Image

പാതിമനസ്സിന്റെ രോദനം (ഉമ)

Published on 22 October, 2022
പാതിമനസ്സിന്റെ രോദനം (ഉമ)

Read more: https://emalayalee.com/writer/130

നമ്മെ വിട്ടകന്ന പത്രപ്രവർത്തന രംഗത്തെ ഉജ്ജ്വലനക്ഷത്രമായ പ്രശസ്ത മാധ്യമപ്രവർത്തകൻ ഫ്രാൻസിസിനെ അനുസ്മരിച്ചുകൊണ്ട്, അദ്ദേഹത്തിന്റെ കുടുംബത്തോടൊപ്പം ദു:ഖത്തിൽ പങ്കുചേർന്നു കൊണ്ട് അദ്ദേഹത്തിന് സമർപ്പിക്കുന്നു

തണുപ്പിലുറഞ്ഞുറങ്ങുന്ന പ്രീയന്റെ
മിഴികളിലേക്കുറ്റു നോക്കി നിശ്ശബ്ദം,
ഉള്ളിൽക്കുറുകിയ നിലവിളി കടിച്ചിറക്കിയും
നിറയും മിഴികളെ കണ്ണടയ്ക്കുള്ളിൽ മറച്ചും
വരുന്നവർക്കായി ചെറുനോട്ടങ്ങളേകിയും
ഉള്ളിലെ താപാഗ്നിയിലെരിഞ്ഞും തൻമക്കളെ
ഇരുവശങ്ങളിലും ചേർത്താശ്വസിപ്പിച്ചവൾ

കളിയുംചിരിയുമായ് ദിനങ്ങൾ കൊഴിച്ചവൻ
സ്നേഹമൂട്ടി മക്കളെ വളർത്തിയോൻ
സ്നേഹവായ്പോടെ അത്താഴമൂട്ടി മക്കൾക്ക്
വാത്സല്യമുത്തമേകി പൊൻമെത്തമേലുറക്കി
തൻ കിടക്കയിലേറിയൊരു ദീർഘനിദ്രയെ-
പ്പുൽകി, യിനിയുണരാതെ പോകുമെന്നാരറിഞ്ഞു

പൊന്നുമക്കളുടെ ശബ്ദമിനിയാക്കാതുകളിൽ
മധുരമിറ്റിച്ചുണരാതെ, കൺചിമ്മിയൊരു 
പുഞ്ചിരി തിരികെ നൽകാതെ, യരുമയായ്
ചേർത്തൊന്നു പുണരുവാൻ കൈകൾ നീട്ടാതെ
ശാന്തനിദ്രയെപ്പുൽകിയേകനായ് പോകുവാൻ
എങ്ങനെ നിനക്കായി 

താന്തരായ് നിന്നെ വിളിച്ചു കേഴുന്ന മക്കളെ
കണ്ടു വേദനിച്ചുവോ നിന്നാത്മാവ്
ഒന്നുരിയാടാതെ പോയപ്പോഴെന്തേ മറന്നു 
നീയീ പൊന്നുമക്കൾ തനിയെയാണെന്നും
നീ കൺതുറക്കാതെ, യുരിയാടാതെ, യിവരെ
യൊളിച്ചു കളിയ്ക്കയാണെന്നറിയാതിവർ
ചകിതരായലറിക്കരയുമെന്നു നീയറിഞ്ഞതില്ലെ

തിരികെയൊന്നു മടങ്ങുവാ, നെന്നോടൊന്നുരി
യാടുവാൻ, എത്രകാതമകലെയാണെങ്കിലും 
മോഹമോടെ നീയണയില്ലെയെന്നരികിലിനിയും
തുരഗവേഗത്തിലോടുന്ന ചിന്തകൾ പൂട്ടിയിട്ടു
മൗനമുദ്രിതങ്ങളാം നിൻ ചുണ്ടിലുതിരുന്ന
വാക്കിനായി കാത്തിരിക്കാമിനിയുമെത്ര- 
കാലങ്ങൾ കഴിയിലും, നീയെന്നരി-
കിലേക്കണയുന്ന നാളുമെണ്ണി ഞാൻ

ദ്രുതഗതിയിലോടുമൊരു ഘടികാരസൂചിപോൽ
നിലതെറ്റിയുലയുന്ന ഹൃദയതാളമോടവൾ
മഞ്ഞിൻ പുതപ്പിലാ മനസ്സൊന്നു മരവിച്ചു
യന്ത്രവേഗത്തിലോടുന്ന ചിന്തയ്ക്ക് താഴൊന്നു
തീർക്കാ, നറിയാതെ മോഹിച്ചു പോയി.

# francis thadathil condolonce

 

Join WhatsApp News
M.P. Sheela 2022-10-23 16:51:30
പ്രിയ കൂട്ടുകാരന്റെ വേർപാടിൽ വിഷമിക്കുന്ന കുടുംബത്തിൻറെ ദുഃഖത്തിൽ പങ്കുചേരുന്നു🙏🏽🌹
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക