ചിക്കാഗോ : ചിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ 2025 ഏപ്രില്‍ 5 ന് നടത്തപ്പെടുന്ന കലാമേളയുടെ രെജിസ്‌ട്രേഷന്‍ അവസാനിച്ചു .മുന്‍കാലങ്ങളിലെപ്പോലെ ഇത്തവണയും വളരെ ആവേശപൂര്‍വ്വമാണ് മത്സരാര്‍ത്ഥികള്‍ കലാമേളയില്‍ പങ്കെടുക്കുന്നതിനായി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് .
അസോസിയേഷന്‍ ആഫീസില്‍ കൂടിയ കലാമേള സംഘാടക സമിതി ഇതുവരെയുള്ള ഒരുക്കങ്ങള്‍ വിലയിരുത്തി. പ്രസിഡന്റ് ജെസ്സി റിന്‍സി, വൈസ് പ്രസിഡന്റ് ഫിലിപ്പ് ലൂക്കോസ്, സെക്രട്ടറി ആല്‍വിന്‍ ഷിക്കോര്‍, ട്രെഷറര്‍ മനോജ് അച്ചേട്ട് ,ജോയിന്റ് ട്രെഷറര്‍ സിബില്‍ ഫിലിപ്പ് എന്നിവര്‍ യോഗത്തിനു നേതൃത്വം നല്‍കി.
രെജിസ്‌ട്രേഷന്‍, കലാമേള നടത്തിപ്പിനെ സംബന്ധിച്ച വിവരങ്ങള്‍ തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് കണ്‍വീനര്‍ സാറ അനില്‍ വിശദീകരിച്ചു. ഇത്തവണ മൂന്ന് വിഭാഗങ്ങളിലും ( സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ )ഉയര്‍ന്ന സ്‌കോര്‍ നേടുന്നവര്‍ക്ക് റൈസിംഗ് സ്റ്റാര്‍ ട്രോഫികള്‍ നല്‍കുന്നതായിരിക്കും. സബ് ജൂനിയര്‍ ,ജൂനിയര്‍ വിഭാഗങ്ങളില്‍ കലാതിലകം,കലാപ്രതിഭാ പട്ടങ്ങള്‍ നേടുന്നവര്‍ക്ക് തൊട്ടു പിന്നില്‍ സ്‌കോര്‍ ലഭിക്കുന്നവര്‍ക്കാണ് റൈസിംഗ് സ്റ്റാര്‍ ട്രോഫികള്‍ ലഭിക്കുക. മത്സര ഫലങ്ങളെ സംബന്ധിച്ച വിധികര്‍ത്താക്കളുടെ തീരുമാനം അന്തിമമായിരിക്കും. ഫലങ്ങളെ സംബന്ധിച്ച് പരാതിയുള്ളവര്‍ക്ക് നിശ്ചിത ഫോറത്തില്‍ പരാതി പരിഹാര സമിതിക്കു പരാതി നല്‍കാവുന്നതാണ്. മത്സര വേദികള്‍, സമയക്രമം എന്നിവയെ സംബന്ധിച്ച വിവരങ്ങള്‍ ഏപ്രില്‍ മാസം 2 ന് ചിക്കാഗോ മലയാളി അസോസിയേഷന്റെ വെബ് സൈറ്റില്‍ പ്രസിദ്ധീകരിക്കുന്നതാണ് .
മത്സര വിജയികള്‍ക്ക് അപ്പപ്പോള്‍ തന്നെ ട്രോഫികള്‍ നല്കുന്നതിനായി വിപുലമായ ട്രോഫി കമ്മറ്റി പ്രവര്‍ത്തിക്കുന്നു.വര്‍ഗീസ് തോമസ്,ഷൈനി ഹരിദാസ്, സൂസന്‍ ചാക്കോ, ബീന ജോര്‍ജ്, ജയ്‌മോള്‍ ചെറിയാന്‍,ലവ്ലി വര്‍ഗീസ് ,അനിത ഡാനിയേല്‍ ,ഗ്രേസി വാച്ചാച്ചിറ, സുഷ ബൈജു ജോസ്, ജോസ് ചെറിയാന്‍ എന്നിവരുള്‍പ്പെട്ട ട്രോഫി കമ്മറ്റി, പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി അറിയിച്ചു.
ഇത്തവണ കലാമേളയോടനുബന്ധിച്ച് പുറത്തിറക്കുന്ന സുവനീറിനെ സംബന്ധിച്ച് പബ്ലിസിറ്റി കണ്‍വീനര്‍ ബിജു മുണ്ടക്കല്‍ യോഗത്തില്‍ വിശദീകരിച്ചു. സുവനീറില്‍ പരസ്യങ്ങള്‍ നല്‍കിയ എല്ലാ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും അസോസിയേഷന്‍ ഭാരവാഹികള്‍ നന്ദി രേഖപ്പെടുത്തി. ചിക്കാഗോ മലയാളി അസോസിയേഷന്റെ ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പുറത്തിറക്കുന്ന ബുക്ക് മാര്‍ക്കിന്റെ പ്രകാശനം പ്രസിഡന്റ് ജെസ്സി റിന്‍സി നിര്‍വ്വഹിച്ചു.
ഇത്തവണത്തെ കലാമേള ഒരു വന്‍ വിജയമാക്കുവാന്‍ എല്ലാ മലയാളി സുഹൃത്തുക്കളോടും യോഗം അഭ്യര്‍ത്ഥിച്ചു. ജോസ് മണക്കാട്ട് ,വര്‍ഗീസ് തോമസ്, ഷൈനി ഹരിദാസ്, പ്രിന്‍സ് ഈപ്പന്‍ എന്നിവര്‍ സംസാരിച്ചു.