Image
Image

തിരുവനന്തപുരം മെഡിക്കൽ കോളജിൽ നിന്ന് രോഗനിർണയത്തിനയച്ച ശരീരഭാഗങ്ങൾ മോഷണം പോയി: ആക്രികച്ചവടക്കാരൻ പിടിയിൽ

Published on 15 March, 2025
തിരുവനന്തപുരം മെഡിക്കൽ  കോളജിൽ  നിന്ന്   രോഗനിർണയത്തിനയച്ച ശരീരഭാഗങ്ങൾ  മോഷണം പോയി:  ആക്രികച്ചവടക്കാരൻ  പിടിയിൽ

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ രോഗനിര്‍ണയത്തിനായി അയച്ച ശരീരഭാഗങ്ങള്‍ മോഷണം പോയി. സംഭവത്തില്‍ ആക്രി വില്‍പ്പനക്കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പത്തോളജിയില്‍ പരിശോധനയ്ക്കയച്ച 17 രോഗികളുടെ ശസ്ത്രക്രിയ ശരീരഭാഗങ്ങളാണ് ആക്രിക്കാരന്‍ മോഷ്ടിച്ചത്.

പത്തോളജി ലാബിന് സമീപമാണ് സാമ്പിളുകള്‍ രാവിലെ ആംബുലന്‍സിലെ ജീവനക്കാര്‍ കൊണ്ടുവെച്ചത്. ഇതാണ് ആക്രിക്കാരന്‍ മോഷ്ടിച്ചത്. സംഭവത്തെ തുടര്‍ന്ന് നടത്തിയ പൊലീസ് അന്വേഷണത്തില്‍ ആക്രി വില്‍പ്പനക്കാരനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. മെഡിക്കല്‍ കോളജ് പൊലീസാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.ഇന്നലെ ശസ്ത്രക്രിയക്കുശേഷം രോഗ നിര്‍ണയത്തിന് അയച്ച സ്‌പെസിമെനുകളാണ് മോഷ്ടിച്ചത്. ഇതിനുശേഷം ആംബുലന്‍സ് ഡ്രൈവറും ഗ്രേഡ് രണ്ട് അറ്റന്‍ഡറും മൈക്രോ ബയോളജി ലാബിലേക്ക് പോയി. ഇതിനിടെയാണ് സ്‌പെസിമെനുകള്‍ മോഷണം പോയത്.

അതേസമയം, ആക്രിയാണെന്ന് കരുതിയാണ് ബോക്‌സ് എടുത്തതെന്ന് കസ്റ്റഡിയിലുള്ള ആക്രിക്കാരന്‍ മൊഴി നല്‍കി. ശരീരഭാഗങ്ങള്‍ ആണെന്ന് മനസിലായതോടെ പ്രിന്‍സിപ്പല്‍ ഓഫീസന് സമീപം ഉപേക്ഷിക്കുകയായിരുന്നുവെന്നും ഇയാള്‍ മൊഴി നല്‍കി. പരിശോധനയ്ക്ക് അയച്ച സ്‌പെസിമെനുകള്‍ കൈകാര്യം ചെയ്തതിലെ ഗുരുതര സുരക്ഷാ വീഴ്ചയാണ് പുറത്തുവന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക