Image

നാടുകടത്തപ്പെട്ട 388 പേർ യുഎസിൽ നിന്ന് എത്തിയെന്നു വിദേശകാര്യ സഹമന്ത്രി ലോക് സഭയിൽ (പിപിഎം)

Published on 22 March, 2025
നാടുകടത്തപ്പെട്ട 388 പേർ യുഎസിൽ നിന്ന് എത്തിയെന്നു വിദേശകാര്യ സഹമന്ത്രി ലോക് സഭയിൽ (പിപിഎം)

യുഎസ് നാടു കടത്തിയ അനധികൃത കുടിയേറ്റക്കാരായ 388 ഇന്ത്യക്കാർ ഇതു വരെ എത്തിയെന്നു വിദേശമന്ത്രാലയം ലോക് സഭയെ അറിയിച്ചു. ഇതിൽ 333 പേരെ യുഎസ് സൈനിക വിമാനങ്ങൾ അമൃത്സറിലാണ് കൊണ്ടിറക്കിയത്. 55 പേരെ പാനമ വഴി കൊമേർഷ്യൽ വിമാനങ്ങളിൽ ഡൽഹിയിൽ എത്തിച്ചു.  

അമൃത്‌സറിൽ എത്തിയ 333 പേരിൽ 38% പഞ്ചാബികൾ ആയിരുന്നു: 126. ഫെബ്രുവരി5, 15, 16 തീയതികളിലാണ് ഇവർ എത്തിയതെന്ന് സഹമന്ത്രി കീർത്തി വർധൻ സിംഗ് പറഞ്ഞു.

ഹരിയാന സ്വദേശികൾ ആയിരുന്നു 110 പേർ. ഗുജറാത്തിൽ നിന്നുള്ള 74 പേർ ഉണ്ടായിരുന്നു. എട്ടു പേർ യുപിയിൽ നിന്ന്. ശേഷിച്ചവർ മഹാരാഷ്ട്ര, ചണ്ഡീഗഡ്, ഗോവ, രാജസ്ഥാൻ, ഹിമാചൽ പ്രദേശ്, ജമ്മു-കശ്മീർ, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിൽ നിന്നും.

നാടുകടത്തപ്പെട്ടവരുടെ കൈകളിൽ വിലങ്ങും കാലുകളിൽ ചങ്ങലയും അണിയിച്ചതിൽ ഇന്ത്യ 'ശക്തമായ ആശങ്ക' അറിയിച്ചുവെന്നു സിംഗ് പറഞ്ഞു. അവരെ മാനുഷികമായ രീതിയിൽ കൈകാര്യം ചെയ്യണമെന്ന് അഭ്യർഥിച്ചു.

നാടു കടത്തൽ ദൗത്യം സുരക്ഷിതമായിരിക്കാനാണ് അത്തരം നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതെന്നു യുഎസ് പറഞ്ഞിട്ടുണ്ട്. 2012 മുതലുള്ള അവരുടെ രീതിയാണ് അതെന്നു സിംഗ് ചൂണ്ടിക്കാട്ടി. "സ്ത്രീകൾക്കും കുട്ടികൾക്കും ചങ്ങല ഇടാറില്ല. എന്നാൽ ഫ്ലൈറ്റ് ഓഫിസർക്ക് അക്കാര്യത്തിൽ തീരുമാനം എടുക്കാം."  

388 deportees have arrived in India

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക