ആര്‍ക്കോണി. ആരും കേള്‍ക്കാത്ത ഒരു പേരായിരിക്കും അതെന്ന കാര്യത്തില്‍ സംശയമില്ല. അതുണ്ടായ കഥ രസകരമാണ്. പ്രൊഫഷണല്‍ കോളേജുകളില്‍ ഏറ്റവും കൂടുതല്‍ റാഗിങ് നടമാടിയിരുന്നത് എഴുപതുകളിലാണെന്ന് തോന്നുന്നു. എണ്‍പതുകളിലും തൊണ്ണൂറുകളിലും അതിന്റെ ശക്തി വര്‍ധിച്ച് ദേഹോപദ്രവങ്ങളിലും പീഡിപ്പിക്കലുകളിലും വരെയെത്തിയെന്ന് കേട്ടിട്ടുണ്ട്. സീനിയേഴ്‌സിന്റെ മേല്‍നോട്ടത്തില്‍ ചെറിയ റാഗിങ് നടത്തുന്നത് നല്ലതാണെന്ന് അന്നൊക്കെ തോന്നിയിട്ടുണ്ട്. പല കാര്യങ്ങളോടും പ്രതികരിക്കാനുള്ള ധൈര്യമാര്‍ജ്ജിക്കുന്നതും നാണംകുണുങ്ങികളുടെ നാണം മാറുന്നതും റാഗിങ്ങിലൂടെയാണെന്നതാണ് സത്യം. എഴുപതുകളില്‍ റാഗിങ് ശക്തമായിരുന്നെങ്കിലും അതു തമാശരൂപത്തിലായിരുന്നു.
കോതമംഗലം മാര്‍ അത്തനേഷ്യസ് എന്‍ജിനീയറിംഗ് കോളേജില്‍ എന്റെ ബാച്ചിലുണ്ടായിരുന്ന ഒരു തോമസ് ജോസഫിനെയാണ് ഓര്‍മ വരുന്നത്. മെലിഞ്ഞ്, ചുരുണ്ട മുടിയുള്ള തോമാച്ചന്‍ ഒരു തുള്ളിപോലും കള്ള് കുടിക്കില്ല. നല്ല ഊര്‍ജ്ജസ്വലനായിരുന്നു. കള്ളു കുടിക്കാതെതന്നെ കള്ളുപാര്‍ട്ടികളില്‍ സജീവമായിരുന്നു. സാമാന്യം നല്ല മനോബലമുള്ളവര്‍ക്ക് മാത്രമേ അതു പറ്റുകയുള്ളൂ. വിശേഷിച്ച് കോളേജിലാവുമ്പോള്‍ 'പിയര്‍ പ്രഷ'റുണ്ടാകും. കൂടാതെ ഞങ്ങളൊക്കെ പല പ്രശ്‌നങ്ങളിലും പെടുമ്പോള്‍ രക്ഷകനായെത്തുന്നത് തോമാച്ചനായിരുന്നു.
തോമസ് ജോസഫുമൊത്ത് തമ്പി ആന്റണി
ജീവിതത്തില്‍ നമ്മള്‍ പലരെയും പല സാഹചര്യങ്ങളില്‍ കണ്ടുമുട്ടുന്നു. പക്ഷേ അവരെയെല്ലാം ഓര്‍മയില്‍ സൂക്ഷിക്കണമെന്നില്ല. എന്നാല്‍ തോമസ് ജോസഫ് എന്ന തോമാച്ചനെ കൂടെ പഠിച്ചവര്‍ക്ക് അത്ര പെട്ടെന്നു മനസ്സില്‍നിന്ന് മായ്ച്ചുകളയാന്‍ പറ്റില്ല. റാഗിങ് സമയത്താണ് എനിക്കു തോമാച്ചനുമായി കൂടുതലടുക്കാന്‍ സാധിച്ചത്. റാഗിങ്ങിനിടയില്‍ സീനിയേഴ്‌സാരോ തോമാച്ചനോട് റേഡിയോ കണ്ടുപിടിച്ചതാരെന്ന് ചോദിച്ചു. ഒന്നുമാലോചിക്കാതെ തോമാച്ചന്‍ തട്ടിവിട്ടു: 'ആര്‍ക്കോണി!' എല്ലാവരും കുറെ ചിരിച്ചു. അപ്പോള്‍ സീനിയേഴ്‌സിലൊരാള്‍ പറഞ്ഞു: 'നീ ഇന്നുമുതല്‍ ആര്‍ക്കോണി!' ആരു പേരു ചോദിച്ചാലും ആര്‍ക്കോണിയെന്ന് പറയണമെന്നൊരു താക്കീതും നല്‍കി. അങ്ങനെയാണ് തോമസ് ജോസഫ് ആര്‍ക്കോണിയായത്. റേഡിയോ കണ്ടുപിടിച്ച പാവം മാര്‍ക്കോണിയുണ്ടോ ഇതുവല്ലതുമറിയുന്നു!
ആര്‍ക്കോണി എല്ലാ രീതിയിലും സമര്‍ത്ഥനായിരുന്നു. കുട്ടനാട്ടില്‍ വലിയ സമ്പത്തും സംസ്‌കാരവുമുള്ള കിഴക്കേക്കുറ്റ് കുടുംബാംഗമായിരുന്നു. എല്ലാ കൂട്ടുകെട്ടിലും കൂടും; പുകവലിയോ മദ്യപാനമോ ഇല്ലാതെതന്നെ. രണ്ടാംവര്‍ഷത്തില്‍ പല കാരണങ്ങള്‍കൊണ്ട് ഹോസ്റ്റലില്‍നിന്നു പുറത്തുപോയിത്താമസിച്ചവരുടെ കൂട്ടത്തില്‍ ഞാനും ആര്‍ക്കോണിയുമുണ്ടായിരുന്നു. ടൗണിലുള്ള കട്ടക്കനാല്‍ എന്ന ലോഡ്ജിലാണ് ഞങ്ങള്‍ അഭയംപ്രാപിച്ചത്. ഇതൊക്കെ ആമുഖമായി പറഞ്ഞതാണ്. പറയാന്‍ വന്നത് മുപ്പതു വര്‍ഷങ്ങള്‍ക്കുശേഷമുള്ള ആര്‍ക്കോണിയെക്കുറിച്ചാണ്.
ആര്‍ക്കോണിയെന്ന തോമസ് ജോസഫ് പൊന്‍കുന്നത്തിനടുത്ത് ഒരു പ്രകൃതി ചികിത്സാലയത്തിലാണെന്ന് ആരോ പറഞ്ഞറിഞ്ഞു. അതറിഞ്ഞതുമുതല്‍ എന്റെ ആകാംക്ഷ ദിവസേന വര്‍ധിച്ചുവന്നു. അതുകൊണ്ട് അമേരിക്കയില്‍നിന്ന് അവധിക്കു ചെന്നപ്പോള്‍ ആദ്യമന്വേഷിച്ചത് ആ ചികിത്സാലയമാണ്. പൊന്‍കുന്നത്ത് നിന്ന് കോട്ടയംവഴിയില്‍ പത്തു കിലോമീറ്ററോളം അകലെയുള്ള കൊടുങ്ങൂരിലെ 'അമൃത' എന്ന സ്ഥാപനമാണതെന്ന് കണ്ടുപിടിച്ചു. മൂത്ത പെങ്ങള്‍ ലീലച്ചേച്ചിയെയും കൂട്ടിയാണവിടെപ്പോയത്. ചേച്ചിക്കു മാത്രമല്ല, വീട്ടിലെല്ലാവര്‍ക്കും തോമാച്ചനെ അറിയാമായിരുന്നു. തോമാച്ചന്‍ അടുത്ത കൂട്ടുകാരുടെ വീട്ടുകാരുമായിപ്പോലും നല്ല ബന്ധം സ്ഥാപിക്കും. അവരിലാര്‍ക്കും എന്തു സഹായത്തിനും തോമാച്ചനെ വിളിക്കാം. ഇല്ലാത്ത സമയമുണ്ടാക്കി അതൊക്കെ ചെയ്തുകൊടുക്കുന്നതാണ് തോമാച്ചനു സന്തോഷം. എടത്വായിലുള്ള തോമാച്ചന്റെ വീട്ടില്‍ ഞാനും പോയിത്താമസിച്ചിട്ടുണ്ട്. അന്ന് തോമാച്ചന്റെ അമ്മയുടെകൂടെ കായല്‍ത്തീരത്ത് പോയിനിന്ന് വള്ളക്കാരോടു നല്ല പിടയ്ക്കുന്ന കരിമീന്‍ വാങ്ങി പൊരിച്ചുതിന്നിട്ടുണ്ട്.
ഇടത്തുനിന്ന് ആര്‍ട്ടിസ്റ്റ് മുരളീധരന്‍, തമ്പി ആന്റണി, തരകന്‍, തോമസ് ജോസഫ് (ആര്‍ക്കോണി). തരകന്റെ വിവാഹവേളയിലെടുത്ത ചിത്രം
തോമാച്ചന്‍ വീട്ടിലെ പന്ത്രണ്ടുപേരില്‍ നാലാമത്തേതാണ്. വീട്ടിലെല്ലാവരുമുള്ളപ്പോള്‍ നല്ല മേളമായിരുന്നു. വിശാലമായ വീടും കായല്‍ത്തീരത്തോടു ചേര്‍ന്നുകിടക്കുന്ന വലിയ മുറ്റവും ഇന്നും മനസ്സില്‍നിന്നു മാഞ്ഞിട്ടില്ല. അങ്ങനെ ജീവിച്ച തോമാച്ചനാണ് ഇന്ന് ആരാലും ശ്രദ്ധിക്കപ്പെടാതെ ഒറ്റയ്ക്കു ജീവിക്കുന്നത്. ചിലപ്പോള്‍ ജീവിതമങ്ങനെയാണ്. നമ്മുടെ തീരുമാനങ്ങള്‍ എത്ര ശരിയാണെങ്കില്‍പ്പോലും വിധി എല്ലാം മാറ്റിമറിക്കുന്നു!
മെയിന്‍ റോഡിലൂടെ കാറിലായിരുന്നു ഞങ്ങളുടെ യാത്ര. വഴിയരികില്‍ 'അമൃത പ്രകൃതിചികിത്സാലയം' എന്ന ബോര്‍ഡ് കണ്ടപ്പോള്‍ ഡ്രൈവര്‍ പ്രസാദിനോടു വണ്ടി ആ വഴിക്കു തിരിക്കാന്‍ പറഞ്ഞു. ഏതാണ്ട് അര കിലോമീറ്റര്‍ ചെന്നപ്പോള്‍ ചെറിയൊരു വീടുകണ്ടു. അവിടെയും ഒരു നെയിം ബോര്‍ഡ് കണ്ടു. അല്ലായിരുന്നെങ്കില്‍ അതൊരു വീടാണെന്ന് തെറ്റിദ്ധരിച്ചേനേ. ചെറിയ മുറ്റവും പരിസരവും കണ്ടപ്പോള്‍ പെട്ടെന്നൊരു വിഷമംതോന്നി. എടത്വായിലെ കിഴക്കേക്കുറ്റ് വീടിന്റെ വിശാലമായ മുറ്റവും ചുറ്റുപാടുകളും മനസ്സിലൂടെ മിന്നിമറഞ്ഞു.
വണ്ടി നിര്‍ത്തിയപ്പോള്‍ ഉള്ളില്‍നിന്ന് ഒരു സ്ത്രീ ഇറങ്ങിവന്ന്, ആരെക്കാണാനാണെന്നു ചോദിച്ചു. തോമാച്ചനെയെന്നു ഞാന്‍ പറഞ്ഞു. അവരൊന്നു ചിരിച്ചിട്ട് കയറിയിരിക്കാന്‍ പറഞ്ഞു. മൂന്നോ നാലോ മുറിയുള്ള ചെറിയ വീട്. രണ്ടുപേരേ ആ വീട്ടിലുള്ളൂ. തോമാച്ചന്റെ ആരാണെന്നു സ്ത്രീ ചോദിച്ചു. ഞങ്ങള്‍ വന്ന കാര്യം പറഞ്ഞു. പുതുതായിപ്പണിത വീട്ടിലാണ് തോമാച്ചനെന്ന് അവരറിയിച്ചു. അപ്പോഴാണ് പറമ്പിന്റെ മുകളിലെ തട്ടിലുള്ള, ആസ്ബസ്റ്റോസ് ഷീറ്റിട്ട ചെറിയ ഔട്ട്ഹൗസ് ശ്രദ്ധയില്‍പ്പെട്ടത്. ഞാനും ചേച്ചിയും നട കയറി ആ കൊച്ചുപുരയില്‍ച്ചെന്നു. തോമാച്ചന്‍ ഉറക്കമാണെന്നാണ് ആ സ്ത്രീ പറഞ്ഞത്. പക്ഷേ, കൈയും കാലും ശക്തിയായി അനക്കിക്കൊണ്ടിരുന്നതിനാല്‍ ഉറക്കമാണെന്ന് തോന്നിയില്ല. പാര്‍ക്കിന്‍സണ്‍സ് ആണെന്ന് പറഞ്ഞിരുന്നെങ്കിലും ഇത്ര തീവ്രമായിരിക്കുമെന്നു വിചാരിച്ചില്ല. അത്ര പരിതാപകരമായിരുന്നു ആ കാഴ്ച. ഞാന്‍ 'എടാ ആര്‍ക്കോണീ' എന്നു വിളിച്ചപ്പോള്‍ കഷ്ടിച്ച് എഴുന്നേറ്റിരുന്നു. ഞങ്ങളെ രണ്ടുപേരെയും തിരിച്ചറിഞ്ഞു. അതിന്റെ സന്തോഷം ആ കണ്ണുകളില്‍ കാണാമായിരുന്നു. പെട്ടെന്നു ലീലച്ചേച്ചിയുടെ കണ്ണു നിറയുന്നത് ഞാന്‍ കണ്ടു. അത്തരമൊരവസരത്തില്‍ ആര്‍ക്കും പിടിച്ചുനില്‍ക്കാന്‍ കഴിയില്ല. കുറെ വിശേഷങ്ങള്‍ പറഞ്ഞിരുന്നപ്പോള്‍ ഒരാഗ്രഹം മാത്രം എന്നെ അറിയിച്ചു: എന്റെകൂടെയിരുന്ന് അവനിഷ്ടമുള്ള അപ്പവും ചിക്കന്‍കറിയും അല്ലെങ്കില്‍ പരിപ്പുവടയും ചായയുമെങ്കിലും കഴിക്കണമെന്ന്! എല്ലാം പഴയ ഓര്‍മകളായിരിക്കാം. കോളേജ് കാലത്ത് നാരായണന്‍ നായരുടെ ചായക്കടയില്‍നിന്ന് ഞങ്ങള്‍ പതിവായി ചായയും പരിപ്പുവടയും കഴിച്ചിരുന്നത് ഞാനോര്‍ത്തു. അപ്പവും ചിക്കന്‍കറിയുമായി ഒരിക്കല്‍ തീര്‍ച്ചയായും എന്നെയുംകൂട്ടി വരാമെന്നു ലീലച്ചേച്ചി വാക്കു കൊടുത്തു. ഞങ്ങള്‍ യാത്ര പറയുമ്പോള്‍ വാതില്‍ക്കല്‍വരെ വരാനായി എഴുന്നേറ്റെങ്കിലും നടക്കാന്‍ സാധിച്ചില്ല. കൈകാലുകള്‍ക്ക് അത്രയ്ക്കു വിറയലായിരുന്നു. ഞാന്‍ തന്നെ കട്ടിലിലേക്കു പിടിച്ചിരുത്തി. അപ്പോഴേക്കും ഡ്രൈവര്‍ പ്രസാദും വാതില്‍ക്കല്‍ വന്നെങ്കിലും കണ്ടുനില്‍ക്കാനുള്ള കരുത്തില്ലാഞ്ഞതുകൊണ്ട് തിരികെപ്പോയി കാറിലിരുന്നു. പ്രസാദിനും തോമാച്ചനെ അറിയാമായിരുന്നു. വര്‍ഷങ്ങള്‍ക്കുമുമ്പ് എന്റെ കൂടെത്തന്നെ പല സ്ഥലത്തുവെച്ചും കാണുകയും പരിചയപ്പെടുകയും ചെയ്തിട്ടുണ്ട്. ഒരിക്കല്‍ പരിചയപ്പെട്ടാല്‍ ആര്‍ക്കും മറക്കാന്‍ പറ്റാത്ത വ്യക്തിത്വം- അതായിരുന്നു സാക്ഷാല്‍ തോമസ് ജോസഫെന്ന ആര്‍ക്കോണി.
ഞങ്ങള്‍ നടയിറങ്ങി, നേരത്തെ കണ്ട സ്ത്രീയോടു യാത്ര പറഞ്ഞു. അപ്പോഴേക്കും പ്രസാദ് കാര്‍ സ്റ്റാര്‍ട്ട് ചെയ്തു. കാര്‍ പതിയെ മെയിന്‍ റോഡിലെത്തി, 'അമൃത പ്രകൃതിചികിത്സാലയം' എന്നെഴുതിവച്ച ബോര്‍ഡ് പിന്നിട്ട് ഇടത്തേക്കു തിരിഞ്ഞു. കാറിനകത്തെ നിശ്ശബ്ദതയില്‍ എന്റെ മനസ്സ് വര്‍ഷങ്ങള്‍ പുറകോട്ടുപോയി.
കോളേജ് മുറ്റത്തെ വാകമരച്ചോട്ടിലൂടെ നടന്ന്, ഇലക്ട്രിക് ലാബിലേക്കുള്ള വഴിയിലെത്തി. എതിരെ വന്ന പെണ്‍കുട്ടികളോട് അല്‍പനേരം വിശേഷങ്ങള്‍ തിരക്കി. കാന്റീനിലെത്തിയപ്പോള്‍ ആര്‍ക്കോണി അവിടെയുണ്ട്. പരിപ്പുവടയും ചായയും കഴിക്കുകയായിരുന്നു. അന്ന് ഞങ്ങളോടൊപ്പമുണ്ടായിരുന്നത് ബേബി അധികാരവും ജോര്‍ജ്ജ് ആന്റണി എന്ന കുനുഞ്ഞിയും ബാബു കെ ചെറിയാനും സുരേഷും സതീഷ് നായരുമായിരുന്നു എന്നാണ് എന്റെയോര്‍മ.
ഞങ്ങളുടെ സന്ദര്‍ശനത്തിനുശേഷം അധികം വൈകാതെ ആര്‍ക്കോണിയെന്ന തോമസ് ജോസഫ് മണ്ണിനോടു വിടപറഞ്ഞു.
(തുടരും)
കടപ്പാട്: മാതൃഭൂമി