Image
Image

ലോക്സഭാ മണ്ഡല പുനഃനിർണയം; ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ ആശങ്ക തീർക്കണം: മുഖ്യമന്ത്രി

Published on 14 March, 2025
ലോക്സഭാ മണ്ഡല പുനഃനിർണയം; ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ ആശങ്ക തീർക്കണം: മുഖ്യമന്ത്രി

ലോക്സഭാ മണ്ഡല പുനർനിർണയ തീരുമാനത്തിൽ കേരളത്തിന്‍റെ എതിർപ്പ് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്ത്. ജനസംഖ്യ നിയന്ത്രണം നടപ്പാക്കിയ സംസ്ഥാനങ്ങൾ ശിക്ഷിക്കപെടരുതെന്ന് ആവശ്യപ്പെട്ട മുഖ്യമന്ത്രി കേന്ദ്രത്തിന്‍റേത് ധ്രിതിപിടിച്ച നീക്കമെന്നും വാർത്താക്കുറിപ്പിലൂടെ പറഞ്ഞു. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ ആശങ്ക തീർക്കണമെന്നും അഭിപ്രായ സമന്വയത്തിലൂടെയാകണം കേന്ദ്ര സർക്കാർ ഇക്കാര്യത്തിൽ തീരുമാനം എടുക്കേണ്ടതെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

1952, 1963, 1973 വർഷങ്ങളിലാണ് രാജ്യത്ത് നേരത്തെ മണ്ഡല പുനർനിർണയ പ്രക്രിയ നടത്തിയത്.   എന്നാൽ, 1976 ൽ 42-ാമത് ഭരണഘടനാ ഭേദഗതിയിലൂടെ ഈ പ്രക്രിയ 2000 നു ശേഷമുള്ള ആദ്യ സെൻസസ് (2001) വരെ താത്കാലികമായി മരവിപ്പിച്ചു. ജനസംഖ്യാ നിയന്ത്രണത്തെ പ്രോത്സാഹിപ്പിക്കുന്നതിനായായിരുന്നു ഇത്‌. 

സംസ്ഥാനങ്ങൾക്കിടയിൽ ജനസംഖ്യയുടെ കാര്യത്തിലുള്ള അസമത്വം തുടർന്നതിനാൽ 84-ാമത് ഭരണഘടനാ ഭേദഗതിയിലൂടെയാണ് ഈ മരവിപ്പിക്കൽ 2026-നു ശേഷമുള്ള ആദ്യ സെൻസസ് (2031) വരെ ദീർഘിപ്പിച്ചത്. ആ സാഹചര്യം ഇപ്പോഴും നിലനില്‍ക്കുകയാണ്. അത് കണക്കിലെടുക്കാതെയാണ് കേന്ദ്ര സര്‍ക്കാരിന്‍റെ ധൃതിപിടിച്ച പുതിയ നീക്കം. 

ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക്  പ്രോ-റേറ്റാ അടിസ്ഥാനത്തിൽ അധിക മണ്ഡലങ്ങൾ ലഭിക്കുമെന്ന കേന്ദ്രസർക്കാർ വാദങ്ങൾ മുഖവിലയ്ക്കെടുക്കാൻ കഴിയില്ല. നിലവിലെ പാർലമെന്റ് സീറ്റുകളുടെ ശതമാനത്തെ അടിസ്ഥാനമാക്കിയാണോ അതല്ല ജനസംഖ്യാ കണക്കുകളെ അടിസ്ഥാനമാക്കിയാണോ ഈ പ്രോ-റേറ്റാ വിതരണം നടത്തുന്നതെന്ന കാര്യത്തിലും വ്യക്തത നൽകാൻ കേന്ദ്രത്തിനു കഴിഞ്ഞിട്ടില്ല. 

ഈ രണ്ടു രീതിയിൽ ആയാലും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് പ്രാതിനിധ്യ നഷ്ടമാണ് സംഭവിക്കുന്നത്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ ആശങ്ക പരിഹരിക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകണം. ഏകപക്ഷീയമായ നടപടികൾ ഒഴിവാക്കി  ജനാധിപത്യത്തിന്റെയും  ഫെഡറലിസത്തിന്റെയും അന്തസത്ത കാത്തുസൂക്ഷിക്കാനുള്ള ഉത്തരവാദിത്വം കേന്ദ്രസർക്കാരിൻ്റെതാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക