1965-ൽ ലിൻഡൺ ജോൺസൺ ഭരണകൂടം സ്ഥാപിച്ച ഒരു ഗവൺമെന്റ് പ്രോഗ്രാമാണ് മെഡിക്കെയ്ഡ്. ഇതിനായുള്ള ഫണ്ടിന്റെ ഒരു പ്രധാന ഭാഗം ഫെഡറൽ ഗവൺമെന്റാണ് നൽകുന്നത്. എന്നിരുന്നാലും, സംസ്ഥാന സർക്കാരുകൾ ഭാഗികമായി ധനസഹായം നൽകുന്നുണ്ട്. ഈ പ്രോഗ്രാം കൈകാര്യം ചെയ്യുന്നതും സ്റ്റേറ്റ് തന്നെയാണ്. 1982 മുതൽ എല്ലാ സംസ്ഥാനങ്ങളും ഈ പരിപാടിയിൽ പങ്കെടുക്കുന്നുണ്ടെങ്കിലും, സംസ്ഥാനങ്ങൾ അതിന്റെ ഭാഗമാകണമെന്ന് നിർബന്ധമേർപ്പെടുത്തിയിട്ടില്ല.
മിക്ക സംസ്ഥാനങ്ങളിലും, ഫെഡറൽ ഗവണ്മെന്റ് ദാരിദ്ര്യരേഖയായി കണക്കാക്കുന്ന വരുമാനത്തിന്റെ 138% വരെയുള്ള കുടുംബത്തിലെ ഏതൊരു അംഗവും മെഡിക്കെയ്ഡിന് യോഗ്യത ഉള്ളവരാണ്. യുണൈറ്റഡ് സ്റ്റേറ്റ്സിലെ താഴ്ന്ന വരുമാനമുള്ള ആളുകൾക്ക് മെഡിക്കൽ, ആരോഗ്യ സംബന്ധിയായ സേവനങ്ങൾക്കുള്ള ഏറ്റവും വലിയ ധനസഹായ സ്രോതസ്സാണ് മെഡിക്കെയ്ഡ്. ഇതിലൂടെ താഴ്ന്ന വരുമാനക്കാരും വികലാംഗരും ഉൾപ്പെടുന്ന 85 മില്യൺ ആളുകൾക്കാണ് സൗജന്യ ആരോഗ്യ ഇൻഷുറൻസ് ലഭിക്കുന്നത്. 10 കുട്ടികളിൽ 4 പേർക്ക് മെഡിക്കെയ്ഡ് ഉണ്ട്, പ്രായപൂർത്തിയായ ദരിദ്രരിൽ പകുതിയോളം പേർക്ക് മെഡിക്കെയ്ഡ് ഉണ്ട്, നഴ്സിംഗ് ഹോം നിവാസികളിൽ 60% പേർക്കും മെഡിക്കെയ്ഡ് ഉണ്ട്.
മെഡിക്കെയ്ഡ് കവറേജ് സംസ്ഥാനം അനുസരിച്ച് വ്യത്യാസപ്പെടുന്നു. ന്യൂ മെക്സിക്കോയിൽ ഇത് 34% ആണെങ്കിൽ യൂട്ടായിൽ ഏകദേശം 11% വരെയേ ഉള്ളൂ.
ഫെഡറൽ ബജറ്റിൽ നിന്ന് ഒരു ദശാബ്ദത്തിനുള്ളിൽ 2 ട്രില്യൺ ഡോളർ വെട്ടിച്ചുരുക്കുകയാണ് ട്രംപ് ഭരണകൂടത്തിന്റെ ലക്ഷ്യം. മെഡിക്കെയ്ഡ് പ്രോഗ്രാമുകൾ രാജ്യത്തെ ഏറ്റവും ദുർബലരായ വ്യക്തികളുടെ ജീവൻ പരിരക്ഷിക്കുന്ന കവറേജാണ് വാഗ്ദാനം ചെയ്യുന്നത്. നിലവിൽ, മെഡിക്കെയ്ഡാണ് പലപ്പോഴും സംസ്ഥാനങ്ങളുടെ ഏറ്റവും ഭാരിച്ച ചെലവായി വരുന്നത്. ഫെഡറൽ ഗവൺമെന്റ് ഫണ്ടിങ് വെട്ടിച്ചുരുക്കിയാൽ അതുമൂലം സംസ്ഥാന ബജറ്റുകളിൽ വലിയ വിടവ് ഉണ്ടാകും. ഫണ്ടിംഗ് വെട്ടിക്കുറച്ചാൽ, അത് പൊതുജനാരോഗ്യത്തെ സാരമായി ബാധിക്കും.
ലോകാരോഗ്യസംഘടനയുടെയും USAID-ന്റെയും സ്ഥിതി അവതാളത്തിലായതോടെ ലോകമെമ്പാടുമുള്ള ആരോഗ്യ രംഗം ഇതിനകം തന്നെ വളരെ അപകടകരമായ സാഹചര്യത്തിലാണ്. പുതിയ പകർച്ചവ്യാധികൾ എപ്പോൾ വേണമെങ്കിലും പൊട്ടിപ്പുറപ്പെടാം. സമയബന്ധിതമായ ഇടപെടലില്ലാതെ വന്നാൽ അത് എളുപ്പത്തിൽ ഒരു മഹാമാരിയായി രൂപാന്തരപ്പെടാം. ലോകത്തിന്റെ ഒരു കോണിൽ നിന്ന് മറ്റൊരു കോണിൽ എത്തുക എന്നുള്ളത് ഇന്ന് വളരെ വേഗത്തിൽ സാധ്യമാകുമെന്നതുകൊണ്ടുതന്നെ, എവിടെ രോഗം പൊട്ടിപ്പുറപ്പെട്ടാലും അത് എല്ലായിടത്തേക്കും വ്യാപിക്കാൻ അധികം സമയം വേണ്ടിവരില്ല. 2014-16 ൽ, യുഎസ്എയിലെ 11 പേർക്കാണ് മാരകമായ എബോള വൈറസ് ബാധിച്ചത്, അതിൽ 9 പേർ പശ്ചിമാഫ്രിക്കയിൽ നിന്നാണ് വന്നത്.
വാക്സിൻ കൊണ്ട് തടുക്കാവുന്ന രോഗങ്ങൾ
ബാല്യത്തിൽ 15 വ്യത്യസ്ത പ്രതിരോധ കുത്തിവയ്പ്പുകളാണ് നൽകേണ്ടത്. ഇതിൽ ചില വാക്സിനുകൾ ഒന്നിലധികം രോഗങ്ങളിൽ നിന്ന് സംരക്ഷണം നൽകും. ചിലതിന് ഒന്നിലധികം ഡോസുകൾ ആവശ്യമാണ്. കുട്ടികൾക്കുള്ള വാക്സിനുകൾക്കുള്ള ചിലവ് താങ്ങാൻ കഴിയാത്ത മാതാപിതാക്കൾക്കും രക്ഷിതാക്കൾക്കും വിഎഫ്‌സി പ്രോഗ്രാം വഴി വാക്സിനുകൾ ലഭ്യമാണ്. 1989-91 ൽ, യുണൈറ്റഡ് സ്റ്റേറ്റ്സിലെ 'മീസിൽസ്' (അഞ്ചാംപനി) എന്ന പകർച്ചവ്യാധി ആയിരക്കണക്കിന് കുട്ടികളെ ബാധിക്കുകയും നൂറുകണക്കിന് മരണങ്ങൾക്ക് കാരണമാവുകയും ചെയ്തിരുന്നു.
സെന്റർ ഫോർ ഡിസീസ് കൺട്രോൾ (CDC) അന്വേഷിച്ചപ്പോൾ, രോഗബാധിതരായ കുട്ടികളിൽ പകുതിയിലധികം പേർക്കും വാക്സിൻ ലഭിച്ചിട്ടില്ലെന്ന് കണ്ടെത്തിയിരുന്നു. വാക്സിനുകളുടെ വിലയാണ് കുട്ടികൾ വാക്സിനേഷൻ എടുക്കാത്തതിന്റെ ഒരു പ്രധാന കാരണമെന്നും അവർ കണ്ടെത്തി. ഇതിനുള്ള പരിഹാരം എന്ന നിലയിലാണ് വിഎഫ്‌സി പ്രോഗ്രാമിനുള്ള ഒരു ബിൽ കോൺഗ്രസ് 1993 ൽ പാസാക്കിയത്. ഓഫീസ് ഓഫ് മാനേജ്മെന്റ് ആൻഡ് ബജറ്റിൽ (ഒ എം ബി ) നിന്നാണ് സെന്റർസ് ഫോർ മെഡികെയർ ആൻഡ് മെഡിക്കെയ്ഡ് (സി എം എസ് ) വഴി സിഡിസി- യിലേക്കും തുടർന്ന് സംസ്ഥാനങ്ങളിലേക്കും ധനസഹായം നൽകുന്നത്. വിഎഫ്‌സി പ്രോഗ്രാം വഴി 19 വ്യത്യസ്ത രോഗങ്ങൾക്കെതിരെ വാക്സിനുകൾ നൽകുന്നുണ്ട്, ഏകദേശം 422 മില്യൺ കുട്ടികളെ രോഗത്തിൽ നിന്നും ഏകദേശം 30 മില്യൺ പേരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതിൽ നിന്നും ഈ പ്രതിരോധകുത്തിവയ്പ്പിലൂടെ തടയാൻ സാധിച്ചു.
ഒരു സമൂഹത്തിലെ ആരോഗ്യ സംരക്ഷണം നിലനിർത്തുന്നതിന്, കുറഞ്ഞത് 95% കുട്ടികൾക്കും പൂർണ്ണമായി വാക്സിനേഷൻ നൽകണം, അങ്ങനെയേ ഹെർഡ് ഇമ്മ്യൂണിറ്റി ലഭിക്കൂ. കോവിഡ് മഹാമാരിക്ക് ശേഷം, പ്രതിരോധ കുത്തിവയ്പ്പുകളോട് പൊതുവായ ഒരു നിസ്സംഗതയുണ്ട്. ഇത് പ്രതിരോധ കുത്തിവയ്പ്പ് സ്വീകരിക്കുന്നവരുടെ തോത് കുറയ്ക്കുകയും അഞ്ചാംപനി പോലുള്ള രോഗങ്ങൾ വർദ്ധിക്കുന്നതിനും ഇടയാക്കിയിട്ടുണ്ട്.' (ടെക്സസിൽ, ഏകദേശം അഞ്ചാംപനിയുടെ 150 സ്ഥിരീകരിച്ച കേസുകളും ഒരു മരണവും ഉണ്ടായിട്ടുണ്ട്). ആഗോളതലത്തിൽ, ലോകാരോഗ്യസംഘടന, യൂണിസെഫ് പോലുള്ള സംഘടനകളുടെ സഹായത്തോടെ, ലോകം ദശലക്ഷക്കണക്കിന് കുട്ടികളെയാണ് മരണത്തിന് വിട്ടുകൊടുക്കാതെ തടുത്തത്. പ്രാദേശികമായി രോഗപ്രതിരോധ കുത്തിവയ്പ്പുകളോട് ജനങ്ങൾക്ക് പൊതുവെയുള്ള നിസ്സംഗവും നിഷേധാത്മകവുമായ സമീപനത്തിനെതിരെ പൊതുജനാരോഗ്യരംഗം ശ്രദ്ധ കേന്ദ്രീകരിച്ചില്ലെങ്കിൽ അത് വലിയ ദുരന്തത്തിന് വഴിവയ്ക്കും. വസൂരി നിർമ്മാർജ്ജനവും പോളിയോ, അഞ്ചാംപനി എന്നിവയുടെ തോത് ഗണ്യമായി കുറച്ചതുമെല്ലാം ചെറിയൊരു അശ്രദ്ധയിലൂടെ വീണ്ടും മടങ്ങിയെത്തിയേക്കാം.
മാതൃ ആരോഗ്യം
രാജ്യത്തെ പ്രസവങ്ങളിൽ ഏകദേശം 45% മെഡിക്കെയ്ഡിന്റെ പരിധിയിൽ വരുന്നതിനാൽ, ഫണ്ടുകളുടെ കുറവ് മാതൃമരണ നിരക്കിനെയും അനുബന്ധ രോഗങ്ങളെയും പ്രതികൂലമായി ബാധിക്കും. സിഡിസിയുടെ കണക്കുകൾ പ്രകാരം 2023-ൽ യുണൈറ്റഡ് സ്റ്റേറ്റ്സിലെ മാതൃമരണ നിരക്ക് 100,000 പ്രസവങ്ങളിൽ 86 മരണങ്ങൾ എന്ന തോതിലാണ്. മറ്റ് വികസിത രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ, പ്രത്യേകിച്ച് നോർവേ, ന്യൂസിലാൻഡ് പോലുള്ള രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ നമ്മുടെ മാതൃമരണ നിരക്ക് വളരെ ഉയർന്നതാണ്. ചില വംശീയ വിഭാഗങ്ങളിൽ മരണനിരക്കിൽ അസമത്വം കൂടുതലായി പ്രകടമാണ്. കറുത്തവർഗ്ഗക്കാരായ ഗർഭിണികളിൽ വെളുത്തവർഗ്ഗക്കാരെ അപേക്ഷിച്ച് 3 മടങ്ങ് മരണ സാധ്യത ഉണ്ട് .
നഴ്സിംഗ് ഹോം മെഡിക്കെയ്ഡ്
അമേരിക്കയിലെ നഴ്സിംഗ് ഹോം നിവാസികളിൽ മൂന്നിൽ രണ്ട് പേരുടെയും പരിചരണം നഴ്സിംഗ് ഹോംസ്-മെഡിക്കെയ്ഡ് വഴിയാണ് നടന്നുവരുന്നത്. അതിനാൽ, മെഡിക്കെയ്ഡിനുള്ള ഫണ്ടിൽ എന്തെങ്കിലും കുറവ് വരുത്തിയാൽ അത് പ്രായമായവരെ മറ്റേതൊരു വിഭാഗത്തേക്കാളും കൂടുതൽ ബാധിക്കും. ഇപ്പോൾ പോലും, സേവനങ്ങൾക്കായി വരുന്ന ചെലവുകളുടെ 82% ആണ് മെഡിക്കെയ്ഡ് നിരക്കുകളിൽ ഉൾപ്പെടുന്നത്.
ആരോഗ്യ സംരക്ഷണത്തിലെ അസമത്വം പല രാജ്യങ്ങളിലും വളരെ താഴ്ന്ന ആരോഗ്യ സൂചകങ്ങളിൽ പ്രധാന ഘടകങ്ങളിലൊന്നാണ്. പൊതുജനാരോഗ്യം മികച്ചതെന്ന് പറയണമെങ്കിൽ സമൂഹത്തിലെ ഓരോരുത്തരും ആരോഗ്യമുള്ളവരായിരിക്കണം. താഴ്ന്ന വരുമാനമുള്ള ദശലക്ഷക്കണക്കിന് ആളുകൾക്ക് ധനസഹായത്തിന്റെ ഏക ഉറവിടം മെഡിക്കെയ്ഡ് ആണ്. ഫണ്ടുകളിൽ എന്തെങ്കിലും കുറവ് വരുത്തുന്നത് ജനസംഖ്യയുടെ വലിയൊരു ഭാഗത്തെ ബാധിക്കുകയും ആരോഗ്യ സംരക്ഷണത്തിലെ അസമത്വം വർദ്ധിപ്പിക്കുകയും ചെയ്യും.
അധികാരികൾ വ്യക്തമായ ഒരു സമവായത്തിലെത്തിയില്ലെങ്കിൽ, നമ്മുടെ ആരോഗ്യ സംവിധാനങ്ങളും ജനങ്ങളുടെ ആരോഗ്യവും സങ്കൽപ്പിക്കാവുന്നതിലും മോശമായ അവസ്ഥയിലേക്ക് വഴുതിവീഴും. മറ്റേത് മേഖലയിലും തെറ്റുകൾ തിരുത്താൻ കഴിയുമെങ്കിലും ആരോഗ്യരംഗത്ത് കൃത്യമായ സമയത്ത് ഇടപെട്ടില്ലെങ്കിൽ ഏറെ വൈകിപ്പോവുകയും കാര്യങ്ങൾ കൈപ്പിടിയിൽ നിൽക്കാതെ വരികയും ചെയ്യും. ഉത്തരവാദിത്തപ്പെട്ടവർ കണ്ണുതുറക്കുമ്പോഴേക്കും, അടിസ്ഥാന പ്രതിരോധ പരിചരണം നിഷേധിക്കപ്പെട്ടുകൊണ്ടും ഡോക്ടറുടെ സേവനം ലഭ്യമാകാതെയും നിരവധി കുട്ടികൾ രോഗബാധിതരാകും.
പ്രസവത്തിനു മുമ്പുള്ള പരിചരണം കുറയ്ക്കുന്നത് പല അമ്മമാരെയും ബാധിക്കും. ആയിരക്കണക്കിന് വികലാംഗരും വൃദ്ധരുമായ നഴ്‌സിംഗ് ഹോം അന്തേവാസികളും മോശം അവസ്ഥയിലേക്ക് പോയേക്കും. തനിക്ക് പറ്റിയത് തെറ്റാണെന്ന് ബോധ്യപ്പെടുമ്പോൾ, ജ്ഞാനി സ്വയം തിരുത്തും. എന്നാൽ, അജ്ഞാനി വാദിച്ചുകൊണ്ടേയിരിക്കും. ബാൻഡെയ്ഡ് മെഡിക്കെയ്ഡിനെച്ചൊല്ലി വാദങ്ങൾ ഉണ്ടാകില്ലെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. തെറ്റ് ബോധ്യപ്പെട്ട് തിരുത്തണമെങ്കിൽ ഇനിയും എത്ര ജീവനുകൾ പൊലിയണം? ഈ ചോദ്യത്തിന് അധികം വൈകാതെ ഒരുത്തരം ലഭിക്കുമെന്ന് തന്നെ ഞാൻ പ്രത്യാശിക്കുന്നു.
(കാലിഫോർണിയയിലെ ഫ്രീമോണ്ടിൽ വാഷിംഗ്ടൺ ഹോസ്പിറ്റലിന്റെ ബോർഡ് ഓഫ് ഡയറക്ടറാണ് ലേഖകൻ. യു.സി.ബെർക്ക്ലിയിലെയും സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയിലെയും പൂർവ്വ വിദ്യാർത്ഥിയായ അദ്ദേഹം, കരിയറിലുടനീളം പാർശ്വവൽക്കരിക്കപ്പെട്ട ജനവിഭാഗത്തിന്റെ വക്താവായാണ് നിലകൊള്ളുന്നത്. ഫോക്കാന ഇന്റർനാഷണലിന്റെ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ്, പ്രവാസി വേൾഡ് മലയാളി കൗൺസിൽ പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചുവരുന്നു.)