തട്ടിപ്പിലെടുത്ത പാസ്പോർട്ട് ഉപയോഗിച്ച് വിദേശത്ത് പോയ മലയാള സിനിമ താരം ജോജു ജോർജിനെതിരെ അന്വേഷണം ആരംഭിച്ച് റീജിയണൽ പാസ്പോർട്ട് ഓഫീസ്. തൻ്റെ പേരിലുള്ള പോലീസ് കേസുകളുടെ വിവരം മറച്ചുവച്ച് നടൻ ജോജു ജോർജ് എടുത്ത പാസ്പോർട്ട്, പോലീസ് റിപ്പോർട്ട് എതിരായതിനെ തുടർന്ന് സറണ്ടർ ചെയ്യേണ്ടി വന്നിരുന്നു.
അപകടമുണ്ടാക്കും വിധം വാഗമണ്ണിൽ ഓഫ്റോഡ് റൈഡിങ് അടക്കം പരിപാടികൾ നടത്തിയതിൻ്റെ പേരിൽ 2022ൽ ഇടുക്കി പോലീസ് എടുത്ത കേസിൻ്റെ വിവരം പാസ്പോർട്ട് അപേക്ഷയിൽ മുക്കിയതാണ് വിനയായത്. ഇത് പക്ഷെ പോലീസ് വെരിഫിക്കേഷനിൽ കണ്ടെത്തി റിപ്പോർട്ട് ചെയ്തതോടെയാണ് പാസ്പോർട്ട് സറണ്ടർ ചെയ്യേണ്ടി വന്നത്. രേഖയിൽ സറണ്ടർ എന്നാണെങ്കിലും പാസ്പോർട്ട് പിടിച്ചെടുത്തതിന് തുല്യമാണ് നടപടി. ഇതാദ്യമായാണ് മലയാളത്തിൽ നിന്നൊരു സിനിമാതാരം പാസ്പോർട്ട് തിരിമറിയുടെ പേരിൽ നടപടി നേരിടുന്നത്.
2023ൽ ലണ്ടൻ യാത്രക്കിടെ നഷ്ടപ്പെട്ട പാസ്പോർട്ടിന് പകരം പാസ്പോർട്ട് എടുക്കാൻ ജോജു ശ്രമം തുടങ്ങിയത് 2024 ഡിസംബറിലാണ്. അപേക്ഷയിൽ വാഗമൺ കേസിൻ്റെ വിവരം മറച്ചുവച്ച് തത്കാൽ പാസ്പോർട്ട് നേടിയെടുത്തു. അതിനുശേഷം പോലീസ് വെരിഫിക്കേഷൻ റിപ്പോർട്ട് വരാൻ ഏതാണ്ട് രണ്ടാഴ്ചയിലേറെ സമയമെടുത്തു എന്നാണ് സൂചന. ഇതിനിടയിൽ ജോജു ദുബായിൽ പോയിവന്നു.
ജനുവരി 10 മുതൽ മൂന്നു ദിവസമായിരുന്നു യാത്ര. തട്ടിപ്പിലെടുത്ത പാസ്പോർട്ട് ഉപയോഗിച്ച് അമേരിക്കൻ യാത്രക്കുള്ള രേഖകൾ ശരിയാക്കുകയായിരുന്നു ഈ യാത്രയുടെ ഉദ്ദേശ്യം. തിരിച്ചെത്തിയതിന് പിന്നാലെ ഈവർഷം ജനുവരി 16നാണ് റീജിയണൽ പാസ്പോർട്ട് ഓഫീസിൽ നിന്ന് ഷോകോസ് നോട്ടീസ് കിട്ടിയതും പിന്നാലെ പാസ്പോർട്ട് സറണ്ടർ ചെയ്യേണ്ടി വന്നതും.