ഡാലസ്: അമേരിക്കന്‍ മലങ്കര അതിഭദ്രാസനത്തിന്റെ 36-മത് യൂത്ത് ആന്‍ഡ് ഫാമിലി കോണ്‍ഫറന്‍സ് 2025 ജൂലൈ 16 മുതല്‍ 19 വരെ വാഷിംഗ്ടണ്‍ ഡി.സിയില്‍ വച്ച് നടത്തുന്നതിന്റെ മുന്നോടിയായി ഡാളസ് മേഖലയിലെ പള്ളികളെ കേന്ദ്രീകരിച്ചുള്ള കിക്ക്ഓഫ് പ്രോഗ്രാം സെന്റ് ഇഗ്‌നേഷ്യസ് കത്തീഡ്രലില്‍ വച്ച് ഭദ്രാസനാധിപന്‍ അഭിവന്ദ്യ യല്‍ദോ മോര്‍ തീത്തോസ് മെത്രാപ്പോലീത്തയുടെ അദ്ധ്യക്ഷതയില്‍ നടത്തപ്പെട്ടു.
മാര്‍ച്ച് മാസം 23-ാം തീയതി ഞായറാഴ്ച വി. കുര്‍ബാനാനന്തരം നടത്തപ്പെട്ട യോഗത്തില്‍ ഭദ്രാസന കൗണ്‍സില്‍ അംഗങ്ങളായ റവ.ഫാ. പോള്‍ തോട്ടക്കാട്ട്, കമാന്‍ഡർ വര്‍ഗീസ് ചാമത്തില്‍, വത്സലന്‍ വര്‍ഗീസ് എന്നിവര്‍ക്ക് പുറമെ റവഫാ. ബേസില്‍ ഏബ്രഹാം (വികാരി സെന്റ് ഇഗ്‌നേഷ്യസ് കത്തീഡ്രല്‍), ഫാ. മാർട്ടിൻ ബാബു (അസോസിയേറ്റ് വികാരി) പി.സി വര്‍ഗീസ് (വൈസ് പ്രസിഡന്റ്), ജോസഫ് ജോര്‍ജ് (ട്രഷറര്‍), സെസില്‍ മാത്യു (ജോ. സെക്രട്ടറി) എന്നിവരും നേതൃത്വം നല്‍കി.
വാഷിംഗ്ടണ്‍ ഡി.സിയിലെ 'ഹില്‍ട്ടണ്‍ വാഷിംഗ്ടണ്‍ ഡ്യൂലെസ് എയര്‍ പോര്‍ട്ട്' ഹോട്ടലില്‍ വച്ച് വിപുലമായ പരിപാടികളോടെ നടത്തപ്പെടുന്ന ഈവര്‍ഷത്തെ കുടുംബ മേളയുടെ സവിശേഷതകളെകുറിച്ചും, വിശ്വാസികളുടെ ആത്മീയ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ പ്രചോദനമേകുന്ന ഒരു വേദിയെന്ന നിലയിലും, സമൂഹത്തില്‍ സഭാംഗങ്ങള്‍ക്കുള്ള ബന്ധം കൂടുതല്‍ ദൃഢപ്പെടുത്തുന്നതിനുമുള്ള ഒരു അവസരമെന്ന നിലയിലും ഈ കുടുംബ മേളയില്‍ സംബന്ധിക്കേണ്ടതിന്റെ ആവശ്യകതെയുക്കുറിച്ച് യോഗത്തെ ധരിപ്പിക്കുകയുണ്ടായി. കോണ്‍ഫന്‍സിനോടനുബന്ധിച്ച് ഈവര്‍ഷവും വിവിധ പ്രവര്‍ത്തന മേഖലകളില്‍ തങ്ങളുടേതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ളവരില്‍ നിന്നും, അതോടൊപ്പം തന്നെ അതിഭദ്രാസനത്തിന്റെ സര്‍വ്വതോന്മുഖമായ വളര്‍ച്ചയ്ക്കും, ആത്മീയ ഉന്നമനത്തിനുമായി നിസ്തുലമായ സേവനം അനുഷ്ഠിച്ച പ്രമുഖരില്‍ നിന്നും തെരഞ്ഞെടുക്കപ്പെടുന്നവരെ ആദരിക്കുന്നതിനായി, ഇന്ത്യയിലെ തന്നെ മികച്ച മീഡിയാ ചാനലായ ഏഷ്യാനെറ്റ് ന്യൂസുമായി സഹകരിച്ച് നടത്തുന്ന രണ്ടാമത് എക്‌സലന്‍സ് അവാര്‍ഡ് നിശയെക്കുറിച്ച് റവ.ഫാ. പോള്‍ തോട്ടയ്ക്കാട്ട് യോഗത്തില്‍ വിശദീകരിക്കുകയുണ്ടായി.
ഭദ്രാസനത്തിന്റെ വിവിധ ദേവാലയങ്ങളില്‍ നിന്നുമായി ഇതിനോടകം ലഭിച്ചിട്ടുള്ള സഹകരണങ്ങള്‍ക്ക് അഭിവന്ദ്യ മെത്രാപ്പോലീത്ത നന്ദി പ്രകാശിപ്പിക്കുകയും, തുടര്‍ന്നും സഭാംഗങ്ങളുടെ സഹകരണവും പ്രാര്‍ത്ഥനയും ഇക്കാര്യത്തില്‍ ഉണ്ടായിരിക്കണമെന്ന് ഓര്‍മ്മിപ്പിക്കുകയും ചെയ്തു.
ഡാളസ് മേഖലയില്‍പ്പെട്ട സെന്റ് ഇഗ്‌നേഷ്യസ് കത്തീഡ്രല്‍, സെന്റ് മേരീസ് ചര്‍ച്ച്, മോര്‍ ഗ്രിഗോറിയോസ് ചര്‍ച്ച് എന്നീ ദേവാലയങ്ങളില്‍ നിന്നുമുള്ള പല അംഗങ്ങളും, രജിസ്‌ട്രേഷന്‍ ഫോറം പൂരിപ്പിച്ച് അഭിവന്ദ്യ മെത്രാപ്പോലീത്തയ്ക്ക് നല്‍കി കിക്ക്ഓഫ് പ്രോഗ്രാമില്‍ പങ്കു ചേര്‍ന്നു. കൂടുതല്‍ അംഗങ്ങള്‍ വരും ദിവസങ്ങളില്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തീകരിക്കണമെന്ന് റവ.ഫാ. ബേസില്‍ അബ്രഹാം ഓര്‍മ്മിപ്പിച്ചു. വത്സലന്‍ വര്‍ഗീസ് സ്വാഗതവും കമാന്‍ഡര്‍ വര്‍ഗീസ് ചാമത്തില്‍ നന്ദിയും രേഖപ്പെടുത്തി.
അമേരിക്കന്‍ മലങ്കര അതിഭദ്രാസന പി.ആര്‍.ഒ കറുത്തേടത്ത് ജോര്‍ജ് അറിയിച്ചതാണിത്.