മോഹന്‍ലാല്‍-പൃഥ്വിരാജ് ചിത്രം എംപുരാന്‍ താന്‍ കാണില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. ലൂസിഫറിന്റെ തുടര്‍ച്ചയാണെന്ന് കേട്ടപ്പോള്‍ എംപുരാന്‍ കാണുമെന്ന് പറഞ്ഞിരുന്നുവെന്നും എന്നാല്‍ നിലവിലെ തന്റെ ധാരണകളുടെ അടിസ്ഥാനത്തില്‍ ചിത്രം കാണാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ഫെയ്‌സ്ബുക്ക് കുറിപ്പില്‍ അദ്ദേഹം വ്യക്തമാക്കി. സത്യം വളച്ചൊടിച്ച് കഥ കെട്ടിപ്പടുക്കാന്‍ ശ്രമിക്കുന്ന ഏതൊരു സിനിമയും പരാജയപ്പെടുമെന്നും ഇത്തരത്തിലുള്ള ചലച്ചിത്ര നിര്‍മാണത്തില്‍ താന്‍ അസ്വസ്ഥനാണെന്നും അദ്ദേഹം വിശദീകരിക്കുന്നു.
ഫെയ്‌സ്ബുക്ക് കുറിപ്പ് ഇങ്ങനെ: 'ലൂസിഫര്‍ കണ്ടിരുന്നു, എനിക്ക് അത് ഇഷ്ടപ്പെട്ടു. ലൂസിഫറിന്റെ തുടര്‍ച്ചയാണെന്ന് കേട്ടപ്പോള്‍ എമ്പുരാന്‍ കാണുമെന്ന് ഞാന്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇപ്പോള്‍ സിനിമയുടെ നിര്‍മ്മാതാക്കള്‍ തന്നെ സിനിമയില്‍ 17 ഭേദഗതികള്‍ വരുത്തിയിട്ടുണ്ടെന്നും ചിത്രം വീണ്ടും സെന്‍സര്‍ഷിപ്പിന് വിധേയമാകുന്നുണ്ടെന്നും എനിക്ക് മനസ്സിലായി. മോഹന്‍ലാല്‍ ആരാധകരെയും മറ്റ് പ്രേക്ഷകരെയും അസ്വസ്ഥരാക്കുന്ന വിഷയങ്ങള്‍ സിനിമയിലുണ്ടെന്ന് എനിക്ക് മനസ്സിലായി.
ഒരു സിനിമയെ ഒരു സിനിമയായി കാണണം. അതിനെ ചരിത്രമായി കാണാന്‍ കഴിയില്ല. സത്യം വളച്ചൊടിച്ച് ഒരു കഥ കെട്ടിപ്പടുക്കാന്‍ ശ്രമിക്കുന്ന ഏതൊരു സിനിമയും പരാജയപ്പെടുക തന്നെ ചെയ്യും. അപ്പോള്‍, ലൂസിഫറിന്റെ ഈ തുടര്‍ച്ച ഞാന്‍ കാണുമോ?- ഇല്ല. ഇത്തരത്തിലുള്ള സിനിമാനിര്‍മ്മാണത്തില്‍ ഞാന്‍ നിരാശനാണോ? - അതെ.