MediaAppUSA

ബ്രസീൽ ലോകത്തിലെ ഏറ്റവും വലിയ കോവിഡ് 19 ഹോട്ട് സ്പോട്ട് ; അമേരിക്കയിൽ ആകെ മരണസംഖ്യ ഒരു ലക്ഷത്തിനടുത്ത്

ഫ്രാൻസിസ് തടത്തിൽ Published on 25 May, 2020
ബ്രസീൽ ലോകത്തിലെ ഏറ്റവും വലിയ കോവിഡ് 19  ഹോട്ട് സ്പോട്ട് ;  അമേരിക്കയിൽ ആകെ മരണസംഖ്യ ഒരു ലക്ഷത്തിനടുത്ത്
 
ന്യൂജേഴ്‌സി: കോവിഡ് 19 മരണസംഖ്യയിൽ ലോകത്തെ ഞെട്ടിച്ചുകൊണ്ട് ബ്രസീലിൽ മരണസംഖ്യ കുതിച്ചുയരുന്നു. ഇന്നലെ അമേരിക്കയുൾപ്പെടെയുള്ള ലോകരാജ്യങ്ങലിൽ കോവിഡ് മരണം കുറവായിരുന്നപ്പോൾ ബർസീലിൽ ആയിരുന്നു ഏറ്റവും കൂടുതൽ മരണം. അകെ മരണസംഖ്യ 23,000 ത്തോടടുക്കുന്ന ബ്രസീലിൽ  ഇന്നലെ 703 പേര് ആണ് മരിച്ചത്. അതതേസമയം ഇന്നലെ മരണ സംഖ്യയിൽ രണ്ടാം സ്ഥാനത്തായിരുന്ന അമേരിക്കയിൽ മരണം  617 ആയിരുന്നു. 
 
അമേരിക്കയിൽ മരണം ഒരു ലക്ഷത്തോടടുക്കുകയാണെങ്കിലും മരണസംഖ്യ പൊതുവെ കുറഞ്ഞുവരുന്നതായാണ് കാണുന്നത്.അമേരിക്കയിൽ കഴിഞ്ഞ രണ്ടു മാസത്തിനിടെയുണ്ടായ ഏറ്റവും കുറഞ്ഞ മരണനിരക്കാണ് ഇന്നലെ  രേഖപ്പെടുത്തിയത്. അമേരിക്കയ്ക്കു പിന്നിലായി രണ്ടാം സ്ഥാനത്തുള്ള യു.കെ.യെയും മറികടക്കുമെന്നു തോന്നിക്കും വിധമാണ്  അമേരിക്കയുമായി വളരെയടുത്ത് കിടക്കുന്ന ബ്രസീലിലെ കണക്കുകൾ സൂചിപ്പിക്കുന്നത്. 
 
ബ്രസീലിൽ കോവിഡ് 19 കൈവിട്ടു പോകുന്നു എന്നതിന്റെ സൂചനയാണ് ഇപ്പോഴത്തെ കണക്കുകൾ വ്യക്തമാക്കുന്നത്. ആകെ മരണസംഖ്യ  99,393ലെത്തിയ അമേരിക്കയിൽ  അത്ഭുതങ്ങൾ സംഭവിച്ചില്ലെങ്കിൽ ഇന്ന് 24 മണിക്കൂർ കടക്കുമ്പോൾ  ആറക്കം കടന്നു ഒരു ലക്ഷം മരണത്തിലെത്തിച്ചേരും. തലേദിവസം അമേരിക്കയും ബ്രസീലും  തന്നെയായിരുന്നു ഒന്നും രണ്ടും സ്ഥാനക്കാർ.
 
 അമേരിക്കയുടെ ചുവടുപിടിച്ചു കോവിഡിനെ പ്രതിരോധിക്കാൻ യാതൊരു മുൻകരുതലുകളും എടുക്കാതിരുന്ന യു,കെ.യിൽ മരണസംഖ്യ കുതിച്ചുയർന്ന കാഴ്ച്ച നാം കണ്ടതാണ്. യു.കെ യിലും വൃദ്ധജനങ്ങളാണ് അധികവും മരണപ്പെട്ടത്. നഴ്സിംഗ് ഹോമുകളിൽ പോലും ഇപ്പോഴും മതിയായ സുരക്ഷ ക്രമീകരണങ്ങൾ  ഏർപ്പാടുത്താൻ കഴിയാതെ വന്ന യു,കെ ഭരണാധികാരികൾ അയൽ രാജ്യങ്ങളായ ഇറ്റലിയും സ്പെയിനുമൊക്കെ കോവിഡ് 19 താണ്ഡവമാടിയപ്പോൾ  യാതൊരു മുൻകരുതലുകളോ പ്രതിരോധ നടപടികളോ എടുക്കാതെ കൈയ്യും കെട്ടി നിൽക്കുകയായിരുന്നു. യു.കെ. ഭരണാധികാരികളുടെ നിഷ്ക്രീയത്വമാണ് അമേരിക്കയ്ക്ക് പിന്നിലായിമരണസംഖ്യയിൽ  രണ്ടാം സ്ഥാനത്ത് യു,കെ, എത്തിച്ചേർന്നത്.
 
കോവിഡ് 19 ബാധിച്ച  ബ്രിട്ടീഷ് പ്രധാനമന്തി ബോറിസ് ജോൺസൺ ഏതാണ്ട് ഒരു മാസം ഐസിയുവിലും മറ്റുമായി രോഗവുമായി മല്ലടിച്ചു കഴിഞ്ഞപ്പോൾ നാഥനില്ലാ കളരിപോലെയായി ബ്രിട്ടീഷ് ഭരണകൂടം. അതിനു കനത്ത വിലയാണ്  ബ്രിട്ടീഷ് ഭരണകൂടം നല്കേണ്ടിവന്നത്. 37,000 ബ്രിട്ടീഷ്‌കാരാണ് കോവിഡ് 19 നു ബലിയാടാകേണ്ടിവന്നത്.
 
ഇറ്റലി , സ്പെയിൻ, ഫ്രാൻസ് ജർമ്മനി തുടങ്ങിയ യുറോപ്യൻ രാജ്യങ്ങളിൽ കോവിഡ് 19 കനത്ത വിനാശം വരുത്തിയ ശേഷമായിരുന്നു യു.കെ. യിൽ കോവിഡ് 19 വ്യാപകമായത്.അടുത്തകാലത്തു മാത്രമാണ് യു.കെ.യിൽ കോവിഡ് 19  ടെസ്റ്റിംഗ് വ്യാപകമാക്കിയത്. അതെ സമയം ബ്രസീൽ പ്രസിഡണ്ട്  ജയർ ബോൾസനാരോ  കോവിഡ് 19 നെ വളരെ  നിസാരമായാണ് കണ്ടത്. കോവിഡ് 19 വെറും ഫ്ലുവാണെന്നും ചെറിയ തുമ്മൽ ഉണ്ടാകുന്ന രോഗം മാത്രമെന്നുമാണ് പ്രസിഡണ്ട് ബ്രസീൽ ജനതയോട് പറഞ്ഞത്. അതിനെ വലിയ കാര്യമാക്കി എടുക്കേണ്ടന്നും സാധാരണ ജീവിതം തന്നെ  തുടരാനും സ്വന്തം ജനതയോട് ആഹ്വാനം ചെയ്‌ത ബ്രിസിൽ പ്രസിഡണ്ട്  ജയർ ബോൾസനാരോവിനു പിന്നീട് കൊറോണവൈറസ് ബാധിക്കുകയും അതിൽ നിന്ന് രോഗമുക്തി നേടുകയും ചെയ്തിരുന്നു. 
 
അമേരിക്കയിൽ കോവിഡ് 19 ആയിരങ്ങളെ കൊന്നൊടുക്കിയപ്പോൾ തൊട്ടടുത്ത രാജ്യമായ ബ്രസീലിന്റെ ഭരണാധികാരിയായ പ്രസിഡണ്ട് ജയർ ബോൾസനാരോ  ഇതു വെറുമൊരു   കൃമിയാണെന്നു പറഞ്ഞു പരിഹസിക്കുകയുംഅവിടെ  കോവിഡ് 19 ടെസ്റ്റിംഗ് വ്യാപകമാക്കാതിരിക്കുകയും ചെയ്തതാണ് ബ്രസീലിനെ ലോകത്തെ ഏറ്റവും വലിയ ഹോട്ട് സ്പോട്ട് ആക്കി മാറ്റിയത്. അതായത്കോവിഡ് 19 ന്റെ  തുടക്കത്തിൽ ടെസ്റ്റിംഗ് നടത്തുന്നതിൽ അമാന്തം കാട്ടിയ യു.കെ. യുടെ ഗതിതന്നെയാണ് ബ്രസീലിനു, ഉണ്ടായിക്കൊണ്ടിരിക്കുന്നത്.
 
 അതേസമയം യു.കെ. ഉൾപ്പെടെയുള്ള യൂറോപ്യൻ രാജ്യങ്ങളിൽ കോവിഡ് 19 മരനിരക്കിൽ കാര്യമായ കുറവുണ്ടായിട്ടുണ്ട്. കഴിഞ്ഞ ഒരാഴ്ചയിലേറെയായി അമേരിക്കയ്ക്ക് തൊട്ടുപിന്നിലായി ബ്രസീലിൽ മരണസംഖ്യ കുത്തനെ ഉയർന്നുകൊണ്ടിരിക്കുകയുമാണ്.
 
മാർച്ച് 31 നു ബ്രസീലിൽ നൂറോളം  മരണവും 10,000 താഴെ കേസുകളുമാണ്ടായിരുന്നത്.ഏപ്രിൽ 15 വരെശരാശരി  പ്രതിദിന മരണം 250 നടത്തും കേസുകളുടെ എണ്ണം 2500 മായിരുന്നു ഏപ്രിൽ 27 നു ബ്രസീലിൽ അകെ മരണം 4,286 ഉം കേസുകളുടെ എണ്ണം 63,1000 മായിരുന്നു. എന്നാൽ മെയ് 19 ആയപ്പോഴേക്കും ബ്രസീലിൽ മരണം 18,000 മായി. അകെ രോഗികളുടെ എണ്ണം 2.78 ലക്ഷവുമായി. തുടന്ന് ഒരാഴ്ചയ്ക്ക് ശേഷംഇപ്പോൾ അകെ മരണം 23,000 ത്തോടടുക്കുകയാണ്.അകെ രോഗികളുടെ എണ്ണം 3.68 ലക്ഷമായി.ഇന്നലെ  16,280  പുതിയ രോഗികളാണുണ്ടായത്.ഇന്നലെ 19,606 പുതിയ രോഗികൾ ഉണ്ടായ അമേരിക്കയ്ക്ക് തൊട്ടു പിന്നിലാണ് ബ്രസീൽ .
 
212(21 കോടി) മില്യൺ ജനസംഖ്യയുള്ള ബ്രസീലിൽ ഇതുവരെ 7.35 ലക്ഷം പേരിൽ മാത്രമാണ് ടെസ്റ്റിംഗ് നടത്തിയിട്ടുള്ളത്.അതേസമയം 330 മില്യൺ (33 കോടി) ജനസംഖ്യയുള്ള അമേരിക്കയിൽ ഇതുവരെ 15മില്യൺ (ഒന്നരക്കോടി) ജനങ്ങളിൽ ടെസ്റ്റിംഗ് നടത്തിയിട്ടുണ്ട്.  145 മില്യൺ ജനസംഖ്യയുള്ള റഷ്യയിൽ 8 മില്യൺ ആളുകളിൽ ടെസ്റ്റിംഗ് നടത്തിയപ്പോൾ മൂന്നരലക്ഷത്തിൽപരം കൊറോണ ബാധിതരെ കണ്ടെത്തി.
 
 അതേസമയം കോവിഡ് 19 ഏറ്റവും കൂടുതൽ വിനാശം വിതച്ച ഇറ്റലി, സ്പെയിൻ, ജർമ്മി, ഫ്രാൻസ്, യു.കെ. തുടങ്ങിയ യൂറോപ്യൻ രാജ്യങ്ങളിൽ 3.50 മില്യൺ വീതം ആളുകളിൽ ആണ് ടെസ്റ്റിംഗ് നടത്തിയത്.1.38 ബില്യൺ (138 കോടി) ജനസംഖ്യയുള്ള ഇന്ത്യയിൽ 3 മില്യൺ (30 ലക്ഷം ആളുകളിൽ മാത്രമാണ് ടെസ്റ്റിംഗ് നടത്തിയിട്ടുള്ളത്.ഇന്ത്യയിൽ ആകെ മരണം 4000 കടന്നു.എന്നാൽ വെറും 9 മില്യൺ ജന സംഖ്യയുള്ള യു.എ.ഇ യിൽ  2 മില്യൺ(20 ലക്ഷം )ആളുകളിൽ ടെസ്റ്റിംഗ് നടത്തിയെന്നത് ഒരു വലിയ നേട്ടം തന്നെയാണ്. യു.എ.ഇ യി ആകെ  മരണം വെറും 248 എന്ന സംഖ്യയിൽ നിയന്ത്രിക്കാൻ കഴിഞ്ഞത് വ്യാപകമായ ടെസ്റ്റിംഗ് നടത്തിയതുകൊണ്ടാണ്.
ബ്രസീൽ ലോകത്തിലെ ഏറ്റവും വലിയ കോവിഡ് 19  ഹോട്ട് സ്പോട്ട് ;  അമേരിക്കയിൽ ആകെ മരണസംഖ്യ ഒരു ലക്ഷത്തിനടുത്ത്
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക