Image

വിദ്യാദേവിയുടെ തിരുമുറ്റത്ത് (രാജൻ കിണറ്റിങ്കര)

Published on 08 October, 2024
വിദ്യാദേവിയുടെ തിരുമുറ്റത്ത് (രാജൻ കിണറ്റിങ്കര)

ഭക്തരുടെ നാവിൽ നിന്നും  വ്രതശുദ്ധിയുടെ ശരണമന്ത്രങ്ങൾ ഉതിരുന്നതിന് മുന്നോടിയായി സരസ്വതീ പൂജയുടെ ഒമ്പത് ദിനരാത്രങ്ങൾ.  അക്ഷരമാണ് വിദ്യ, വിദ്യയാണ് അഗ്നി,  അഗ്നിയാണ് ജീവിതവെളിച്ചം എന്നോതുന്ന  നവരാത്രിക്കാലം.   പഠന ഭാരങ്ങളിൽ നിന്നും രണ്ടു ദിവസത്തെ മോചനം, പരീക്ഷകളും പരീക്ഷണങ്ങളും ഇല്ലാത്ത കാലത്തെ പൂജവെപ്പിന്റെ രണ്ടര ദിനങ്ങൾ.  ദശമി നാളിൽ പൂജയെടുപ്പ്.  കാലം തെറ്റാത്ത കാലാവസ്ഥയും ശീലം തെറ്റാത്ത മനുഷ്യരും, ഗ്രാമത്തിന്റെ വയൽവരമ്പുകളിൽ ദേവിക്ക് നിവേദ്യവുമായി നടന്നു നീങ്ങുന്ന നാട്യങ്ങളറിയാത്ത ഗ്രാമീണർ.

അഷ്ടമി ദിനത്തിലെ ദീപാരാധനയ്ക്ക് പൂജ വയ്ക്കുന്നത് പുസ്തകങ്ങൾ മാത്രമല്ല, പെൻസിലും പേനയും റബ്ബറും വരെ ഭദ്രമായ കെട്ടിനകത്ത് ദേവിയുടെ വരപ്രസാദം നുകരാൻ  ഊഴം കാത്ത് കിടക്കും. എന്തിന്, സ്ളേറ്റ് മായ്ക്കുന്ന മഷിത്തണ്ട് പോലും ചിലപ്പോൾ പുസ്തകക്കെട്ടുകൾക്കിടയിൽ സ്ഥാനം പിടിക്കും.  നവരാത്രി മണ്ഡപത്തിൽ കുന്നുകൂടി കിടക്കുന്ന ഗ്രാമത്തിലെ വീടുകളിൽ നിന്നുമുള്ള  പല വലുപ്പത്തിലും ആകൃതിയിലുമുള്ള പുസ്തകക്കെട്ടുകൾ.    രണ്ടു ദിവസം പുസ്തകം തുറന്നു നോക്കണ്ട, ആരും ഇരുന്ന് പഠിക്കാൻ പറയില്ല, ആരും വഴക്ക് പറയില്ല, സർവ്വ സ്വതന്ത്രമായ ബാല്യത്തിന്റെ വസന്തകാലം.  അവിലും മലരും ശർക്കരയും പൂവൻ പഴവും പല ആകൃതിയിലുള്ള തളികയിലും ഇലക്കുമ്പിളിലും ശ്രീകോവിലിനു മുന്നിൽ നിരന്നിരിക്കും.   രാത്രി പൂജ കഴിഞ്ഞ് ആരും നിവേദ്യം വാങ്ങാൻ വരാറില്ല.  കാരണം പലരുടെയും വീടുകളിൽ എത്താൻ  കുന്നും ഇടവഴികളും താണ്ടണം.  ഇഴ ജന്തുക്കൾ പുറത്തിറങ്ങുന്ന കാലമാണ്, പകലുപോലും വെളിച്ചം വീഴാത്ത ഇടവഴികളാണ് ഗ്രാമത്തിൽ മിക്കവയും.  ഉടമസ്ഥനില്ലാത്ത നിവേദ്യങ്ങളുടെ പങ്കു പറ്റാൻ വിഷം തീണ്ടാത്ത ഒരു ബാല്യം രാത്രി ഏറെ വൈകിയും അമ്പലമുറ്റത്തെ ആൽത്തറകളിൽ കാവലിരിക്കും.   പഠിച്ചില്ലെങ്കിലും വരം തരുന്ന, മാർക്ക് വാരിക്കോരി തരുന്ന കരുതലുള്ള, സ്നേഹമുള്ള അധ്യാപികയായി വീണാവാദിനി താമരയിതളിൽ വിരാജിക്കുമ്പോൾ മറ്റ് ആകുലതകൾ അസ്ഥാനത്താണ് എന്ന ബാല്യത്തിന്റെ വിശ്വാസം.

അമ്പലത്തിനു മുന്നിലൂടെ പോകുന്ന റോഡിൽ ഒറ്റപ്പെട്ട ചില വെളിച്ചങ്ങൾ, കായലിൽ മീൻ പിടിക്കാൻ പോകുന്നവരും രാത്രി അവസാന ബസിൽ വന്നിറങ്ങിയവരും.   ദീപാരാധനയ്ക്കു തെളിയിച്ച ചുറ്റുവിളക്കിലെ തിരികൾ  അണഞ്ഞിരിക്കുന്നു,  ശംഖു നാദങ്ങളില്ല,  ഗോപുരച്ചുവട്ടിൽ പകൽ മേളത്തിന്റെ ക്ഷീണത്തിൽ  തളർന്നുറങ്ങുന്ന ചെണ്ടയും മദ്ദളവും.    എഴുന്നള്ളിപ്പിന് എത്തിയ കരിവീരൻ  ആൽച്ചുവട്ടിൽ തുമ്പിക്കൈയിലെ പനപ്പട്ടകൊണ്ട് ദേഹമാസകലം വീശി ചൂടിനെ അകറ്റുന്നു.  ഭക്തരുടെ നീരാട്ട് കഴിഞ്ഞ അമ്പലക്കുളത്തിൽ വളഞ്ഞു പുളഞ്ഞ് സ്വാതന്ത്ര്യം ആഘോഷിക്കുന്ന പരൽ മീനുകൾ.  കുറച്ചകലെ ആദ്യാക്ഷരങ്ങൾക്ക് മധുരം പകർന്ന മലമക്കാവ് സ്‌കൂളിലെ ചരൽ പൊതിഞ്ഞ വഴികൾ അവധിക്കാലത്തിന്റെ ശൂന്യതയെ അയവിറക്കുന്നു.   നിലാവ്  വീഴുന്ന ചുറ്റമ്പലത്തിലെ കരിങ്കൽ പാകിയ നടവഴികളിൽ ആകാശത്തെ നക്ഷത്രങ്ങളെ എണ്ണിയും എണ്ണിയും തൃപ്തി വരാതെ കൈയിലെ ഇലക്കുമ്പിളിൽ നിന്ന് ശർക്കര തുണ്ടുകൾ നിലാവെളിച്ചത്തിൽ ചികഞ്ഞു പെറുക്കിയെടുത്ത് വായിലിട്ടു നുണയുന്ന ഒരു കൊച്ചു ബാലൻ.  വീടും ഗ്രാമവും കരുതലും കരുത്തും നൽകിയ പഴയകാലത്തിന്റെ നടവഴികളിൽ ഒരു ബാല്യം കൊത്താം കല്ലാടുന്നു.  

അവിചാരിതമായ ഒരു മഴക്കോളിൽ കിഴക്കൻ മല കടന്ന് ഒരു ഈറൻ കാറ്റ് അമ്പലത്തിനെ വലംവച്ചു..  വിറകൊണ്ട ആലിലകൾ നടവഴികളിൽ പൊഴിഞ്ഞുവീണു.    അമ്പലമുറ്റത്ത് അപ്പോഴും നെയ്‌വിളക്കിലെ കരിന്തിരി ഗന്ധങ്ങൾ, അകലെ പുഞ്ചപ്പാടങ്ങളിലെ തേക്കുപാട്ടിനൊപ്പം നേർത്തു വരുന്ന ഏതോ വീട്ടിലെ റേഡിയോവിൽ നിന്നും ഉയരുന്ന സരസ്വതീ സ്തുതികൾ.  

ഗ്രാമത്തിന്റെ ഒറ്റയടിപ്പാതയിലൂടെ നഗ്നപാദനായി, തൊട്ടാവാടികളെ തലോടി, മഴവെള്ളം ചവിട്ടി തെറിപ്പിച്ച് സൗപർണ്ണികയുടെ സംഗീതവും കുടജാദ്രിയുടെ കുളിരും മനസ്സിൽ ആവാഹിച്ച്   നവരാത്രി മണ്ഡപത്തിൽ താൽക്കാലികമായി പ്രതിഷ്ഠിച്ച മൂകാംബികാദേവിയുടെ പ്രതിരൂപത്തിൽ അക്ഷരപുണ്യം നുകർന്ന് പടിയിറങ്ങുമ്പോൾ മഴക്ക് ശക്തി കൂടിയിരുന്നു, കൈവെള്ളയിൽ നനഞ്ഞു കുതിർന്ന അവിൽകുമ്പിൾ  മാറോടണച്ച് മഴക്കുളിരിൽ വിജനമായ വഴികളിലൂടെ നിർഭയനായി, ഇരുളിനെ സ്നേഹിച്ച് മടക്കയാത്ര.

നാളെ രാവിലെ ക്ഷേത്രാംഗണം വീണ്ടും ശബ്ദമുഖരിതമാവും.  വാദ്യമേളങ്ങൾ ഉയരും.    അക്ഷരാംബയുടെ തിരുമുറ്റത്ത് വിദ്യയുടെ ആദ്യാക്ഷരങ്ങൾ എഴുതാൻ ഒത്തുചേരുന്ന  കുരുന്നുകൾ,    ജീവിതം എന്തെന്നറിയും  മുന്നേ കരഞ്ഞു തീർക്കുന്ന ചില കുട്ടികൾ.  ചിരിച്ചുകൊണ്ട് ഹരിശ്രീ എഴുതുന്ന മറ്റുചിലർ.  സെൽഫികളില്ലാത്ത കാലത്തെ ഭക്തിയുടെ നേർക്കാഴ്ചകൾ … വിദ്യയുടെ അഗ്നിനാളങ്ങൾ,  ഗ്രാമവിശുദ്ധിയുടെ കാലം മായ്ക്കാത്ത കാൽപ്പാടുകൾ…

 

Join WhatsApp News
Haridas 2024-10-08 11:07:59
Nice Article. Title picture is does not match the name of the article.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക