മധുരം, കയ്പ്പ്,
പുളി, ചമർപ്പ്
എല്ലാ രുചികളും
ഒരു നിമിഷം കൊണ്ട്
തിരിച്ചറിയുന്ന
വിവേചന ബുദ്ധി
എന്നിട്ടും
തിരിച്ചറിവില്ലാതെ
പുലമ്പുന്ന
നാവ്
വെളുപ്പ്, കറുപ്പ്,
മഞ്ഞ, പച്ച
ഒരു മിന്നായത്തിൽ
തിരിച്ചറിയുന്ന
നിറഭേദങ്ങൾ
എന്നിട്ടും
കൂടെയുള്ളവരെ
തിരിച്ചറിയാത്ത
കണ്ണുകൾ
കരച്ചിലും ചിരിയും
ഗാനവും ശകാരവും
ഒരു ചലനത്തിൽ
തിരിച്ചറിയുന്ന
കേൾവിശക്തി
എന്നിട്ടും
മനസ്സിന്റെ
വിതുമ്പലറിയാത്ത
ചെവികൾ
നേരെയുള്ളതും
നേരുള്ളതും കാണുക
അതിനാലാണ്
കണ്ണുകൾ മുന്നിലായത്
വശപ്പിശകുള്ളതിനെ
പുറം തള്ളുക
അതാണ് ചെവികൾ
ഇരുവശങ്ങളിലായത്
സ്വാതന്ത്ര്യം
ദുരുപയോഗം
ചെയ്യാതിരിക്കുക
അതാണ്
നാവ്
വായ്ക്കകത്ത്
ബന്ധിതമായത്.