റിലീസിന് പിന്നാലെ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് കാരണമായ എമ്പുരാന്‍ കാണാനെത്തി മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും. തിരുവനന്തപുരം ലുലുമാളിലെ പിവിആര്‍ സിനിമാസില്‍ ശനിയാഴ്ച വൈകുന്നേരം ആറ് മണിക്കുള്ള പ്രദര്‍ശനത്തിനാണ് മുഖ്യമന്ത്രിയും കുടുംബവുമെത്തിയത്.
സംഘപരിവാര്‍ പ്രതിഷേധങ്ങള്‍ ശക്തമാകുന്നതിനിടെയാണ് മുഖ്യമന്ത്രിയും കുടുംബവും സിനിമ കാണാനെത്തിയതെന്നത് ശ്രദ്ധേയമാകുന്നു. ബിജെപി-സംഘപരിവാര്‍ നേതാക്കള്‍ സിനിമയ്‌ക്കെതിരെ സാമൂഹികമാധ്യമങ്ങളിലൂടെ രംഗത്തെത്തിയിരുന്നു. സിനിമ സെന്‍സര്‍ ചെയ്തപ്പോള്‍ ഉള്ളടക്കം ശ്രദ്ധിക്കുന്നതില്‍ ആര്‍എസ്എസ് നോമിനികളായവര്‍ക്ക് വീഴ്ച പറ്റിയെന്നായിരുന്നു പലരുടെയും ആരോപണം.
അതേസമയം പ്രതിഷേധങ്ങളെ തുടര്‍ന്ന് 17 രംഗങ്ങള്‍ ഒഴിവാക്കിയും ചില പരാമര്‍ശങ്ങള്‍ മ്യൂട്ട് ചെയ്തുമായിരിക്കും എമ്പുരാന്‍ ഇനി പ്രദര്‍ശിപ്പിക്കുക. വീണ്ടും സെന്‍സര്‍ ചെയ്യുന്ന ചിത്രം ബുധനാഴ്ച്ചയോടെ തിയേറ്ററുകളില്‍ എത്തും.