കൊവിഡ് കാരണം അമേരിക്കയിലേക്കുള്ള വിനോദ യാത്ര റദ്ദാക്കിയ സാഹചര്യത്തിൽ ഈടാക്കിയ തുക മടക്കി നൽകണമെന്ന് എറണാകുളം ജില്ല ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ. തിരുവനന്തപുരം സ്വദേശിയും റിട്ടയേർഡ് കേണലുമായ രാജു ടി.സി, എറണാകുളത്തെ ഫോർച്യൂൺ ഡെസ്റ്റിനേഷൻ മാനേജ്മെന്റ് എന്ന സ്ഥാപനത്തിനെതിരെ നൽകിയ പരാതിയിലാണ് ഉത്തരവ്.
പരാതിക്കാരനും ഭാര്യയും 16 ദിവസത്തെ അമേരിക്കൻ ടൂറിന് വേണ്ടിയാണ് സ്ഥാപനത്തിന് പണം നൽകിയത്. കൊവിഡ് മൂലം വിനോദയാത്ര റദായി. 2020 മെയ് മാസമാണ് യാത്ര റദ്ദാക്കിയത്. പകരം, അഞ്ച് വർഷത്തിനുള്ളിൽ ഉപയോഗിക്കാവുന്ന 1,49,000 രൂപയുടെ ടൂർ വൗച്ചർ ആണ് എതിർകക്ഷി വാഗ്ദാനം നൽകിയത്. എന്നാൽ തങ്ങൾക്ക് നൽകിയ പണം തിരിച്ചു നൽകണമെന്നായിരുന്നു പരാതിക്കാരുടെ ആവശ്യം. തിരികെ ലഭിക്കേണ്ട തുക ഏകപക്ഷീയമായി നിഷേധിച്ചത് ഉപഭോക്തൃ അവകാശത്തിന്റെ ലംഘനമാണെന്നും തുകയും നഷ്ടപരിഹാരവും കോടതി ചെലവും നൽകണമെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് പരാതിക്കാർ കമ്മിഷനെ സമീപിച്ചത്.
എന്നാൽ തങ്ങളുടെ നിയന്ത്രണത്തിന് അതീതമായ കാരണങ്ങളാലാണ് വിനോദയാത്ര റദ്ദാക്കിയതെന്നും തുക തിരിച്ചു നൽകാൻ നിർവാഹമില്ലെന്നുമുള്ള നിലപാടാണ് ടൂർ കമ്പനി സ്വീകരിച്ചത്. റദ്ദാക്കിയ ടൂറിന്റെ പണം തിരിച്ചു നൽകാതിരിക്കുന്നത് അധാർമികമായ വ്യാപാര രീതിയാണെന്ന് ഡി.ബി ബിനു അധ്യക്ഷനും, വി.രാമചന്ദ്രൻ, ടി.എൻ ശ്രീവിദ്യ എന്നിവർ അംഗങ്ങളുമായ ബെഞ്ച് വിലയിരുത്തി. 1,65,510 രൂപയും പതിനായിരം രൂപ നഷ്ടപരിഹാരവും 5,000 രൂപ കോടതി ചെലവും ചേർത്ത് 45 ദിവസത്തിനകം ടൂർ കമ്പനി പരാതിക്കാർക്ക് നൽകണമെന്നാണ് ഉപഭോക്തൃ കമ്മീഷൻ ഉത്തരവ് നൽകിയത്. പരാതിക്കാർക്ക് വേണ്ടി അഡ്വക്കേറ്റ് സിസിലി കെ കെ ഹാജരായി.
English summery:
American tour canceled; when asked for a refund, they provided a tour voucher; finally, the District Consumer Disputes Redressal Commission ordered the amount collected to be refunded.