രസമുകുളങ്ങളിലലിയും പിന്നെ
സിരവലയങ്ങളിലൂടൊഴുകും
ലഹരിപ്പുകയുടെ നുരയിൽ വീഴും
കൗമാരങ്ങൾ പേക്കോലങ്ങൾ
കണ്ണീരല്ലിത് രക്തത്തുള്ളികൾ
പെറ്റ വയറിൻ നൊമ്പര മൊഴികൾ
നെടുവീർപ്പിൻ ചുടുനിശ്വാസത്തിൽ
അച്ഛൻ ഹൃദയം പുകയുന്നിവിടെ..!!
പഠിച്ചു നേടാൻ മിടുക്കരാവാൻ
നഗര കലാലയ വീഥിയിലെത്തും
കൗമാരത്തിൻ കാൽ വഴുതുന്നു
ലഹരിചുഴിയിൽ വീഴുന്നു..!!
"സ്റ്റാമ്പായി", "സ്റ്റഫായി" സാധനമായി
പേരുകൾ മാറും മാരണമായി
രാസലഹരി ചങ്ങല വലയിൽ
പിടയുന്നിവിടെ കൗമാരം..!!
കണ്ണും കാതുമടച്ചുപിടിച്ച്
കേരള നാട് ഭരിച്ച് മുടിച്ചാൽ
കൗമാരത്തിൻ കൊലവിളി ഉയരും
ഇവിടം ഭാന്താലയമാവും...!!
ഉണരുക പ്രിയരേ സോദരരേ
പടവാളേന്തി പടയണി ചേരുക
തീയായി മാറാം തീക്കനലാവാം
ലഹരിക്കതിരുകൾ ചുട്ടെരിക്കാം..!!