കൊച്ചി: മുഖ‍്യമന്ത്രിയുടെ മകൾ വീണാ വിജയൻ പ്രതിയായ മാസപ്പടിക്കേസിൽ (സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ്) എസ്എഫ്ഐഒ കുറ്റപത്രം വിചാരണ കോടതിക്ക് കൈമാറി.
കൊച്ചിയിലെ ജുഡീഷ‍്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. ഒരു സേവനവും നൽകാതെ വീണാ വിജയൻ 2.70 കോടി രൂപ കൈപറ്റി സാമ്പത്തിക തട്ടിപ്പ് നടത്തിയെന്നായിരുന്നു എസ്എഫ്ഐഒ കണ്ടെത്തിയിരുന്നത്.
സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കായുള്ള കേസുകള്‍ പരിഗണിക്കുന്ന ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഏഴിനാണ് ഫയല്‍ കൈമാറിയത്. സിഎംആര്‍എല്ലിന് പുറമെ എംപവര്‍ ഇന്ത്യ എന്ന കമ്പനിയില്‍ നിന്നും പണം എക്‌സാലോജികിലേക്ക് എത്തി. ശശിധരന്‍ കര്‍ത്തയും ഭാര്യയുമാണ് എംപവര്‍ ഇന്ത്യാ കമ്പനിയുടെ ഡയറക്ടര്‍മാര്‍.
വീണയ്ക്ക് പുറമേ എക്സാലോജിക്, ശശിദരൻ കർത്ത, സിഎംആർഎൽ, സിഎംആർഎല്ലിന്‍റെ സഹോദര സ്ഥാപനം എന്നിവരാണ് കേസിലെ മറ്റ് പ്രതികൾ.
പ്രതികൾക്കെതിരേ 10 വർഷം വരെ തടവ് ശിക്ഷ ലഭിച്ചേക്കാവുന്ന വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. വെട്ടിപ്പ് നടത്തിയ തുകയോ, അതിന്‍റെ മൂന്നിരട്ടിയോ പിഴയായും ചുമത്താം.
സിഎംആർഎൽ 182 കോടി രൂപയുടെ തട്ടിപ്പു നടത്തിയെന്നാണ് കണ്ടെത്തൽ. ഇല്ലാത്ത ചെലുവുകൾ കാട്ടിയും കൃത്രിമ ബില്ലുകൾ ഉണ്ടാക്കിയുമാണ് വെട്ടിപ്പ് നടത്തിയത്.
നിപുണ ഇന്‍റർനാഷനൽ പ്രൈവറ്റ് ലിമിറ്റഡ്, സസ്ജ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്നീ കമ്പനികൾ വഴിയാണ് വെട്ടിപ്പ് നടത്തിയത്.