കഴിഞ്ഞ നവംബര്‍ രണ്ടാം തീയതി എറണാകുളത്തെ മറൈന്‍ െ്രെഡവില്‍ നടന്നെന്നും
നടന്നില്ലെന്നും പറയപ്പെടുന്ന ചുംബനസമരമാണ് ചുംബനത്തെപ്പറ്റിയുള്ള ചില
ചിന്തകളെഴുതാനുള്ള പ്രേരകമായത്.
`ഇന്‍ഡിപ്പെന്‍ഡന്‍സ് ഡേ'
1996ല്‍
റിലീസ് ചെയ്‌ത `ഇന്‍ഡിപ്പെന്‍ഡന്‍സ് ഡേ' എന്ന ഇംഗ്ലീഷു സിനിമ കണ്ടവരില്‍
ചിലരെങ്കിലും അതിലെ ഒരു രംഗം ഓര്‍ക്കുന്നുണ്ടാകും. അന്യഗ്രഹത്തില്‍ നിന്നുള്ള
ആക്രമണകാരികളുടെ മാതൃപേടകത്തിനുള്ളില്‍ കമ്പ്യൂട്ടര്‍ വൈറസു കടത്തിവിട്ട ശേഷം
വിജയശ്രീലാളിതരായി മടങ്ങി വരുന്ന ക്യാപ്‌റ്റന്‍ സ്റ്റീവിനേയും (വില്‍ സ്‌മിത്ത്)
ഡേവിഡിനേയും (ജെഫ് ഗോള്‍ഡ്‌ബ്ലം) അവരുടെ ഭാര്യമാര്‍ (വിവിഷ്യാ ഫോക്‌സും
മാര്‍ഗരറ്റ് കോളിനും) ഓടിച്ചെന്നു പുണര്‍ന്നു ചുംബിയ്‌ക്കുന്നു.
സിനിമാസംവിധായകന്റെ നിര്‍ദ്ദേശാനുസരണം നാലുപേരും (പ്രതിഫലം വാങ്ങി)
അഭിനയിയ്‌ക്കുകയായിരുന്നെങ്കിലും, ചുംബനത്തിന്റെ ഏറ്റവും ഉദാത്തമായൊരു
മാതൃകയായിരുന്നു, അത്. ഇന്നിപ്പോള്‍ ഇന്ത്യന്‍ സിനിമകളിലേയ്‌ക്കും ചുംബനം
പതുക്കെപ്പതുക്കെ കടന്നു വന്നുകൊണ്ടിരിയ്‌ക്കുന്നുണ്ടെങ്കിലും
`ഇന്‍ഡിപ്പെന്‍ഡന്‍സ് ഡേ'യിലെ ചുംബനം രണ്ടു പതിറ്റാണ്ടാവാറായിട്ടും ഓര്‍മ്മയില്‍
പച്ച പിടിച്ചു നില്‍ക്കുന്നു.
നമുക്കിനി നെടുമ്പാശ്ശേരി
എയര്‍പോര്‍ട്ടിലേയ്‌ക്കൊന്നു ചെല്ലാം. രണ്ടു വര്‍ഷത്തിനു ശേഷം സൌദി അറേബ്യയില്‍
നിന്നൊരു പ്രവാസി ലീവിനു വരുന്നു. ഭാര്യയെക്കാണാന്‍ അദ്ദേഹവും അദ്ദേഹത്തെക്കാണാന്‍
ഭാര്യയും കൊതിച്ചിരിയ്‌ക്കുന്നു. ഭാര്യ എയര്‍പോര്‍ട്ടില്‍ ഭര്‍ത്താവിനെ
കാത്തുനില്‍ക്കുന്നു. ഫ്‌ലൈറ്റു വരുന്നു, പ്രവാസി എയര്‍പോര്‍ട്ടിനു വെളിയില്‍
വരുന്നു, ഭര്‍ത്താവും ഭാര്യയും തമ്മില്‍ കാണുന്നു. വര്‍ഷങ്ങളായി ഇരുവരും
കാത്തുകാത്തിരുന്നിരുന്ന സമാഗമം. ഇരുവരും ആവേശത്തോടെ കെട്ടിപ്പിടിയ്‌ക്കുന്നു,
മതിമറന്ന് പരസ്‌പരം ചുംബിയ്‌ക്കുന്നു. ദീര്‍ഘസമയം നീണ്ടുനില്‍ക്കുന്ന,
ചുംബനം.
മുകളില്‍ വിവരിച്ച സമാഗമങ്ങളും സ്‌നേഹോഷ്‌മളചുംബനങ്ങളും സഹൃദയരുടെ
മനസ്സു കുളിര്‍പ്പിയ്‌ക്കുന്ന, മനസ്സു നിറയ്‌ക്കുന്ന കാഴ്‌ചകളാണ്. ഇത്തരം
സന്ദര്‍ഭങ്ങളിലെ ചുംബനങ്ങള്‍ കാലേകൂട്ടി ആസൂത്രണം ചെയ്‌ത പ്രവൃത്തികളല്ല.
തീവ്രപ്രണയം മൂലം അവര്‍ ചെയ്‌തു പോകുന്നതാണ്. മേല്‍പ്പറഞ്ഞതു പോലുള്ള
സന്ദര്‍ഭങ്ങളില്‍ ഇതുപോലെ പരസ്‌പരം ചുംബിയ്‌ക്കാനുള്ള അഭിനിവേശം ആധുനികലോകത്തെ
സാധാരണ മനുഷ്യരില്‍ സ്വാഭാവികവുമാണ്.
പക്ഷേ നെടുമ്പാശ്ശേരി
വിമാനത്താവളത്തിലെ ചുംബനം അതിലേര്‍പ്പെട്ട ദമ്പതിമാരെ ജയിലില്‍ എത്തിച്ചെന്നു വരാം.
കൊള്ളക്കാരേയും കൊലപാതകികളേയും പിടികൂടുന്നതിലേറെ ശുഷ്‌കാന്തി പരസ്‌പരം ചുംബിച്ച
ദമ്പതിമാരെ അറസ്റ്റു ചെയ്‌തു ജയിലിലടയ്‌ക്കാന്‍ പോലീസ് കാണിച്ചെന്നും വരാം.
പൊതുസ്ഥലത്തു വച്ചു പരസ്‌പരം ചുംബിച്ച ദമ്പതിമാര്‍ അറസ്റ്റിലായ ചരിത്രം
ഇന്ത്യയിലുണ്ട്. ചുംബിച്ചവര്‍ ദമ്പതിമാരല്ല, കമിതാക്കളാണെങ്കില്‍ അവര്‍
തീര്‍ച്ചയായും അകത്തായതു തന്നെ. ചുംബനം പോലീസ് കാണാതെ പോകുകയോ ചുംബനത്തിന്റെ നേരേ
പോലീസ് കണ്ണടച്ചു കളയുകയോ ചെയ്‌തെന്നു വയ്‌ക്കുക. ഉടന്‍ സദാചാരപ്പോലീസ്
സടകുടഞ്ഞെഴുന്നേല്‍ക്കുകയും ചെയ്യും. ചുംബനം നിരോധിയ്‌ക്കുന്ന നിയമങ്ങളൊന്നും ഇവിടെ
നിലവിലില്ലെന്നിരിയ്‌ക്കെ, ഏതു നിയമമനുസരിച്ചാണ് ചുംബനത്തിലേര്‍പ്പെടുന്നവര്‍
അറസ്റ്റു ചെയ്യപ്പെടുന്നതെന്നു നോക്കാം.
നിയമവശം
ഞാനൊരു നിയമജ്ഞനല്ല.
വായിച്ചറിഞ്ഞ കാര്യങ്ങളാണു താഴെ കൊടുക്കുന്നത്. ഇന്ത്യന്‍ പീനല്‍ കോഡിന്റെ
വകുപ്പ് 294 ഉദ്ധരിക്കുന്നു:
294. Obscene acts and songs
?
Whoever, to the annoyance of others?
(a) does any obscene act in
any public place, or
(b) sings, recites or utters any obscene song,
ballad or words, in or near any public place,
shall be punished with
imprisonment of either description for a term which may extend to three months,
or with fine, or with both.
ചുംബിയ്‌ക്കുന്നവരെ പോലീസ് അറസ്റ്റു
ചെയ്യുന്നത് ഐപിസി 294ഏ അനുസരിച്ചാണ്. ഇതിലെ യുക്തി നമുക്കൊന്നു
പരിശോധിയ്‌ക്കാം.
154 വര്‍ഷം മുന്‍പ്, 1860ല്‍, ബ്രിട്ടീഷ് ഭരണകാലത്ത്,
അന്ന് ഇന്ത്യയില്‍ നിലവിലിരുന്നിരുന്ന ഇമ്പീരിയല്‍ ലെജിസ്ലേറ്റീവ് കൌണ്‍സില്‍
പാസ്സാക്കിയതാണ് ഇന്ത്യന്‍ പീനല്‍ കോഡ്. (ഇമ്പീരിയല്‍ ലെജിസ്ലേറ്റീവ് കൌണ്‍സില്‍
നമ്മുടെ കോണ്‍സ്റ്റിറ്റിയുവന്റ് അസംബ്ലിയുടെ മുന്‍ഗാമിയായിരുന്നു.
കോണ്‍സ്റ്റിറ്റിയുവന്റ് അസംബ്ലിയുടെ പിന്‍ഗാമിയാണ് ഇപ്പോഴത്തെ പാര്‍ലമെന്റ്.)
ഇംഗ്ലണ്ടിലേയും ഫ്രാന്‍സിലേയും നിയമങ്ങളില്‍ നിന്നും അമേരിക്കയിലെ ലൂയിസിയാനാ
സിവില്‍ കോഡില്‍ നിന്നുമെല്ലാം പ്രസക്തഭാഗങ്ങള്‍ എടുത്തുണ്ടാക്കിയതായിരുന്നു
ഇന്ത്യന്‍ പീനല്‍ കോഡ്. 1862ല്‍ പ്രാബല്യത്തില്‍ വന്ന ഇന്ത്യന്‍ പീനല്‍ കോഡ്
ഒന്നരനൂറ്റാണ്ടിലേറെയായി, കാര്യമായ ഭേദഗതികളൊന്നുമില്ലാതെ നിലവിലിരിയ്‌ക്കുന്നു,
പ്രസക്തമായിത്തന്നെ തുടരുകയും ചെയ്യുന്നു.
1860കളില്‍ ലോകമാകമാനം വനിതകളുടെ
സ്ഥിതി ശോചനീയമായിരുന്നിരിയ്‌ക്കണം. ലോകമാകമാനം എന്നു പറയുമ്പോള്‍ ഇന്ത്യയില്‍
മാത്രമല്ല, യൂറോപ്പിലും അമേരിക്കയിലുമെല്ലാം സമാനസ്ഥിതിയായിരുന്നു കാണണം.
പുരുഷന്മാര്‍ തങ്ങളുടെ കാമദാഹം ശമിപ്പിയ്‌ക്കാന്‍ വേണ്ടി വനിതകളെ
ഉപദ്രവിയ്‌ക്കുന്നത് അക്കാലത്ത് പതിവായിരുന്നിരിയ്‌ക്കണം. ഉപദ്രവം എപ്പോഴും
വണ്‍വേ ട്രാഫിക്കും ആയിരുന്നിരിയ്‌ക്കണം: അതായത്, പുരുഷന്മാരില്‍ നിന്നു വനിതകളുടെ
നേരേ. നേരേ തിരിച്ചുള്ള ഉപദ്രവം വിരളമായിരുന്നിരിയ്‌ക്കണം. വനിതകള്‍
ഉപദ്രവിയ്‌ക്കപ്പെടരുത് എന്ന മഹനീയചിന്ത ഭൂരിഭാഗം പുരുഷന്മാര്‍ക്കും ഉണ്ടായിരുന്നു
കാണണം. ആദര്‍ശസമ്പന്നരല്ലാത്ത ഒരു ചെറുവിഭാഗം പുരുഷന്മാര്‍ വനിതകളോടു ചെയ്യുന്ന
ലൈംഗികോപദ്രവങ്ങള്‍ തടയണം, വനിതകള്‍ക്ക് അവയില്‍ നിന്നു രക്ഷ നല്‍കണം എന്ന
ഉദ്ദേശമായിരുന്നിരിയ്‌ക്കണം 294ഏ, 294ബി എന്നീ വകുപ്പുകളുടെ
പിന്നില്‍.
വകുപ്പ് 294ഏ ഒന്നുകൂടി ഉദ്ധരിയ്‌ക്കാം:
?Whoever, to
the annoyance of others? (a) does any obscene act in any public place,
or...?
അശ്ലീലപ്രദര്‍ശനം (ഒബ്‌സീന്‍ ആക്‌റ്റ്) നടത്തി അന്യരെ
ശല്യപ്പെടുത്തുന്നതു തടയുകയാ!ണ് ഈ വകുപ്പിന്റെ ലക്ഷ്യം. അശ്ലീലപ്രദര്‍ശനം നടത്തി
ആര് ആരെയാണു ശല്യപ്പെടുത്തുകയെന്ന് ഒന്നാലോചിച്ചു നോക്കാം. പുരുഷന്മാരല്ലാതെ
മറ്റാരാണ് അശ്ലീലപ്രദര്‍ശനം നടത്തി അന്യരെ ശല്യപ്പെടുത്താനിടയുള്ളത്? ആ
ശല്യപ്പെടുത്തലിനിരയാകുന്നത് മിയ്‌ക്കപ്പോഴും വനിതകളുമായിരിയ്‌ക്കും. വനിതകള്‍
അശ്ലീലപ്രദര്‍ശനം നടത്തുമെന്നും വനിതകളുടെ അശ്ലീലപ്രദര്‍ശനം പുരുഷന്മാരെ
ശല്യപ്പെടുത്താന്‍ പോന്നതായിരിയ്‌ക്കുമെന്നും കരുതാന്‍ ന്യായമില്ല. പുരുഷന്മാര്‍
അന്യപുരുഷന്മാരെ ശല്യപ്പെടുത്താന്‍ വേണ്ടി അശ്ലീലപ്രദര്‍ശനം നടത്തുമോ?
നടത്തുമായിരിയ്‌ക്കാം. അശ്ലീലപ്രദര്‍ശനം പുരുഷന്മാര്‍ക്കു ശല്യമാകുമോ? സംശയമാണ്.
ഇന്ത്യയിലെ ഏതോ ഒരു നിയമസഭയില്‍ ഏതോ ഒരു നിയമസഭാസാമാജികന്‍ ഉടുവസ്‌ത്രം നീക്കിയോ
ഉയര്‍ത്തിയോ മറുപക്ഷത്തിനു നേരേ അശ്ലീലപ്രദര്‍ശനം നടത്തിയെന്ന വാര്‍ത്ത
വന്നിരുന്നു. പുരുഷന്മാരുടെ അശ്ലീലപ്രദര്‍ശനം അന്യപുരുഷന്മാര്‍ക്കു ശല്യമായാലും
ഇല്ലെങ്കിലും, പുരുഷന്മാര്‍ക്ക് നിയമത്തിലൂടെ സംരക്ഷണം കിട്ടേണ്ട തരത്തിലുള്ളൊരു
ശല്യമായി അതിനെ കണക്കാക്കാനാവില്ല. ചുരുക്കിപ്പറഞ്ഞാല്‍, പുരുഷന്മാര്‍
പൊതുസ്ഥലങ്ങളില്‍ വച്ച് വനിതകളുടെ നേരേ അശ്ലീലപ്രദര്‍ശനം നടത്തി വനിതകളെ
ശല്യപ്പെടുത്തുന്നതു തടയുകയായിരുന്നു വകുപ്പ് 294ഏയുടെ ജന്മോദ്ദേശ്യം.
ഇനി
വകുപ്പ് 294ബിയുടെ കാര്യം പരിശോധിയ്‌ക്കാം. വകുപ്പ് ഒന്നുകൂടി
ഉദ്ധരിയ്‌ക്കുന്നു:
?Whoever, to the annoyance of others? (b) sings,
recites or utters any obscene song, ballad or words, in or near any public
place...?
വകുപ്പ് 294ഏ അശ്ലീലപ്രദര്‍ശനത്തെപ്പറ്റിപ്പറയുമ്പോള്‍ 294ബി
അശ്ലീലപദപ്രയോഗത്തെപ്പറ്റിയാണു പറയുന്നത്. അശ്ലീലപദപ്രയോഗം നടത്തി അന്യരെ
ശല്യപ്പെടുത്തുന്നതു തടയുകയാണ് ഈ വകുപ്പിന്റെ ലക്ഷ്യം. അശ്ലീലപദപ്രയോഗം കൊണ്ട്
ആര് ആരെയാണു ശല്യപ്പെടുത്തുകയെന്ന് ഒന്നു പരിശോധിച്ചു നോക്കാം. തീര്‍ച്ചയായും
ശല്യപ്പെടുത്തുന്നതു പുരുഷന്മാരും, ശല്യപ്പെടുത്തലിനിരയാകുന്നതു
വനിതകളുമായിരിയ്‌ക്കും. പുരുഷന്മാര്‍ അന്യപുരുഷന്മാരെ ശല്യപ്പെടുത്താന്‍ വേണ്ടി
അസഭ്യപദപ്രയോഗം നടത്താറുണ്ട്. അശ്ലീലപദപ്രയോഗവും നടത്തിയേയ്‌ക്കാം.
പുരുഷന്മാര്‍ക്കു നേരേ പുരുഷന്മാര്‍ തന്നെ നടത്തുന്ന അശ്ലീലപദപ്രയോഗം
ശല്യമാകാമെങ്കിലും, അതു നിയമത്തിലൂടെ സംരക്ഷണം കിട്ടേണ്ട തരത്തിലുള്ളൊരു ശല്യമായി
പരിണമിയ്‌ക്കുമെന്നു തോന്നുന്നില്ല. (അശ്ലീലപദപ്രയോഗത്തെ അസഭ്യപ്രയോഗത്തില്‍ നിന്നു
വേറിട്ടാണു ഐപിസി കാണുന്നത്. അസഭ്യപ്രയോഗത്തിന് മറ്റു വകുപ്പുകളുണ്ട്; ഉദാഹരണം
വകുപ്പ് 504.) ചുരുക്കത്തില്‍, വനിതകള്‍ക്കെതിരെ പുരുഷന്മാര്‍ നടത്തുന്ന
അശ്ലീലപദപ്രയോഗത്തെ തടയാനാണ് വകുപ്പ് 294ബി ലക്ഷ്യമിടുന്നത്. 294ബി
ചുംബിയ്‌ക്കുന്നവര്‍ക്കെതിരെ പ്രയോഗിയ്‌ക്കപ്പെടാറില്ല.
മുന്‍പു
പറഞ്ഞുകഴിഞ്ഞൊരു കാര്യം ഇവിടെ ആവര്‍ത്തിയ്‌ക്കുന്നു: മേല്‍പ്പറഞ്ഞ വകുപ്പുകള്‍,
അതായത് 294ഏയും ബിയും, വനിതകളെ പുരുഷന്മാരുടെ അശ്ലീലമുപയോഗിച്ചുള്ള
ശല്യപ്പെടുത്തലുകളില്‍ നിന്നു സംരക്ഷിയ്‌ക്കാന്‍ വേണ്ടി
എഴുതപ്പെട്ടിരിയ്‌ക്കുന്നവയാണ്. പുരുഷന്‍ വനിതയെ ശല്യപ്പെടുത്തുമ്പോഴാണ് ഈ
വകുപ്പുകള്‍ ഉണരേണ്ടത്. വനിതകള്‍ക്കു സംരക്ഷണം നല്‍കേണ്ടതുണ്ടെന്നും, വകുപ്പ് 294
വനിതകളുടെ സംരക്ഷണത്തിനു മതിയായതല്ലെന്നും ബോദ്ധ്യം വന്നതുകൊണ്ടായിരിയ്‌ക്കണം
സര്‍ക്കാര്‍ അതിനുവേണ്ടി മറ്റൊരു വകുപ്പു കൂടി (വകുപ്പ് 509) എഴുതിച്ചേര്‍ത്തത്.
വകുപ്പ് 509 താഴെ ഉദ്ധരിയ്‌ക്കുന്നു:
?Word, gesture or act intended to
insult the modesty of a woman.?Whoever, intending to insult the modesty of any
woman, utters any word, makes any sound or gesture, or exhibits any object,
intending that such word or sound shall be heard, or that such gesture or object
shall be seen, by such woman, or itnrudes upon the privacy of such woman, shall
be punished with simple imprisonment for a term which may extend to one year, or
with fine, or with both.?
ശക്തര്‍ ദുര്‍ബ്ബലരെ ഉപദ്രവിയ്‌ക്കുന്നത്
ആദികാലം മുതല്‍ക്കേ പതിവുള്ളതാണ്. പുരുഷന്‍, വനിത ഇവരിലാര്‍ക്കാണു കൂടുതല്‍
ശാരീരികബലം എന്ന ചോദ്യത്തിനുള്ള ഉത്തരം വ്യക്തമാണ്. ശക്തരായ പുരുഷവര്‍ഗ്ഗം ശക്തി
കുറഞ്ഞ സ്‌ത്രീവര്‍ഗ്ഗത്തെ ഉപദ്രവിയ്‌ക്കുന്നതും അക്കാലത്തു തന്നെ
തുടങ്ങിയിരുന്നിരിയ്‌ക്കണം. ശക്തരില്‍ നിന്നു ദുര്‍ബ്ബലരെ രക്ഷിയ്‌ക്കുന്നത്
നിയമങ്ങളുടെ മുഖ്യലക്ഷ്യങ്ങളിലൊന്നാണ്. ഭാരതത്തില്‍ ശക്തരും ദുര്‍ബ്ബലരുമുണ്ട്.
ശക്തരും ദുര്‍ബ്ബലരും നിയമത്തിന്റെ മുന്‍പില്‍ തുല്യരാണെങ്കിലും ദുര്‍ബ്ബലര്‍ക്കു
നിയമത്തിന്റെ പ്രത്യേക പരിഗണന കൂടി കിട്ടുമ്പോഴാണ് സമത്വം കുറേക്കൂടി
നീതിയുക്തമാകുന്നത്. ഇതിനൊരുദാഹരണം പറയാം: നിയമത്തിന്റെ മുന്നില്‍ പുരുഷന്മാരും
സ്‌ത്രീകളും തുല്യരാണെങ്കിലും ബസ്സില്‍ സ്‌ത്രീകള്‍ക്കായി ഏതാനും സീറ്റുകള്‍
നീക്കിവയ്‌ക്കപ്പെട്ടിരിയ്‌ക്കുന്നെന്നു മാത്രമല്ല, പുരുഷന്മാര്‍ അവയിലിരുന്നു
യാത്ര ചെയ്യുന്നത് ശിക്ഷാര്‍ഹവുമാക്കിയിരിയ്‌ക്കുന്നു. പാര്‍ലമെന്റിലെ
മൂന്നിലൊന്നു സീറ്റുകള്‍ വനിതകള്‍ക്കായി സംവരണം ചെയ്യാന്‍ വേണ്ടി
ബില്ലവതരിപ്പിയ്‌ക്കപ്പെട്ടിരിയ്‌ക്കുന്നതും മുകളില്‍ സൂചിപ്പിച്ച
ശക്തിവ്യത്യാസത്തെ ഒരു പരിധി വരെ പരിഹരിയ്‌ക്കാന്‍ വേണ്ടിയാണ്.
വകുപ്പ്
294 ഉണര്‍ന്നെഴുന്നേല്‍ക്കണമെങ്കില്‍ ഒരാള്‍ (മിയ്‌ക്കവാറും ഒരു പുരുഷന്‍)
മറ്റൊരാളുടെ നേരേ (മിയ്‌ക്കവാറും ഒരു വനിതയുടെ നേരേ) അശ്ലീലപ്രദര്‍ശനമോ
അശ്ലീലപദപ്രയോഗമോ നടത്തി ശല്യപ്പെടുത്തിയിരിയ്‌ക്കണമെന്നു പറഞ്ഞുവല്ലോ.
ശല്യപ്പെടുത്തപ്പെട്ട വ്യക്തി (മിയ്‌ക്കപ്പോഴും ഒരു വനിത)
പരാതിപ്പെട്ടിരിയ്‌ക്കുകയും വേണം. എങ്കില്‍ മാത്രമേ വകുപ്പ് 294 അനുസരിച്ചുള്ള
നടപടികളുണ്ടാകാവൂ. ഒരു വനിതയെ മനഃപൂര്‍വ്വം ശല്യപ്പെടുത്താനായി തന്റെ ഉടുവസ്‌ത്രം
ഉയര്‍ത്തിക്കാണിയ്‌ക്കുന്നൊരു സാമൂഹ്യവിരുദ്ധനെതിരെ പ്രയോഗിയ്‌ക്കാനുള്ളതാണ് ആ
വകുപ്പ്. ഇതൊരുദാഹരണം മാത്രം.
നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വച്ച്
തീവ്രപ്രണയം മൂലം പരസ്‌പരം ചുംബിയ്‌ക്കുന്ന ദമ്പതിമാര്‍ ആ സമയം തങ്ങളെത്തന്നെയാണു
ശ്രദ്ധിയ്‌ക്കുന്നത്. മതിമറന്നു നില്‍ക്കുന്ന അവര്‍ തങ്ങള്‍ക്കു ചുറ്റുമുള്ള
അന്യരെ ശ്രദ്ധിയ്‌ക്കുക പോലും ചെയ്യുന്നില്ല. എന്തെങ്കിലുമൊരു പ്രവൃത്തി വകുപ്പ്
294ഏ അനുസരിച്ചുള്ള കുറ്റകൃത്യമാകണമെങ്കില്‍ അന്യരെ ശല്യപ്പെടുത്തുക എന്ന
ഉദ്ദേശത്തോടെ, അന്യരുടെ നേര്‍ക്ക് അശ്ലീലപ്രദര്‍ശനം നടത്തുകയും ആ അശ്ലീലപ്രദര്‍ശനം
അന്യരെ ശല്യപ്പെടുത്തിയിരിയ്‌ക്കുകയും വേണം. പരസ്‌പരം ചുംബിയ്‌ക്കുന്ന
ദമ്പതിമാര്‍ക്ക് അന്യരെ ശല്യപ്പെടുത്താനുള്ള യാതൊരുദ്ദേശവുമില്ല. അവരുടെ ചുംബനം
അവരുടെ പ്രണയത്തിന്റെ പ്രകാശനമാണ്. അത് അന്യര്‍ക്ക് ശല്യമുണ്ടാക്കുന്നില്ല.
പ്രണയികള്‍ മതിമറന്നു നടത്തുന്ന ചുംബനം ഒരിയ്‌ക്കലും മുന്‍ പറഞ്ഞ
സാമൂഹ്യവിരുദ്ധന്റെ ചെയ്‌തിയ്‌ക്കു സമാനമാവില്ല. അതുകൊണ്ട് അവരുടെ ചുംബനം
കുറ്റകൃത്യമല്ല.
ലൈംഗികവേഴ്‌ച സ്വകാര്യതയില്‍ത്തന്നെ വേണമെന്ന കാര്യത്തില്‍
യാതൊരു സംശയവുമില്ല. ചുംബനം ലൈംഗികവേഴ്‌ചയല്ല. പ്രണയികളുടെ പരസ്‌പരചുംബനം
അധരങ്ങളുപയോഗിച്ചുള്ളൊരു പ്രവൃത്തിയാണ്. മറച്ചുവയ്‌ക്കേണ്ട ഗുഹ്യഭാഗങ്ങളോ
വനിതകളുടെ മാറിടമോ ചുംബനത്തിനു വേണ്ടി അനാവരണം ചെയ്യപ്പെടുന്നില്ല. മറച്ചു
വയ്‌ക്കേണ്ടവ മറച്ചുവച്ചുകൊണ്ടുതന്നെ നടക്കുന്ന ചുംബനം, അതു
പൊതുസ്ഥലത്തായാല്‍പ്പോലും അശ്ലീലമല്ല. അതുകൊണ്ട് ചുംബനം ഐപിസി 294ഏ അനുസരിച്ചുള്ള
കുറ്റകൃത്യം (ഒബ്‌സീന്‍ ആക്‌റ്റ്) അല്ല.
മേല്‍പ്പറഞ്ഞ നിലപാടു തന്നെയാണ്
ഡല്‍ഹി ഹൈക്കോടതിയുടേതും. 2009 ഫെബ്രുവരി രണ്ടാം തീയതി ഡല്‍ഹി ഹൈക്കോടതി
പുറപ്പെടുവിച്ച ഒരുത്തരവില്‍ നിന്നു വ്യക്തമാകുന്ന കാര്യങ്ങള്‍
താഴെപ്പറയുന്നവയാണ്:
(1) ചുംബനം പ്രണയത്തിന്റെ പ്രകാശനമാണ്
(എക്‌സ്‌പ്രഷന്‍ ഓഫ് ലവ്).
(2) ചുംബനം അശ്ലീലക്കുറ്റമല്ല (not an obscene
act).
ഉത്തരവിന്റെ പ്രസക്തഭാഗം താഴെ കൊടുക്കുന്നു:
"...It is
inconceivable how, even if one were to take what is stated in the FIR to bet
rue, the expression of love by a young married couple, in the manner indicated
in the FIR, would attract the offence of "obscentiy" andt rigger the coercive
process of the law..."
ഡല്‍ഹി ഹൈക്കോടതിയുടെ അധികാരപരിധി പരിമിതമാണ്.
പക്ഷേ ഐപിസി ഒരു അഖിലേന്ത്യാനിയമമാണ്. ഒരഖിലേന്ത്യാനിയമത്തിലെ ഒരു
വകുപ്പിനെപ്പറ്റി ഒരു ഹൈക്കോടതി പുറപ്പെടുവിയ്‌ക്കുന്ന അഭിപ്രായത്തിന്
ഇന്ത്യയൊട്ടാകെ (ജമ്മു ആന്റ് കാശ്‌മീരൊഴികെ; അവിടെ ഇന്ത്യന്‍ പീനല്‍ കോഡിനു പകരം
`രണ്‍ബീര്‍ പീനല്‍ കോഡ്' ആണുള്ളത്. ഉള്ളടക്കം ഇന്ത്യന്‍ പീനല്‍ കോഡിന്റേതു തന്നെ
എന്നറിയുന്നു) പ്രസക്തിയും സ്വീകാര്യതയുമുണ്ട്. എന്നു വരികിലും കേരളത്തിലെ പോലീസും
മജിസ്‌ട്രേട്ടുമാരും ഡല്‍ഹി ഹൈക്കോടതിയുടേതില്‍ നിന്നു വ്യത്യസ്‌തമായ
നിലപാടെടുത്തെന്നു വരാം. പൊതുസ്ഥലങ്ങളില്‍ വച്ചു പരസ്‌പരം ചുംബിയ്‌ക്കുന്ന
ദമ്പതികള്‍ അറസ്റ്റു ചെയ്യപ്പെട്ടെന്നു വരാം, ചൂഷണം ചെയ്യപ്പെട്ടെന്നും വരാം. ഇതു
സംഭവിയ്‌ക്കാതിരിയ്‌ക്കണമെങ്കില്‍ ചുംബനം കുറ്റകരമല്ല എന്ന സുതാര്യമായ നിലപാട്
പോലീസും സമൂഹവും പ്രത്യക്ഷത്തില്‍ത്തന്നെ അംഗീകരിയ്‌ക്കേണ്ടതുണ്ട്. അതുകൊണ്ട്
ചുംബനസമരം പ്രസക്തം തന്നെ.
സ്വാതന്ത്ര്യലബ്ധിയ്‌ക്കു ശേഷമുള്ള 67
വര്‍ഷക്കാലം കൊണ്ട് ആകെ 820 നിയമങ്ങള്‍ (ആക്‌റ്റുകള്‍) പാര്‍ലമെന്റ്
പാസ്സാക്കിക്കഴിഞ്ഞിരിയ്‌ക്കുന്നു. ചുംബനം നിയമവിരുദ്ധമാക്കിയേ തീരൂ എന്ന അഭിപ്രായം
സര്‍ക്കാരിനുണ്ടായിരുന്നെങ്കില്‍ അതിനുള്ളൊരു നിയമം സര്‍ക്കാര്‍ ഇതിനകം
പാസ്സാക്കിയെടുക്കുമായിരുന്നു. ഇന്ത്യന്‍ പീനല്‍ കോഡിന്റെ ഒരു ഭേദഗതിയായി
ചുംബനനിരോധത്തിനു വേണ്ടിയുള്ളൊരു വകുപ്പ് എഴുതിച്ചേര്‍ക്കാനെങ്കിലും
സര്‍ക്കാരിനാകുമായിരുന്നു. ഇതൊന്നും സര്‍ക്കാര്‍ ചെയ്‌തിട്ടില്ല. ചുംബനം
നിരോധിയ്‌ക്കണമെന്ന് സര്‍ക്കാരിനു തോന്നിയിട്ടില്ല എന്നു വ്യക്തം.
ബൃഹദ്‌സമൂഹത്തിന്റെ ആവശ്യങ്ങള്‍ക്കനുസൃതമായി, അതിന്റെ സമ്മര്‍ദ്ദങ്ങള്‍ക്കു
വഴങ്ങിയാണ് നിയമങ്ങളിലേറെയും സൃഷ്ടിയ്‌ക്കപ്പെടുന്നത്. ചുംബനം നിരോധിയ്‌ക്കണം
എന്നൊരാവശ്യം സമൂഹവും ഇതേവരെ ഉന്നയിച്ചിട്ടില്ലെന്നും ഇതില്‍
നിന്നൂഹിയ്‌ക്കാം.
അശ്ലീലത്തിന്റെ നിര്‍വ്വചനം
അശ്ലീലമെന്തെന്ന്
നമ്മുടെ രാജ്യത്തെ നിയമം നിര്‍വ്വചിയ്‌ക്കുന്നില്ല. കോടതികളും അതിനൊരു നിര്‍വ്വചനം
കൊടുത്തിട്ടില്ല. കാലികമായ വീക്ഷണങ്ങളാണ് അശ്ലീലമെന്തെന്നു
നിര്‍വ്വചിയ്‌ക്കുന്നത്. നൂറു വര്‍ഷം മുന്‍പ് അശ്ലീലമായി കണ്ടിരുന്നൊരു കാര്യം
ഇന്ന് അശ്ലീലമായി കാണുന്നുണ്ടാവില്ല. അന്ന് അശ്ലീലമല്ലാതിരുന്നൊരു കാര്യം ഇന്ന്
അശ്ലീലമാകുകയും ചെയ്യാം. ഒരു നൂറ്റാണ്ടിനു മുന്‍പു വരെ കേരളത്തിലെ ഭൂരിഭാഗം
വനിതകളും പൊതുസ്ഥലങ്ങളില്‍ മാറു മറയ്‌ക്കാതെ നടന്നിരുന്നു. എന്നാലിന്നാകട്ടെ, ഒരു
വനിത മാറു മറയ്‌ക്കാതെ പൊതുസ്ഥലത്തു നടക്കുന്ന കാര്യം സങ്കല്‍പ്പിയ്‌ക്കാന്‍
പോലുമാവില്ല.
അശ്ലീലത്തിനു ഞാന്‍ കൊടുക്കുന്ന നിര്‍വ്വചനം ഇതാണ്:
മറ്റുള്ളവരെ ലൈംഗികമായി പീഡിപ്പിയ്‌ക്കാന്‍ (`പീഡിപ്പിയ്‌ക്കാന്‍' എന്ന പദത്തിനു
ഞാന്‍ അടിവരയിടുന്നു) നമ്മെ പ്രേരിപ്പിയ്‌ക്കുന്നതെന്തും അശ്ലീലമാണ്; മറ്റുള്ളവരെ
ലൈംഗികമായി പീഡിപ്പിയ്‌ക്കാന്‍ നമ്മെ പ്രേരിപ്പിയ്‌ക്കാത്തതൊന്നും അശ്ലീലമല്ല.
ദമ്പതിമാരുടെ പരസ്‌പരചുംബനം മറ്റുള്ളവരെ ലൈംഗികമായി പീഡിപ്പിയ്‌ക്കാന്‍ ആരേയും ഒരു
തരത്തിലും പ്രേരിപ്പിയ്‌ക്കുന്നില്ല. പ്രണയിയ്‌ക്കാനാണ് അതു
പ്രേരിപ്പിയ്‌ക്കുന്നത്. പ്രണയിയ്‌ക്കാന്‍ പ്രേരിപ്പിയ്‌ക്കുന്നത് അശ്ലീലമാവില്ല.
ഡല്‍ഹി ഹൈക്കോടതി 2009 ഫെബ്രുവരി രണ്ടാം തീയതി പുറപ്പെടുവിച്ച ഉത്തരവില്‍നിന്നു
വ്യക്തമായിരിയ്‌ക്കുന്നതും ചുംബനം പ്രണയത്തിന്റെ പ്രകാശനമാണ്, അശ്ലീലമല്ല എന്നു
തന്നെയാണ്. ജനാധിപത്യഭരണവ്യവസ്ഥിതി നിലവിലിരിയ്‌ക്കുന്ന ഒരിടത്തും ചുംബനം
അശ്ലീലമായി കണക്കാക്കപ്പെടുമെന്നു തോന്നുന്നില്ല.
പ്രണയിതാക്കളുടെ ചുംബനം
കാണുന്ന ഒരാള്‍ക്കു കിട്ടുന്നത് സ്വന്തം പ്രണയിനിയേയും അതേ പോലെ
പ്രണയിയ്‌ക്കാനുള്ള പ്രചോദനമാണ്, അന്യരെ ലൈംഗികമായി പീഡിപ്പിയ്‌ക്കാനുള്ള പ്രേരണ
അതില്‍ നിന്നു കിട്ടുന്നില്ല എന്നാവര്‍ത്തിച്ചുതന്നെ പറയണം. പ്രണയിതാക്കളുടെ ചുംബനം
കണ്ടയുടനെ ഒരു സാധാരണ പൌരന്‍ ആദ്യം കാണുന്നൊരു വനിതയെ ബലാല്‍ക്കാരം ചെയ്യുമെന്നു
ഞാന്‍ വിശ്വസിയ്‌ക്കുന്നില്ല. 2013ല്‍ കേരളത്തില്‍ നടന്ന 1221 ബലാത്സംഗങ്ങള്‍
നടത്തിയവര്‍ ആ ക്രൂരകൃത്യങ്ങള്‍ ചെയ്‌തത് ഏതോ ചില പ്രണയികളുടെ ചുംബനം
കണ്ടതുകൊണ്ടാണ് എന്നു വിശ്വസിയ്‌ക്കാന്‍ ബുദ്ധിമുട്ടുണ്ട്. സാധാരണക്കാരുടെ കാര്യം
മാത്രമേ നമുക്കു പറയാനാകൂ, സാമൂഹ്യവിരുദ്ധരെപ്പറ്റി നമുക്കൊന്നും പറയാനാവില്ല;
സാമൂഹ്യവിരുദ്ധര്‍ എന്ത്, എപ്പോള്‍ ചെയ്യുമെന്നു പ്രവചിയ്‌ക്കുക
അസാദ്ധ്യമാണ്.
സ്‌ത്രീസ്വാതന്ത്ര്യം
ചുംബനത്തിനെ എതിര്‍ക്കുന്നവരുടെ
എതിര്‍പ്പ് മുഖ്യമായും അതില്‍ പങ്കെടുക്കുന്ന വനിതകളുടെ നേരെയാണ്. `അവന്‍
ഒരാണാണ്. അവനെന്തെങ്കിലും കാട്ടിക്കൂട്ടട്ടെ. പക്ഷേ നീയൊരു പെണ്ണാണ്. നീയങ്ങനെ
ചെയ്യാമോ?' ഇതാണ് ചുംബനത്തെ എതിര്‍ക്കുന്നവര്‍ പരോക്ഷമായി ഉയര്‍ത്തുന്ന ചോദ്യം.
ചുംബനസമരത്തില്‍ ചുംബിയ്‌ക്കാന്‍ എത്ര പുരുഷന്മാരെത്തിയെന്നറിയാന്‍ അധികമാരും
ശ്രമിച്ചിട്ടുണ്ടാവില്ല. നൂറു കണക്കിനു പുരുഷന്മാര്‍ ചുംബിയ്‌ക്കാന്‍ തയ്യാറായി
എത്തിയിരുന്നിരിയ്‌ക്കാം. എന്നാല്‍ എത്ര വനിതകള്‍ ചുംബിയ്‌ക്കാന്‍ തയ്യാറായെത്തി?
ഇതറിയാനായിരുന്നിരിയ്‌ക്കും ജനത്തിന്റെ ആകാംക്ഷ മുഴുവന്‍. എത്ര വനിതകളെത്തി എന്നു
മാത്രമല്ല, `ഒരുമ്പെട്ടിറങ്ങിയിരിയ്‌ക്കുന്ന' ആ വനിതകള്‍ ആരൊക്കെയായിരുന്നു
എന്നറിയാന്‍ കൂടിയായിരുന്നിരിയ്‌ക്കും മറൈന്‍ െ്രെഡവില്‍ ആയിരക്കണക്കിനാളുകള്‍
തടിച്ചുകൂടിയത്. ആ വനിതകളെ പോലീസുകാര്‍ അവിടുന്നു നീക്കം ചെയ്‌തത് ആ വനിതകള്‍ക്കു
രക്ഷയായി. ചുംബിയ്‌ക്കാന്‍ നിയമങ്ങള്‍ തടസ്സപ്പെടുത്തുന്നില്ലെങ്കിലും സമൂഹത്തിന്റെ
ഭാഗത്തു നിന്നു കൂടുതല്‍ ഉച്ചത്തില്‍ കേള്‍ക്കുന്ന ശബ്ദം എതിര്‍പ്പിന്റേതാണ്.
വാസ്‌തവത്തില്‍ വനിതകള്‍ക്ക് ചുംബിയ്‌ക്കാനുള്ള നിരുപാധികസ്വാതന്ത്ര്യം
സമൂഹത്തില്‍ നിന്നു നേടാന്‍ വേണ്ടിയാണു ചുംബനസമരം നടന്നത്.
തങ്ങള്‍
കേരളത്തില്‍ സുരക്ഷിതരല്ലെന്ന് ചാനലുകളിലെ ചര്‍ച്ചകളിലെല്ലാം വനിതകള്‍
ഏകസ്വരത്തില്‍ പറയാന്‍ തുടങ്ങിയിട്ടു കുറച്ചു കാലമായി. ഇക്കാര്യം അടിവരയിട്ടു
കാണിയ്‌ക്കുന്നവയാണ് കേരളാപ്പോലീസിന്റെ െ്രെകം റെക്കോര്‍ഡ്‌സ് ബ്യൂറോയിലെ
കണക്കുകള്‍. ഭാരതത്തിലെ ഏറ്റവുമുയര്‍ന്ന സാക്ഷരതയുള്ള (94%) കേരളത്തില്‍ കഴിഞ്ഞ
വര്‍ഷം ഓരോ ദിവസവും നാലിനടുത്തു ബലാത്സംഗങ്ങള്‍ (ആകെ 1221 കേസുകള്‍) നടന്നെന്നും,
ഓരോ ദിവസവും പന്ത്രണ്ടിനടുത്ത് (4362 കേസുകള്‍) പീഡനങ്ങള്‍ നടന്നെന്നും ബ്യൂറോയുടെ
വെബ് പേജ് കാണിയ്‌ക്കുന്നു. ഈ രണ്ടു പരമ്പരകളും, അതായത് ബലാത്സംഗവും പീഡനവും,
നടപ്പുവര്‍ഷത്തിലും തുടരുന്നുണ്ട്. വനിതകള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങള്‍
മേല്‍പ്പറഞ്ഞ കണക്കുകളില്‍ മാത്രമൊതുങ്ങുന്നില്ല. 2013ല്‍ 404 `ഈവ് ടീസിങ്ങു'കളും
2725 മറ്റു കുറ്റകൃത്യങ്ങളും വനിതകള്‍ക്കെതിരെ ചെയ്യപ്പെട്ടെന്നു കൂടി കണക്കുകള്‍
കാണിയ്‌ക്കുന്നു. ബലാല്‍ക്കാരങ്ങളൊഴികെയുള്ള, മുന്‍പറഞ്ഞ മൂന്നു കുറ്റകൃത്യങ്ങളുടെ
2013ലെ ആകെയെണ്ണം 7491 ആണ്; ദിവസേന ഇരുപതിലേറെ. ഈ കണക്കുകളില്‍ വനിതകള്‍ക്കെതിരെ
കുടുംബങ്ങള്‍ക്കകത്തു നടക്കുന്ന അതിക്രമങ്ങള്‍ ഉള്‍പ്പെടുന്നുമില്ല.
2013ല്‍
1221 ബലാത്സംഗങ്ങള്‍ കേരളത്തില്‍ നടന്നുവെങ്കിലും ഈ 1221 ബലാത്സംഗങ്ങള്‍ക്കെതിരെ
കേരളജനത പ്രതിഷേധിച്ചുവോ? `നിര്‍ഭയ' സംഭവത്തിനെതിരെ പ്രതിഷേധിച്ചുകൊണ്ട്
പതിനായിരക്കണക്കിനു ജനം ഡല്‍ഹിയിലെ തെരുവുകളിലിറങ്ങി. എന്നാല്‍ അത്തരമൊരു പ്രതിഷേധം
കേരളത്തില്‍ 2013ല്‍ നടന്ന 1221 ബലാത്സംഗങ്ങള്‍ക്കെതിരെ
സംഘടിപ്പിയ്‌ക്കപ്പെട്ടില്ല. രണ്ടോ മൂന്നോ സംഭവങ്ങള്‍ക്കെതിരെ പ്രാദേശികതലത്തില്‍
പ്രതിഷേധമുയര്‍ന്നതായി പത്രങ്ങളില്‍ കണ്ടിരുന്നു. 2013 നവമ്പര്‍ ഇരുപത്തിനാലാം
തീയതിയിലെ ഇക്കണോമിക് ടൈംസില്‍ പറഞ്ഞിരിയ്‌ക്കുന്നത് ആ വര്‍ഷം, അതുവരെ 100
ഹര്‍ത്താലുകള്‍ നടന്നു കഴിഞ്ഞിട്ടുണ്ടെന്നാണ്. അതിനു മുന്‍പുള്ള ഏഴു
വര്‍ഷങ്ങള്‍ക്കിടയില്‍ മുന്നൂറോളം ഹര്‍ത്താലുകള്‍ നടന്നിട്ടുള്ളതായും
പറയുന്നുണ്ട്. ഇവയില്‍ ചിലതൊക്കെ സംസ്ഥാനാടിസ്ഥാനത്തിലുള്ളവ
ആയിരുന്നിരിയ്‌ക്കില്ല. ഇത്രയൊക്കെ ഹര്‍ത്താലുകള്‍ നടന്നിട്ടുണ്ടെങ്കിലും, 1221
ബലാത്സംഗങ്ങള്‍ നടന്ന 2013ല്‍ ബലാത്സംഗങ്ങള്‍ക്കെതിരെ സംസ്ഥാനവ്യാപകമായി ഒരു
ഹര്‍ത്താല്‍ പോലും ആചരിച്ചിട്ടില്ല. രാഷ്ട്രീയപ്പാര്‍ട്ടികളുടെ ഏതെങ്കിലുമൊരു
ഛോട്ടാ നേതാവ് അറസ്റ്റുചെയ്യപ്പെട്ടാല്‍ ഉടനൊരു ഹര്‍ത്താലുറപ്പാണെങ്കിലും, ഒരു
ഹര്‍ത്താലാചരിയ്‌ക്കാന്‍ വേണ്ട ഗൌരവം ഒരു ബലാത്സംഗത്തിനില്ല
എന്നായിരുന്നിരിയ്‌ക്കാം രാഷ്ട്രീയപ്പാര്‍ട്ടികളുടെ വീക്ഷണം.
2013ല്‍ നടന്ന
1221 ബലാത്സംഗങ്ങള്‍ക്കെതിരെ സമൂഹം ശബ്ദമുയര്‍ത്തിയില്ലെങ്കിലും, 2014 നവംബര്‍
രണ്ടാം തീയതിയിലെ ചുംബനസമരം പൊളിയ്‌ക്കാന്‍ ആയിരങ്ങള്‍ കച്ചകെട്ടിയിറങ്ങിയിരുന്നു
എന്നാണു പത്രവാര്‍ത്ത. ഇതൊരു വൈരുദ്ധ്യമാണ്. ബലാത്സംഗങ്ങളോട് തണുപ്പന്‍ മട്ടില്‍
പ്രതികരിച്ച കേരളജനത ചുംബനസമരം പൊളിയ്‌ക്കാന്‍ വേണ്ടി അരയും തലയും മുറുക്കി
രംഗത്തിറങ്ങി. വനിതകള്‍ ബലാത്സംഗം ചെയ്യപ്പെടുന്നതിനെ നിസ്സാരമായും, വനിതകള്‍
ചുംബിയ്‌ക്കാനിറങ്ങിയിരിയ്‌ക്കുന്നതിനെ മഹാപരാധമായും കാണുന്ന സമീപനം
താലിബന്‍ചിന്തയില്‍ നിന്നും വിദൂരത്തല്ല.
നിഷിദ്ധമാകേണ്ടത് ചുംബനമല്ല,
ബലാല്‍ക്കാരമാണ്. ബലാല്‍ക്കാരത്തെ സമൂഹം പല്ലും നഖവുമുപയോഗിച്ച്
എതിര്‍ക്കണം.`ബലാല്‍ക്കാരം ചെയ്യല്ലേ, പകരം പ്രണയിയ്‌ക്കൂ' എന്ന ആഹ്വാനമാണ്
ഇന്നത്തെ സമൂഹത്തില്‍ പ്രസക്തം. പ്രണയം പാവനമാണ്, പരിശുദ്ധമാണ് എന്നെല്ലാം
എഴുതിക്കാണുമെങ്കിലും, ഒരു സ്‌ത്രീ പ്രണയത്തിലാണ് എന്നറിഞ്ഞാല്‍
ചന്ദ്രഹാസമിളക്കുന്നവരുടെ എണ്ണം ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും കുറവല്ല.
പ്രണയത്തില്‍ പെട്ടിരിയ്‌ക്കുന്ന വനിതയെപ്പറ്റി `ഇവളാളു പിശകാണ്' എന്ന അഭിപ്രായം
പരക്കുന്നതും വിരളമല്ല. പ്രണയം സഫലമാകാനുള്ള പ്രോത്സാഹനം നല്‍കുന്നവരേക്കാള്‍
കൂടുതല്‍, പ്രണയം കലക്കാനുള്ള ശ്രമം നടത്തുന്നവരായിരിയ്‌ക്കാനാണു വഴി.
പ്രതിബന്ധങ്ങളെ തരണം ചെയ്‌ത് പ്രണയം വിവാഹത്തില്‍ ചെന്നെത്തിയെന്നിരിയ്‌ക്കട്ടെ, ആ
വിവാഹം കുട്ടിച്ചോറാക്കാനുള്ള ശ്രമമായിരിയ്‌ക്കും പിന്നീടു
നടക്കുക.
വനിതകള്‍ക്കു മാറു മറയ്‌ക്കാനുള്ള അവകാശം നല്‍കാത്ത ഒന്നായിരുന്നു
ഒരു നൂറ്റാണ്ടു മുന്‍പു വരെയുള്ള കേരളസംസ്‌കാരം. രാജവംശജരുടേയും സവര്‍ണ്ണരുടേയും
അഭിലാഷപൂര്‍ത്തീകരണത്തിനുള്ള കേവലോപകരണങ്ങളായിരുന്നു വനിതകള്‍. പത്മനാഭസ്വാമി
ക്ഷേത്രോത്സവത്തോടനുബന്ധിച്ച ഒരു ഘോഷയാത്രയില്‍ ഒരു വനിത മാറു മറയ്‌ക്കാനുള്ള
ധൈര്യം കാണിച്ചിരുന്നു. ഇത് തന്നോടുള്ള ധിക്കാരമായെടുത്ത് റാണി ആ സ്‌ത്രീയുടെ
മാറിടങ്ങള്‍ ഛേദിയ്‌ക്കാന്‍ കല്‍പ്പിച്ചുവെന്ന് ബ്രിട്ടീഷുകാരനായ ഗ്രോസ്
രേഖപ്പെടുത്തിയിരിയ്‌ക്കുന്നു. (ആധാരം: ഡോക്ടര്‍ എസ് എന്‍ സദാശിവനെഴുതിയ `എ
സോഷ്യല്‍ ഹിസ്റ്ററി ഓഫ് ഇന്ത്യ', പേജ് 372.).
മുന്‍ ഖണ്ഡികയില്‍ വിവരിച്ച
സംഭവം നൂറ്റാണ്ടുകള്‍ക്കു മുന്‍പായിരുന്നു. എന്നാല്‍ ഇക്കഴിഞ്ഞ നൂറ്റാണ്ടിന്റെ
തുടക്കത്തില്‍ നടന്ന ഒരു സംഭവവും മുന്‍ പറഞ്ഞ പുസ്‌തകത്തിലുണ്ട്: ഒരു
ശൂദ്ര(നായര്‍)സ്‌ത്രീ മാറു മറച്ചുകൊണ്ട് തൃപ്പൂണിത്തുറ
ശ്രീപൂര്‍ണ്ണത്രയീശക്ഷേത്രദര്‍ശനം നടത്തിയിരുന്നത് അതേസമയം ക്ഷേത്രസന്ദര്‍ശനം
നടത്തിയിരുന്ന കൊച്ചിരാജവംശത്തിലെ ഒരു രാജകുമാരി കണ്ടെത്തി. ആ സ്‌ത്രീയുടെ
മാറിടത്തില്‍ നിന്നു വസ്‌ത്രം നീക്കം ചെയ്യാന്‍ രാജകുമാരി ക്ഷേത്രംകാവല്‍ക്കാരോടു
കല്‍പ്പിച്ചു. രാജകുമാരിയുടെ കല്‍പ്പന ബലം പ്രയോഗിച്ചു തന്നെ കാവല്‍ക്കാര്‍
നടപ്പാക്കി. സ്‌ത്രീയുടെ പിതാവ് ഇതു സംബന്ധിച്ച് ഒരു നിവേദനം രാജാവിനു
സമര്‍പ്പിച്ചു. പക്ഷേ, മാറു മറച്ചുകൊണ്ടു വരുന്ന സ്‌ത്രീകള്‍ക്ക് ക്ഷേത്രത്തില്‍
പ്രവേശനം അനുവദിയ്‌ക്കരുതെന്നായിരുന്നു പ്രജാക്ഷേമതത്‌പരനാകേണ്ടിയിരുന്ന രാജാവിന്റെ
കല്‍പ്പന.
മാറിടങ്ങള്‍ കണ്ടാസ്വദിയ്‌ക്കുക മാത്രമല്ല, അവയുടെ ഉടമകളുമായി
യഥേഷ്ടം വേഴ്‌ച നടത്താനും രാജവംശജരും സവര്‍ണ്ണരും മടിച്ചിരുന്നില്ലെന്നും മുന്‍പു
പറഞ്ഞ പുസ്‌തകത്തില്‍ രേഖപ്പെടുത്തപ്പെട്ടിരിയ്‌ക്കുന്നു. ചുരുക്കത്തില്‍
കേരളത്തില്‍ സ്‌ത്രീ ഒരു നൂറ്റാണ്ടു മുന്‍പു വരെ ജാതിമേല്‍ക്കോയ്‌മയ്‌ക്കുള്ള
ഉപഭോഗവസ്‌തുവായിരുന്നു. അക്കാലത്തെപ്പോലെ സ്‌ത്രീകള്‍ തങ്ങളുടെ
കാല്‍ച്ചുവട്ടിലായിരിയ്‌ക്കണമെന്ന ഗൂഢോദ്ദേശം ചെറിയൊരു വിഭാഗം പുരുഷന്മാരുടെ
മനസ്സിലും ജാതിരാഷ്ട്രീയഭേദമെന്യേ ഇന്നും നിലനില്‍ക്കുന്നുണ്ട്. ഈ നിലപാടാണ് മറ
നീക്കി ഇടയ്‌ക്കിടെ പുറത്തുവരുന്നത്. ചുംബനസമരത്തെ എതിര്‍ത്ത വിഭാഗവും
ഇക്കൂട്ടത്തില്‍ പെട്ടവരായിരിയ്‌ക്കണം. `സ്‌ത്രീകള്‍ ചുംബിയ്‌ക്കുകയോ! ഛായ്,
പാടില്ല. ഞങ്ങള്‍ പുരുഷന്മാര്‍ ചുംബിയ്‌ക്കും. അന്നേരം കണ്ണടച്ചു നിന്നു തരിക.'
ഇതാണ് ഈ വിഭാഗത്തില്‍ പെട്ടവരുടെ ചിന്ത.
നമ്മുടെ സിനിമകളില്‍ കാണാറില്ലേ?
നായകന്‍ ചുംബിയ്‌ക്കുമ്പോള്‍ നായിക കണ്ണുകളടച്ചു നില്‍ക്കും. കാരണം അതാണിവിടുത്തെ
സമൂഹത്തിന്റെ വലിയൊരു വിഭാഗം പ്രതീക്ഷിയ്‌ക്കുന്നത്. `ഞങ്ങള്‍ പലതും ചെയ്യും;
നിങ്ങള്‍ അനങ്ങാതെ നിന്നു തരിക.' നായിക മുന്‍കൈയ്യെടുത്തു ചുംബിച്ചാല്‍ കഴിഞ്ഞ
നൂറ്റാണ്ടു വരെ മാറു മറയ്‌ക്കാന്‍ വനിതകളെ അനുവദിയ്‌ക്കാതിരുന്ന കേരളസംസ്‌കാരം
അതിന്റെ ഭീഷണസ്വരം ഉടനുയര്‍ത്തുകയായി. ആരെ ചുംബിയ്‌ക്കണമെന്നു തീരുമാനിയ്‌ക്കാനും
അയാളെ ചുംബിയ്‌ക്കാനുമുള്ള നിരുപാധികസ്വാതന്ത്ര്യം ഇന്നും കേരളത്തിലെ വനിതകള്‍ക്ക്
അന്യമാണ്.
ഒരു വനിതയുടെ മാറിടം ഛേദിയ്‌ക്കാന്‍ കല്‍പ്പിച്ച റാണിയും മറ്റൊരു
വനിതയുടെ മാറിടം മൂടിയിരുന്ന വസ്‌ത്രം ബലം പ്രയോഗിച്ചു നീക്കം ചെയ്യിച്ച
രാജകുമാരിയും വനിതകള്‍ തന്നെയായിരുന്നെന്നതാണു ദുഃഖകരമായ വസ്‌തുത. ആ റാണിയുടേയും
രാജകുമാരിയുടേയും പാത പിന്തുടര്‍ന്ന്, സാമ്പ്രദായികതയുടെ പേരില്‍,
തങ്ങളുള്‍പ്പെടെയുള്ള വനിതകള്‍ വിധേയത്വത്തില്‍ത്തന്നെ തുടരുന്നതു
കാണാനാഗ്രഹിയ്‌ക്കുന്ന ഒരു ന്യൂനപക്ഷം വനിതകള്‍ ഇന്നും കേരളത്തിലുണ്ട്. രാജ്യസഭ
പാസ്സാക്കിയ വനിതാസംവരണബില്‍ നാലരക്കൊല്ലം കഴിഞ്ഞിട്ടും ലോക്‌ള്‍സഭ
പാസ്സാക്കാത്തതിനെതിരെ കേരളത്തിലെ വനിതകള്‍ ശബ്ദമുയര്‍ത്താതിരിയ്‌ക്കുന്നതും
മുന്‍പറഞ്ഞ വിധേയത്വത്തിന്റെ തെളിവാണ്. ചുംബനസമരത്തില്‍ പങ്കെടുത്ത വനിതകളെ
കുറ്റപ്പെടുത്തിയവരില്‍ ഗണ്യമായൊരു വിഭാഗം വനിതകള്‍ തന്നെയായിരുന്നെന്നതും മറ്റൊരു
തെളിവാണ്. `പുരുഷന്മാര്‍ അവര്‍ക്കു വേണ്ടപ്പോഴൊക്കെ നമ്മെ ചുംബിച്ചോളും. അല്ലാതെ,
നാമങ്ങോട്ടു കയറി ചുംബിയ്‌ക്കണ്ട' എന്നു സ്വയം ശാസിച്ചു പുറകോട്ടു വലിയുന്ന
വനിതകളും നമ്മുടെ നാട്ടിലുണ്ട്.
വിവാഹമോചനങ്ങള്‍
രണ്ടു വര്‍ഷം
മുന്‍പ് മുഖ്യമന്ത്രി നിയമസഭയില്‍ നല്‍കിയ ഒരു മറുപടിയില്‍ പറഞ്ഞിരുന്നത് 2011
ജനുവരി മുതല്‍ 2012 ജനുവരി വരെയുള്ള ഒരു വര്‍ഷത്തിനിടയില്‍ 44236
വിവാഹമോചനക്കേസുകള്‍ സംസ്ഥാനത്തു ഫയല്‍ ചെയ്യപ്പെട്ടെന്നാണ്. അതു മാത്രമോ, അതിനു
മുന്‍പുള്ള പത്തു വര്‍ഷത്തിനിടയില്‍ വിവാഹമോചന നിരക്കില്‍ 350% വര്‍ധനയുമുണ്ടായി.
കേരളത്തില്‍ 16 കുടുംബക്കോടതികളുണ്ടെന്നാണ് കേരളഹൈക്കോടതിയുടെ വെബ്‌സൈറ്റില്‍
കാണുന്നത്. തിരുവനന്തപുരം, കൊല്ലം എന്നീ ജില്ലകളില്‍ രണ്ടു കുടുംബക്കോടതികള്‍
വീതമുള്ളപ്പോള്‍ മറ്റു ജില്ലകളില്‍ ഓരോ കുടുംബക്കോടതി വീതമുണ്ട്. കേരളത്തിലെ
വിവാഹമോചനക്കേസുകളിലുണ്ടായിരിയ്‌ക്കുന്ന കുതിച്ചുചാട്ടം മൂലം കേരളത്തെ ഭാരതത്തിന്റെ
വിവാഹമോചനതലസ്ഥാനമായും, തിരുവനന്തപുരം ജില്ലയിലെ വിവാഹമോചനക്കേസുകളുടെ എണ്ണം
വളരെക്കൂടുതലായതുകൊണ്ട് തിരുവനന്തപുരത്തെ കേരളത്തിന്റെ വിവാഹമോചനതലസ്ഥാനമായും ഒരു
ദേശീയദിനപ്പത്രം വിശേഷിപ്പിച്ചു.
ഒരു വിവാഹജീവിതം ശാശ്വതമായി
നിലനില്‍ക്കണമെങ്കില്‍ ദമ്പതിമാര്‍ പരസ്‌പരം പ്രണയിയ്‌ക്കണമെന്നു മാത്രമല്ല,
ചുറ്റുമുള്ള, ബന്ധുക്കളും സുഹൃത്തുക്കളുമടങ്ങുന്ന സമൂഹം അവരെ
ഭിന്നിപ്പിയ്‌ക്കാതിരിയ്‌ക്കാന്‍ ശ്രദ്ധിയ്‌ക്കുകയും വേണം. മറ്റൊരു വിധത്തില്‍
പറഞ്ഞാല്‍, ഒരു ദാമ്പത്യത്തിന്റെ വിജയത്തിലെന്ന പോലെ, പരാജയത്തിലും ചുറ്റുമുള്ള
സമൂഹത്തിനു പങ്കുണ്ടാകും. ഓരോ വിവാഹമോചനവും ദമ്പതിമാരുടെ മാത്രമല്ല, ചുറ്റുമുള്ള
സമൂഹത്തിന്റെ കൂടി പരാജയമായി കാണണം. ദമ്പതിമാരുടെ പരസ്‌പരപ്രണയത്തെ
തടസ്സപ്പെടുത്തുന്ന ഒന്നും തന്നെ സമൂഹത്തിന്റെ ഭാഗത്തു നിന്നുണ്ടാകാന്‍
പാടില്ലെന്നു മാത്രമല്ല, പരസ്‌പരം പ്രണയിയ്‌ക്കാന്‍ ഭാര്യാഭര്‍ത്താക്കന്മാരെ
പ്രോത്സാഹിപ്പിയ്‌ക്കാനുള്ള ഉത്തരവാദിത്വം ചുറ്റുമുള്ള സമൂഹം നിറവേറ്റുകയും വേണം.
ദമ്പതിമാര്‍ക്കു തോന്നുമ്പോഴൊക്കെ, അതെവിടെ വച്ചായാലും, ഒട്ടും ശങ്കിയ്‌ക്കാതെ
പരസ്‌പരം ചുംബിയ്‌ക്കാനുള്ള സ്വാതന്ത്ര്യം മാത്രമല്ല, പ്രോത്സാഹനവും അവര്‍ക്കു
ലഭിയ്‌ക്കണം. പരസ്‌പരം ചുംബിയ്‌ക്കുന്ന ദമ്പതിമാരെ ജനം കൈയടിച്ച്
അഭിനന്ദിയ്‌ക്കുന്നൊരു രംഗം സങ്കല്‍പ്പിയ്‌ക്കാന്‍ തന്നെ ബഹുസുഖം.
പൊതുസ്ഥലത്തുവച്ചു പരസ്‌പരം ചുംബിച്ചു പ്രണയിയ്‌ക്കുന്ന ദമ്പതിമാരെ
പീഡിപ്പിയ്‌ക്കുന്നവര്‍ക്ക് ദമ്പതിമാര്‍ ഭിന്നിച്ചു കാണാനായിരിയ്‌ക്കും
താത്‌പര്യം. കെട്ടുറപ്പുള്ള കുടുംബങ്ങള്‍ കെട്ടുറപ്പുള്ള ഒരു സമൂഹമുണ്ടാകാന്‍
അത്യന്താപേക്ഷിതമാണ്. ഭര്‍ത്താവിനെ പൊതുസ്ഥലത്തു വച്ചു ചുംബിയ്‌ക്കാന്‍ ഒരു
ഭാര്യയ്‌ക്കും ശങ്കിയ്‌ക്കേണ്ടി വരരുത്.
അധരങ്ങള്‍ തമ്മിലുള്ള ചുംബനം
പ്രണയത്തിന്റെ ഉത്തമലക്ഷണങ്ങളിലൊന്നാണ്. പ്രണയം തോന്നാത്തപ്പോള്‍ ആരും പരസ്‌പരം
അധരങ്ങളില്‍ ചുംബിയ്‌ക്കുകയില്ല. ഇതൊക്കെയാണെങ്കിലും, ചുംബിയ്‌ക്കാത്തവര്‍ പരസ്‌പരം
പ്രണയിയ്‌ക്കുന്നില്ലെന്നും, ചുംബനം മാത്രമാണ് പ്രണയത്തിന്റെ തെളിവെന്നും
അര്‍ത്ഥമാക്കുന്നില്ല. നിശ്ശബ്ദമായി പ്രണയിയ്‌ക്കുന്നവര്‍ ധാരാളമുണ്ടാകും.
പൊതുസ്ഥലങ്ങളില്‍ വച്ചുള്ള ചുംബനം വിവാഹമോചനക്കേസുകള്‍ ഒന്നടങ്കം ഇല്ലാതാക്കും
എന്നും അവകാശപ്പെടുന്നില്ല. ഞാന്‍ പറയുന്നതിത്രമാത്രം: പ്രണയിയ്‌ക്കുന്ന
ദമ്പതിമാരുടെ ഇടയില്‍ പ്രതിബന്ധവുമായി പോലീസോ സമൂഹമോ നുഴഞ്ഞുകയറരുത്. ഇടയ്‌ക്കിടെ
ചുംബിച്ചു പ്രണയിയ്‌ക്കണമെന്നു തോന്നുന്ന ദമ്പതിമാര്‍ ചുംബിച്ചു തന്നെ
പ്രണയിയ്‌ക്കട്ടെ. ഭാര്യയില്‍ നിന്നൊരു ചുടുചുംബനം കാംക്ഷിയ്‌ക്കാത്ത,
ആസ്വദിയ്‌ക്കാത്ത ഭര്‍ത്താവുണ്ടാകുമോ! അതുവരെയുള്ള തെറ്റുകുറ്റങ്ങളെല്ലാം പൊറുത്തു
തന്നിരിയ്‌ക്കുന്നതിന്റെ സൂചനയുമാണത്.
മാതാപിതാക്കളുടെ
ആശങ്ക
ചുംബനത്തെപ്പറ്റി മുന്‍പറഞ്ഞ കാര്യങ്ങള്‍ ദമ്പതിമാര്‍ക്കു മാത്രമല്ല,
സാമൂഹ്യമൂല്യങ്ങളെ മാനിയ്‌ക്കുന്ന, പ്രായപൂര്‍ത്തിയായ എല്ലാ
സ്‌ത്രീപുരുഷന്മാര്‍ക്കും ബാധകമാണ്. എന്നാല്‍ ഒരവിവാഹിത ഒരവിവാഹിതനെ
ചുംബിയ്‌ക്കുന്നതു കാണുമ്പോള്‍ നമ്മില്‍ പലര്‍ക്കും ആശങ്കയുണ്ടാകുന്നു. ആ വനിത
തന്റെ പ്രണയിയായി തെരഞ്ഞെടുത്തിരിയ്‌ക്കുന്ന പുരുഷന്‍ ആത്മാര്‍ത്ഥതയുള്ളയാളും
അനുയോജ്യനുമാണോ എന്നതാണ് ആ ആശങ്ക. തന്റെ പ്രതിശ്രുതവരനെ തെരഞ്ഞെടുക്കാനുള്ള അവകാശം
പ്രായപൂര്‍ത്തിയെത്തിയ മകള്‍ക്കുണ്ടെങ്കിലും, മകള്‍ക്കു വേണ്ടി ആ ചുമതല
നിറവേറ്റുന്നത് മാതാപിതാക്കളാണ്; ഇവിടെ നൂറ്റാണ്ടുകളായി തുടര്‍ന്നു പോരുന്ന
പതിവാണിത്. യോഗ്യതയും ആത്മാര്‍ത്ഥതയുമുള്ള ഒരു വരനെ കണ്ടെത്താന്‍ ജീവിതപരിചയം
കുറഞ്ഞ മകളേക്കാള്‍ ദീര്‍ഘകാലത്തെ ജീവിതപരിചയമുള്ള തങ്ങള്‍ക്കാണു കഴിയുകയെന്ന്
മാതാപിതാക്കള്‍ വിശ്വസിയ്‌ക്കുന്നുണ്ടാകും. അതു കുറേയൊക്കെ ശരിയുമാകാം. മകള്‍ സ്വയം
കണ്ടെത്തിയ വരനെ അംഗീകരിയ്‌ക്കാനും സ്വീകരിയ്‌ക്കാനും മാതാപിതാക്കള്‍
മടികാണിയ്‌ക്കുകയോ വിസമ്മതിയ്‌ക്കുകയോ ചെയ്‌ത സന്ദര്‍ഭങ്ങളും വിരളമല്ല. ദീര്‍ഘകാല
ജീവിതപരിചയമുള്ള മാതാപിതാക്കള്‍ക്കും വരനെ തെരഞ്ഞെടുക്കുന്ന കാര്യത്തില്‍
തെറ്റുപറ്റാവുന്നതാണ്; കുടുംബക്കോടതികളില്‍ ചെന്നെത്തിയിരിയ്‌ക്കുന്ന
വിവാഹബന്ധങ്ങളില്‍ പ്രണയവിവാഹങ്ങള്‍ മാത്രമല്ല, മാതാപിതാക്കളുടെ നിശ്ചയപ്രകാരം
നടന്ന വിവാഹങ്ങളുമുണ്ടാകും, സംശയമില്ല. തെരഞ്ഞെടുപ്പില്‍ മാതാപിതാക്കള്‍ക്കും
തെറ്റു പറ്റാമെന്ന് ഇതില്‍ നിന്നു മനസ്സിലാക്കാം.
തങ്ങള്‍ കണ്ടെത്തുന്ന
വരനെ വിവാഹം കഴിയ്‌ക്കുന്ന മകള്‍ വരനെ ചുംബിയ്‌ക്കുമെന്ന് മാതാപിതാക്കള്‍ക്കൊക്കെ
നന്നായറിയാം. അവര്‍ക്കതില്‍ ലവലേശം എതിര്‍പ്പുണ്ടാവില്ല. മാത്രമല്ല, മകളും വരനും
പ്രണയിച്ചു നടക്കുന്നതു കാണുകയായിരിയ്‌ക്കും മാതാപിതാക്കളുടെ അഭിലാഷവും. പ്രണയിയെ
മകള്‍ സ്വയം തെരഞ്ഞെടുക്കുന്ന സന്ദര്‍ഭങ്ങളിലാണു പ്രശ്‌നമുണ്ടാകുന്നത്. മുന്‍പു
പറഞ്ഞതു പോലെ, പ്രണയിയുടെ യോഗ്യതയേയും ആത്മാര്‍ത്ഥതയേയും കുറിച്ചുള്ള ആശങ്കയാണ് ഈ
പ്രശ്‌നത്തിനിടയാക്കുന്നത്. യോഗ്യതയും ആത്മാര്‍ത്ഥതയും ഇല്ലാത്തവരുടെ വലയില്‍
മകള്‍ പെട്ടുപോകാതിരിയ്‌ക്കാന്‍ മാതാപിതാക്കള്‍ക്കു മുന്‍കൂട്ടിച്ചെയ്യാവുന്ന
കാര്യങ്ങളുണ്ട്. മകള്‍ വിവാഹപ്രായമാകുന്നതിനു വളരെ മുന്‍പു തന്നെ അനുയോജ്യനായ വരനെ
കണ്ടെത്തുന്നതിനുള്ള മാനദണ്ഡങ്ങള്‍ എന്തെല്ലാമായിരിയ്‌ക്കണമെന്ന് മാതാപിതാക്കള്‍
മകളെ ബോദ്ധ്യപ്പെടുത്തുകയും, അനുയോജ്യനായ വരനെ കണ്ടെത്താന്‍ മകളെ
പ്രാപ്‌തയാക്കുകയും വേണം. ജീവിതസഖാവായി വരാന്‍ പോകുന്നയാളെ ആര് എന്ന്, എവിടെവച്ചു
കണ്ടുമുട്ടുമെന്നറിയില്ലല്ലോ. ചിലപ്പോള്‍ മാതാപിതാക്കളായിരിയ്‌ക്കാം ആളെ
കണ്ടെത്തുന്നത്. മറ്റു ചിലപ്പോള്‍ മകള്‍ തന്നെ കണ്ടെത്തിയെന്നും വരാം.
കണ്ടെത്തുന്നതു മകളാണെങ്കില്‍പ്പോലും ശരിയായ കണ്ടെത്തല്‍ തന്നെയാകാന്‍ ഈ
മുന്‍കരുതലുകള്‍ കുറേയൊക്കെ സഹായിയ്‌ക്കും, മാതാപിതാക്കളുടെ ആശങ്ക കുറയുകയും
ചെയ്യും. മാതാപിതാക്കള്‍ക്കു കൂടി ബോദ്ധ്യമുള്ളയാളെയാണു മകള്‍
ചുംബിയ്‌ക്കുന്നതെങ്കില്‍
ആര്‍ക്കാണെതിര്‍പ്പുണ്ടാകുക!
പ്രായപൂര്‍ത്തിയായവര്‍ തമ്മിലുള്ള
ചുംബനത്തെപ്പറ്റി മാത്രമാണ് ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിട്ടുള്ളത്.
പ്രായപൂര്‍ത്തിയായവര്‍ പ്രായപൂര്‍ത്തിയാകാത്തവരെ ചുംബിയ്‌ക്കുന്ന കാര്യത്തെപ്പറ്റി
ഈ ലേഖനത്തില്‍ പരാമര്‍ശമില്ല. അതുപോലെ, സ്‌നേഹവാത്സല്യങ്ങള്‍ കൊണ്ടുള്ള ചുംബനമല്ല,
പ്രണയചുംബനമായിരുന്നു ഈ ലേഖനത്തിന്റെ വിഷയം.
ഒരു കാര്യം കൂടി പറഞ്ഞോട്ടെ.
ചുംബനം രോഗങ്ങള്‍ പകരാനിടയാക്കും. രോഗമുള്ളപ്പോള്‍ ചുംബിയ്‌ക്കാതിരിയ്‌ക്കുന്നതാകും
യഥാര്‍ത്ഥപ്രണയം. ശാരീരികാരോഗ്യത്തിന് പലപ്പോഴും പ്രതികൂലമാകാമെങ്കിലും ചുംബനം
മാനസികാരോഗ്യം വര്‍ദ്ധിപ്പിയ്‌ക്കുമെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. ചുംബനം
ജീവിതത്തിന് അര്‍ത്ഥവും അംഗീകാരവും ആവേശവും നല്‍കുന്നു.