നിഖ്യയിൽ 325-ൽ നടന്ന ഒന്നാം എക്യുമെനിക്കൽ കൗൺസിലിന്റെ 1700-ാം വാർഷികം മെയ് 20ന് ആഘോഷിക്കാനിരിക്കെ, അന്താരാഷ്ട്ര ദൈവശാസ്ത്ര കമ്മീഷൻ "യേശുക്രിസ്തു, ദൈവപുത്രൻ, രക്ഷകൻ: നിഖ്യയിലെ എക്യുമെനിക്കൽ കൗൺസിലിന്റെ 1700-ാം വാർഷികം (325-2025)" എന്ന ശീർഷകത്തിൽ ഒരു രേഖ പ്രസിദ്ധീകരിച്ചു. ത്രിത്വയ്ക ദൈവത്തിൽ രക്ഷ നേടുവാൻ സാധിക്കുമെന്നുള്ള അടിയുറച്ച വിശ്വാസമാണ് നിഖ്യ പ്രമാണം നൽകുന്നതെന്ന് രേഖയിൽ പറയുന്നു. 381 ൽ പൂർത്തിയാക്കിയ ഈ വിശ്വാസപ്രമാണം ക്രൈസ്തവരുടെ വിശ്വാസത്തിന്റെ തിരിച്ചറിയൽ രേഖയാണെന്നും ദൈവശാസ്ത്രജ്ഞർ സമർത്ഥിക്കുന്നു.
വിശ്വാസപ്രമാണത്തിന്റെ അസാധാരണമായ സ്വഭാവവും, ഇന്നത്തെ ലോകത്തിൽ മാറ്റങ്ങളുടെ നടുവിൽ സുവിശേഷവത്ക്കരണത്തിനു ഈ വിശ്വാസപ്രമാണം എപ്രകാരം സഹായകരമാകുമെന്നും രേഖ പ്രതിപാദിക്കുന്നു. സൂനഹദോസിന്റെ പ്രാധാന്യം അനുസ്മരിക്കുന്നതിനും ഈ രേഖയുടെ പ്രസിദ്ധീകരണം സഹായകരമാകുന്നു. പ്രത്യയശായുടെ തീർത്ഥാടകരാകുവാൻ ആഹ്വാനം ചെയ്യുന്ന ഈ ജൂബിലി വർഷത്തിൽ എല്ലാ ക്രിസ്ത്യാനികളും ഒരേ ദിവസമാണ് ഉത്ഥാനത്തിരുനാൾ ആഘോഷിക്കുന്നതെന്നതിനാൽ, ഈ രേഖയുടെ പ്രസക്തി വളരെ വലുതാണ്.
എന്നാൽ ഈ രേഖ കേവലം ഒരു ദൈവശാസ്ത്ര പഠനം മാത്രമല്ല; മറിച്ച്, ക്രിസ്തീയ വിശ്വാസത്തെക്കുറിച്ചുള്ള ധാരണയെ ആഴത്തിലാക്കാൻ ലക്ഷ്യമിട്ടുള്ള ഒരു പ്രതിഫലനം കൂടിയാണ്. നാല് അധ്യായങ്ങളായി തിരിച്ചിരിക്കുന്ന രേഖയുടെ ആദ്യ അദ്ധ്യായം, രക്ഷ, ക്രിസ്തുശാസ്ത്രം, ത്രിത്വം, നരശാസ്ത്രം എന്നീ ആശയങ്ങളിൽ നിഖ്യ വിശ്വാസപ്രമാണത്തിന്റെ വിലമതിക്കാനാവാത്ത സമ്പന്നതയെ പ്രതിപാദിക്കുന്നു. രണ്ടാമത്തെ അധ്യായത്തിൽ, നൂറ്റാണ്ടുകളായി ക്രിസ്തീയ ആരാധനാക്രമം, പ്രാർത്ഥന, കൂദാശസമ്പ്രദായം എന്നിവയെ നിഖ്യ വിശ്വാസപ്രമാണം സമ്പന്നമാക്കിയതെങ്ങനെയെന്ന് പരിശോധിക്കുന്നു. ദൈവശാസ്ത്രപരവും സഭാപരവുമായ ഒരു നാഴികക്കല്ലെന്ന നിലയിൽ കൗൺസിലിന്റെ പ്രാധാന്യത്തെ മൂന്നാമത്തെ അധ്യായത്തിൽ വിശദീകരിക്കുന്നു. നാലാമത്തെ അധ്യായത്തിൽ ദുർബലരായവരുടെ വിശ്വാസം സംരക്ഷിക്കുകയും പരിപോഷിപ്പിക്കുകയും ചെയ്യുന്നതിന് എല്ലാ ദൈവജനത്തിനും പ്രാപ്യമായ ഒരു വിശ്വാസം സംരക്ഷിക്കുക എന്ന ആശയത്തെ വിശദീകരിക്കുന്നു.
ഇന്നത്തെ ലോകത്തിൽ നിഖ്യ വിശ്വാസപ്രമാണത്തിന്റെ ചൈതന്യത്തെ ഊട്ടിയുറപ്പിക്കുവാനുള്ള ആഹ്വാനത്തോടെയാണ് രേഖ ഉപസംഹരിക്കുന്നത്.
വാർഷികത്തോടനുബന്ധിച്ച് 2025 മെയ് 20 ന് റോമിലെ പൊന്തിഫിക്കൽ ഉർബാനിയൻ സർവ്വകലാശാലയിൽ വച്ച്, ഏക ദിന പഠനശിബിരവും നടക്കും.