രാവിലെ ഗുഡ് മോണിങ്ങും പതിവ് ഗോസിപ്പ് വാർത്തകളും വാട്സ് ആപ്പിൽ പരതി ഇരിക്കുമ്പോഴാണ് അവളുടെ ഫോൺ ശബ്ദിച്ചത്. പരിചയമില്ലാത്ത നമ്പർ ആയതിനാൽ ആകാംക്ഷ കൂടി, പുതിയ വല്ലവരും ഫ്രണ്ട് റിക്വസ്റ്റ് അയച്ച് accept ചെയ്യാൻ വിളിക്കുകയാവും. അതിനാൽ രണ്ടാമതൊന്ന് ആലോചിക്കാതെ ഫോണെടുത്ത് ഹലോ പറഞ്ഞു. ഫോണെടുത്ത ഉടനെ അങ്ങേ തലക്കലെ ആൾ ഹിന്ദിയും ഇംഗ്ലീഷും കലർത്തി പറഞ്ഞു തുടങ്ങി. നിങ്ങളുടെ മകന്റെ പേരിൽ ഒരു കൊറിയർ വന്നിട്ടുണ്ട്.
എന്നിട്ട് അത് കയ്യിൽ വച്ചോണ്ടിരിക്കാണോ നിങ്ങൾ, ഉടനെ ഡെലിവറി ചെയ്യൂ, അഡ്രസ് ക്ലിയർ അല്ലെ ? അവൾ ചോദിച്ചു
ഞങ്ങൾ കസ്റ്റംസിൽ നിന്നാണ് വിളിക്കുന്നത്, നിങ്ങളുടെ കൊറിയർ ഇവിടെ പിടിച്ചു വച്ചിരിക്കുന്നു, അതിൽ മയക്കുമരുന്നുണ്ടെന്ന് സ്കാനിങ്ങിൽ മനസ്സിലായി. അങ്ങേ തലക്കൽ പോലീസ് ഓഫീസർ എന്ന് സ്വയം പരിചയപ്പെടുത്തിയ ആൾ ഹിന്ദിയിൽ പറഞ്ഞു.
എവിടെ നിന്നാണ് കൊറിയർ ? അവൾ തിരിച്ചു ചോദിച്ചു.
തായ്‌ലൻഡിൽ നിന്നാണ്, ഗുരുതരമായ കുറ്റമാണിത്, 20 ലക്ഷം തന്നാൽ കേസില്ലാതെ ഒതുക്കാം, നിങ്ങളുടെ കുട്ടി ഞങ്ങളുടെ കസ്റ്റഡിയിൽ ആണ് (തെളിവായി അവർ ഒരു ബഹളവും കരച്ചിലും ഒക്കെ കേൾപ്പിച്ചു).
അയ്യോ ഇരുപത് ലക്ഷമോ, എന്റെ കൈയിൽ ആകെയുള്ളത് പാലിനും പച്ചക്കറിക്കും ഉള്ള 75 രൂപയാണ്. ഹസ്ബൻഡ് പൈസയൊന്നും കൈയിൽ തരാറില്ല.
ഞങ്ങൾ ഈ നമ്പറിൽ ഒരു ലിങ്ക് അയക്കാം, അതിൽ ക്ലിക്ക് ചെയ്‌താൽ പൈസ ട്രാൻസ്‌ഫർ ചെയ്യാം. പണം പെട്ടെന്ന് arrange ചെയ്‌താൽ അത്രയും ഭവിഷ്യത്തുകൾ ഒഴിവാക്കാം. കേസ് മുകളിലെത്തും മുന്നേ കുട്ടിയെ റിലീസ് ചെയ്യാം.
ഞാൻ ഹസ്ബന്റിനെ contact ചെയ്യട്ടെ, നിങ്ങൾ 10 മിനിറ്റ് കഴിഞ്ഞു വിളിക്കൂ (അവളാകെ പരിഭ്രമത്തിലായിരുന്നു)
അത് വേണ്ട, ഫോൺ കട്ട് ചെയ്യരുത്, നിങ്ങൾ ഇപ്പോൾ ഡിജിറ്റൽ അറസ്റ്റിലാണ്, ഹസ്ബന്റിന്റെ നമ്പർ തരൂ, ഞങ്ങൾ കണക്റ്റ് ചെയ്യാം.
ഡിജിറ്റൽ അറസ്റ്റോ, അതെന്താണ് ?
അത് സൈബർ കുറ്റകൃത്യങ്ങളിൽ ഉള്ള അറസ്റ്റാണ്, ശരിയായ അറസ്റ്റിനു മുമ്പുള്ള നടപടി, സൈബർ അറസ്റ്റിൽ പരിഹാരം ഉണ്ടായില്ലെങ്കിൽ പോലീസ് വീട്ടിൽ വന്നു അറസ്റ്റ് ചെയ്യും.
നിങ്ങൾ ഹസ്ബന്റിന്റെയോ ബന്ധുക്കളുടെയോ നമ്പർ തന്നാൽ അവരെ ഞങ്ങൾ കണക്ട് ചെയ്യാം, ഉടനെ വേണം. പോലീസ് എന്ന് പറഞ്ഞവർ ധൃതി കൂട്ടി.
ഞാൻ ഹസ്ബന്റിന്റെ നമ്പർ തരാം, അവൾ നമ്പർ പറഞ്ഞു കൊടുത്തു.
അവളെ ഹോൾഡിൽ ഇട്ടു തന്നെ അവർ ഹസ്ബന്റിനെ കണക്റ്റ് ചെയ്തു, എന്നിട്ട് ഹസ്ബന്റിനോട് സംസാരിക്കാൻ പറഞ്ഞു.
ചേട്ടാ, കുറെ നേരമായി എന്നെ ഡിജിറ്റൽ അറസ്റ്റ് എന്ന് പറഞ്ഞു ഇവർ ഫോണിൽ സംസാരിക്കുന്നു, എന്തോ കൊറിയർ വന്നിട്ടുണ്ടത്രെ അതിൽ മയക്കു മരുന്ന് ഉണ്ടായിരുന്നു, അറസ്റ്റ് ഒഴിവാക്കാൻ 20 ലക്ഷമാ ചോദിക്കുന്നത്.
20 ലക്ഷമോ, ആരുടെ പേരിലാണ്, എവിടെ നിന്നാണ് കൊറിയർ.
നമ്മുടെ മോന്റെ പേരിലാണെന്നാ പറയുന്നത്, അവൻ അവരുടെ കസ്റ്റഡിയിൽ ആണത്രേ.
എടീ പൊട്ടീ, നമുക്കെവിടെയാ മോൻ, നമുക്ക് ഒരു മോളല്ലേ.
അത് ശരിയാണല്ലോ, ഞാൻ രാവിലെ വാട്സ്ആപ്പിൽ മുഴുകി ഇരിക്കുമ്പോഴാ ഫോൺ വന്നത്, പെട്ടെന്ന് അതൊന്നും ശ്രദ്ധിച്ചില്ല.
നിങ്ങൾ എന്ത് തീരുമാനിച്ചു ? മോൻ ഞങ്ങളുടെ കസ്റ്റഡിയിലാണ്, ഹിന്ദിയിൽ പോലീസുകാരൻ ചോദിച്ചു.
അവൻ അവിടെ ഇരിക്കട്ടെ, വിടരുത്. ഇത്രയും പറഞ്ഞ് ഹസ്ബൻഡ് ഫോൺ കട്ട് ചെയ്തു. ഡിജിറ്റൽ അറസ്റ്റിൽ നിന്നും മോചിതയായ ഭാര്യ വീണ്ടും വാട്ട്സ് ആപ്പിലേക്ക് തിരിഞ്ഞു.
പിറ്റേന്നത്തെ പത്രത്തിൽ ഡിജിറ്റൽ അറസ്റ്റിനു വന്ന സൈബർ തട്ടിപ്പുകാരെ മലയാളി യുവതി വിദഗ്‌ധമായി കുടുക്കിയ വലിയ വാർത്ത ഉണ്ടായിരുന്നു.