ഇരുപത്താറിന്
പെട്ടിയിൽ വീണൊരു
സമ്മതമില്ലാ ദാനത്തിൻ്റെ
തലവിധി കാത്തൊരു -
കൂട്ടം ചർച്ചകൾ
ചായക്കടയിലും
അന്തിക്കള്ളിൻപുരയിലും ..
ഇരുപതിൽ ഇരുപതും
നേടും ഞങ്ങൾ
എന്നൊരു കൂട്ടർ
ഘോഷിക്കുമ്പോൾ
രണ്ടെത്തിൽ കണ്ണും നട്ട്
നിൽക്കുന്നു, ചിലർ
തൂണും ചാരി
പോസ്റ്ററു യുദ്ധം
വാചകമേളകൾ
ഫോട്ടോഷോപ്പിൻ
നാറിയ കശപിശ
രാജ്യസ്നേഹം ജാതി പ്രേമം
എല്ലാമുണ്ട്
വോട്ടുകൾ വീഴ്ത്താൻ
ശോഭകെടുത്തും
ജയഘോഷങ്ങൾ
ദല്ലാൾമാരുടെ
തേരോട്ടങ്ങൾ
ബോണ്ട കഴിച്ചു
രസിച്ചൊരു കൂട്ടർ
ചായ കുടിക്കാൻ
ഫ്ലാറ്റുകൾ തേടി
ഇ.ഡി.യെ വിട്ടൊന്ന്
പേടിപ്പിച്ചാൽ
ആദർശങ്ങൾ
തോട്ടിൽ പോകും
കൊല കൊമ്പൻമാർ
പൂച്ചകളാകും
പുച്ഛമടക്കി നാടുവിടും-
ചിലർ
തമ്മിൽ തല്ലി
തല കീറുന്നോർ
അതിരു കടന്നാൽ
ദോസ്തുകളാകും
അവിടെ ഞങ്ങൾ
രണ്ടെന്നാലും
ഇവിടെ ഞങ്ങൾ
ഭായി- ഭായി
തൃശൂർ പൊക്കാൻ
തക്കം പാർത്തവർ
മേടച്ചൂടിൽ
വിളറി വെളുത്തു
വർണ്ണ കാഴ്ചകൾ
പകലിൽ കണ്ടവർ
സൂര്യനെ നോക്കി
കണ്ണ് ചുളിച്ചു
വയനാടുകളും
മലനാടുകളും
ഉഴുതു മറിച്ചു
രാഷ്ട്രീയക്കാർ
അമ്പല നടയിൽ
കൈ കൂപ്പാത്തവർ
വോട്ടറെ നോക്കി
തൊഴുതു നമിച്ചു
ചാനൽ ചർച്ചകൾ
വോട്ടു കണക്കുകൾ
ആരു ജയിക്കും
ആരു വിതയ്ക്കും
ഹോട്ടലു മൊത്തം
ബുക്കിങ്ങായി
ചാക്കുകൾ നിറയെ
നോട്ടുകൾ തിങ്ങി..
വിഡ്ഡികളായൊരു
പൊതുജനമൊക്കെ
വായ പിളർന്നു
നിൽപ്പൂ വഴിയിൽ
ടെൻഷൻ മാറാൻ
ബിവറേജസിൽ
പോയോർക്കെല്ലാം
ബോധം പോയി
പണവും പോയി
രാഷ്ട്രീയത്തിൻ
കലപില കശപിശ
സത്യവുമില്ല നീതിയുമില്ല
വികസന ദൗത്യം
മുദ്രാവാക്യം
സ്വന്തം കീശകൾ
വികസിച്ചീടണം..