Image
Image

കത്തോലിക്കാവിശ്വാസികളുടെ എണ്ണം നൂറ്റിനാൽപ്പത് കോടി കവിഞ്ഞു: വത്തിക്കാൻ

മോൺസിഞ്ഞോർ ജോജി വടകര Published on 22 March, 2025
കത്തോലിക്കാവിശ്വാസികളുടെ എണ്ണം നൂറ്റിനാൽപ്പത് കോടി കവിഞ്ഞു: വത്തിക്കാൻ

കത്തോലിക്കാസഭയിലെ സ്ഥിതിവിവരക്കണക്കുകൾ വ്യക്തമാക്കിക്കൊണ്ട്, വത്തിക്കാൻ പ്രസിദ്ധീകരണശാല (LEV) 2025-ലെ വാർഷികബുക്കും (Annuario Pontificio 2025) 2023-ലെ സഭാ സ്ഥിതിവിവരക്കണക്കുകളും (Annuarium Statisticum Ecclesiae 2023) പ്രസിദ്ധീകരിച്ചു. വത്തിക്കാൻ സ്റ്റേറ്റ് സെക്രെട്ടറിയേറ്റിലെ, സ്ഥിതിവിവരക്കണക്കുകൾക്കായുള്ള ഓഫീസാണ് കഴിഞ്ഞ ദിവസം ഇരു ബുക്കുകളും പ്രസിദ്ധീകരിച്ചത്.

കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ കത്തോലിക്കാസഭയിൽ പുതുതായി ഒരു അതിരൂപത സ്ഥാപിക്കപ്പെട്ടുവെന്നും, മൂന്ന് രൂപതകൾ മെട്രോപൊളീറ്റൻ അതിരൂപതകളായും, മറ്റൊരു രൂപത അതിരൂപതയായും ഉയർത്തപ്പെട്ടുവെന്നും, പുതുതായി ഏഴ് രൂപതകൾ സ്ഥാപിക്കപ്പെട്ടുവെന്നും, അപ്പസ്തോലികഭരണവ്യവസ്ഥയിലുണ്ടായിരുന്ന ഒരു പ്രദേശം രൂപതയായി ഉയർത്തപ്പെട്ടുവെന്നും 2025-ലെ വാർഷികബുക്കിലൂടെ വത്തിക്കാൻ വ്യക്തമാക്കി.

അതേസമയം 2022-2023-ലെ കണക്കുകൾ ഉൾക്കൊള്ളുന്ന സഭാ സ്ഥിതിവിവരക്കണക്കുകൾ പ്രകാരം മുൻവർഷത്തെ അപേക്ഷിച്ച് കത്തോലിക്കാസഭാവിശ്വാസികളുടെ എണ്ണത്തിൽ 1.15% വർദ്ധനവുണ്ടായി. ഇതനുസരിച്ച് ആഗോളകത്തോലിക്കാസഭാവിശ്വാസികളുടെ എണ്ണം 139 കോടിയിൽനിന്ന് 140 കോടിയിലേക്കുയർന്നു.

2023-ലെ ശതമാനക്കണക്കുകൾ പ്രകാരം ആഫ്രിക്കൻ ഭൂഖണ്ഡത്തിലാണ് കത്തോലിക്കരുടെ വളർച്ച കൂടുതലുണ്ടായത്. ആഗോളകത്തോലിക്കരിലെ 20 ശതമാനവും വസിക്കുന്ന ആഫ്രിക്കയിൽ 3.31% വർദ്ധനവോടെ കത്തോലിക്കരുടെ എണ്ണം 27 കോടിയിൽനിന്ന് (27.2) 28 കോടിയിലേക്ക് (28.1) വളർന്നു. ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ കോംഗോ ഡെമോക്രാറ്റിക്‌ റിപ്പബ്ലിക്കിലാണ് ഏറ്റവും കൂടുതൽ കാത്തോലിക്കാരുള്ളത്. ഏതാണ്ട് അഞ്ചരക്കോടി കത്തോലിക്കാരാണ് ഇവിടെയുള്ളത്. മൂന്നരക്കോടി കത്തോലിക്കാരുമായി നൈജീരിയയാണ് രണ്ടാം സ്ഥാനത്തുള്ളത്.

47.8% കത്തോലിക്കരും വസിക്കുന്ന അമേരിക്കൻ ഭൂഖണ്ഡത്തിൽ ഒരു ശതമാനത്തിൽ താഴെ വർദ്ധനവാണ് (0.9%) ഇതേ കാലയളവിൽ ഉണ്ടായിട്ടുള്ളത്. ബ്രസീലിൽ മാത്രം 18 കോടി (18,2) കത്തോലിക്കാരാണുള്ളത്. അമേരിക്കൻ ഭൂഖണ്ഡത്തിലുള്ള 47.8% കത്തോലിക്കാരിൽ 27.4 % പേരും തെക്കേ അമേരിക്കയിലും, 13% മദ്ധ്യഅമേരിക്കയിലും 6.6% വടക്കേ അമേരിക്കയിലുമാണുള്ളത്.

ഏഷ്യൻ ഭൂഖണ്ഡത്തിലെ കത്തോലിക്കാസഭയിൽ 2023-ൽ 0.6% വളർച്ചയാണുണ്ടായിട്ടുള്ളത്. ആഗോളകത്തോലിക്കാസഭയിലെ 11% കാതോലിക്കാരാണ് ഏഷ്യയിലുള്ളത്. 9 കോടിയിലധികം (9.3) കത്തോലിക്കാരുള്ള ഫിലിപ്പീൻസും രണ്ടുകോടിയിലധികം (2.3) കാത്തോലിക്കാരുള്ള ഇന്ത്യയുമാണ് ഏഷ്യയിൽ കൂടുതൽ കാത്തോലിക്കാരുള്ള രാജ്യങ്ങൾ.

20.4% കത്തോലിക്കരും വസിക്കുന്ന യൂറോപ്പിൽ 2022-2023 കാലയളവിൽ വെറും 0.2% വളർച്ചയാണ് വിശ്വാസികളുടെ എണ്ണത്തിലുണ്ടായിട്ടുള്ളത്. ഇറ്റലി, പോളണ്ട്, സ്പെയിൻ തുടങ്ങിയ രാജ്യങ്ങളിലാണ് കൂടുതൽ കത്തോലിക്കാരുള്ളത്.

ഓഷ്യാനയിലാകട്ടെ 2023-ൽ ഒരുകോടി (1.1) കത്തോലിക്കാരാണുള്ളത്. മുൻവർഷത്തെ അപേക്ഷിച്ച് കത്തോലിക്കരുടെ എണ്ണത്തിൽ 1,9% വളർച്ചയാണ് ഇവിടെ രേഖപ്പെടുത്തിയിരിക്കുന്നത്.

2023-ലെ കണക്കുകൾ പ്രകാരം ലോകത്ത് 5.430 മെത്രാന്മാരും, 4.06.996 വൈദികരുമുണ്ടായിരുന്നു. 2023-ൽ കത്തോലിക്കാ സന്ന്യാസിനികളുടെ എണ്ണം 5.89.423 ആയിരുന്നു.

2022-നെ അപേക്ഷിച്ച് 2023-ൽ വൈദികരുടെ എണ്ണത്തിൽ 0.2%-വും, സന്ന്യാസിനികളുടെ എണ്ണത്തിൽ 1.6%-വും കുറവുണ്ടായതായി കണക്കുകൾ വ്യക്തമാക്കുന്നു.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക