്നുള്ളൂ. ഇനിയും കോടതി കൂടി ശിക്ഷിച്ചാല്‍ ഞാനും അവരും തമ്മില്‍ എന്തു വ്യത്യാസം? അതുകൊണ്ട്, ഞാനവര്‍ക്ക് മാപ്പ് കൊടുക്കുന്നു. ക്രിസ്തു അനുഭവിച്ചതില്‍ കൂടുതല്‍ ഒന്നും ഞങ്ങള്‍ അനുഭവിച്ചിട്ടില്ലല്ലോ! ഒരു കടക്കാരന്‍ ഒറ്റുകൊടുത്തിട്ടാണ് ആദ്യം ഞങ്ങള്‍ പിടിക്കപ്പെട്ടത്. അയാളും പിന്നീട് വന്ന് കരഞ്ഞു കാലുപിടിച്ചു. വി.എച്ച്.പി.ക്കാരുടെ ഉപദ്രവം സഹിക്കാതെ വന്നപ്പോഴാണ് കാട്ടിക്കൊടുത്തതെന്ന്! എനിക്ക് ആ മനുഷ്യനോടും സ്‌നേഹവും ബഹുമാനവും വര്‍ദ്ധിച്ചതേയുള്ളൂ!!!
പുരോഹിത ദൗത്യം സുഖജീവിതമല്ലെന്ന് ഉപദേശിച്ച ഒരു വലിയ മനുഷ്യന്റെ മകന് ഇങ്ങനെയൊക്കെയേ ചിന്തിക്കുവാന്‍ കഴിയൂവെന്ന് പടിയിറങ്ങുമ്പോള്‍ ഞാന്‍ മനസില്‍ പറഞ്ഞു. മറ്റുള്ളവര്‍ക്കു വേണ്ടി മുറിവേല്‍ക്കപ്പെടുമ്പോഴുണ്ടാകുന്ന സന്തോഷം, അത് കാല്‍വരിയിലെ മഹാത്യാഗം പൂര്‍ണ്ണായി ഉള്‍ക്കൊണ്ടവര്‍ക്കേ സാധിക്കൂ.



മറ്റൊരു കുരിശിന്റെ  വഴിയുടെ ഓര്‍മ്മയുമായി ഫാ.ചെല്ലാന്‍ തോമസ് അമേരിക്കയില്‍ - ഷോളി കുമ്പിളുവേലി
മറ്റൊരു കുരിശിന്റെ  വഴിയുടെ ഓര്‍മ്മയുമായി ഫാ.ചെല്ലാന്‍ തോമസ് അമേരിക്കയില്‍ - ഷോളി കുമ്പിളുവേലി

മറ്റൊരു കുരിശിന്റെ  വഴിയുടെ ഓര്‍മ്മയുമായി ഫാ.ചെല്ലാന്‍ തോമസ് അമേരിക്കയില്‍ - ഷോളി കുമ്പിളുവേലി

Join WhatsApp News
Jyothis 2014-04-17 09:57:44
very interesting
Varghese Joseph 2014-04-17 10:16:58
Good Job. It is so nice. while reading my eyes were getting wet, no really it was over flowing... Congrats Emalayalee and Sholy kumpiluvellil
Anthappan 2014-04-17 11:06:27
Very inspirational article and appropriate for the time; There are very few followers of Jesus in the world and that is what humanity lacks.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക