കോഴിക്കോട് ഗോകുലം സ്ഥാപനത്തിലും ഇഡി റെയ്‌ഡ്. അരയിടത്ത് പാലത്തുള്ള ഗോകുലം ഗ്രാൻഡ് കോർപ്പറേറ്റ് ഓഫീസിലും ഗോകുലം ഗ്രാൻ്റ് ഹോട്ടലിലുമാണ് പരിശോധന നടക്കുന്നത്. 11.30യോടെയാണ് കൊച്ചി ഇഡി ഓഫീസിൽ നിന്നുള്ള സംഘം കോർപറേറ്റ് ഓഫീസിലെത്തിയത്. ടാക്സി വാഹനങ്ങളിൽ ഗോകുലം ഹോട്ടലിലെത്തിയ ഇഡി ഉദ്യോഗസ്ഥർ പിന്നീട് ഗോകുലം മാളിലേക്കും പരിശോധനയ്ക്ക് പോവുകയായിരുന്നു.
ചെന്നൈ കോടമ്പാക്കത്തെ ഗോകുലം ചിറ്റ്സിൻറെ കോർപറേറ്റ് ഓഫീസിലാണ് ഇഡി ഇന്ന് രാവിലെ ആദ്യം പരിശോധന തുടങ്ങിയത്. ആദായ നികുതി വകുപ്പ് രജിസ്റ്റർ ചെയ്ത കേസുമായി ബന്ധപ്പെട്ട തുടർ അന്വേഷണത്തിനും തെളിവുകൾ ശേഖരിക്കാനുമാണ് പരിശോധന നടത്തുന്നതെന്നാണ് ഇഡി കേന്ദ്രങ്ങളിൽ നിന്ന് ലഭിക്കുന്ന സൂചന. എന്നാൽ എമ്പുരാൻ സിനിമയുമായി ബന്ധപ്പെട്ട വിവാദം കത്തിനിൽക്കെ, സിനിമയുടെ നിർമ്മാതാക്കളിൽ ഒരാളായ ഗോകുലം ഗോപാലൻറെ സ്ഥാപനത്തിൽ ഇഡി എത്തിയത് വലിയ ചർച്ചയായിട്ടുണ്ട്. എമ്പുരാൻ സിനിമ ലൈക്ക പ്രൊഡക്ഷൻസുമായി ബന്ധപ്പെട്ട് തർക്കത്തിൽ എത്തിയപ്പോൾ അവസാന നിമിഷമാണ് ഗോകുലം ഗോപാലൻ രക്ഷകനായി എത്തിയത്. പിന്നീട് എമ്പുരാൻ വിവാദമായതോടെ ചില രംഗങ്ങൾ നീക്കം ചെയ്യണമെന്ന് താൻ ആവശ്യപ്പെട്ടുവെന്ന് ഗോകുലം ഗോപാലൻ ചില അഭിമുഖങ്ങളിൽ പറഞ്ഞിരുന്നു.
English summery:
ED raid at Gokulam institutions in Kozhikode, in addition to Chennai.