ഭക്ഷണം
പാക്കറ്റിലായപ്പോഴാണ്
ആളുകൾ
ഹോസ്പിറ്റലിലായത്
അടുക്കളയിലെ
കിണ്ണങ്ങളുടെ ശബ്ദം
നിലച്ചപ്പോഴാണ്
വിശപ്പിൻ്റെ സംഗീതം നിന്നത്
നിലത്തിരുന്ന്
കഴിച്ച ഭക്ഷണം
മേശയിലെത്തിയപ്പോഴാണ്
അഹങ്കരിക്കാൻ തുടങ്ങിയത്
അകത്ത് ചെല്ലുന്ന
ഭക്ഷണത്തേക്കാൾ
പുറത്ത് കളഞ്ഞപ്പോഴാണ്
ദാരിദ്ര്യം കൂടിയത്
കണ്ണുകൾ മൊബൈലിലും
വിരലുകൾ പ്ലേറ്റിലും
ഇഴഞ്ഞപ്പോഴാണ്
ഭക്ഷണത്തിന് ലക്ഷ്യമില്ലാതായത്
വിറകടുപ്പുകൾക്ക്
നീറ്റലറിയാമായിരുന്നു
കത്തുന്ന വിറകിൻ്റെയും
ഊതുന്ന അമ്മയുടേയും
പട്ടിണി ആരോഗ്യത്തിന്
നല്ലതാണ്
ചുട്ട പപ്പടവും കട്ടൻ ചായയും
കഴിച്ചിട്ടാർക്കും
ഷുഗറും കൊളസ്ട്രോളും വന്നിട്ടില്ല
ഒരു പാക്കറ്റ് ഫുഡിനും
തിളച്ച ചെമ്പിൻ്റെ
നോവറിയില്ല
മൺപാത്രത്തിൽ
കഴിച്ചവർക്കൊക്കെ
ഒരിക്കൽ മണ്ണോടടിയുമെന്ന
ബോധമുണ്ടായിരുന്നു
ഊതി ഊതിയാണ്
അടുപ്പ് കത്തിയത്
കരഞ്ഞു കരഞ്ഞാണ്
അടുക്കള കറുത്തത്
മൂന്ന് നില വീടും
ഹോട്ടൽ ഫുഡും;
നിലപാടില്ലാത്തതിനാലാണ്
മനുഷ്യന് നിലതെറ്റിയത്
ഫ്രിഡ്ജിലെ
ഭക്ഷണം കഴിക്കാൻ
തുടങ്ങിയപ്പോഴാണ്
മനസ്സും മരവിച്ചത്
അടുക്കളയിൽ നിന്നും
ഊൺമേശയിലേക്കുള്ള ദൂരം
സ്നേഹത്തിൻ്റെ,
സഹനത്തിൻ്റെ ദൂരമാണ്
വെന്ത ചോറിൽ
വെള്ളമൊഴിച്ച് വാർക്കുന്നത്
പൊള്ളിച്ചതിനും കുത്തിയിളക്കിയതിനും
മാപ്പിരക്കലാണ്
എട്ട് മണിയുടെ അത്താഴം
പതിനൊന്ന് മണിക്കായപ്പോഴാണ്
പ്രാതൽ ഉച്ചഭക്ഷണമായത്
ഭക്ഷണ സമയത്തെ
കളി ചിരി കേട്ടാണ്
അടുപ്പണഞ്ഞതും
അടുക്കള ഒന്ന് മയങ്ങിയതും
കുത്തരിയും
കിണറിലെ വെള്ളവും
തൊടിയിലെ പച്ചക്കറിയും
ഒരു സാമ്പത്തിക പ്രതിസന്ധിയിലും
പകച്ച് നിൽക്കാതെ
അന്ന്, വീട്ടിലെ ചോറിൻ ചെമ്പ്
തിളച്ചു തൂവിയാൽ
അടുത്ത വീട്ടിലറിയും
ഇന്ന് വീടിന് തീപിടിച്ചാലുമറിയില്ല
ഊൺമേശയിലും
ടോയ്ലറ്റിലും ടിഷ്യു പേപ്പർ
ആയപ്പോഴാണ്
അകമേത് പുറമേതെന്ന
തിരിച്ചറിവ് നഷ്ടപ്പെട്ടത്
വിയർപ്പ് വീണ
ഭക്ഷണത്തിനും
അടിച്ചലക്കിയ തുണിക്കും
രുചിയും നിറവും കൂടും
പിസക്കും ബർഗറിനുമറിയില്ല
അമ്മയുടെ വേദനയും
അമ്മിയുടെ നീറ്റലും