ഞങ്ങളുടെ ദേശത്തിനടുത്തുള്ള ഒരു സൂഫിയെ ഞാൻ ഇടയ്ക്കിടെ ഓർമിക്കാറുണ്ടായിരുന്നു. ഈയിടെയായി ഞാൻ ആ മഹാമനുഷ്യനെ ഓർമിക്കാൻ മറന്നു പോയിരുന്നു. ജീവിത തിരക്കുകൾക്കിടെ എപ്പഴോ ഓർമ്മയുടെ അടിത്തട്ടിലേക്ക് മാറിപ്പോയതാണ്.
വീണ്ടും ആ മനുഷ്യനെ കഴിഞ്ഞ ദിവസം ഓർമ്മ വന്നു. ഞാനും എൻ്റെ തലമുറയും ജീവിതത്തിൽ ഇതുവരെ ആ സൂഫിയെ കണ്ടിട്ടില്ല. പക്ഷെ ഒരുപാടൊരുപാട് കേട്ടിട്ടുണ്ട്. ആ മനുഷ്യനോടുള്ള ഇഷ്ടം കൊണ്ട് ആളുകൾ രായിൻകുട്ടി മോല്യാർ (മുസ്ലിയാർ) എന്നായിരുന്നു വിളിച്ചിരുന്നത്. പതിറ്റാണ്ടുകൾക്ക് മുമ്പ് ഇതുപോലൊരു ഉഷ്ണകാലം, നാട്ടിൽ കൊടിയ വേനൽ മനുഷ്യരുടെ അകവും പുറവും വേവിക്കുന്നു. വേനൽ ചൂടിൽ മനുഷ്യരും മൃഗങ്ങളും പ്രയാസപ്പെടുകയായിരുന്നു. മഴ ലഭിക്കാതെ പ്രയാസപ്പെട്ടപ്പോൾ പൗരപ്രമുഖർ ഉൾപ്പെടെയുള്ള ആളുകൾ സൂഫിയുടെ അടുത്തെത്തി ആവലാതി ബോധിപ്പിച്ചു. ആളുകളുടെ പരിഭവങ്ങളെല്ലാം കേട്ട് സൂഫി പ്രമാണിമാർക്ക് നേരെ തിരിഞ്ഞ് ഇങ്ങനെ പ്രതിവചിച്ചു.
"നിങ്ങൾ നാട്ടിലെ സകല മനുഷ്യർക്കും ചോറും വിഭവങ്ങളും വെച്ചു വിളമ്പി അവരുടെ വിശപ്പ് മാറും വരെ അവരെ വയറ് നിറച്ച് ഊട്ടുക. ഭക്ഷണമൊക്കെ കഴിച്ചതിന് ശേഷം വെയിലാറിയതിനു ശേഷം വൈകുന്നേരം നിങ്ങളുടെ വീട്ടിലെ മുഴുവൻ മനുഷ്യരേയും മൃഗങ്ങളേയുമൊക്കെ കൂട്ടി ഇവിടെ മൈതാനത്തിലേക്ക് വരിക. നമുക്ക് മഴ നമസ്ക്കാരം നടത്തി പ്രാർത്ഥിച്ചു പിരിയാം". സൂഫിയുടെ വാക്കുകൾ കേട്ട് അവർ നാടുകളിലേക്ക് തിരുച്ചുപോയി. സൂഫി പറഞ്ഞതുപോലെ അവർ അന്നാട്ടിലെ എല്ലാ മനുഷ്യർക്കും ഭക്ഷണമുണ്ടാക്കി വിതരണം ചെയ്തു. അതായത് പട്ടിണിക്കാലത്ത് മനുഷ്യന് കഞ്ഞിപോലും വെച്ചു കുടിക്കാൻ കഴിയാത്ത നാളിലാണ് സൂഫിയുടെ ഈ പ്രതിവചനം. നാട്ടിലെ പ്രമാണിമാർ സൂഫി പറഞ്ഞ പോലെ എല്ലാവർക്കും വെച്ചു വിളമ്പി വിശപ്പു തീർത്തു. അങ്ങനെ അവർ മഴയ്ക്കു വേണ്ടി പ്രാർത്ഥിക്കാനായി വൈകുന്നേരം മൈതാനത്ത് ഒരുമിച്ചുകൂടി. വളർത്തുമൃഗങ്ങളായ ആടിനേയും പശുവിനേയുമെല്ലാം കൂട്ടിയാണ് പ്രാർത്ഥനക്കായി അവർ മൈതാനത്തെത്തിയത്. എല്ലാ മനുഷ്യരും സൂഫിക്ക് പിന്നിൽ ഒരുമിച്ചു നിന്നു - സൂഫി ഇമാമായി മഴയ്ക്ക് വേണ്ടി നമസ്ക്കരിച്ചു.
നമസ്ക്കാരം കഴിഞ്ഞ് ഇമാം പടച്ചോനോട് ദുആ ചെയ്തു - അനുഗ്രഹത്തിൻ്റെ കുളിർ മഴ ചൊരിയണേ റബ്ബേ... ഹനീഅൻ മരീഅൻ.... എന്നിങ്ങനെ പ്രാർത്ഥിച്ചു. അതിന് ശേഷം ആളുകൾ ഓരോരുത്തരായി പിരിഞ്ഞു പോയി. മൈതാനത്ത് ഒരു തലയ്ക്കൽ സൂഫി ഇരിക്കുന്നു. ഏതാനും ചില പ്രമാണിമാർ മറുതലയ്ക്കൽ സംസാരിച്ചിരിക്കുന്നു. കുറച്ചു സമയമായി മേഘം മാനത്ത് ഉരുണ്ടു കൂടി നിൽക്കുന്നു. മഴ മേഘം മൂടിയ മാനത്ത് നോക്കി മനുഷ്യർ സന്തോഷിച്ചെങ്കിലും മഴ പെയ്യുന്നില്ല. സൂഫി രായിൻകുട്ടി മുസ്ലിയാർ പ്രാർത്ഥനാ നിർഭരനായി ഗ്രൗണ്ടിൽ തന്നെ നിൽപ്പുറപ്പിച്ചിട്ട് കുറച്ച് സമയമായി. കണ്ണുകൾ മാനത്തേക്കുയർത്തി സൂഫി പറഞ്ഞു - "പടച്ചോനെ ഇജ്ജി മയ ഇങ്ങട്ട് തരാതെ രായിൻ കുട്ടി ഇബട്ന്ന് എണീക്കൂല" എന്ന്. ഏതാനും നിമിഷങ്ങൾ കഴിഞ്ഞപ്പോൾ അനുഗ്രഹത്തിൻ്റെ കുളിർ മഴ വർഷിച്ചു. മനുഷ്യരും മൃഗങ്ങളും സസ്യലതാതികളും സന്തോഷിച്ചു.
ഇന്ന് രായിൽകുട്ടി മുസ്ലിയാരില്ല. ആ മനുഷ്യൻ അന്ത്യവിശ്രമം കൊള്ളുന്നത് മക്കയിലാണ്.
ഉടയ തമ്പുരാനുമായി മനുഷ്യൻ്റെ സ്നേഹബന്ധമില്ലായ്മയാണ് ഇന്നിൻ്റെ ഏറ്റവും വലിയ പ്രശ്നം. നിങ്ങൾക്ക് ആവിശ്യമുള്ളതെല്ലാം എന്നോട് ചോദിക്കൂ എന്ന് ഇലാഹ് പറയുമ്പോഴും അതിനോട് മുഖം തിരിച്ചു നടക്കുന്ന മനുഷ്യർക്കു പിന്നെ എന്ത് ലഭിക്കനാണ്?
പടച്ചോൻ പറയുന്നു - നിങ്ങളുടെ മാതാവിന് നിങ്ങളോടുള്ള സ്നേഹത്തിനേക്കാൾ എഴുപത് മടങ്ങ് സ്നേഹം എനിക്ക് നിങ്ങളോടുണ്ടെന്ന്! എന്നിട്ടും ഇലാഹിനെ പ്രണയിക്കാൻ ശ്രമിക്കാതിരിക്കുന്ന മനുഷ്യൻ എത്ര അൽപനാണ്!
സൂഫി മനുഷ്യരിലൂടെയും ജീവജാലകങ്ങളിലൂടെയും അവൻ്റെ സൃഷ്ടാവിൻ്റെ ഇഷ്ടം പിടിച്ചു പറ്റാൻ ശ്രമിക്കുന്നതിൻ്റെ രീതി ശാസ്ത്രം എത്ര മനോഹരമാണ്!
ഒരിക്കൽ മദീനയിലെ ഒരു തോട്ടപ്പണിക്കാരൻ - അബ്ദുള്ളാഹ് എന്നോ മറ്റോ ആണ് ആ മനുഷ്യൻ്റെ പേര്. അദ്ദേഹത്തിന് ഒരു ദിവസം ഒരു നേരം മാത്രമാണ് ഭക്ഷണം കഴിക്കാൻ ലഭിക്കുന്നത്. അങ്ങനെയിരിക്കെ തോട്ടപ്പണിക്കിടെ ഒരു നായ ആ തോട്ടപ്പരിസരത്തിലൂടെ പോവുന്നത് പണിക്കാരൻ കണ്ടു. ആ നായയെ അടുത്തേക്ക് വിളിച്ച് ആ മനുഷ്യൻ അയാൾക്ക് കഴിക്കാനുള്ള ഭക്ഷണം മുഴുവൻ ആ നായയ്ക്ക് നൽകി. മൂന്നു ദിവസം ഇതേ കാര്യം ആവർത്തിച്ചപ്പോൾ തോട്ട ഉടമസ്ഥൻ ചോദിച്ചു - സഹോദരാ താങ്കൾ എന്താണിത് ചെയ്യുന്നത്? ആകെ താങ്കൾക്ക് ഒരു ദിവസം ഒരു നേരം മാത്രമാണ് ഭക്ഷണം കഴിക്കാൻ ലഭിക്കുന്നത്. എന്നിട്ട് അത് കഴിക്കാതെ ഒരു നായയ്ക്ക് ആദര പൂർവ്വം കൊടുക്കുന്നതിലെ യുക്തിയെന്താണ്? അപ്പോൾ പണിക്കാരൻ മറുപടി പറഞ്ഞു. ഈ നാട്ടിൽ നായയില്ല. അത് മറ്റേതോ ദേശത്ത് നിന്നും വന്നതാണ്. നമുക്കത് അതിഥിയാണ്. എൻ്റെ പ്രവാചകൻ പറഞ്ഞത് അതിഥിയെ ആദരിക്കണമെന്നും സൽക്കരിക്കണമെന്നുമാണ് - അതാണ് ഞാൻ ചെയ്തു കൊണ്ടിരുന്നത്!
അത്രയും ദിവസം ആ മനുഷ്യൻ ദാഹവും വിശപ്പുമടക്കാൻ കുടിച്ച പച്ചവെള്ളം പ്രവാചകനോടും ഇലാഹിനോടുമുള്ള ഇശ്‌ഖിനാൽ അമൃതിനേക്കാൾ മധു നിറഞ്ഞതായി മാത്രമെ ആ മനുഷ്യന് അനുഭവപ്പെടൂ. ഇലാഹീ ഇശ്ഖിനപ്പുറത്തേക്ക് വിശപ്പും ഉറക്കവുമൊന്നും ഒരു കാര്യമേയല്ല. സൂഫികളുടെ ജീവിതം അങ്ങനെ എത്രയെത്ര കഥകൾ വരഞ്ഞു വെച്ചു കൊണ്ടാണ് ഇവിടുന്ന് കടന്നുപോകുന്നത്!!