ജീവിക്കാനുള്ള മൗലിക അവകാശം പോലെയാണ് “പൂഞ്ഞാര്‍ പുലിക്ക്” എന്തും പറയുവാനുള്ള അവകാശവും. സോണിയാ ഗാന്ധി എന്ന “ഭാരതരക്ഷകയില്‍” നിന്നും നരേന്ദ്രമോദി എന്ന പുതിയ രക്ഷകനിലേക്കുള്ള ദൈര്‍ഘ്യം നേരമൊന്നു ഇരുണ്ടു വെളുത്തതു മാത്രം. അങ്ങനെ പൂഞ്ഞാര്‍ പുലി തെരഞ്ഞെടുപ്പു ഫലത്തിന്റെ 'ഊത്തകേറ്റത്തില്‍' പൂഞ്ഞാര്‍ തൊഗാന്ധിയായി മാറി. വാക്കല്ലേ മാറ്റാന്‍ പറ്റൂ. നാക്കുമാറ്റാന്‍ പറ്റത്തില്ലല്ലോ? നാക്കിനു സംരക്ഷണം പല്ലാണ്. ആ പല്ലിനു കുറവൊന്നുമില്ലെങ്കില്‍ നാട്ടുകാരുടെ ക്ഷമയെ പ്രകീര്‍ത്തിക്കുക.
നേരത്തേ 'മനോരമ' എന്തോ എഴുതിയെന്നും പറഞ്ഞ്, തന്റെ പേഴ്‌സണല്‍ സ്റ്റാഫിന്റെ എണ്ണം പകുതിയാക്കുമെന്ന് തട്ടിവിട്ടു. കുറെ എണ്ണത്തിനെ പറഞ്ഞു വിട്ടു. ഒരാഴ്ച കഴിഞ്ഞപ്പോള്‍ പറഞ്ഞുവിട്ടവരെ പലിശസഹിതം തിരിച്ചെടുത്തു. വാക്കിനും നാക്കിനും ഇത്രയും വിലയുള്ള വ്യക്തിയെ ഭൂമിമലയാളത്തില്‍ വേറെ കാണാന്‍ കിട്ടുമോ? ആന്റോ ആന്റണി എം.പി.യോട് പൂഞ്ഞാറില്‍ തട്ടീം,മുട്ടീം ഒക്കെ നില്‍ക്കണമെങ്കില്‍ സംഘപരിവാറിലും, അതിലൂടെ പ്രധാനമന്ത്രി മോദിയിലും ഒക്കെ ഒരു പിടിയുള്ളതു നല്ലതല്ലേ? കാര്യങ്ങള്‍ ഇങ്ങനെ ഒക്കെ ആണെങ്കിലും ആളൊരു പാവമാ. ഒന്നു വിരട്ടിയാല്‍ മതി. മിണ്ടാതെ പൊക്കോളും അറിയില്ലെങ്കില്‍ വൈക്കത്തെ യൂത്ത് കോണ്‍ഗ്രസ്‌കാരോട് ചോദിക്കൂ!!
നാക്കിലെ സരസ്വതിയുടെ മറ്റൊരു വിളയാട്ടമാണ് കൊല്ലത്തെ പരനാറി പ്രയോഗം. നികൃഷ്ട ജീവിയോ, പരനാറിയോ ഏതാണ് സാഹിത്യത്തില്‍ ഗരുഢപ്രയോഗം? പണ്ടൊരു പാവം കത്തോലിക്ക ബിഷപ്പിനെ നികൃഷ്ട ജീവി എന്നു വിളിച്ചതിന് കുഞ്ഞാടുകളും ഇടയന്മാരും പത്ര പ്രസ്താവനയിലൂടെ മാത്രമേ പ്രതികരിച്ചുള്ളൂ. എന്നാല്‍ കൊല്ലക്കാര്‍ 'പരനാറിക്കിട്ട്' എട്ടിന്റെ പണികൊടുത്തു. അങ്ങനെ “കൊടുത്താല്‍ കൊല്ലത്തും കിട്ടും” എന്ന തിരുഎഴുത്ത് നിറവേറി!! ഒരു 'പരനാറിക്ക്' ഇത്രയേം വോട്ടു മറിക്കാന്‍ പറ്റുമെന്ന് ഭുമി മലയാളത്തിനു മനസ്സിലായി.
അതല്ല, പരനാറി പ്രയോഗവും, നികൃഷ്ട ജീവി പോലെ സാധാരണക്കാരന്റെ നിഷ്‌കളങ്കതയുടേയും, ഗ്രാമീണ നന്മയുടെയും ഒക്കെ പ്രതീകമാണെന്ന് പാര്‍ട്ടി പത്രം കഴിഞ്ഞദിവസം വിശദീകരിച്ചിരുന്നു. കുറച്ചുനാളു കഴിഞ്ഞാല്‍, രണ്ടു തെറി വിളിക്കണമെന്ന് തോന്നിയാല്‍ മലയാളത്തിനു പകരം മറ്റ് വല്ല ഭാഷയേയും ആശ്രയിക്കേണ്ടി വരും. മലയാളത്തിലെ എല്ലാ തെറിപ്രയോഗങ്ങള്‍ക്കും 'ശ്രേഷ്ഠ ഭാഷാ പദവി' നല്‍കുവാന്‍ 'ദേശാഭിമാനി' തീരുമാനിച്ചു.
തലക്കിട്ട് അടികിടിക്കഴിഞ്ഞപ്പോള്‍ കോണ്‍ഗ്രസ്‌കാര്‍ക്ക് ബോധം വീണു തുടങ്ങി. മൂന്നു വര്‍ഷം മുമ്പേ പരാജയപ്പെടുമെന്ന് ഉറപ്പായിരുന്നുവെന്ന് കേന്ദ്രമന്ത്രിയായിരുന്ന കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു. ചില കേന്ദ്രമന്ത്രിമാരുടെ പ്രവൃത്തിദോഷമാണ് ഇപ്പോള്‍ എല്ലാവരും അനുഭവിക്കുന്നതെന്ന തിരിച്ചറിവും സുരേഷിനുണ്ടായി. യു.പി.എ. സര്‍ക്കാരിലെ ബഹുഭൂരിപക്ഷ തീരുമാനങ്ങളും സാധാരണ ജനങ്ങള്‍ക്ക് എതിരായിരുന്നുവെന്ന തിരിച്ചറിവാണ് രമേശ് ചെന്നിത്തലയ്ക്ക് ഉണ്ടായത്. അഴിമിതികൊണ്ടും, വിലക്കയറ്റം കൊണ്ടും ജനം പൊറുതിമുട്ടിയെന്ന് അദ്ദേഹം നേരത്തെ തന്നെ മനസിലാക്കിയിരുന്നു. എല്ലാവര്‍ക്കും എല്ലാം നേരത്തേ തന്നെ അറിയാമായിരുന്നു. അപ്പോള്‍ അമ്മയും മകനും അറിഞ്ഞുകൊണ്ടുതന്നെ നമ്മുക്കിട്ട് പണിയുകയായിരുന്നു അല്ലേ? പാവം മന്‍മോഹന്‍ജിയെ കുറ്റം പറഞ്ഞിട്ടെന്തു കാര്യം!
അടിക്കുറിപ്പ്
ഞമ്മക്ക് ഇത്തിരി കാശുണ്ടാക്കാന്‍, ഇസ്‌ക്കൂളുകള്‍ പുതിയതായി അനുവദിക്കാന്‍ കോണ്‍ഗ്രസ് സമ്മദിക്കൂലായെങ്കില്‍, ബാറുകള്‍ തുറന്ന് നിങ്ങളും കാശുണ്ടാക്കേണ്ടായെന്ന് മുസ്ലീം ലീഗ്.
Thanks
Paul Chacko