ഛത്രപതി ശിവജി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന്റെ ഡൊമസ്റ്റിക് അറൈവല്‍ എക്‌സിറ്റ്
ടെര്‍മിനല്‍ ടി വണ്‍ ബിയുടെ മുന്‍പില്‍ പ്രകാശ് കാറു നിര്‍ത്തി തന്നെ ഇറക്കിയ ശേഷം
പാര്‍ക്കിങ്ങ് ലോട്ടിലേയ്‌ക്കു പോയിരിയ്‌ക്കുന്നു. ടി വണ്‍ ബിയില്‍
നിരത്തിയിട്ടിരുന്ന കസേരകളിലൊന്നില്‍ ഇരിപ്പുറപ്പിച്ചപ്പോള്‍ സമയം പത്തുമണി
കഴിഞ്ഞതേയുള്ളു. ജെറ്റ് എയര്‍വേയ്‌സിന്റെ കേരളത്തില്‍ നിന്നുള്ള ഫ്‌ലൈറ്റ്
നമ്പര്‍ നാനൂറ്റാറ് എത്തേണ്ടത് പത്ത് അന്‍പത്തഞ്ചിനാണ്. കൃത്യസമയത്തു തന്നെ
എത്തുന്നു എന്നാണ് ടൈംബോര്‍ഡ് കാണിയ്‌ക്കുന്നത്. ഇനിയും മുക്കാല്‍
മണിക്കൂറിലേറെയുണ്ട്. സമയം ധാരാളം.
ഹ്യാട്ട് റീജന്‍സിയില്‍ നിന്ന്
സാന്റാക്രൂസിലെ മുംബൈ എയര്‍പോര്‍ട്ടിലേയ്‌ക്കെത്താന്‍ മിനിറ്റുകള്‍ മാത്രമേ വേണ്ടൂ.
എയര്‍പോര്‍ട്ടിലേയ്‌ക്ക് അരമണിക്കൂറിടവിട്ട് ഹ്യാട്ട് റീജന്‍സിയുടെ തന്നെ
ഷട്ടില്‍ സര്‍വ്വീസുമുണ്ട്. എങ്കിലും ഇന്ന് ഒന്‍പതേമുക്കാലിന്ന് കാറു വേണമെന്ന്
ഇന്നലെത്തന്നെ പറഞ്ഞേല്‍പ്പിച്ചിരുന്നു. കൃത്യം ഒന്‍പതേമുക്കാലിന്ന് റിസപ്‌ഷനില്‍
നിന്നു കാള്‍ വന്നു, സര്‍, കാര്‍ റെഡി. തയ്യാറായി ഇരിയ്‌ക്കുകയായിരുന്നു.
ഉടനിറങ്ങി. പ്രകാശ് തന്നെ െ്രെഡവര്‍. ഏതാണ്ട് ഒരു മാസത്തോളമായി പ്രകാശിന്റെ സേവനം
ഉപയോഗിയ്‌ക്കാന്‍ തുടങ്ങിയിട്ട്. ഹ്യാട്ട് റീജന്‍സിയോടുള്ള ഇഷ്ടം കൂടാനൊരു കാരണം
പ്രകാശാണ്. അല്‌പം മുന്‍പ് ഹ്യാട്ടില്‍ നിന്നു പോരുമ്പോള്‍ പ്രകാശ് ചോദിച്ചു,
`സാബ്, ദീദി ഹ്യാട്ട് മേ ആനേവാലി ഹെ ക്യാ?' ദീദി ഹ്യാട്ടിലേയ്‌ക്ക് വരാന്‍
പോകുന്നുണ്ടോ.
വിശാഖത്തെ ഒരു തവണപോലും പ്രകാശ് കണ്ടിട്ടില്ല. കാണാതെ തന്നെ
വിശാഖത്തെക്കുറിച്ച് പ്രകാശിന്ന് നന്നായറിയാം. കഴിഞ്ഞ ദിവസങ്ങളില്‍ സദാനന്ദിനേയും
കൊണ്ട് കാമാഠിപുരയില്‍ ചെന്ന സമയങ്ങളില്‍ അവിടെയുള്ള പലരും ഉദ്വേഗപൂര്‍വ്വം `ദീദി'
എന്നാണു വരുന്നത് എന്നു ചോദിച്ചതു പ്രകാശ് കേട്ടിരുന്നു. ദീദിയെ ബ്രീച്ച്
കാന്റിയില്‍ നിന്നു ഡിസ്‌ചാര്‍ജ്ജു ചെയ്യാന്‍ പോകുന്നു എന്നും പ്രകാശ്
മനസ്സിലാക്കിയെടുത്തിട്ടുണ്ട്. മുംബൈയിലെ പ്രശസ്‌ത ആശുപത്രിയായ ബ്രീച്ച്
കാന്റിയിലെ രോഗിണിയ്‌ക്ക് ചുവന്നതെരുവിലെ കാമാഠിപുരയുമായി എന്താണു ബന്ധമെന്ന്
പ്രകാശിന് മനസ്സിലായിട്ടില്ല. പക്ഷേ, ദീദി കാമാഠിപുരയില്‍ തുടങ്ങാന്‍ പോകുന്ന
സംരംഭം അവിടുത്തെ ദേവദാസികളുടെ ഉന്നമനത്തിനു വേണ്ടിയുള്ളതാണെന്ന് പ്രകാശിനു
വ്യക്തമായിട്ടുണ്ട്. അങ്ങനെയാണ് ബ്രീച്ച് കാന്റിയിലെ `മാഡം' `ദീദി'യായി
പരിണമിച്ചത്. ആശുപത്രിക്കിടക്കയില്‍ കിടന്നുകൊണ്ടു തന്നെ കാമാഠിപുരയിലെ പാവം
സ്‌ത്രീകളെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ വേണ്ടി പരിശ്രമിയ്‌ക്കുന്ന ദീദിയെ ഒന്നു
കാണണമെന്നും ആദരം അറിയിയ്‌ക്കണമെന്നുമുള്ള തന്റെ അഭിലാഷം അല്‌പം മുന്‍പ്
എയര്‍പോര്‍ട്ടിലേയ്‌ക്കു വരുന്ന വഴി പ്രകാശ് സദാനന്ദിനെ അറിയിച്ചിരുന്നു. അതിന്റെ
നാന്ദി കൂടിയായിരുന്നു, ദീദി ഹ്യാട്ട് റീജന്‍സിയിലേയ്‌ക്ക് വരാന്‍ പോകുന്നുണ്ടോ
എന്ന ആകാംക്ഷയോടെയുള്ള ചോദ്യം.
ആശുപത്രിയില്‍ നിന്നു ഡിസ്‌ചാര്‍ജ്ജു ചെയ്‌തു
കഴിഞ്ഞാല്‍ കാമാഠിപുരയിലേയ്‌ക്കു വേണം കൊണ്ടുപോകാന്‍ എന്നു വിശാഖം പറഞ്ഞെങ്കിലും,
രാവിലേ തന്നെ അവള്‍ക്കു വേണ്ടി, അവളറിയാതെ, മറ്റു ചില ഏര്‍പ്പാടുകളും ചെയ്‌തു
കഴിഞ്ഞിട്ടുണ്ട്. ഹ്യാട്ട് റീജന്‍സിയിലേയ്‌ക്കു വരാന്‍ വിശാഖം
സമ്മതിയ്‌ക്കുകയാണെങ്കില്‍ ഇപ്പോളെടുത്തിരിയ്‌ക്കുന്ന ഡബിള്‍ റൂമിന് അവളെ
താമസിപ്പിയ്‌ക്കാനുള്ള പ്രൌഢിയില്ല. അതുകൊണ്ട് അവിടുത്തെ `കിംഗ്‌സ് റൂം'
മറ്റെന്നാള്‍ മുതല്‍ ഏതാനും ദിവസത്തേയ്‌ക്കു ബുക്കു ചെയ്‌തു. ബ്രീച്ച് കാന്റിയില്‍
നിന്നു ഡിസ്‌ചാര്‍ജ്ജു ചെയ്‌ത ഉടനെ നേരേ ഹ്യാട്ട് റീജന്‍സിയിലെ കിംഗ്‌സ്
റൂമിലേയ്‌ക്ക്. പതിനായിരത്തിലേറെ പ്രതിദിനവാടകയുള്ള കിംഗ്‌സ് റൂം ഇരുപതു ശതമാനം
ഡിസ്‌കൌണ്ടു കഴിച്ച് തനിയ്‌ക്ക് എണ്ണായിരത്തിന്നല്‌പം മുകളില്‍ കിട്ടുന്നു.
താനിപ്പോ ഹ്യാട്ട് റീജന്‍സിയുടെ വി ഐ പി കസ്റ്റമറാണ്. മുന്‍പും ഹ്യാട്ട്
റീജന്‍സിയില്‍ പല തവണ വന്നു താമസിച്ചിട്ടുണ്ട്. അങ്ങേയറ്റം മൂന്നു ദിവസം മാത്രം
നീളുന്നവയായിരുന്നു, ആ സന്ദര്‍ശനങ്ങളെല്ലാം. എല്ലാം ഔദ്യോഗികവും. രണ്ടു വര്‍ഷം
മുന്‍പ് ആത്മഹത്യ ചെയ്യാനൊരുങ്ങി വന്നു താമസിച്ചതു മാത്രമായിരുന്നു, ഏക അനൌദ്യോഗിക
സന്ദര്‍ശനം. പിന്നെയിപ്പോഴത്തെ, ആഴ്‌ചകള്‍ നീണ്ടുകഴിഞ്ഞ വാസവും.
ഹ്യാട്ട്
റീജന്‍സിയുടെ കിംഗ്‌സ് റൂമില്‍ വിശാഖം തന്നോടൊത്തു വിഹരിയ്‌ക്കുന്നതു
സങ്കല്‌പത്തില്‍ ആസ്വദിച്ചു. തനിയ്‌ക്കേറ്റവും ഇഷ്ടമുള്ള ആകാശനീലിമയുടെ നിറമുള്ള
ചുരിദാറും വെളുത്ത ചുന്നിയും ധരിച്ച്, കിംഗ്‌സ് റൂമിലും പരിസരത്തും അവള്‍
നടക്കുന്നത് മനസ്സില്‍ കണ്ടു സുഖിച്ചു. അവള്‍ മുറിയില്‍ അങ്ങോട്ടുമിങ്ങോട്ടും
സഞ്ചരിയ്‌ക്കുന്നത് കിടക്കയില്‍ ചാരിക്കിടന്നുകൊണ്ടങ്ങനെ
നോക്കിക്കൊണ്ടിരിയ്‌ക്കണം. കാലടിയൊച്ച കേള്‍പ്പിയ്‌ക്കാതെയാണ് അവള്‍ നടക്കാറ്.
അങ്ങനെയാണ് അവള്‍ ബ്രീച്ച് കാന്റിയിലെ മുറിയ്‌ക്കകത്ത് നടക്കുന്നത്. അവളറിയാതെ
അവളെ നോക്കിക്കൊണ്ടിരിയ്‌ക്കണം. അവളെ നോക്കിക്കൊണ്ട് മണിക്കൂറുകളോളം ഇരിയ്‌ക്കണം.
അവളുടെ മെലിഞ്ഞുനീണ്ട കൈവിരലുകള്‍ സ്‌നേഹമസൃണമായി പുറത്തിഴഞ്ഞുനടക്കുമ്പോള്‍
രോമാഞ്ചം കൊള്ളണം. കോണിച്ചുവട്ടില്‍ നിന്നു കോരിയെടുത്തുകൊണ്ടുവന്ന പോലെ അവളെ
കൈകളിലെടുത്തുകൊണ്ട് കിംഗ്‌സ് റൂമിലാകെ നടക്കണം. അന്നവള്‍ കൈകളില്‍ ബോധമറ്റു
കിടന്നിരുന്നു. ഇന്നവള്‍ മെലിഞ്ഞുനീണ്ട കൈകള്‍ കൊണ്ട് തന്റെ കഴുത്തില്‍
ചുറ്റിപ്പിടിയ്‌ക്കുമായിരിയ്‌ക്കും. അവളുടെ സ്‌നേഹപ്രകടനങ്ങള്‍ക്കു ക്ഷാമമുണ്ട്.
അതുകൊണ്ട് അവളുടെ സ്‌പര്‍ശവും എന്തിന് അവളുടെ നോട്ടം പോലും
വിലപ്പെട്ടതായിത്തീര്‍ന്നിരിയ്‌ക്കുന്നു.
ഹ്യാട്ട് റീജന്‍സിയില്‍ രണ്ടു
റെസ്‌റ്റോറന്റുകളാണുള്ളത്. സ്റ്റാക്‌സും ഗ്ലാസ്സ്‌ഹൌസും. രണ്ടിടങ്ങളിലും അവളെ
കൊണ്ടുപോയിരുത്തി ആഹാരം കഴിപ്പിയ്‌ക്കണം. സ്റ്റാക്‌സില്‍ ഫ്രഞ്ച് ഡിഷായ ബേഫ്
ബൂര്‍ഗീന്യോനും ഇറ്റാലിയന്‍ ഡിഷുകളായ മാര്‍ഗരീറ്റാ പീറ്റ്‌സയും സൂഫ്‌ലേയും
വാങ്ങിക്കൊടുക്കണം. അവള്‍ മതിയാവോളം തിന്നട്ടെ. കുടിയന്‍ എന്നു തന്നെ
ശകാരിയ്‌ക്കില്ലെങ്കില്‍ ഫ്രഞ്ചു വൈനും വാങ്ങിക്കൊടുക്കാം. ഗ്ലാസ്സ് ഹൌസില്‍ ബഫെ
ബ്രേയ്‌ക്ക്‌ഫാസ്റ്റും ബഫെ ലഞ്ചും ബഫെ ഡിന്നറും. ആകെ നാലായിരം രൂപയുടെ ഭക്ഷണം
അവളെക്കൊണ്ട് ഓരോ ദിവസവും തീറ്റിയ്‌ക്കണം. ഇറ്റാലിയന്‍ ക്വീസീന്‍ കഴിച്ചു
വിശപ്പുകെട്ടുപോകുന്നെങ്കില്‍ കുഴപ്പമില്ല, ഗ്ലാസ്സ് ഹൌസില്‍ നിന്നു നമ്മുടെ
സ്വന്തം മസാലദോശയോ സാദാ ദോശയോ വാങ്ങിക്കൊടുക്കാം. ലോകമൊട്ടാകെ പേരുകേട്ട
ആഹാരങ്ങളില്‍ ഒന്നുപോലും അവള്‍ രുചിയ്‌ക്കാത്തതായുണ്ടാകരുത്. എല്ലാം അവള്‍ക്കു
സുപരിചിതമായിത്തീരണം. കാമാഠിപുരയിലെ പട്ടിണിയെപ്പറ്റിയുള്ള കൈയ്‌പു നിറഞ്ഞ
സ്‌മരണകള്‍ ഇങ്ങിനിവരാതവണ്ണം പോയി മറയണം.
അവളെ സ്‌പര്‍ശിയ്‌ക്കാനുള്ള
ആഗ്രഹം, അവളെ പിന്നിലൂടെച്ചെന്ന് കെട്ടി വരിയാനുള്ള ആഗ്രഹം ഒരു തരം
ആര്‍ത്തിയായിത്തീര്‍ന്നിരിയ്‌ക്കുന്നു. അവളെ നെഞ്ചോടു ചേര്‍ത്തു നിര്‍ത്തണം.
മറ്റെല്ലാ ജോലികള്‍ക്കും അവധികൊടുത്ത്, അവളുടെ കണ്ണുകളിലും മൂര്‍ദ്ധാവിലുമൊക്കെ
ചുംബിച്ചുകൊണ്ട് അവളെ മാറിലമര്‍ത്തിയങ്ങനെ നില്‍ക്കണം. കഴിയുമെങ്കില്‍
ദുനിയാവിന്റെ അന്ത്യം വരെ.
നടക്കാത്ത കാര്യങ്ങള്‍: ഉടന്‍ തന്നെ തോന്നി. ഈ
സങ്കല്‌പങ്ങളൊന്നും നടക്കുമെന്നു തോന്നുന്നില്ല. അവള്‍ തന്നെയായിരിയ്‌ക്കും, അതിനു
തടസ്സം നില്‍ക്കുന്നത്. അവള്‍ പറയുമായിരിയ്‌ക്കും, `സദൂ, പല കാര്യങ്ങളും
ചെയ്യാനുണ്ട്.' വെറുതേ അവളെ നോക്കിയിരുന്നു സമയം പാഴാക്കിക്കളയണ്ട, മനുഷ്യര്‍ക്ക്
ഉപയോഗമുള്ള എന്തെങ്കിലും കാര്യം ചെയ്യൂ എന്നര്‍ത്ഥം. ഇന്ത്യയില്‍ നാല്‌പതുകോടി ജനം
പട്ടിണികിടക്കുമ്പോള്‍, കാമാഠിപുരയില്‍ ഇരുപതിനായിരം വനിതകള്‍ കിടന്നു
നരകിയ്‌ക്കുമ്പോള്‍ നമുക്ക് വെറുതേ കെട്ടിപ്പിടിച്ചിരിയ്‌ക്കണ്ട, ബീഫ് മുര്‍ഗിയും
മാര്‍ഗരറ്റ് താച്ചറും സോഫിയും മറ്റും തിന്നു പണം കളയണ്ട, പകരം നമുക്ക്
കാമാഠിപുരയിലുണ്ടാക്കിയ രണ്ടു രൂപയുടെ ഇഡ്ഡലിയും ചപ്പാത്തിയും കഴിയ്‌ക്കാം.
ഇതൊക്കെയായിരിയ്‌ക്കാം അവള്‍ പറയുക.
അവളിങ്ങനെയൊക്കെ പറയുന്നെങ്കില്‍പ്പോലും
അവളെ കെട്ടിപ്പിടിയ്‌ക്കാന്‍ തോന്നിപ്പോകുമെന്നതാണു വിചിത്രം. പക്ഷേ, ഇല്ല, അവളെ
കൊതിതീരെ സ്‌നേഹിയ്‌ക്കാന്‍ അവളനുവദിയ്‌ക്കുമെന്നു തോന്നുന്നില്ല. കിംഗ്‌സ്
റൂമിലേയ്‌ക്ക് അവള്‍ വരുമോ? കിംഗ്‌സ് റൂം ബുക്കു ചെയ്‌തുകഴിഞ്ഞ നിലയ്‌ക്ക്
മറ്റെന്നാള്‍ കിംഗ്‌സ് റൂമിലേയ്‌ക്ക് താമസം മാറ്റേണ്ടി വരും. വിശാലമായ കിംഗ്‌സ്
റൂമില്‍ ഒറ്റയ്‌ക്ക് കഴിയേണ്ടിവരുന്നത് കഷ്ടമാകും. പണം പോകുന്നതോ പോകട്ടെ.
വിസ്‌തൃതമായ മുറിയിലും രാജകീയമായ കിടക്കയിലും അവളുടെ സാന്നിദ്ധ്യമില്ലാതെ
വന്നാലുണ്ടാകുന്ന ഏകാന്തത അസഹ്യമായിരിയ്‌ക്കും. റാണിയില്ലാതെ, രാജാവ് ഏകനായി
ചപ്രമഞ്ചത്തില്‍! സീതയെ കാട്ടിലയച്ച രാമനെപ്പോലെ. ഒരു വ്യത്യാസം മാത്രം. ഇവിടെ
സീതയാണ് രാമന്റെ കൂടെ ഹ്യാട്ടിലേയ്‌ക്കു വരാതെ സ്വയം കാട്ടിലേയ്‌ക്ക്
ഇറങ്ങിപ്പോകുന്നത്!
ഹ്യാട്ട് റീജന്‍സിയിലെ കിംഗ്‌സ് റൂമിലെ
ചപ്രമഞ്ചത്തില്‍ റാണിയുമൊത്തുള്ള സഹശയനം നടത്താമെന്ന മോഹം ചെറിയമ്മയുടെ വരവോടെ
അതിമോഹമോ വ്യാമോഹമോ ആയി പരിണമിയ്‌ക്കാനാണു കൂടുതല്‍ സാദ്ധ്യത. `നീയെന്നാണ് എന്നെ
കല്യാണം കഴിയ്‌ക്കുക' എന്നു ചോദിച്ചേയുള്ളു, അവളുടന്‍ ചെറിയമ്മയെ
വിളിച്ചപേക്ഷിച്ചു, അമ്മേ, രക്ഷിയ്‌ക്കണം. അമ്മേ എന്നെ ഈ സദുവില്‍ നിന്നു
രക്ഷിയ്‌ക്കണം എന്നായിരിയ്‌ക്കുമോ അവളുദ്ദേശിച്ചത്! തന്നെ അവളില്‍ നിന്നു
രക്ഷിയ്‌ക്കണം എന്നാകാനാണു കൂടുതല്‍ സാദ്ധ്യത. അവളുടെ നീരാളിപ്പിടിത്തം എന്നാണ്
അവളോടുള്ള തന്റെ സ്‌നേഹത്തെ, ഈ ആരാധനയെ അവള്‍ വിശേഷിപ്പിയ്‌ക്കുന്നത്. അവളൊന്നു
വിളിച്ചതേയുള്ളു, ദാ, ചെറിയമ്മ ഓടിക്കിതച്ചെത്തിക്കഴിഞ്ഞു. എന്തായിരിയ്‌ക്കും അവള്‍
ചെറിയമ്മയെക്കൊണ്ടു ചെയ്യിയ്‌ക്കാന്‍ പോകുന്നത്? തന്നെ അവളില്‍ നിന്നു
രക്ഷിയ്‌ക്കുമോ, അതോ അവളെ തന്നില്‍ നിന്നു രക്ഷിയ്‌ക്കുമോ? `നീ അവളെ
വിഷമിപ്പിയ്‌ക്കണ്ട' എന്നു അവളെ കാണുകപോലും ചെയ്യാതെ ചെറിയമ്മ തന്നോട്
ശാസനാരൂപത്തില്‍ നിര്‍ദ്ദേശിച്ചു കഴിഞ്ഞു. സദുവിനെ രക്ഷിയ്‌ക്കണം എന്നാണത്രേ അവള്‍
ചെറിയമ്മയോടു പറയാനുദ്ദേശിയ്‌ക്കുന്നത്. രക്ഷ ശിക്ഷയായിത്തീരുമോ!
അവള്‍
കാമാഠിപുരയില്‍ കിടക്കുമ്പോള്‍ താന്‍ ഹ്യാട്ട് റീജന്‍സിയില്‍ കിടന്നുറങ്ങണം
എന്നാണ് അവളിന്നലെ നിര്‍ദ്ദേശിച്ചത്. ആ നിര്‍ദ്ദേശം കേട്ടു താന്‍
പൊട്ടിത്തെറിച്ചു. എങ്ങനെ പൊട്ടിത്തെറിയ്‌ക്കാതിരിയ്‌ക്കും! ഓരോ നിമിഷവും അവളുടെ
സാമീപ്യം താന്‍ അഭിലഷിയ്‌ക്കുന്നു എന്ന സത്യം അവള്‍ക്ക് അസ്സലായറിയാം. തന്റെ ഓരോ
നോട്ടത്തിലും അവളോടുള്ള ആരാധന വായിച്ചെടുക്കാവുന്നതാണ്. എന്നിട്ടും തന്നെ അവളില്‍
നിന്ന് അകറ്റിനിര്‍ത്താനായി അവള്‍ ശ്രമിയ്‌ക്കുന്നതു കാണുമ്പോഴുണ്ടാകുന്ന
നിരാശയ്‌ക്കും സങ്കടത്തിനും അതിരില്ല. അവളോടൊത്ത് ഉറങ്ങാന്‍ കഴിയുന്നത്
ജീവിതസാഫല്യത്തിനു തുല്യമാണ്. എന്തിനെയാണ് അവള്‍ ഭയക്കുന്നത്.
ലൈംഗികബന്ധത്തെയാണോ. ലൈംഗികച്ചുവയുള്ള ഒരു ചിന്ത പോലും തന്നിലുണ്ടാവില്ലെന്ന്
അവള്‍ക്ക് ഉറപ്പു കൊടുത്തു കഴിഞ്ഞിട്ടുള്ളതാണ്. ഒരേയൊരു കാര്യമേ തനിയ്‌ക്കു
വേണ്ടൂ: അവളുടെ മാറിടം. അതെത്ര എല്ലിന്‍ കൂടായാലും ആ മാറിടം തന്റെ മാറോടു
ചേര്‍ന്നമര്‍ന്നിരിയ്‌ക്കണം. അവളുടെ ഹൃദയസ്‌പന്ദനങ്ങളും തന്റെ ഹൃദയസ്‌പന്ദനങ്ങളും
ഇടകലരണം. ഇരു ഹൃദയങ്ങളും ഒരുമിച്ചു തുടിയ്‌ക്കണം. എന്നും അവയങ്ങനെ ഒരുമിച്ചു
തുടിയ്‌ക്കാന്‍ അന്‍പതു കോടി നല്‍കാം.
ലൈംഗികബന്ധത്തെ അവള്‍
ഭയക്കുന്നുണ്ടെന്നു തോന്നുന്നില്ല. താന്‍ അതിരുവിടുമെന്നു കണ്ടാല്‍, അവള്‍
നിശ്ശബ്ദയാകുമായിരിയ്‌ക്കും. നിശ്ശബ്ദതയാണ് അവളുടെ ഏറ്റവും വലിയ ആയുധമെന്ന്
ഇതിനകം മനസ്സിലാക്കിക്കഴിഞ്ഞിട്ടുണ്ട്. അവളുടെ നിശ്ശബ്ദതയാണ് കൂടുതല്‍ വാചാലം.
അവളുടെ നിശ്ശബ്ദത തനിയ്‌ക്ക് അസഹ്യമാണെന്ന് അവള്‍ മനസ്സിലാക്കിയിട്ടുമുണ്ട്.
എന്റെ ശരീരത്തെ നിങ്ങളെന്തുവേണമെങ്കിലും ചെയ്‌തോളൂ, പക്ഷേ എന്റെ മനസ്സിനെ
നിങ്ങള്‍ക്കു സ്‌പര്‍ശിയ്‌ക്കാന്‍ പോലും കഴിയില്ല എന്നു വിളിച്ചുപറയുന്ന,
വെല്ലുവിളിയ്‌ക്കുന്ന നിശ്ശബ്ദത. ഇത്രയും വലിയ ആയുധം കൈയ്യിലിരിയ്‌ക്കെ അവള്‍ക്ക്
തന്നില്‍ നിന്നൊന്നും ഭയക്കാനില്ല.
`സദുവിനെ കാമാഠിപുരയില്‍ കൊണ്ടു വന്നു
പാര്‍പ്പിച്ചു എന്ന മഹാപാപം കൂടി ചുമക്കാന്‍ എന്നെക്കൊണ്ടാവില്ല, സദൂ.'
അതായിരുന്നു, അവളുടെ വിശദീകരണം. `ഇന്നല്ലെങ്കില്‍ നാളെ സദുവിന്
അമേരിക്കയിലേയ്‌ക്കു മടങ്ങിപ്പോകാനുള്ളതാണ്. ഭാവിയില്‍ ഡെല്ലിന്റെയോ, അതുപോലുള്ള
മറ്റേതെങ്കിലും കമ്പനിയുടേയോ ഒക്കെ ചീഫാകാനുള്ള സദു കാമാഠിപുരയിലെ വേശ്യയുടെ കൂടെ
താമസിച്ചിരുന്നെന്ന് അമേരിക്കയിലുള്ളവരറിഞ്ഞാല്‍ അതോടെ സദുവിന്റെ ഭാവി
നശിയ്‌ക്കും. സദുവിന്റെ ഭാവിയ്‌ക്ക് ഒരു കോട്ടവും വരാന്‍ പാടില്ല.
അതുകൊണ്ട്...സദൂ...പ്ലീസ്...അമേരിക്കയിലേയ്‌ക്കു പോകുന്നതു വരെ സദു ഹ്യാട്ടില്‍
തന്നെ താമസിയ്‌ക്കണം. പകല്‍ കാമാഠിപുരയിലേയ്‌ക്കു വന്നു പോകുന്നതു പോലെയല്ല, രാത്രി
കാമാഠിപുരയില്‍ കഴിയുന്നത്. എന്റെ മേലുള്ള കറ സദുവിന്റെ മേല്‍ പുരളാന്‍
ഞാനനുവദിയ്‌ക്കില്ല. പറയുന്നതു കേള്‍ക്കുക. ഇപ്പോ കിടന്നുറങ്ങുക.'
ചില
നേരത്ത് ഇവളോടു പറയാന്‍ വാക്കു കിട്ടാതായിപ്പോകും. ഫോണ്‍ താഴെ വച്ച് കിടക്കയില്‍
ചാരിയിരുന്നു കണ്ണടച്ചു. വിശാഖം മൃദുസ്വരത്തില്‍ പറഞ്ഞ വാക്കുകള്‍ കാതുകളില്‍
മുഴങ്ങി. ഇന്നല്ലെങ്കില്‍ നാളെ സദുവിന് അമേരിക്കയിലേയ്‌ക്കു
മടങ്ങിപ്പോകാനുള്ളതാണ്. ഭാവിയില്‍ ഡെല്ലിന്റെയോ, അതുപോലുള്ള മറ്റേതെങ്കിലും
കമ്പനിയുടേയോ ഒക്കെ ചീഫാകാനുള്ള...
ചീഫായാല്‍ എന്താണു നേട്ടം? ഏതാനും
വര്‍ഷങ്ങള്‍ കൊണ്ട് വീണ്ടും അന്‍പതു കോടി കൂടി ഉണ്ടാക്കാനാകുമായിരിയ്‌ക്കും.
ഇന്നുള്ള അന്‍പതു കോടി നൂറു കോടിയായാല്‍ എന്തു സംഭവിയ്‌ക്കും? ഇവളുടെ സ്‌നേഹം
ഇന്നത്തേക്കാള്‍ ഇരട്ടിയാകുമോ? അവള്‍ ഓടിവന്നു കെട്ടിപ്പിടിയ്‌ക്കുമോ?
കാമാഠിപുരവിട്ട് കിംഗ്‌സ് റൂമിലേയ്‌ക്ക് ഓടി വരുമോ? തന്റെ സമ്പത്തു കൂടുന്തോറും
അവള്‍ തന്നോട് അടുക്കുമോ അതോ അകലുമോ? തന്റെ പദവി കൂടുന്തോറും അവള്‍ അടുക്കുമോ
അകലുമോ? ഡെല്‍ കമ്പ്യൂട്ടറിന്റെ സി ഇ ഓ ആകാന്‍ ഈ ആയുസ്സില്‍ സാധിയ്‌ക്കുമെന്നു
തോന്നുന്നില്ല. എങ്കിലും ആകുന്നു എന്നു തന്നെ കരുതുക. ഡെല്ലിന്റെ സീ ഇ ഓ ആയി
മുംബൈയില്‍ തിരിച്ചെത്തുന്നെങ്കില്‍ അവള്‍ തന്റെ കൂടെ അമേരിക്കയിലേയ്‌ക്കു
വരുമോ?
തന്റെ കൂടെ വരാതിരിയ്‌ക്കാന്‍ അന്നവള്‍ മറ്റെന്തെങ്കിലും ന്യായം
കണ്ടെത്തും. ഡെല്ലിന്റെ ചീഫായാല്‍ പോര, ലോകത്തിലെ ഏറ്റവും വലിയ പേഴ്‌സണല്‍
കമ്പ്യൂട്ടര്‍ നിര്‍മ്മാതാക്കളായ ഹ്യൂലെറ്റ് പാക്കേര്‍ഡിന്റെ തന്നെ ചെയര്‍മാനാകണം,
പിന്നെ മൈക്രോസോഫ്‌റ്റിന്റെ, പിന്നെ...അങ്ങനെ പോകുമായിരിയ്‌ക്കും, അവളുടെ
ന്യായങ്ങള്‍. അന്നെല്ലാം, തന്റെ അഭിലാഷസാഫല്യം ഒരു മരീചിക പോലെ അകന്നകന്നു പോകും.
അവള്‍ തന്നെ വിവാഹം കഴിയ്‌ക്കുകയെന്ന തന്റെ അഭിലാഷം അന്നും നിറവേറില്ല. ഒടുവിലവള്‍
പറയുമായിരിയ്‌ക്കും, കാമാഠിപുര കാമാഠിപുരയും അമേരിക്ക അമേരിക്കയുമാണ്. അവ രണ്ടും
ഒന്നാകാനുള്ളതല്ല. അവയ്‌ക്കിടയില്‍ അറ്റ്‌ലാന്റിക്കും അറേബ്യന്‍ സമുദ്രവും പിന്നെ
വന്‍കരകളുമുണ്ട്. വലിയ അതിര്‍വരമ്പുകള്‍, വേര്‍തിരിവുകള്‍.
അന്നും
കാമാഠിപുരയില്‍ വന്ന്, അവളുടെ വെല്‍ഫെയര്‍ സെന്ററിലിരുന്ന് ചായകുടിച്ച്,
ഒരുപക്ഷേ അവിടെ ഉണ്ടാക്കിയ ഇഡ്ഡലിയോ ചപ്പാത്തിയോ തിന്ന്, മടങ്ങി ഹ്യാട്ടിലോ താജിലോ
പോയി വിശാലമായ മുറിയില്‍ വിശാലമായ കിടക്കയില്‍ തനിയേ, ഏകാന്തതയില്‍
കിടന്നുറങ്ങേണ്ടി വരുമായിരിയ്‌ക്കും. ചിന്തിയ്‌ക്കേണ്ട
വിഷയമാണത്.
പെട്ടെന്ന് സെല്‍ഫോണ്‍ ശബ്ദിച്ചു. ചിന്ത മുടങ്ങി. വിശാഖം.
`സദൂ, ഫ്‌ലൈറ്റ് ലാന്റു ചെയ്‌തൂന്ന് സൈറ്റില്‍ കാണുന്നുണ്ട്. ബോര്‍ഡിലെന്താ
സ്‌റ്റേറ്റസ്?'
?നിന്നെപ്പറ്റി ഓര്‍ത്തോര്‍ത്തിരുന്നുപോയി. എന്റെ ഊണിലും
ഉറക്കത്തിലും നീ തന്നെ, വിശാഖം. തൂണിലും തുരുമ്പിലും?? എന്നു പറയാനൊരുങ്ങിയതാണ്.
അപ്പോഴേയ്‌ക്കും അവള്‍ ഫോണ്‍ ഡിസ്‌കണക്ടു ചെയ്‌തു കഴിഞ്ഞിരുന്നു. ഒന്നുരണ്ടു
ദിവസമായി തന്നോടുള്ള സംഭാഷണത്തിന്റെ നീളം അവള്‍ നിര്‍ദ്ദയം
വെട്ടിക്കുറച്ചിരിയ്‌ക്കുന്നു. ഫോണിലൂടെയുള്ള സംഭാഷണം നീട്ടിക്കൊണ്ടുപോകാന്‍ താന്‍
ശ്രമിയ്‌ക്കുമ്പോഴേയ്‌ക്കും അവള്‍ കാള്‍ നിര്‍ത്തിക്കഴിഞ്ഞിട്ടുണ്ടാകും. അതു
മനഃപൂര്‍വ്വമാണെന്നൊരു തോന്നലുണ്ടായിരിയ്‌ക്കുന്നു. ഇതൊക്കെ വിരല്‍ ചൂണ്ടുന്നത്
ഏതു ദിശയിലേയ്‌ക്കാണ്!
ജെറ്റ് എയര്‍വേയ്‌സ് ഒന്‍പത് ഡബ്ലിയു നാനൂറ്റാറ്
ലാന്റു ചെയ്‌തിരിയ്‌ക്കുന്നു. ടൈം ബോര്‍ഡ് കാണിച്ചു. എഴുന്നേറ്റ് അറൈവല്‍
എക്‌സിറ്റിലേയ്‌ക്കു നടന്നു. ബാഗ്ഗേജ് റിട്രീവലില്‍ അല്‌പം താമസമുണ്ടാകാം. കൈയ്യും
വീശിപ്പോന്നാല്‍മതിയെന്ന് ചെറിയമ്മയോടു പ്രത്യേകം
പറഞ്ഞിരുന്നു.
സദാശിവനാണ് സദാനന്ദിനെ ആദ്യം കണ്ടത്. പുറത്തേയ്‌ക്കുള്ള
ക്യൂവില്‍, അങ്ങകലെ കൈയ്യുയര്‍ത്തിക്കാണിച്ച് സദാശിവന്‍ ഉറക്കെ വിളിച്ചു,
`ചേട്ടാ...' അവനു മാറ്റമൊന്നും സംഭവിച്ചിട്ടില്ല. ഒരല്‌പം കൂടി നന്നായിട്ടുണ്ട്.
പക്ഷേ ചെറിയമ്മയ്‌ക്ക് എന്തു പറ്റിപ്പോയി! തീരെച്ചെറുതായിപ്പോയ പോലെ. ചെറിയമ്മ
അമ്മയെപ്പോലെ ആയിത്തീര്‍ന്നിരിയ്‌ക്കുന്നു. ഇതുപ്പോലിരുന്നിരുന്നു, അമ്മ. അന്നു
ചെറിയമ്മയ്‌ക്കായിരുന്നു, ആരോഗ്യം. എന്നാലിന്നാകട്ടെ, ചെറിയമ്മ
ക്ഷീണിച്ചുപോയിരിയ്‌ക്കുന്നു, മുടി നരച്ച് പഞ്ഞിക്കുടമായിരിയ്‌ക്കുന്നു. മുഖത്തു
ചുളിവുകള്‍.
ചെറിയമ്മയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നത് ദൂരെ നിന്നു പോലും
കാണാം. കുറ്റബോധം തോന്നി. എത്രകാലമായി ചെറിയമ്മയെ കാണാനൊന്നു ചെന്നിട്ട്. അമ്മ
മരിച്ച ശേഷം അമേരിക്കയില്‍ നിന്ന് മുംബൈയില്‍ പലതവണ വന്നുപോയിട്ടുണ്ട്. ഒരു തവണ
പോലും കേരളത്തിലേയ്‌ക്കു ചെന്ന് ചെറിയമ്മയെ കണ്ടിരുന്നില്ല. വാസ്‌തവത്തില്‍
തന്നോടു കൂടുതല്‍ വാത്സല്യം അമ്മയ്‌ക്കായിരുന്നോ അതോ ചെറിയമ്മയ്‌ക്കായിരുന്നോ എന്നു
സ്വയം ചോദിച്ചുപോയിട്ടുണ്ട്. ഒരിയ്‌ക്കലത്, ബാല്യത്തില്‍, അമ്മയോട് താന്‍
നേരിട്ടു ചോദിയ്‌ക്കുകയും ചെയ്‌തിരുന്നു. `ഞാനമ്മേടെ മോനോ അതോ ചെറിയമ്മേടെ മോനോ?'
അമ്മയുടെ തല്ലില്‍ നിന്ന് കളരിപ്പയറ്റുവിദഗ്‌ദ്ധനെപ്പോലെ
ചാടിയൊഴിഞ്ഞുമാറിനിന്നുകൊണ്ടു ചോദിച്ചതാണത്. `അവളു നിന്നെ കൊഞ്ചിച്ചു വഷളാക്കും.
നിന്നെക്കൊഞ്ചിയ്‌ക്കാന്‍ എന്നെക്കിട്ടില്ല.' അമ്മ ആ നയം കര്‍ക്കശമായി
പാലിയ്‌ക്കുകയും ചെയ്‌തിരുന്നു.
ചെറിയമ്മ സൌദാമിനിയെ പ്രസവിച്ച ഏതാണ്ടതേ
കാലഘട്ടത്തില്‍ത്തന്നെയാണ് അമ്മ തന്നേയും പ്രസവിച്ചത്. അന്ന് അമ്മയുടെ
മുലപ്പാലിനേക്കാള്‍ താന്‍ കൂടുതല്‍ കുടിച്ചത് ചെറിയമ്മയുടേതായിരുന്നു.
സൌദാമിനിയ്‌ക്ക് അവകാശപ്പെട്ടത് താന്‍ പിടിച്ചുവാങ്ങി. ചെറിയച്ഛന്റെ
സാമ്പത്തികസ്ഥിതി അച്ഛന്റേതിനേക്കാള്‍ നന്നായിരുന്നതുകൊണ്ട് ചെറിയമ്മ
സൌദാമിനിയോടൊപ്പം തന്നേയും പാലൂട്ടി. അമ്മയ്‌ക്കന്ന് അതിജീവനത്തിന്നായി
ഓടിപ്പിടഞ്ഞു നടക്കേണ്ടി വന്നിരുന്നു.
മെല്ലെ നീങ്ങുന്ന ക്യൂവില്‍
നില്‍ക്കുന്ന ചെറിയമ്മയെ നിറഞ്ഞ കണ്ണുകളോടെ സദാനന്ദ് നോക്കി നിന്നു. എക്‌സിറ്റില്‍
നിന്നു പുറത്തുകടന്ന ചെറിയമ്മയുടെ പാദം തൊട്ടു വണങ്ങിയപ്പോള്‍ ചെറിയമ്മ
കെട്ടിപ്പിടിച്ചു കരഞ്ഞു. `എന്നാലും എന്റെ കുട്ടീ, നീ ചെറിയമ്മേ മറന്നൂല്ലോ. എത്ര
കൊല്ലായീ...ഒന്നു വന്നു കാണാന്‍ തോന്നീല്ലല്ലോ...മോനേ?' ചുളിവുവീണ കരങ്ങള്‍ കൊണ്ട്
ചെറിയമ്മ സദാനന്ദിന്റെ കവിളത്തു തലോടി. മറുപടി പറയാന്‍ വാക്കുകള്‍ കിട്ടിയില്ല.
തൊണ്ടയില്‍ നിന്നു ശബ്ദം പുറത്തുവന്നില്ല.
സദാശിവനും, `ചേട്ടാ' എന്നു
പറഞ്ഞ്, സ്‌നേഹത്തോടെ സദാനന്ദിന്റെ തോളത്തു സ്‌പര്‍ശിച്ചു. ഒരു കാലത്ത്
സൌദാമിനിയും സദാശിവനുമൊത്ത് കളിച്ചുനടന്നിരുന്നതാണ്. എല്ലാമെങ്ങനെ മറന്നു?
`സദാശിവാ...' സദാനന്ദ് സദാശിവനെ ആശ്ലേഷിച്ചു. സദാശിവന്റെ കൈയ്യില്‍നിന്ന്
ബാഗുകളിലൊന്നു വാങ്ങി നടക്കാന്‍ തുടങ്ങിയപ്പോഴേയ്‌ക്കും പ്രകാശ് കാറ് അരികില്‍
കൊണ്ടുവന്നു നിര്‍ത്തിയിരുന്നു. പാര്‍ക്കിംഗ് ലോട്ടില്‍ നിന്ന് പ്രകാശ്
സദാനന്ദിനെ നോക്കിക്കൊണ്ടിരുന്നിരിയ്‌ക്കണം.
`അടിപൊളി കാറ്!`
എയര്‍കണ്ടീഷന്‍ ചെയ്‌ത കാറിന്റെ ഫ്രണ്ട് സീറ്റില്‍ ഇരിയ്‌ക്കുന്നതിന്നിടയില്‍
സദാശിവന്‍ അഭിപ്രായപ്പെട്ടു. `ഹോട്ടലിലെയാ?'
ചെറിയമ്മയെ പുറകിലെ സീറ്റില്‍
ഇരുത്തിയ ശേഷം കാറിന്റെ മറുവശത്തെ ഡോറു തുറന്ന് ചെറിയമ്മയുടെ കൂടെ ഇരുന്നുകൊണ്ട്
സദാനന്ദ് വിശദീകരിച്ചു. `ഹ്യാട്ട് റീജന്‍സി അവരുടെ അതിഥികള്‍ക്കായി കാറുകളുടെ ഒരു
പൂള്‍ തന്നെ ഏര്‍പ്പാടാക്കിയിട്ടുണ്ട്. അവയിലൊന്നാണിത്. ഞാനിവിടെ വന്നപ്പോള്‍
മുതല്‍ ഈ പ്രകാശിന്റെ കൂടെയാണ് സഞ്ചാരം.' ചെറിയമ്മയുടെ ചുളിവുകള്‍ വീണ കൈയില്‍
തലോടിക്കൊണ്ടു സദാനന്ദ് അന്വേഷിച്ചു, `ചെറിയമ്മേ, പ്ലെയിനില്‍ കയറിയിട്ട്
ചെറിയമ്മയ്‌ക്ക് കുഴപ്പമൊന്നുമുണ്ടായില്ലല്ലോ?'
`ഇല്ല മോനേ.
താഴേയ്‌ക്കിറങ്ങുമ്പോ ഇത്തിരിയൊരു പ്രയാസം തോന്നി. ചെവി കൊട്ടിയടച്ചു. ഇപ്പഴതു
കുറഞ്ഞു.'
`അതെ, കയറിപ്പോകുമ്പോ കുഴപ്പമില്ല. താഴേയ്‌ക്കിറങ്ങുമ്പഴാ
പ്രയാസം. എന്റേം ചെവി കൊട്ടിയടച്ചു. കൊറച്ചുനേരം ഒന്നും കേള്‍ക്കാന്‍ പറ്റണ്
ണ്ടായില്ല.' സദാശിവനും തന്റെ അനുഭവം വിവരിച്ചു. `എന്നാലും നല്ല രസായിരുന്നൂട്ടോ.
നല്ല ശാപ്പാടൊക്കെക്കിട്ടി.' സദാശിവന്‍ ചിരിച്ചു.
സദാനന്ദിന്റെ ഫോണ്‍
ശബ്ദിച്ചു. വിശാഖം. `സദൂ, അമ്മ വന്നോ?'
`ഉവ്വ്. ഞങ്ങള് കാറിലാണ്. ദാ,
ചെറിയമ്മയ്‌ക്കു കൊടുക്കാം.' ഫോണ്‍ ചെറിയമ്മയ്‌ക്കു കൊടുത്തുകൊണ്ട് സദാനന്ദ്
പറഞ്ഞു, `ചെറിയമ്മേ, വിശാഖം.'
`ങാ, ഞങ്ങളെത്തി മോളേ....ഇല്ല...ഒരു
കൊഴപ്പോംണ്ടായില്ല...' ചെറിയമ്മ അതിനിടയ്‌ക്ക് സദാനന്ദിനോടു ചോദിച്ചു, `മോനേ,
നമ്മളിപ്പൊ എവിടെയ്‌ക്കാ പോണേ?'
`ഇപ്പോ നമ്മള്‍ നേരേ ഹോട്ടലിലേയ്‌ക്ക്. ഊണു
കഴിഞ്ഞിട്ട് ആശുപത്രിയിലേയ്‌ക്കു പോകും.'
`ഊണു പിന്നെക്കഴിയ്‌ക്കാം. ഈ
സാധനങ്ങളൊക്കെ ഹോട്ടലില്‍ വെച്ചിട്ട് ആശുപത്രിയിലേയ്‌ക്കു പോകാം.' ചെറിയമ്മ
അഭിപ്രായപ്പെട്ടു.
`ചെറിയമ്മയ്‌ക്ക് അല്‌പനേരമൊന്നു
കിടക്കണങ്കില്‍...'
`ഇല്ല മോനേ, അങ്ങനെ കൊഴപ്പോന്നൂല്യ. ഹോട്ടലില്‍ ചെന്ന്
അപ്പൊത്തന്നെ പൊയ്‌ക്കളയാം.' ചെറിയമ്മ ഫോണില്‍ കൂടി പറഞ്ഞു. `നിയ്‌ക്ക്
നിന്നെയൊന്നു കാണാന്‍ ധൃതിയായി മോളേ.' ചെറിയമ്മ ഫോണ്‍ സദാനന്ദിന്റെ കൈയ്യില്‍
കൊടുത്തു. അധികം താമസിയാതെ തങ്ങള്‍ ബ്രീച്ച് കാന്റിയിലെത്തുമെന്ന് സദാനന്ദ്
വിശാഖത്തിനെ അറിയിച്ചു.
`ചേട്ടാ, അമേരിയ്‌ക്കേല് ചേട്ടനു കാറുണ്ടോ?'
സദാശിവന്‍ ആകാംക്ഷയോടെ ചോദിച്ചു.
`ഉവ്വ്. അവിടെ കാറില്ലാതെ കാര്യങ്ങള്‍
നടക്കില്ല. നമ്മടിവിടുത്തത്രേം ബസ്സുകള്‍ അവിടില്ല.'
`ചേട്ടന്റെ
കാറേതാ?'
`ഇമ്പാലാ എന്നു കേട്ടിട്ട്‌ണ്ടോ നീ? ഷവര്‍ലേടെ.'
`പിന്നേ,
കേട്ടിട്ട്‌ണ്ട്, പരന്നൊഴുകണ കാറല്ലേ? ഞാന്‍ ഫോട്ടോ കണ്ടിട്ട്‌ണ്ട്.'
`ങാ,
ഇപ്പഴത് പരന്നൊഴുകുന്നില്ല. പെട്രോളിനു വില കൂടിയ ശേഷം പരന്നൊഴുകുന്ന കാറുകളിപ്പോ
അമേരിക്കേല് കുറവാണ്. ഇത് സാധാരണ കാറു തന്നെ.'
`ലെഫ്‌റ്റ് ഹാന്‍ഡ്
െ്രെഡവായിരിയ്‌ക്കും അല്ലേ ചേട്ടാ?' സദാശിവന്‍ തന്റെ അറിവു
പ്രദര്‍ശിപ്പിച്ചു.
`അതെ. അവിടെ എല്ലാം ലെഫ്‌റ്റ് ഹാന്റ് െ്രെഡവാണ്.
റോഡിന്റെ വലതുവശത്തൂടെയാണ് ഓടിയ്‌ക്കുന്നത്.'
`അപ്പോ ഗിയറ് വലതുകൈ
കൊണ്ടായിരിയ്‌ക്ക്വോ മാറ്റണത്?'
`എന്റെ കാറിന് ഓട്ടോമാറ്റിക്
ട്രാന്‍സ്‌മിഷനാണ്. ഗിയറ് കൈകൊണ്ടു മാറ്റേണ്ട കാര്യമില്ല.'
`അപ്പോ നല്ല
സുഖായിരിയ്‌ക്കുമല്ലോ ഓടിയ്‌ക്കാന്‍!`
ഹ്യാട്ട് റീജന്‍സി കണ്ട് സദാശിവന്‍
അന്തം വിട്ടു നിന്നുപോയി. `ചേട്ടന്‍ ഇവിടെയാണോ താമസിയ്‌ക്കണത്,' അവന്‍
ആശ്ചര്യത്തോടെ ചോദിച്ചു. അങ്ങാകാശം വരെ നീലനിറത്തിലുള്ള ഗ്ലാസ് ഷീറ്റുകള്‍ കൊണ്ടു
പൊതിഞ്ഞ ഹ്യാട്ടിന്റെ മുന്‍ഭാഗം അത്ര ആകര്‍ഷകമായിരുന്നു. കണ്ണഞ്ചിപ്പിയ്‌ക്കുന്ന
ലോബിയും ലൌഞ്ചും. `എത്രയാ ഇവിടുത്തെ വാടക?' ആറായിരം എന്നു കേട്ടപ്പോള്‍ സദാശിവന്‍
നെഞ്ചത്തുകൈവച്ച് എന്റെ ദൈവമേ എന്നു പറഞ്ഞുപോയി. ഒരു മാസത്തേയ്‌ക്ക് ഒരു
ലക്ഷത്തിഎണ്‍പതിനായിരം രൂപ: അവന്‍ കണക്കുകൂട്ടിയെടുത്തു. വിശാഖത്തിന്റെ വരവു
പ്രമാണിച്ച് എടുത്തിരിയ്‌ക്കുന്ന കിംഗ്‌സ് റൂമിന് എണ്ണായിരത്തിലും കൂടുതലാണു
പ്രതിദിന വാടകയെന്ന് സദാനന്ദ് പറഞ്ഞില്ല.
മുറിയിലെ പഴങ്ങള്‍ നിറച്ച
കൂടയ്‌ക്കകത്തുനിന്ന് ഒരാപ്പിളെടുത്ത് `ഇതു ഫ്രീയാണോ, ചേട്ടാ' എന്നു ചോദിച്ചു.
നമ്മളതു തിന്നാതിരുന്നാലും അതവരുടെ ബില്ലില്‍പ്പെടും, അതുകൊണ്ട് നീ ധൈര്യമായി
തിന്നോ, തിന്നു തീര്‍ത്തോ എന്നു സദാനന്ദ് സദാശിവനെ പ്രോത്സാഹിപ്പിച്ചു. സദാശിവന്‍
അപ്പോള്‍ത്തന്നെ ഒരാപ്പിള്‍ തിന്നുകയും ചെയ്‌തു. ആപ്പിള്‍ ചവച്ചുകൊണ്ടാണ് അവന്‍
ഹ്യാട്ട് റീജന്‍സിയുടെ ലൌഞ്ചിലൂടെ നടന്നിറങ്ങിയത്.
അധികം കഴിയും മുന്‍പെ
അവര്‍ ബ്രീച്ച് കാന്റിയിലെത്തി. പാസ്സുകള്‍ക്കുവേണ്ടി കാത്തു നില്‍ക്കുമ്പോള്‍
സദാശിവന്‍ ചോദിച്ചു, `ചേട്ടാ, ബീച്ച് കാന്റിയാണോ അതോ ബ്രീച്ച് കാന്റിയാണോ
ശരി?'
`ബ്രീച്ച്...ബ്രീ...ബ്രീ...ബര്‍ജ് ഖാദി എന്ന നാടന്‍ പേര്
ഇംഗ്ലീഷില്‍ ബ്രീച്ച് കാന്റിയായി.'
നാനൂറ്റി നാല്‌പത്തിനാലാം നമ്പര്‍
മുറിയുടെ വാതിലില്‍ മുട്ടിയപ്പോള്‍ തുറന്നത് വിശാഖം തന്നെയായിരുന്നു.
വാതില്‍ക്കല്‍ വച്ചു തന്നെ അവള്‍ ചെറിയമ്മയുടെ പാദം തൊട്ടു കണ്ണില്‍ വച്ചു. `അമ്മേ'
എന്നു പറഞ്ഞുകൊണ്ട് അവള്‍ ചെറിയമ്മയെ കെട്ടിപ്പിടിച്ചു. സദാശിവന്റെ നേരേ നോക്കി,
`സദാശിവാ' എന്നു പറഞ്ഞു പുഞ്ചിരിച്ചു.
`എന്റെ മോളേ, നീ വല്ലാണ്ട്
ക്ഷീണിച്ചിരിയ്‌ക്കേണല്ലോ...' ചെറിയമ്മ വിശാഖത്തിന്റെ മെലിഞ്ഞ കൈത്തണ്ടയില്‍
തഴുകിക്കൊണ്ടു പറഞ്ഞു.
`ഇല്ലമ്മേ, ക്ഷീണം വളരെക്കുറഞ്ഞിട്ടുണ്ട്.` വിശാഖം
അവരെ സെറ്റിയിലേയ്‌ക്കു നയിച്ചു. അവള്‍ ചെറിയമ്മയുടെ പഞ്ഞിപോലുള്ള ശിരസ്സില്‍
തലോടിക്കൊണ്ട് അരികില്‍ത്തന്നെ ഇരുന്നു.
`സദൂ, നിങ്ങളുദ്ദേശിയ്‌ക്കണ
കാര്യങ്ങളൊക്കെ ചെയ്യാനുള്ള ആരോഗ്യം ഇവള്‍ക്കായിട്ട് ണ്ടോ? വളരെ
ക്ഷീണിച്ചിരിയ്‌ക്കണല്ലോ ഇവള്?' ചെറിയമ്മയുടെ വേവലാതി
തീര്‍ന്നില്ല.
`ചെറിയമ്മേ, അവളിപ്പോ നന്നായിരിയ്‌ക്ക്യയാ. ഇവിടെ വരുമ്പോ
കാണേണ്ടതായിരുന്നു! ഇപ്പൊ രോഗമൊക്കെ മാറി. ഇനി ശരിയ്‌ക്കാഹാരം കഴിച്ചാ മാത്രം മതി.'
സദാനന്ദ് ചെറിയമ്മയെ ആശ്വസിപ്പിച്ചു.
`ചേച്ചീ, നിങ്ങളു തമ്മിലെങ്ങനെ കണ്ടു
മുട്ടി?' സദാശിവന്‍ ആകാംക്ഷ പ്രകടിപ്പിച്ചു.
സദാശിവന് ചേച്ചിയെ
ഇഷ്ടപ്പെട്ടെന്ന് ആ ചോദ്യം വ്യക്തമാക്കി. സദാനന്ദിന് ആഹ്ലാദം തോന്നി.
ദിവസങ്ങള്‍ക്കു മുന്‍പ് വിശാഖം ഫോണിലൂടെ സംസാരിച്ചപ്പോള്‍ത്തന്നെ ചെറിയമ്മ അവളെ
ഇഷ്ടപ്പെട്ടിരുന്നു. അതുകൊണ്ടാണ് അവളൊന്നാവശ്യപ്പെട്ടപ്പോഴേയ്‌ക്കും ചെറിയമ്മ
മുംബൈയില്‍ പറന്നെത്തിയത്. ആ ഇഷ്ടം ഇപ്പോള്‍ കൂടിയിട്ടേയുള്ളു. വിശാഖത്തെ ആരും
ഇഷ്ടപ്പെട്ടുപോകും, സദാനന്ദിന്റെ മനസ്സു പറഞ്ഞു.
`മോനേ, സദാശിവാ, നീ
അതുമിതും ചോദിച്ച് അവരെ വിഷമിപ്പിയ്‌ക്കണ്ട.' ചെറിയമ്മ സദാശിവനെ
ശാസിച്ചു.
`വിശാഖം, അവന്റെ ചോദ്യത്തിനുത്തരം നീ പറയുമോ അതോ ഞാന്‍ പറയണോ?'
സദാനന്ദ് ചോദിച്ചു.
`ഞാന്‍ പറയാം, സദൂ.' വിശാഖം സദാശിവന്റെ നേരേ തിരിഞ്ഞു.
`രണ്ടുകൊല്ലം മുന്‍പ് സദു മരിയ്‌ക്കാനുള്ള പ്ലാനിട്ടു. അന്ന് ആ പ്ലാന്‍ ഞാന്‍
തകര്‍ത്തു.' വിശാഖം സദാനന്ദിന്റെ നേരേ നോക്കി മന്ദഹസിച്ചു. `ഇയ്യിടെ ഞാന്‍
മരിയ്‌ക്കാന്‍ പോയി. അപ്പോ സദു വന്നു രക്ഷിച്ചു.' അവള്‍ ചരിത്രം അവതരിപ്പിച്ച
രീതിയുടെ ലാഘവം കണ്ട് സദാനന്ദ് ചിരിച്ചുപോയി. വിശാഖം തുടര്‍ന്നു.
`അമ്മയ്‌ക്കറിയാം ഞങ്ങളുടെ ചരിത്രം. ഞാന്‍ ഫോണില്‍ക്കൂടി
പറഞ്ഞിട്ടുണ്ട്.'
`എന്നാലും എന്റെ സദൂ, നീ മരിയ്‌ക്കാനൊരുങ്ങിയല്ലോ.`
ചെറിയമ്മയുടെ കണ്ണുകള്‍ നിറഞ്ഞു. `ഇവളതു പറഞ്ഞുകേട്ടപ്പോ ഞാന്‍ വെറച്ചുപോയി. നീ
ഇവള്‍ടെ അടുത്തുതന്നെ എത്തിപ്പെട്ടതു രക്ഷയായി. അല്ലെങ്കില്...ഓ, എനിയ്‌ക്കത്
ഓര്‍ക്കാന്‍ തന്നെ പറ്റണില്ല.' ചെറിയമ്മ വിശാഖത്തിന്റെ കരം ഗ്രഹിച്ചു കൊണ്ട്
വാത്സല്യത്തോടെ പറഞ്ഞു. `ഈശ്വരനാണു മോളേ, ഇവനെ നിന്റടുത്തു തന്നെ എത്തിച്ചത്.'
ചെറിയമ്മ കൈകൂപ്പി പ്രാര്‍ത്ഥിച്ചു. `ഈശ്വരാ, ഇവര്‍ക്കൊരാപത്തും
വരുത്തല്ലേ.'
സദാനന്ദും ചെറിയമ്മയോടൊപ്പം ഇരുന്നു. ചെറിയമ്മയുടെ പിന്നില്‍,
സെറ്റിയുടെ മുകളിലൂടെ വിശാഖത്തിന്റെ കൈത്തണ്ടയില്‍ മൃദുവായി സ്‌പര്‍ശിച്ചുകൊണ്ട്,
അവളുടെ കണ്ണുകളിലേയ്‌ക്കുറ്റു നോക്കിക്കൊണ്ട് സദാനന്ദു പറഞ്ഞു, `ചെറിയമ്മേടെ
അനുഗ്രഹം ണ്ടായാല്‍ ഇനിയൊരാപത്തും ഞങ്ങള്‍ക്കു വരില്ല.'
`എന്റനുഗ്രഹം
നിങ്ങള്‍ക്കെപ്പഴും ണ്ടാവും, മക്കളേ.' ചെറിയമ്മ ഇരുവരേയും വാത്സല്യത്തോടെ
പിടിച്ചുകൊണ്ട് ആശീര്‍വദിച്ചു. വിശാഖവും സദാനന്ദും ചെറിയമ്മയുടെ പാദം
സ്‌പര്‍ശിച്ചത് ഒരുമിച്ചായിരുന്നു.
(തുടരും)
(ഈ കഥ സാങ്കല്‌പികം
മാത്രമാണ്.)