അമേരിക്കയുടെ ആറാം തലമുറ യുദ്ധവിമാനം എഫ് 47 പ്രസിഡന്റ് ഡോണൾഡ് ട്രംപ് വെള്ളിയാഴ്ച പ്രഖ്യാപിച്ചു. ബോയിങിനാണ് ആദ്യ ഘട്ടത്തിൽ $20 ബില്യൺ വരുന്ന കരാർ ലഭിക്കുക.
യുഎസ് സഖ്യരാഷ്ട്രങ്ങൾക്കു വിമാനത്തിന്റെ ലഘൂകരിച്ച പതിപ്പാവും ലഭിക്കുക.
"എഫ് 47 എക്കാലത്തെയും ഏറ്റവും ആധുനികവും ഏറ്റവും പ്രഹരശേഷി ഉള്ളതും ഏറ്റവും മികച്ചതുമായ പോർ വിമാനം ആയിരിക്കും," ഓവൽ ഓഫിസിൽ ട്രംപ് പറഞ്ഞു. "അഞ്ചു വർഷമായി അതിന്റെ പരീക്ഷണ പറക്കൽ രഹസ്യമായി നടക്കുകയായിരുന്നു. മറ്റെല്ലാ രാജ്യങ്ങളുടെയും കരുത്തിനെ ബഹുദൂരം പിന്തള്ളുമെന്നു നമുക്ക് ഉറപ്പുണ്ട്."
ഡിഫൻസ് സെക്രട്ടറി പീറ്റ് ഹേഗ്സേത് പറഞ്ഞു: "നമുക്ക് എഫ് 15 ഉണ്ടായിരുന്നു. എഫ് 16, എഫ് 18, എഫ് 22, എഫ് 35 ഇവയൊക്കെ ഉണ്ടായിരുന്നു. എഫ് 47 നൽകുന്ന വ്യക്തമായ സന്ദേശം നമ്മൾ ശത്രുക്കളേക്കാൾ എപ്പോഴും മുന്നിലായിരിക്കും എന്നതാണ്."
താൻ പ്രസിഡന്റ് ആയിരിക്കെ തന്നെ ഗംഭീരമായ ഈ വിമാനത്തിന്റെ ഒരു ഫ്‌ളീറ്റ് പൂർത്തിയാവുമെന്ന് ട്രംപ് പറഞ്ഞു. "തുടങ്ങുകയായി. യുഎസ് ആകാശത്തു മേധാവിത്വം തുടരും."
വില ചോദിച്ചപ്പോൾ പറയാൻ വയ്യെന്ന് ട്രംപ് വ്യക്തമാക്കി. അതൊക്കെ പ്രതിരോധ വിഷയങ്ങളാണ്.
വിമാനത്തിന് ഒട്ടനവധി ഡ്രോണുകൾ കൂട്ടുണ്ടാവും എന്ന് ട്രംപ് വ്യക്തമാക്കി. "പുതിയ സാങ്കേതിക വിദ്യയാണ്. അത് ഒറ്റയ്ക്കു പറക്കില്ല. മറ്റൊരു വിമാനത്തിനും ഇല്ലാത്ത സവിശേഷതയാണത്."
Trump unveils F 47