ഭാരതീയ ജനതയുടെ ഹൃദയത്തിൽ ഇടം നേടിയിട്ടുള്ള ഒരു മൃഗമാണ് പശു. പശുക്കളോട് കരുണയോടുകൂടി പെരുമാറാൻ ആണ് ഭാരതീയ സംസ്കാരം നമ്മെ പഠിപ്പിക്കുന്നത്. ഭാരത ജനതയുടെ സ്വന്തമെന്ന് അവകാശപ്പെടുന്ന ഒരു പശു ഇന്ന് ലോകത്തിന്റെ തന്നെ നെറുകയിലെത്തിയിരിക്കുകയാണ് . വിയാറ്റിന എന്ന ഇന്ത്യൻ സുന്ദരിയാണ് ഇപ്പോൾ മൃഗലോകത്തെ താരം. ഏതാനും ആഴ്ചകൾക്ക് മുൻപാണ് ലോകത്തിലെ തന്നെ ഏറ്റവും വിലകൂടിയ പശു എന്ന റെക്കോർഡ് നേട്ടം ഇന്ത്യയുടെ സ്വന്തം നെല്ലൂർ ജനുസിൽപ്പെട്ട വിയാറ്റിന സ്വന്തമാക്കിയത്. 40 കോടി രൂപയാണ് നിലവിൽ ഈ പശുവിന്റെ വില.
ബ്രസീലിലെ മിനാസ് ഗെറൈസിൽ നടന്ന മൃഗമേളയിലാണ് വിയാറ്റിന-19 എന്ന ഇന്ത്യൻ ഇനം പശു എല്ലാ റെക്കോർഡുകളും തകർത്തുകൊണ്ട് ലോകത്തിലെ ഏറ്റവും വിലയേറിയ പശുവായി മാറിയത്. ഇന്ത്യൻ രൂപയിൽ 40 കോടിക്ക് തുല്യമായ തുകയ്ക്കാണ് ഈ പശുവിന്റെ വിൽപ്പന നടന്നത്. ഇതുവരെ ഒരു പശുവിന് ലഭിച്ചതിൽ വച്ച് ഏറ്റവും ഉയർന്ന വിലയാണിത്. നാലര വയസ്സോളം മാത്രമാണ് ഈ പശുവിന് പ്രായമുള്ളത്. എന്നാൽ ഈ പശുവിന്റെ ഭാരം ഏകദേശം 1,101 കിലോഗ്രാം ആണ്. നെല്ലൂർ ഇനത്തിൽപ്പെട്ട മറ്റ് പശുക്കളുടെ ശരാശരി ഭാരത്തിന്റെ ഇരട്ടിയാണ് ഇത് എന്നുള്ളതാണ് വിയാറ്റിനയെ സവിശേഷമാക്കുന്നത്.
ഇന്ത്യയിലെ ആന്ധ്രാപ്രദേശിലും തെലങ്കാനയിലും കാണപ്പെടുന്ന പ്രത്യേക ഇനം പശുക്കളാണ്. നെല്ലൂർ പശുക്കൾ. വളരെ ബുദ്ധിമുട്ടുള്ളതും ചൂടുള്ളതുമായ സാഹചര്യങ്ങളിൽ പോലും അതിജീവിക്കാൻ കഴിയുന്ന ജനുസാണ് ഇവ. എന്നാൽ ഏത് സാഹചര്യത്തിലും മികച്ച രീതിയിലുള്ള പാൽ ഉൽപാദനശേഷിയും ഇവയ്ക്കുണ്ട്. നല്ല പ്രതിരോധശേഷിയുള്ള ഇനം ആയതിനാൽ വലിയ രോഗബാധകളും ഇവയെ അലട്ടാറില്ല. ഈ കാരണങ്ങളാൽ തന്നെ നെല്ലൂർ പശുവിന് അന്താരാഷ്ട്ര തലത്തിൽ ഉള്ള ഡിമാൻഡ് വർദ്ധിച്ചുവരികയാണ്.
English summery:
If you want to own this animal beauty, you need 40 crore rupees; The most expensive cow in the world!