MediaAppUSA

ഒരിടത്തു ശാന്തത; മറ്റിടങ്ങളിൽ കാറ്റും കോളും, ഇത് മറ്റൊരു കൊടുങ്കാറ്റനുള്ള ആരവമോ? (ഫ്രാൻസിസ് തടത്തിൽ)

ഫ്രാൻസിസ് തടത്തിൽ  Published on 19 May, 2020
 ഒരിടത്തു ശാന്തത; മറ്റിടങ്ങളിൽ കാറ്റും കോളും, ഇത് മറ്റൊരു കൊടുങ്കാറ്റനുള്ള ആരവമോ? (ഫ്രാൻസിസ് തടത്തിൽ)
കടല്‍ ക്ഷോഭം പോലെ അലടിച്ചിരുന്ന കൂറ്റന്‍ തിരമാലകള്‍ ശാന്തമായി. ഒരിടത്തു ശാന്തത കൈവരിച്ചപ്പോള്‍ കോവിഡ് 19 എന്ന സംഹാരരൂപം ദിശമാറി പുതിയ മേച്ചില്‍ പുറങ്ങള്‍ തേടുകയാണ്. കോവിഡ് 19 മരണനിരക്കിലും പുതിയ കേസുകളിലും അമേരിക്കയില്‍ കഴിഞ്ഞ ആഴ്ച്ച കണ്ട ശാന്തതയ്ക്ക് അര്‍ത്ഥം എല്ലാം അവസാനിച്ചുവെന്നാണോ?. അവസാനം ആസന്നമായിരിക്കുമെന്നു വിശ്വസിക്കാന്‍ വരട്ടെ. അമേരിക്കയിലെ പല സ്റ്റേറ്റുകളിളെയും കൊറോണ വൈറസ് സംബന്ധിച്ച ചില കണക്കുകള്‍ നല്‍കുന്ന സൂചനകള്‍ പാന്‍ഡെമിക്ക് വിദഗ്ദ്ധര്‍ ചൂണ്ടിക്കാണിച്ചിരുന്ന ദിശയിലേക്കു ആണ് പോകുന്നത്. രാജ്യവ്യാപകമായി ലോക്ക് ഡൗണില്‍ നിയന്ത്രങ്ങള്‍ക്ക് ഇളവുകള്‍ കൊണ്ട് വരുമ്പോള്‍ കൊറോണ വൈറസ് കാര്യമായി ഹിറ്റ് ചെയ്യാതിരുന്ന സംസ്ഥാനങ്ങള്‍ കരുതുന്നുണ്ടാകും എന്തിനായിരുന്നു രാജ്യം മുഴുവനും അടച്ചുപൂട്ടിയ ഈ ലോക്ക് ഡൗണ്‍ എന്ന്.

നവംബറില്‍ ചൈനയിലെ വുഹാനില്‍ പൊട്ടിപ്പുറപ്പെട്ട ഈ മഹാമാരി ഇത്ര വലിയ വിനാശകാരിയായിരിക്കുമെന്ന് ചൈനപോലും കരുതിയിട്ടുണ്ടാവില്ല. പെട്ടെന്ന് ചൈനയില്‍ ഒരു വലിയ കൊടുങ്കാറ്റില്‍ എന്നപോലെ കൊറോണ വൈറസിന്റെ തിരമാലകള്‍ വുഹാനിനെ വിഴുങ്ങിയപ്പോള്‍ ഇങ്ങു അമേരിക്കയില്‍ വരെ അതിന്റെ അലകള്‍ എത്തുമെന്ന് അമേരിക്കക്കാര്‍ സ്വപ്‌നേപി വിചിച്ചിട്ടുണ്ടായിരുന്നില്ല. എന്തിനേറെ ചൈനയില്‍ നിന്ന് ഒരു കാട്ടുതീ പോലെ കൊറോണ വൈറസ് ആളിപ്പടര്‍ന്നപ്പോള്‍ ഇറ്റലിക്കാര്‍ പോലും ഇതോരു അന്തക വൈറസാണിതെന്നു കരുതിയിരിക്കില്ല. എന്നിട്ടും അമേരിക്കക്കാര്‍ വളരെ ലാഘവമായി കാര്യങ്ങളെ എടുത്തതിന്റെ അന്തരഫലമോ? അമേരിക്ക കണ്ടതില്‍ വച്ച് ഏറ്റവും വലിയ ദുരിതമായി മാറേണ്ട വന്നു ഈ മഹാമാരി.

ന്യൂയോര്‍ക്കിനെക്കാള്‍ മുന്‍പ് കാലിഫോര്‍ണിയയിലാണ് കോവിഡ് -19 ന്റെ അലയൊലികള്‍ ആദ്യം കേട്ടതെങ്കിലും അവിടെ പെട്ടെന്ന് ശാന്തത കൈവരിച്ചു. എന്നാല്‍ കാലിഫോര്‍ണിയയില്‍ ഇപ്പോള്‍ വീണ്ടും മറ്റൊരു കൊടുങ്കാറ്റിനുള്ള ആരവം കേട്ട് തുടങ്ങി. ആദ്യത്തെ ആക്രമണത്തില്‍ 1000 താഴെ മാത്രമായിരുന്നു അവിടെ മരണം. എന്നാല്‍ പിന്നീടുണ്ടായ രണ്ടാമത്തെ  ആക്രമണത്തില്‍ മരണം കൂടിയതോടെ ആകെ മരണം ഇതിനകം 3,350 ആയി.

വാഷിംഗ്ടണ്‍ സ്റ്റേറ്റിലും ഇതുപോലെ തന്നെയായിരുന്നു. അതിവേഗം ആഞ്ഞടിച്ച കൊടുങ്കാറ്റു അതിലും വഗം തന്നെ കുറഞ്ഞു. ഇനിയൊരു രണ്ടാം വരവ് ഉണ്ടാകുമോ എന്ന് പ്രവചിക്കാരായിട്ടില്ല. എങ്കിലും അവിടെ മരണം 1000 കടന്നു.

ന്യൂയോര്‍ക്കിനെ ഒരു ചുഴലിക്കാറ്റുപോലെ കശക്കിയെറിഞ്ഞു കൊണ്ടിരുന്നപ്പോള്‍ തന്നെ ലൂയിസിയാനയിലും കനത്ത നാശം വിതച്ചുകൊണ്ടു തിരമാലകള്‍ വാനോളമുയര്‍ന്നു. അവിടെ   അല്‍പം ശാന്തത കൈവരിച്ചുവെങ്കിലും ഇപ്പോഴും മരണനിരക്കില്‍ വര്ധനവ് തന്നെയാണ്. ഇന്നലെ 72 പേര് കൂടി മരിച്ചതോടെ അകെ മരണം 2,563 ആയി.

മിഷിഗണില്‍  അല്‍പം ശാന്തത കൈവന്നുവെങ്കിലും കനലുകള്‍ അണയാതെ ചാരത്തില്‍ ഒളിഞ്ഞു കിടപ്പുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. മരണ നിരക്ക് 5000 ലേക്കടുക്കുന്ന ഇവിടെ ഇതിനകം 50,000 രോഗികളുണ്ടായി. ഇന്നലെ 773 പുതിയ രോഗികളുണ്ടായി.

മസച്ചുസെറ്റ്‌സും പെന്‍സില്‍വാനിയായും ഇല്ലിനോയിയിമാണ് ഇപ്പോള്‍ കത്തി നില്‍ക്കുന്ന മൂന്ന് സ്റ്റേറ്റുകള്‍. ഇതില്‍ മസച്ചുസെറ്റ്സില്‍ തീ ആളിക്കത്താന്‍ തുടങ്ങിയിട്ട് കാലമേറെയായി. അവിടെ രോഗികളുടെ എണ്ണത്തില്‍ കുറവുകള്‍ വന്നിട്ടുണ്ടെങ്കിലും ന്യൂജേഴ്സി-ന്യൂയോര്‍ക്കിലെ വച്ച് നോക്കുമ്പോള്‍ അത്ര ആശ്വാസകരമല്ല കാര്യങ്ങള്‍. അവിടെ 5,828 മരണമായി. ഇന്നലെ മരണം 65, പുതിയ രോഗികള്‍ 1,043. ആകെ രോഗികള്‍ 87,082.

ഇല്ലിനോയിയില്‍  മരണം 4,235 ആയി. ഇവിടെയാണ് ഇപ്പോള്‍ ഏറ്റവും കൂടുതല്‍ പുതിയ രോഗികള്‍ ഉണ്ടാകുന്നത്. ഇന്നലെ മരണം 57, പുതിയ രോഗികള്‍ 2,294. അകെ രോഗികള്‍ 96,485 ആണ്.

പെനില്‍സില്‍വാനിയയില്‍ ആണ് ഇന്നലെ രാജ്യത്തെ ഏറ്റവും കൂടുതല്‍ പേര് മരിച്ചത്- 165 പേര് മരിക്കുകയും 858 പുതിയ രോഗികള്‍ ഉണ്ടാകുകയും ചെയ്തു. അകെ മരണ സംഖ്യ 4,668 ആയി . അകെ രോഗികളുടെ എണ്ണം 66,674.

മരണ സംഖ്യ 10,000 കടന്ന ന്യൂയോര്‍ക്കിനും ന്യൂജേര്‍സിയ്ക്കും പിന്നിലായി 5000 കടന്ന മസച്ചുസെറ്റ്സും 5000 നോടോടുക്കുന്ന മിഷിഗനുമാണുള്ളത്. 

പെന്‍സില്‍വാനിയായും ഇല്ലിനോയിയിമാണ് 4000 കടന്ന മറ്റു സ്റ്റേറ്റുകള്‍. കണക്ടിക്കറ്റും കാലിഫോര്ണിയായും 3000 കടന്നപ്പോള്‍ ലൂയിസിയാനയും മെരിലാന്‍ഡും 2000 കടന്നു. 2000 ത്തോടടുക്കുന്ന ഫ്‌ളോറിഡയ്ക്ക് പുറമെ ഇന്‍ഡിയാനാ, ഒഹയോ, ജോര്‍ജിയ, ടെക്‌സസ്, കൊളറാഡോ, വാഷിംഗ്ടണ്‍, വിര്‍ജീനിയ, എന്നീ സ്റ്റേറ്റുകളിലാണ് ആകെ ആയിരം കടന്നിട്ടുള്ളത്. 

പെന്‍സില്‍വാനിയയെപ്പോലെ തന്നെ ഫ്‌ലോറിഡ, ജോര്‍ജിയ, മെരിലാന്‍ഡ്, ടെക്‌സാസ്, ഒഹയോ , ഇന്‍ഡിയാന, വിര്‍ജീനിയ തുടങ്ങിയ സ്റ്റേറ്റുകളിലെ വര്‍ധിച്ചു വരുന്ന പുതിയ രോഗികളുടെ എണ്ണം സൂചിപ്പിക്കുന്നത് അടുത്ത വേവ് (അലയടികള്‍) ഈ സ്റ്റേറ്റുകളിലേക്ക് വ്യാപിച്ചേക്കാമെന്നതാണ്. പലയിടങ്ങളില്‍ ടെസ്റ്റിംഗ് പോലും വ്യാപകമല്ലാത്തതിനാല്‍ പലരും ഇത് ന്യൂയോര്‍ക് ന്യൂജേഴ്സി തുടങ്ങിയ ദുരിത മേഖലകളിലെ മാത്രം പ്രശ്നമാണെന്ന് കരുതി ലഘൂകരിക്കാന്‍ ശ്രമിക്കുന്നതും ഇനിയും ദുരന്തം വിളിച്ചു വരുത്താവുന്ന മറ്റൊരു കാരണമായി കാണാം.

ന്യൂയോര്‍ക്ക് കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ടെസ്റ്റിംഗ് നടന്നിരിക്കുന്നത് കാലിഫോര്‍ണിയയിലാണ്. ന്യൂയോര്‍ക്കില്‍ 1.44 മില്യണും കാലിഫോര്‍ണിയയില്‍ .1.37 മില്യണ്‍ ആളുകളിലുമാണ് ടെസ്റ്റിംഗ് നടത്തിയത്. അതേസമയം ന്യൂജേഴ്സിയില്‍ അഞ്ചേകാല്‍ ലക്ഷമാളുകളിലാണ് ടെസ്റ്റിംഗ് നടത്തിയത്. ജനസംഖ്യയില്‍ ന്യൂജേഴ്‌സിയിലും നാലിരട്ടി വര്ധനയുണ്ടെങ്കിലും കാലിഫോര്‍ണിയയില്‍ ഒരു മില്യണ്‍ ആളുകളില്‍ 84 പേര് മാത്രമാണ് മരിച്ചത്. അതെ സമയം ന്യൂയോര്‍ക്കില്‍ ഒരു മില്യണ്‍ ആളുകളില്‍ 1,464 പേരും ന്യൂജേഴ്സിയില്‍ 1,776 പേരും മരിച്ചു.

7.35 ലക്ഷമാളുകളില്‍ ടെസ്റ്റിംഗ് നടത്തിയ ടെക്സസില്‍ ആകട്ടെ ഒരു മില്ല്യന്‍ ആളുകളില്‍ 47 പേരാണ് മരിച്ചത്. ഫ്‌ളോറിഡയിലും സ്ഥിതി വ്യത്യസ്തമല്ല. അവിടെ ആറേമുക്കാല്‍ ലക്ഷത്തില്‍പ്പരം ആളുകളില്‍ ടെസ്റ്റിംഗ് നടത്തിയതിനാല്‍ ഒരുമില്യന് ആളുകളില്‍ 93 പേരാണ് മരിച്ചതു. രാജ്യത്തെ ആളോഹരി മരണനിരക്ക് ഒരു മില്യണ്‍ ആളുകളില്‍ 278 പേരാണ്. അതുകൊണ്ടു ടെസ്റ്റിംഗ് എത്ര നടത്തിയെന്നതിനെ ആസ്പദമാക്കിയായിരിക്കും രോഗികളുടെ എണ്ണം വര്‍ധിക്കുന്നതിനുള്ള മാനദന്ധം. ഇപ്പോഴും ടെസ്റ്റിംഗ് നടത്താതെ കൊറോണ വൈറസ് വന്നു പോയ നിരവധിയാളുകളില്‍ ഹെര്‍ഡ് ഇമ്മ്യൂണിറ്റി ഉണ്ടായതായി പരിശോധനയില്‍ തെളിഞ്ഞിരുന്നു. ടെസ്റ്റിംഗ് കൂടുതല്‍ വ്യാപകമാക്കിയാല്‍ പല സ്റ്റേറ്റുകളിലെയും രോഗികളുടെ എണ്ണം പതിന്മടങ്ങു വര്‍ധിച്ചേക്കാം.

രാജ്യത്തെ കൊറോണ വൈറസിന്റെ രണ്ടാം വരവിന്റെ സൂചന നല്‍കുന്നതാണ് നിലവില്‍ രോഗികളായി കഴിയുന്നവരുടെ എണ്ണം.  ആകെ 11 ലക്ഷം കൊറോണ രോഗികള്‍ ചികത്സയിലുണ്ട്. പതിനഞ്ചര ലക്ഷം വരുന്ന ആകെ കൊറോണ ബാധിതരില്‍ 3.56 ലക്ഷം പേര് മാത്രമാണ് രോഗമുക്തിനേടിയവര്‍. 92,000 നടുത്തു മരണവുമുണ്ടായി. 4.48 ലക്ഷം പേര് മരിക്കുകയോ രോഗവിമുക്തിനേടുകയോ ചെയ്തു. അതായത് 70 ശതമാനം പേര് ഇപ്പോഴും ചികത്സയിലാണ്. ഇതില്‍ എത്ര പേര്‍ രോഗമുക്തിനേടും എത്ര പേര് മരിക്കുമെന്ന് യാതൊരു നിശ്ചയവുമില്ല. ഇതിനിടെ പുതിയ രോഗികളുടെ എണ്ണം ദിനം പ്രതി ശരാശരി കഴിഞ്ഞ ആഴ്ച മാത്രം 25,000 രോഗികളുമുണ്ടായിക്കൊണ്ടിരിക്കുകയുമാണ്.

ഇല്ലിനോയിസില്‍ 90,000 ത്തില്‍ പരമാളുകള്‍ ചികിത്സയിലാണ്. ഇത് ആകെ രോഗ ബാധിതരുടെ 96 ശതമാനത്തോളം വരും.  കാലിഫോര്‍ണിയയില്‍ 73 ശതമാനം രോഗികള്‍ ചികിത്സയിലാണ്.

ജോര്‍ജിയയിലാണ് ഏറ്റവും കൂടുതല്‍ ശതമാനം രോഗബാധിതര്‍ നിലവില്‍ ചികിത്സയിലുള്ളത്. ജോര്‍ജിയയില്‍ 97 ശതമാനം പേര്‍ നിലവില്‍ ചികിത്സയയിലാണ്. ഇവിടെ കോവിഡ് ലോക്ക് ഡൗണ്‍ ഉണ്ടായിരുന്നുവോ എന്ന് തന്നെ സംശയമാണ്. കാരണം അവിടെ എന്നും ജനജീവിതം സാധാരണ ഗതിയാലായിരുന്നു. ലൂയിസിയാന (17 %), യിലാണ് ഏറ്റവും കുറഞ്ഞ നിരക്കില്‍ രോഗബാധിതര്‍ ചികിത്സയില്‍ കഴിയുന്നത്. അതുപോലെ തന്നെ മിഷിഗണ്‍ (35%) ലും അനുപാതം ഏറെ കുറവാണ്. ഇത് നല്‍കുന്ന സൂചന ഈ സ്റ്റേറ്റുകള്‍ ശന്തതയിലേക്കു നീങ്ങുന്നുവെന്നാണ്.

മരണ നിരക്കും രോഗ ബാധിതരുടെ എണ്ണവും കൂടുതലുള്ള മറ്റു സ്റ്റേറ്റുകളിലെ നിലവില്‍ രോഗ ബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ നിരക്ക്: മസാച്യുസെസ് (62 %), പെന്‍സില്‍വാനിയ (85 %), ടെക്സാസ് (50 %) ഫ്‌ലോറിഡ (80%), കണക്ടിക്കട്ട് (70 %)മെരിലാന്‍ഡ് (85 %),വാഷിംഗ്ടണ്‍ (50 %). നെബ്രാസ്‌ക്ക (95 %) എന്നിങ്ങനെയാണ്.

രാജ്യത്ത് ആകെ 16,688 പേര്‍ ഗുരിതരാവസ്ഥയില്‍ കഴിയുന്നുണ്ട്. ഈനിരക്ക് പ്രതിദിനം കൂടുകയല്ലാതെ കുറഞ്ഞു വരുന്നത് ഒരിക്കലും കാണുന്നില്ല. ഇക്കാര്യങ്ങളാലെല്ലാം കൊണ്ടുതന്നെ രാജ്യത്തെ കോവിഡ് 19 ന്റെ ആക്രമണം എന്ന് ശാന്തമാകുമെന്നു പറയുക ഈ സമയത്തുപോലും അസാധ്യമാണ്. കൊറോണ വൈറസിന് ചൂടു കാലാവസ്ഥയെ ചെറുക്കാനാവില്ലെന്ന മറ്റൊരു നിരീക്ഷണവുമുണ്ട്. ഇതു കണക്കിലെടുക്കുമ്പോള്‍ ഉഷ്ണകാലം സമാഗതമായതോടെ ഇപ്പോഴത്തെ മരണ സംഖ്യയിലെ കുറവിനെ ആ രീതിയിലും കാണാവുന്നതാണ്.
 ഒരിടത്തു ശാന്തത; മറ്റിടങ്ങളിൽ കാറ്റും കോളും, ഇത് മറ്റൊരു കൊടുങ്കാറ്റനുള്ള ആരവമോ? (ഫ്രാൻസിസ് തടത്തിൽ)
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക